Tuesday, 7 May 2013

അടയുടെ നടു

പഴമക്കാർ പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ടൊ -
രടയുടെ നടു വാണു തൃശ്ശൂർ  
പൊരുള,റിഞ്ഞീടുവാൻ പുതുനെല്ലിന്നരി പൊടി -
ച്ചില വാട്ടി,യടയിട്ടു മെല്ലെ 

അട പിന്നെ തെക്കും വടക്കുമായ് വച്ചിട്ടാ 
നെടു,മടക്കാദ്യം തുറന്നു 
ചെറുമടക്കും മാറ്റി,യില,യടർത്തീടവേ 
ചുടു ഗന്ധ,മുള്ളം കവർന്നു 

അതിരൊന്നു തീരമെ,ന്നോർക്കവേ നാക്കത്തൊ -
രറബി ക്കടലിന്ടെ ഓളം 
 അതിരുകൾ ശോഷിച്ചും നടു വീതി പൂണ്ടുമീ -
യട നേർ മലയാള രൂപം !

കദളിപ്പഴം ,തേങ്ങ,ശർക്കരപ്പാവൊത്തു 
മധുരം നിറഞ്ഞൊരീ മദ്ധ്യം 
കലകളും പൂരവും മേളങ്ങളും ചേർന്ന 
ശിവ പുരി യെന്നല്ലോ സത്യം !

ഒരു ഭൂപടം പോലു ,മറിയാ,പ്പഴങ്ക ണ്ണി-
ന്നുപമക്കു നൂറായ് നമിക്കാം 
(അറുകൊല ,കൊള്ളക,ളിതുകളെ കണ്ണട 
ച്ചിരു ളാക്കി,യൊന്നായ് മറക്കാം )

**********************************

Saturday, 27 April 2013

യക്ഷിയും ഗന്ധർവ്വനും

 വത്സരമെത്രയോ മുൻപാണു ഞാനൊരു
 മു ഗ്ദ്ധ വധുവായി വന്ന കാലം
സ്വർഗീയ രാഗാർദ്ര ലോലാനുഭൂതിയിൽ 
സ്വപ്നങ്ങൾ നെയ്തൊരു സന്ധ്യനേരം 

ഏകയായ് ഞാനീ ഗൃഹത്തിൻ വരാന്തയിൽ 
ആകാശ ശോഭകൾ കണ്ടു നില്ക്കെ 
ചാരത്തു കണ്ടു ഞാനെൻ നേർക്കു നില്ക്കുന്ന 
ചാരുത ചേർന്നൊരു തന്വി തന്നെ 

മൂവന്തിപ്പൂ നിലാവാ,ടയാൽ മെയ്യാകെ 
മൂടി നിന്നീടുന്ന രൂപം കാണ്‍കെ 
പേടിച്ചരണ്ടഞാ,'നാരെ 'ന്നു ചോദിക്കാ -
നാകാതെ മോഹത്തിലാണ്ടുപോയി 

മന്ത്രവാദത്തിനു പേർ കേട്ടൊരില്ലത്തു 
മന്ദമായ് വന്നിവൾ ഭീതി യെന്യേ 
മന്ത്രിച്ച പാവയിൽ നിന്നുള്ള ബന്ധനം 
തന്ത്രത്തിൽ ഭേദിച്ച യക്ഷി തന്നെ 

ഉള്ളം വിറച്ചു സംഭ്രാന്തയായ്,ഞാനറ-
ക്കുള്ളിലേക്കോടി,യുന്മാദിനി പോൽ 
ശയ്യയിൽ ചെന്നങ്ങുവീഴ്കെയെൻ കാന്തനോ
സംഭീതനായ് നിന്നി,തൊട്ടു നേരം 

അന്തികത്തേക്കു വന്നെത്തി,യാരാഞ്ഞവ-
'നഞ്ജു,വിനെന്തേ പിണഞ്ഞൂ ചൊല്ലൂ'
തെല്ലാശ്വസിച്ചും വിതുമ്പിയും വിക്കിയും 
ചൊല്ലി ഞാൻ കണ്‍ നേർക്കു കണ്ട കാര്യം 

'അങ്ങോട്ടു നോക്കുകിൽ കാണാം തരുണിയൊ- 
ന്നങ്ങേ വരാന്തയിൽ വന്നു നില്പ്പൂ 
മങ്ങുന്ന വെട്ടമാണെങ്കിലും സത്യമായ് 
കണ്ടു ഞാൻ യക്ഷിതൻ വശ്യ രൂപം'

വല്ലഭനെന്നെ പരിഹസിച്ചാൻ,'നിഴൽ-
വല്ലതും കണ്ടു,നീ,യോടി വന്നൂ 
അല്ല,ഞാൻ കാണട്ടെ നിൻ യക്ഷിയെ 
കണ്ടതില്ല,യെങ്കിൽ നഷ്ട ഭാഗ്യനത്രേ!' 

ഏറുമാകാംക്ഷയിൽ പ്രേയാന്ടെ കയ്യിൽ ഞാൻ 
കേറി പ്പിടിച്ചൂ മുറുക്കമോടെ 
ധീരത ഭാവിച്ചു ചെന്നങ്ങു നോക്കുമ്പോ-
ളാധിയാൽ വീണ്ടും തളർന്നുപോയി 

'മുന്പൊരു കിന്നരപ്പെണ്ണുമാത്രം വന്നു 
നിന്നിതെൻ മുന്നിലായെങ്കിലിപ്പോൾ 
ഗന്ധർവനും വന്നു നില്ക്കുന്നു!കാമുകൻ-
തന്നെയാം മെയ്യോടു ചേർന്ന മട്ടിൽ'

സുസ്മിതം തൂകിയെൻ നാഥനന്നേരത്തു 
വിദ്യുത ദീപം കൊളുത്തി മെല്ലെ 
യക്ഷ മിഥുനമായ് കണ്ടു ഞാൻ ഞങ്ങളെ 
ഭിത്തിയിൽ തൂങ്ങു,മാൾ ക്കണ്ണാടിയിൽ 

**********
(കല്ലൂരെ അഞ്ജു,യക്ഷിയെ കണ്ട കഥ )

Monday, 11 March 2013

മാങ്ങ

ധനു മാസ മഞ്ഞിന്ടെ കുളിരേറ്റ കാലം 
പുളിമാവില്‍ കുനുകുനെ കുലകള്‍ നിറഞ്ഞു 
കുലകള്‍ വിരിഞ്ഞു മാമ്പൂമണം വന്നെന്‍ടെ 
കരളില്‍ നൂറായിരം കനവുകള്‍ തീര്‍ത്തു 

ഒരു തിങ്ങള്‍ പോയാല്‍ വലത്തോട്ടിയാലാ 
ചെറു മാങ്ങ പൊട്ടിച്ചു കടുമാങ്ങയാക്കാം
നനു ചോപ്പു വന്നാലകത്തണ്ടി മൂത്താല്‍ 
മുളകുലുവപ്പൊടി ചേര്‍ത്തു ഭരണിയില്‍ മൂട്ടാം 

മഴപോലെ തുരുതുരെ പഴമാങ്ങ വീണാല്‍ 
മധുരമായ് തിന്നാം കറിവെച്ചു കൂട്ടാം 
വെയിലത്ത് പുതുമുണ്ട് നീര്‍ത്തിപ്പിഴിഞ്ഞുമാ-
ന്തെരയാക്കി വരണോര്‍ക്ക് ഗമയില്‍ വിളമ്പാം 

പലതോര്‍ത്തു നാവത്തു നനവൂറ്റി നില്‍ക്കെ 
ഒരു കുന്നായ,കലേന്നു മഴമുകില്‍ വന്നു. 
മദനപ്പൂങ്കുലയൊക്കെയുരുകികൊഴിഞ്ഞു 
മദമറ്റ് മൂക്കില്‍ ഞാന്‍ വിരല്‍ വെച്ചു നിന്നു !!

*************************** 

Sunday, 10 March 2013

ചക്ക

ചക്ക പൊട്ടാപ്ലാവൊരെണ്ണം പറമ്പില്‍ 
നില്‍ക്കുന്നു വെട്ടണം പത്തുനാള്‍ പോയാല്‍ 
(കഷ്ടമിപ്ലാവിന്ടെ തേന്‍ പഴം മോഹി-
ച്ചെത്രയോ കാലം ഞാന്‍ വ്യര്‍ത്ഥമായ് പോക്കി!)

മൂത്ത തടിയറുത്താശാരി മാരാല്‍ 
മേശയലമാരതീര്‍ക്കാം വെടുപ്പായ് 
ഏറ്റം ചെറു കമ്പു ചുള്ളികളെ ല്ലാം 
മാറ്റാം വിറകാക്കിയട്ടത്തു വെക്കാം 

തൂപ്പുകളാടിന്നുണക്കിയേകീടാം 
ബാക്കി വന്നാല്‍ തെങ്ങിന്‍ ചോട്ടിലിട്ടേക്കാം
പുത്തന്‍ ചിരവ വേരാലെ നിര്‍മ്മിക്കാം 
പൊട്ടു നുറുങ്ങുകള്‍ ചാരമായ് നീറ്റാം 

കര്‍ഷകന്‍ തന്‍ മനോരാജ്യങ്ങള്‍ കേട്ടാ
ചക്കര പ്ലാവിന്നു നെഞ്ചിടി വെട്ടി !
പത്തു നാളായില്ല,അരമണി കെട്ടും 
മട്ടിലേറെക്കുഞ്ഞു ചക്കകള്‍ പൊട്ടി !!!!

**************************





*****************************

Wednesday, 6 March 2013

അറസ്റ്റ് വാറണ്ട്

അമ്പല മുറ്റത്തൊ രാള്‍ക്കൂട്ട മാരവ -
മെന്തെന്ന,റിഞ്ഞിടാന്‍ ചെന്നു 
അഞ്ചാറു പേരുണ്ടു പോലീസുവേഷത്തില്‍ 
വണ്ടി യൊന്നോടിച്ചു വന്നു !

പെട്ടെന്നു തെറ്റും ഗജത്തെ തലേക്കെട്ടു -
കെട്ടിച്ച,യക്കാതിരിക്കാന്‍ 
പുത്തനാം ചട്ട,മൊന്നു,ണ്ടാക്കി സര്‍ക്കാരു -
മത്തേഭ പാലകര്‍ക്കായി 

മത്ത,ടിച്ചാര്‍ക്കുന്ന വാരണം നിര്‍ദ്ദയം 
മര്‍ത്യനെ,ക്കൊന്നു,വെന്നാകില്‍ 
തെറ്റെ,ന്ന,റസ്റ്റുവാറണ്ടുമായ്  ചെന്നുട-
മസ്ഥനില്‍ കുറ്റങ്ങള്‍ ചാര്‍ത്താം 

ദേവന്ടെ,യാനയാ,ണിന്നലെ,സ്സന്ധ്യയ്ക്കൊ-
രാളിനെ,ക്കൊമ്പത്തു കോര്‍ത്തു !!
തേവരാ,ണെന്നോര്‍ത്തു മാനിക്കണോ?
'കാട്ടുനീതി' യില്‍ ഭേദങ്ങള്‍ വേണോ?

കോവിലില്‍ നിന്നും മൃദുസ്മിതം ചെയ്തിങ്ങു 
ഗോവിന്ദ,നെത്തുമോ നേരായ് !
കോലക്കുഴല,ണി ക്കൈകളില്‍ ചേരുമോ  
കാരിരുമ്പിന്‍ വിലങ്ങിപ്പോള്‍ !!

+++++++++++++
(കാട്ടുനീതി വനനിയമം) 

Monday, 4 February 2013

മുഷിഞ്ഞ അഞ്ചുരൂപ

ആരേകിയെന്നെനിക്കോര്‍മ്മയില്ല
കീറിപ്പറിഞ്ഞോരീയഞ്ചുരൂപ
നാറിയും ചുക്കിച്ചുളികള്‍ വീണും
കോലം വെടിഞ്ഞൊരീയഞ്ചുരൂപ


പാലു വാങ്ങീടുവാന്‍ വന്നതാരോ
'ബാധ' നീങ്ങട്ടെയെന്നോര്‍ത്തതാണോ
ഓല,മടലുകളെണ്ണി വാങ്ങി
പാവമാമെന്നെ ചതിച്ച താണൊ


എങ്ങൊന്നു,കൊണ്ടെക്കൊടുത്തീടണം
പിഞ്ഞിയൊട്ടിച്ചോരീ യഞ്ചുരൂപ
ആരെയൊന്നേല്‍പ്പിച്ചു മാറീടണം
നേടാനറയ്ക്കുമീയഞ്ചുരൂപ


 പച്ചക്കറിക്കു വില നല്‍കിയാല്‍
കൊച്ചു ലോനപ്പന്‍ പഴിക്കയില്ലേ
പച്ചരി,പഞ്ചാര വാങ്ങിയെന്നാല്‍
പിച്ച!യെന്നെന്നെനിന്ദിക്കുകില്ലെ 


ഗൂര്‍ഖക്കു മാസപ്പടി കൊടുത്താല്‍
മൂര്‍ഖന്‍!മുഖത്തേക്കെറിഞ്ഞിടില്ലേ
ബസ്സു ചാര്‍ജായിക്കൊടുത്തുവെന്നാല്‍
കൊത്തിയാട്ടില്ലേ 'കിളിച്ചെറുക്കന്‍'
എന്തിനിച്ചെയ്യുമെന്നോര്‍ത്തു,ഴന്നീ-
യമ്പലമുറ്റത്തു വന്നുനിന്നു
കണ്ണുകളോടി ച്ചു നാലു പാടും
ഭണ്ടാരപ്പെട്ടിക്കു നേര്‍ക്കടുത്തു !!

+++++++++++++++++++++          

   

Wednesday, 24 October 2012

അമ്മയാകുന്നു വീണ്ടും !!!

അമ്മയാകുവാന്‍ വീണ്ടു-
മൊരുക്കം തുടങ്ങുന്നെ-
ന്നമ്മുവിന്നായ്ക്കൊണ്ടിന്നീ
നാല്പതിന്‍ മദ്ധ്യത്തില്‍ ഞാന്‍
അമ്മയായൊരാ ഭൂത-
കാലത്തിന്‍ സ്മരണക-
ളിന്നിമിഷത്തിന്‍ മാറ്റു-
 കൂട്ടുവാനായെത്തുമ്പോള്‍


അമ്മിഞ്ഞപ്പാല്‍ മാധുര്യം
 തോല്‍ക്കുംവണ്ണമെന്‍ മകള്‍
ചെമ്മണിച്ചുണ്ടാലാദ്യ-
മെന്നോടുചിരിച്ചതും
പിന്നെന്നോകമിഴ്ന്നുംമു-
ട്ടിന്മേല്‍നിന്നിഴഞ്ഞുംപി-
ന്നുമ്മറമാകെ കുഞ്ഞു-
കാലിനാല്‍ നിറഞ്ഞതും


വര്‍ഷങ്ങള്‍ പോകെ ബാല്യ-
കൌമാരം കടന്നവള്‍
മുഗ്ദ്ധ,പുഷ്പത്തെപ്പോലെ
 താരുണ്യമാര്‍ജിക്കവേ
ഒത്തുള്ള യുവാവോടു 
ചേര്‍ത്തുവേളിയാലാശി-
സ്സര്‍പ്പിച്ചുവിയോഗത്തിന്‍
 നോവുകള്‍ മറച്ചു ഞാന്‍


കാലമഞ്ചാറാണ്ടായി-
ക്കാണുമാമുഖം നിത്യം
മാലാര്‍ന്നു വാടാനെന്തേ
 പിണഞ്ഞൂ,വൈഷമ്യങ്ങള്‍?
താലോലം നിറഞ്ഞൊരീ
മാനസത്തിലും,വ്യഥ
കോലുവാന്‍ തുടങ്ങി,ഞാ-
നാധികള്‍ക്കധീനയായ്


അമ്മയാകാനാവില്ലെന്‍
 നന്ദിനിക്കൊരിക്കലു-
മെന്നത്രെ ഭിഷഗ്വര-
വൃന്ദം വിധിച്ചീടുന്നു
അമ്മൂമ്മയാകാന്‍ മോഹം
 പൂണ്ടു കാത്തിരിക്കുമീ-
യമ്മ തന്നുള്ളും തെല്ലു
 ചഞ്ചലപ്പെടാതാമോ?


ഗര്‍ഭിണിയാകാന്‍ യോഗ്യ-
യാണിവളെന്നാല്‍ സ്വന്തം
ഗര്‍ഭത്തെ വളര്‍ത്തുവാ-
നുദരം വഴങ്ങാത്തോള്‍
മറ്റൊരാള്‍ ,പരീക്ഷണ-
 നാളിയില്‍ നിന്നീപ്പുതു -
മുത്തിനെ,സ്വദേഹത്തില്‍
സ്വീകരിച്ചെന്നാല്‍ഭാഗ്യം!

ശാസ്ത്രനൈപുണ്യത്തിന്ടെ-
യുത്ഘോഷം ചെവിക്കൊണ്ട-
മാത്ര ഞാന്‍ സ്വയം മന-
സ്സോടു സംവദിച്ചു പോയ്‌
ഗാത്രം പണിഞ്ഞും സ്നേഹം-
 നല്‍കിയും വളര്‍ത്തിയൊ-
രാര്‍ത്തയാം ശരീരജ-
യ്ക്കായേറ്റമുയര്‍ന്നുപോയ് 

പുത്രിതന്‍ സന്തോഷങ്ങ-
ളാണല്ലോഭൂവില്‍,ജന-
യിത്രിക്കുസാഫല്യവും
ജീവിത സായൂജ്യവും 
പുത്രസൌഭാഗ്യത്തിന്ടെ
 സൌഖ്യങ്ങളേകാന്‍,ജന്മ,
പാത്രത്തെ,ദ്ദൌഹിത്രത്വ
കര്‍മ്മത്തി,ന്നൊരുക്കി,ഞാന്‍

ഭാരത മാതൃത്വത്തിന്‍
 ത്യാഗ ഗാഥകള്‍ പണ്ടു
ബാലയായിരുന്നപ്പോള്‍
 കേട്ടറിഞ്ഞതാണല്ലോ
സാപത്ന്യപ്പോരോര്‍ക്കാതെ-
ദ്ദേവകീകിശോരനെ
ദ്വാപര യുഗത്തിങ്കല്‍ 
രോഹിണി,യുള്‍ക്കൊണ്ടില്ലേ?

അമ്മയാകുവാന്‍ പോക-
യാണു,ഞാന്‍ വീണ്ടും!നിന്ടെ-
യമ്മക്കായ് !ഉള്ളില്‍ കിട
ന്നിക്കിളി കൂട്ടും കുഞ്ഞേ
പിഞ്ചിളം പാദം കൊണ്ടീ
 പാവമാം മുത്തശ്ശിയെ
പിന്നെയും കുറുമ്പുപൂ-
ണ്ടിമ്പമായ് നോവിക്കാതെ.

***************************************

(ഇന്ത്യക്കാരിയായ അമ്മ ലണ്ടനിലുള്ള മകളുടെ കുട്ടിക്ക് ജന്മം നല്‍കുന്നു,എന്ന പത്ര വാര്‍ത്തയെ അവലംബമാക്കിഎഴുതിയത്.(2004 ഫെബ്രുവരിയിലെ ജ്വാല എന്ന ബോംബെയില്‍ നിന്ന് ഇറങ്ങുന്ന  മാസികയില്‍ പ്രസിദ്ധീകരിച്ചു)