അടുപ്പ്
റേഷൻകടയിൽനിന്നല്പം
കിട്ടുംമണ്ണെണ്ണ,വേണ്ടപോൽ-
ശേഖരിച്ചൊരുടിന്നിൽഞാൻ
എടുക്കാൻകാലമെത്തിയോ..?
" എന്തിനായിത്രമണ്ണെണ്ണ
കരുതീടുന്നിതെൻസഖേ
കമ്പിറാന്തലൊരേടത്തും
കാണുന്നില്ലിഹ,യത്ഭുതം!'
ചിരിച്ചുംകൊണ്ടൊരാൾമെല്ലെ-
യാരാഞ്ഞെന്നോടുകൗതുകാൽ
പകരംനല്കിനേ,നന്നു-
മൗനംചേർത്തൊരുസുസ്മിതം
ആരുമോരാത്തനേരത്തു
രണഭേരിമുഴങ്ങവേ
വ്യോമമാർഗ്ഗത്തിൽ വന്നെത്തി
തീഗോളങ്ങൾ വിതയ്ക്കവേ
ഭീതിയിൽ ജനലക്ഷങ്ങ-
ളാധിപൂണ്ടുവസിയ്ക്കവേ
ലോകംസ്തംഭിക്കവേ,ദൂര-
സാഗരപ്പാതപൂട്ടവേ
പാചകത്തിനുവേണ്ടുന്നൊ-
രിന്ധനം കമ്മിയാകവേ
നാടെല്ലാം വിറകിന്നായി
നെട്ടോട്ടപ്പട നീക്കവേ
ഭദ്രം!മച്ചിനകത്തുള്ള
മണ്ണെണ്ണസ്റ്റൗവ്വെടുത്തുടൻ
തുടച്ചുതിരിയുംനീട്ടി
നീലദ്രവമൊഴിച്ചു,ഹാ!
തിളച്ചുതുള്ളുംവെള്ളത്തി-
ലരിയിട്ടുതെരുക്കനെ
തീകൂട്ടിവേകുവാൻകാത്തി-
ങ്ങിരിപ്പൂ,ശങ്കയെന്യെഞാൻ...
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment