Wednesday, 20 September 2023

 അടാട്ട് ഗ്രാമം

തൃശ്ശിവപുരിയാം ദേശത്തിൻ പശ്ചിമോത്തരേ

വിശ്രുതമാമായുള്ളൊരീ ഗ്രാമം

വത്സനാടെന്നല്ലോനാമം വിസ്മയങ്ങളേറെക്കേമം

ഒത്തുചേർന്നുപാടാംനമ്മൾ-

ക്കൊട്ടുനേരം മങ്കമാരേ

തട്ടകത്തെ പാലിച്ചുംകൊണ്ടമ്പലങ്കാവിൽ

ദുർഗ്ഗവാഴുമമ്പലംകാണാം

ഭക്തയാംകുറൂരമ്മയ്ക്ക് പുത്രഭാവേനവന്നിട്ട്

മുക്തിനൽകി പ്രസാദിച്ച കൃഷ്ണമന്ദിരവുംകാണാം

നൂറ്റിയെട്ടുശൈവാലയത്തിൽ ഗണിച്ചിട്ടുള്ളതാം

ക്ഷേത്രമതും കണ്ടുവന്ദിക്കാം

വർഷക്കാലമണഞ്ഞെന്നാൽ ഹൃദ്യമാംജലാശയങ്ങൾ

പുഷ്പവൃന്ദം വിടർത്തുന്ന

 വശ്യമായ കാഴ്ചകാണാം

വൃഷ്ടിതീർന്നാൽ വെള്ളംവറ്റിച്ചൂ ജൈവക്കൃഷിക്കായ്

വിത്തിടുന്നോരുത്സവം കാണാം

പീലിനീർത്തിനൃത്തമാടി 

മോദമേകും മയൂരങ്ങൾ

കേരവൃക്ഷപത്രങ്ങളിൽ രാവുറങ്ങുന്നതുംകാണാം

ദേശദേശാന്തരങ്ങളീന്നും പറവക്കൂട്ടം

തീറ്റതേടിയെത്തീടുന്നതും

ചിത്രമാണാക്കുന്നിന്നോരംതൊട്ടു,നവതി പ്രായത്തിൽ

കൊച്ചുവിദ്യാലയമൊന്നു നിൽക്കുന്നതുംകണ്ടീടാം

വായനശാലയുമുണ്ടല്ലോ വിജ്ഞാനദാഹം

ചേരുവോർക്കുസംവദിച്ചീടാൻ

നാഴികയ്ക്കുനാലെന്നോണം നാലുചക്രവാഹനങ്ങൾ

നീലകണ്ഠപുരി,ചേരാനോടുന്നതും നേരായ്കാണാം

കച്ചവടസ്ഥാപനങ്ങളും ലഘുവായുള്ള

ഭക്ഷണശാലകളും കാണാം

അംഗനമാർ നയിക്കുന്ന സംഘങ്ങളോടൊത്തുചേർന്ന

അംഗൻവാടികളുംകാണാം

കുഞ്ഞുങ്ങളെ ലാളിച്ചീടാം

ശക്തരായ് സ്വാശ്രയംനേടീടാ,നബലകൾതൻ

ശക്തിസംരംഭങ്ങളും കാണാം

കീർത്തികേട്ടൊരടാട്ടിന്റെ നേട്ടങ്ങളെപാടീടുവാൻ

ഊറ്റമില്ലെൻ നാവിന്നയ്യോ

മാപ്പുനൽകെൻതോഴിമാരേ

നാടിതിൽവസിച്ചീടുവാനായ് ഭാഗ്യംചെയതോരാം 

നാളികലോചനമാരേ നാം.( തൃശ്ശിവപുരിയാം..)

ഗിരിജ ചെമ്മങ്ങാട്ട്

Monday, 18 September 2023

 ഓണാഘോഷം 

വിദ്യാലയത്തിൻമുന്നിലെ-

ത്രവർഷത്തിൻശേഷം

മുത്തശ്ശിമാരായുള്ള

കുട്ടികളെത്തിച്ചേർന്നു

ഉത്സാഹത്തിമർപ്പിനാ-

ലന്യോന്യം വിശേഷങ്ങ-

ളെത്രയുംമോദംപൂണ്ടും

ചിരിച്ചുമാരായുന്നു

ചിങ്ങമാസത്തിൽ മൂലം

നാളിലായിരുന്നല്ലോ

നമ്മുടെ,യോണാഘോഷം

പൂർവ്വസ്നേഹസംഗമം

അന്നതിവീര്യത്തോടെ

ക്കേറിയപടവുക-

ളിന്നൊരുകരുതലാൽ

മെല്ലെത്താണ്ടിഞാൻ,പക്ഷേ

പൂക്കളം തിളങ്ങുമ,ദ്ധ്യാപന- 

മുറിതന്നി-

ലോർക്കാതെയൊരുനാളി-

ലെത്തിയ സന്തോഷത്തിൽ

ഓർത്തുപോയ്,ഗതകാല-

മീഭിത്തിയറിഞ്ഞതാം

നേർത്ത നിശ്വാസങ്ങളു-

മടക്കിച്ചിരികളും

വേദിയിൽ,അല്പംമാത്ര-

മുള്ളൊരെൻ കവിത്വത്തെ

യാദരിക്കുവാൻ കൂട്ടു-

കാരികൾ വട്ടംകൂട്ടെ

താണുപോയല്ലോ,താനെ-

യെൻശിരസ്സെന്താണാവോ

നാണമോ,ആനന്ദപ്പൂ-

ങ്കണ്ണുനീർ മറയ്ക്കാനോ? 

പണ്ടെന്നോ പാടിക്കേട്ടു-

മറന്ന ഗീതങ്ങളെ

കർണ്ണപീയൂഷംപോലെ-

യാസ്വദിച്ചെല്ലാവരും

തങ്ങൾ തൻ പ്രായംമറ-

ന്നമ്മൂമ്മാരേകിയ-

കുമ്മിയി,ലെൻപാദവു-

മറിയാതുണർന്നെന്നോ?

മധുരാദരാൽനീട്ടി-

ത്തന്ന,പാനപാത്രത്തിൻ

മധുരം നുണഞ്ഞുഞാ-

നെത്ര സന്തോഷത്തോടെ

സഖിതൻ കയ്യുംപിടി-

ച്ചോരോമുക്കുമൂലയു-

മിടറും മനസ്സുമായ്

തിരഞ്ഞൂ മന്ദംമന്ദം

ഇനിയും കാണാം വരും-

കൊല്ലമെന്നെല്ലാവരും

പിരിയാൻവയ്യെന്നായി

മെല്ലവേ വിടചൊല്കേ

ഹൃദയേ നമിച്ചൂ,ഞാ-

നീവാണീസുമന്ദിര-

മലിവോടുയർത്തിയൊ-

രാ പുണ്യ:ശ്രീമാൻതന്നെ

നാട്ടിലെ കിടാങ്ങൾ നാ-

ലക്ഷരം പഠിച്ചീടാൻ

നാട്ടാർക്കും ഗൃഹത്തിന്നും

നല്ലവരായ് തീർന്നീടാൻ

നേട്ടം നാടിനേകീടാൻ

ചെയ്തൊരാൾ,കനിവിന്റെ-

മൂർത്തീഭാവമെൻ പിതാ-

മഹിതൻ പിതൃവ്യനാം 

       ***************

ഗിരിജ ചെമ്മങ്ങാട്ട് 

സി.എൻ.എൻ.സ്കൂളിന്റെ സ്ഥാപകൻ ചിറ്റൂർ വലിയ നാരായണൻ നമ്പൂതിരിപ്പാട് എന്റെ മുത്തശ്ശ്യമ്മയുടെ അപ്ഫനാണ്.

Monday, 4 September 2023

 നനുത്ത ശിക്ഷ 


ഉച്ചയ്ക്കു ചോറുണ്ടിട്ടു 

പാത്രംമോറുവാനെന്നും

തിക്കിത്തിരക്കുണ്ടാവും 

കിണറ്റിൻകരയിങ്കൽ

കുട്ടികൾ ഞങ്ങൾ ചിലർ പോകാറുണ്ടടുത്തുള്ള

വീട്ടിൽവെച്ചുണ്ണാൻ ചോറ്റു-

പാത്രവും കയ്യിൽത്തൂക്കി

ഊണെല്ലാംകഴിഞ്ഞിട്ടു

പോരാൻനേരമാണല്ലോ

കൂടെയുള്ളവൾക്കുള്ളിൽ വന്നൊരുദുരാഗ്രഹം

തൂങ്ങിനിൽക്കുന്നൂ 

വള്ളിനാരകക്കൊമ്പിൽ

നാലുനാരങ്ങ!കാൺകേ,യെത്തി--

പ്പൊട്ടിക്കാൻതോന്നിപ്പോയി

ഏതിനുമൊപ്പംനിൽക്കും

 മറ്റവൾ പിന്താങ്ങവേ

പേടിയായെനിക്കല്പം 

പാടില്ലയെന്നായ്ത്തോന്നി

ഓതീടുമെല്ലാരോടുമെന്നു-

ഞാൻമെല്ലെച്ചൊല്ലേ

വാദിച്ചുനില്പായ് കുറ്റം-

ചെയ്യുവാൻ മുതിർന്നവൾ

ഇല്ലില്ല,ചെയ്യാൻപാടില്ല-

ന്യന്റെ മുതലൊന്നും

കൊള്ളില്ല കവർന്നീടാ-

നെന്നുഞാൻ തർക്കിക്കവേ

" എങ്കിൽനീയറിഞ്ഞീടും 

ബെല്ലടിച്ചീടുന്നേരം

നിന്നെക്കൂട്ടാതോടീടു" 

മെന്നഭീഷണിയായി

ഒന്നിനോക്കണംപോന്നോർ-

ക്കൊപ്പമോടിയെത്തീടാൻ

കുഞ്ഞുകാലിനാൽ 

പാവമന്നെനിക്കാവില്ലല്ലോ

എന്നല്ല,വെട്ടോഴിയി-

ലെത്ര നായ്ക്കളുണ്ടാകാം

പയ്യുക,ളലഞ്ഞുമേ-

ഞ്ഞീടുന്ന കൂറ്റന്മാരും

നീറുന്ന മനസ്സുമായ്

നില്ക്കവേ മടിക്കാതെ

തൂങ്ങിനിന്നീടും മുഴു-

നാരങ്ങ പൊട്ടിച്ചവൾ

വാതിലുംതുറന്നെത്തി

വീട്ടുകാരിയാരംഗം

കാണവേ,തിടുക്കത്തിൽ

ഞങ്ങളോ പേടിച്ചോടി

ഉച്ചബെല്ലടിക്കുന്ന 

നേരത്തങ്ങെത്തീ,വാർത്ത

വിദ്യാലയത്തിൻ കാര്യാ-

ലയത്തിൽ തെരുക്കനെ

മുറ്റുന്നരോഷത്തോടെ

ഞങ്ങളെ വിളിപ്പിച്ചാൾ

കർക്കശസ്വഭാവിനി-

യായുള്ളൊരദ്ധ്യാപിക

ആരാണീ ചീത്തക്കാര്യം

ചെയ്തതെന്നെന്നോടായി-

ട്ടാരാഞ്ഞനേരം കൂട്ടു-

കാരികൾ മൊഴിഞ്ഞല്ലോ

" നേരാണു,ഞങ്ങൾ വേണ്ടെ-

ന്നെത്ര ചൊല്ലിയതാണാ

നേരത്തും കുറ്റംചെയ്ത-

തിവളെ"ന്നെന്നെച്ചൂണ്ടി

ഭീതയായ് കണ്ണീർവാർത്തു-

നിൽക്കവേ,പാവാടയ്ക്കു

താഴെയായവർക്കേകി

ചൂരലാൽ മൂന്നാലെണ്ണം

വേദനിച്ചവർ കയ്യാൽ

മെല്ലെത്തലോടുന്നേരം

ഞാനുമെന്നൂഴംകാത്തു

നില്ക്കയായ് കണ്ണുംപൂട്ടി

ചൂരൽചുഴറ്റീടുന്ന

നാദംകേട്ടുവെന്നാലും

നോവെനിക്കറിഞ്ഞീല

തൂവലാണെന്നേ തോന്നി

പീലികൊണ്ടാണന്നമ്മ

കണ്ണനെയടിയ്ക്കാറെ-

"ന്നായ",ചൊല്ലാറുള്ളതാ

നേരം ഞാനോർത്തേനിന്നു

നാണിച്ചു വരി ചേർന്നു

പോരവേ തിരിഞ്ഞൊന്നു

പാളിനോക്കി,ഞാനപ്പോൾ

നേരാണുകണ്ടൂ ഹൃദ്യം

ലോലമായ് ശിരസ്സൊന്നു

ചെരിച്ചൂ മന്ദസ്മിതം

തൂകുമാ,മുഖമിന്നു-

മുള്ളിൽഞാൻ കണ്ടീടുന്നു.

             *******************

ഈ വരികൾ  എല്ലാ അദ്ധ്യാപകർക്കും ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.

ഗിരിജ ചെമ്മങ്ങാട്ട്

Thursday, 10 August 2023

 മുട്ടയും കുട്ടിയും


എത്രയോകാലമായ് കാത്തിരുന്നിട്ടെന്റെ

പുത്രിയ്ക്കിതാദ്യമായ് നാളുതെറ്റി

എട്ടുപിറന്നൂ ' മിഥുന'മണഞ്ഞിടാ-

നെത്രയും മോഹിച്ചു കാത്തിരിപ്പായ്


തൊട്ടടുത്തുള്ളൊരാരോഗ്യകേന്ദ്രത്തിലേ-

യ്ക്കെത്തിഞാനെന്റെ മകളുമൊത്ത്

കൃത്യമായെല്ലാം നിരീക്ഷിച്ചു,പുഞ്ചിരി-

ച്ചിത്ഥമുരചെയ്തു ലേഡിഡോക്ടർ


" എന്തേ തിരിഞ്ഞില്ല ? നിൻസുതയ്ക്കാരോഗ്യ-

മമ്പേ പരുങ്ങലാണെന്നറിഞ്ഞോ

നൽകിടേണം നല്ല ഭോജനം പാൽ പഴ-

മെന്നല്ലിലക്കറി വേണ്ടുവോളം

പ്രോട്ടീൻകുറവുമാറ്റീടാൻ ചെറുപയ-

റാദ്യം മുളപ്പിച്ചതേകീടണം

'മുട്ട' നന്നായിപ്പുഴുങ്ങിക്കഴിപ്പിച്ചു

ശക്തി ദേഹത്തിൽ വരുത്തിടേണം

അമ്മയ്ക്കുവേണ്ടുന്നതെല്ലാം ലഭിയ്ക്കിലേ

കുഞ്ഞിന്റെ കായം വളർന്നിടുളളൂ"

സമ്മതിച്ചെന്നായ് തലയാട്ടി മെല്ലെഞാൻ

നന്ദിനിയൊത്തു പുറത്തിറങ്ങി


മെല്ലെത്തിരിച്ചുപോരുമ്പോൾ മനസ്സിങ്ക-

ലല്ലലോടെന്തോ കടന്നുകൂടി

അൻപോടെയെൻകൺകൾരണ്ടും തനൂജത-

'ന്നിമ്പം' മയങ്ങും വയർതലോടേ


പച്ചക്കറി,പഴം,പാലെന്നിതൊക്കെയും

ചിട്ടയായ് നൽകുവാൻ പറ്റുമെന്നാൽ

മുട്ട പുഴുങ്ങിക്കൊടുക്കയെന്നുള്ളൊരാ-

ദുഷ്ടകൃത്യം ചെയ്ക സാധ്യമാമോ?

മറ്റൊരുജീവൻ കവർന്നെന്റെ മുത്തിന്നു-

പുഷ്ടിവരുത്താൻ തുനിഞ്ഞിടാമോ?

വിശ്വംനിറഞ്ഞോനനുഗ്രഹിയ്ക്കിൽ മകൾ-

ക്കിഷ്ടസന്താനം ജനിയ്ക്കയില്ലേ?


                               ഗിരിജ ചെമ്മങ്ങാട്ട്

 ഫുട്ബോൾ


കാൽപ്പന്തുകളിതൻ മേളം

നാട്ടിലെങ്ങും മുഴങ്ങവേ

ബാല്യകാലത്തിലേയ്ക്കെന്റെ

മാനസം ചെന്നുചേർന്നുവോ


പള്ളിക്കൂടത്തിൽനിന്നെത്തി-

പ്പുസ്തകസ്സഞ്ചിവെച്ചുഞാൻ

ഓടിച്ചെല്ലുമടുത്തുള്ള

നാട്ടുമൈതാനമൊന്നതിൽ


ജോർജ്ജൂട്ടി,യൊരു ഭാഗ്യവാൻ

ഫുട്ബോൾ സ്വന്തമതുള്ളവൻ

തലയെണ്ണിപ്പിരിച്ചീടു-

മോരോ "നാലണ" വാടക


പൊരിഞ്ഞ കളിയായ്പ്പിന്നെ-

യാർപ്പും കൂക്കു,മുയർന്നിടും

കൂട്ടത്തിൽ ചെറുതാം,ഞാനു-

മോടും പന്തൊന്നടിക്കുവാൻ


കളി"വെന്നിയ"കൂട്ടക്കാർ

ജയഘോഷം മുഴക്കവേ

വിഷണ്ണനായിവൻ നിൽക്കും

പന്തുകിട്ടാത്ത നോവുമായ്


പാവമെന്നെന്നെയോർത്തിട്ടു

പന്തുതാഴത്തുവെച്ചുടൻ

സൗജന്യം നാലു"കിക്കേ"കും

ജോർജ്ജുകുട്ടി മഹാശയൻ !!


         ********

ഗിരിജ ചെമ്മങ്ങാട്ട്.

 ഗുണപാഠം


സതീർത്ഥ്യരായ്ച്ചേർന്നുകളിച്ചിടാനാ-

യൊരുങ്ങിവിദ്യാലയമുറ്റമെത്തേ

കരുത്തനായുള്ളൊരുബാലനെന്നെ-

യടിച്ചുനോവിച്ചകലേയ്ക്കുപാഞ്ഞൂ


തിരിച്ചുനൽകാൻവഴിനോക്കി താഴെ-

ക്കുനിഞ്ഞുനിന്നിട്ടൊരു കല്ലെടുക്കെ

ചിരിച്ചുകൊണ്ടെന്നരികത്തുവന്നി-

ട്ടുരച്ചുമന്ദം ഗുരുനാഥയിത്ഥം

" എറിഞ്ഞകല്ലും വിനയോർത്തിടാതെ-

പ്പറഞ്ഞവാക്കും തിരികേവരില്ല

മിടുക്കനായായുധമങ്ങുവെച്ചു-

പഠിക്കുവാൻ നേരെഗമിക്കകൃഷ്ണാ..


              ********

ഗിരിജ ചെമ്മങ്ങാട്ട്.

 ഉണ്ണിയേശു


ക്രിസ്തുവിൻ പിറന്നാളാ-

ണല്ലോ വന്നെത്തീ നാളെ

കൂട്ടുകാരെല്ലാം വീട്ടിൽ

പുൽക്കൂടൊരുക്കീടവേ

കുട്ടന്നു,മുള്ളത്തിൽ വ-

ന്നുദിച്ചൂ പുത്തൻമോഹം

കുട്ടിപ്പുൽക്കൂടൊന്നിങ്ങീ-

സിറ്റൗട്ടിലുണ്ടാക്കുവാൻ


ആശയുണ്ടുണ്ണിയ്ക്കെന്ന-

റിഞ്ഞപ്പോൾ വേഗംവന്നൂ

ശോശാമ്മ,മോദംപൂണ്ടി-

ട്ടോരോന്നായൊരുക്കുവാൻ

യേശുവെക്കിടത്തുവാൻ

വൈക്കോൽമെത്തയുംവിരി-

ച്ചാശിച്ചിരിപ്പോൻതന്റെ-

യുള്ളം കുളിർപ്പിച്ചല്ലോ!


പുൽക്കൂടൊരുങ്ങിക്കണ്ട-

നേരമാക്കുരുന്നിന്നു

കൊച്ചുയേശുവെക്കൊണ്ടു-

വെയ്ക്കുവാൻ തിടുക്കമായ്

" ഇപ്പോഴായില്ലാ നേരം

പാതിരാവായാലല്ലോ

ക്രിസ്തുവീക്കൂട്ടിൽദൈവ- പുത്രനായെത്തീടുള്ളൂ"


ശോശാമ്മച്ചൊല്ലീവിധം

കേട്ടപ്പോൾ,കുഞ്ഞന്നുള്ളി-

ലാശയക്കുഴപ്പം വ-

ന്നിങ്ങനെ ചോദിച്ചുപോയ്

" ആസ്പത്രീലാണോ,ഉണ്ണി-

യേശുവിൻ മാതാവിപ്പോൾ?

കാത്തിരിപ്പാണോ ലേബർ-

റൂമിന്റെ മുമ്പിൽ ദൈവം ?"


             *********


ഗിരിജ ചെമ്മങ്ങാട്ട്