Saturday, 18 October 2014

ഓണക്കാഴ്ച

ചിങ്ങമാസമായ് തിരു-
വോണത്തിന്നൊരുക്കങ്ങ-
  ളില്ലത്തെ പൈതങ്ങൾക്കു-
മെല്ലാർക്കു മുത്സാഹമായ് 
തുമ്പപ്പൂവിറുക്കുവാ-
നോട്ടമായടിയാത്തി-
പ്പെണ്‍കിടാങ്ങളുമത്ത-
പ്പൂക്കള മിട്ടീടുവാൻ 

ഓണക്കാഴ്ചയും കൊണ്ടു 
നാലുദിക്കിലും നിന്നാ-
യേറെപ്പേർ കുടിയാന്മാർ 
വന്നെത്തുന്നതിൻ മുൻപേ 
"ആരാണിന്നേറ്റം നല്ല 
കാഴ്ചയെത്തിക്കുന്നവ-
ന്നോണസ്സമ്മാനം," ജന്മി 
കൽപ്പിച്ചൂ സകൌശലം 

ആലിൻ ചോട്ടിലും നാലു 
പേരെത്തും 'പാണ്ട്യാലേലും'
വാലിയക്കാരെത്തിച്ചാർ 
അരുളപ്പാടിൻ കൂട്ടം 
ഓരോരുത്തരായ് "ഞാനാ,-
ണെന്ടെ,യാണതികേമ"- 
മീവിധമോർത്തും കൊണ്ടെ-
ത്തീടുന്നു തിടുക്കത്തിൽ 

വന്നൊരാൾ പൊന്നൊത്തുള്ള 
നേന്ത്രപ്പഴത്തിൻ കുല  
രണ്ടെണ്ണം 'കാവിൽ' ചുമ-
ന്നിറക്കീ ചുറുക്കനെ 
പിന്നൊരാൾ മത്തങ്ങകൾ 
മറ്റൊരാൾ പെരുംചേന 
കുമ്പളങ്ങയും ചേമ്പും 
കൊണ്ടുവന്നൊരാൾ നിൽപ്പൂ 

 ചക്കരക്കിഴങ്ങുമായ് 
വന്നെത്തിയൊരുത്തനോ 
ചക്കര തോൽക്കും പൂവൻ-
പഴമായണഞ്ഞൊരാൾ 
തുഷ്ടനായ് തൃക്കണ്‍ പാർത്തു 
കാഴ്ച്ചകളെല്ലാം,കുട്ടി-
ക്കൃഷ്ണൻ വന്നെടുത്തിട്ട-
ത്തെക്കേക്കെട്ടിലെത്തിച്ചാൻ 

ആർക്കു നൽകീടും തമ്പ്രാൻ 
സമ്മാനമെന്നായ് കാത്തി-
ട്ടാൾക്കാരു നിൽപായ് മന-
പ്പറമ്പിന്നരുക്കലായ് 
ചാക്കുവും നീലാണ്ടനും 
കൊച്ചുവും മുഹമ്മദും 
ചാക്കോരു,മാണിക്കനും
കുഞ്ഞനും കുട്ടപ്പനും 

ഒട്ടിടയെല്ലാവരും 
നിൽക്കവേ,പടികട-
ന്നെത്തുന്നു രാമൻ നാട്ടു-
കാർക്കെല്ലാ,മപഹാസ്യൻ 
മുറ്റത്തു പരുങ്ങീട്ടു 
പൂമുഖപ്പടിതന്നിൽ 
  വെച്ചെന്തോ പൊതിക്കെട്ട്,
പിൻവാങ്ങി നിന്നൂ ഭവ്യം 

തമ്പുരാൻ നോക്കേ കാണ്മു 
സ്വർണത്തിൻ കാവൊന്നതിൻ 
രണ്ടുതട്ടിലായ്‌ സ്വർണ്ണ -
വർണ്ണ നാരങ്ങാ ദ്വയം!
ഉള്ളത്തിൽ തോഷം പൂണ്ടു 
കൽപ്പിച്ചൂ "രാമൻ തന്നെ 
സമ്മാന്യൻ "തൃക്കൈ കൊണ്ടു 
നൽകിനാ,നോണപ്പുട 

"ഉണ്ടിട്ടേ പോയീടാവൂ" 
പൊൻകാഴ്ച ,യെടുത്തും കൊ-
ണ്ടുണ്ണുവാനകത്തളം 
തന്നിലേയ്ക്കെഴുന്നള്ളി 
അങ്ങിങ്ങു നിൽപ്പോ ,രിച്ഛാ-
ഭംഗരായ് മടങ്ങവേ 
ഉള്ളം നിറഞ്ഞൂ രാമ - 
   നുമ്മറത്തുന്നും പോന്നു   

ഉച്ചവിശ്രമം ചെയ്തു 
തമ്പുരാൻ മുറുക്കുവാൻ 
വെറ്റിലച്ചെല്ലത്തിനായ് 
പൂമുഖത്തെത്തീടവേ 
മുറ്റത്തെ മാവിൻ ചോട്ടി-
ലപ്പോഴും നിൽപ്പൂ രാമൻ 
മുറ്റുമത്ഭുതം ചേർന്നി-
ട്ടാരാഞ്ഞു നമ്പൂതിരി 

"ഉണ്ടില്ലേ ,ചുറ്റിപ്പറ്റി 
നിൽക്കുവാനെന്തേ,പഴേ-
മുണ്ടൊന്നിനാണോ വീട്ടു-
കാരിക്കു കൊടുത്തീടാൻ ?
ചൊല്ലുവേ,നകായിൽ ചെ-
ന്ന"ദ്ദേഹം ചൊല്കെ ,തെല്ലു-
വല്ലായ്മ ഭാവിച്ചും കൊ-
ണ്ടോതിനാൻ വിനീതനായ് 

"ഒന്നട്യേനുണർത്തിച്ചാൽ 
തിരുവുള്ളക്കേടാകാ 
തന്നതില്ലല്ലോ കാഴ്ച 
യെത്തിച്ച 'പഴംകാവ്'
നൽകുവാൻ തിരുമന-
സ്സായെന്നാൽ കുപ്പാട്ടിലേ-
യ്ക്കങ്ങിവൻ വിടകൊള്ളാം"
വായ്പൊത്തി നിന്നൂ വീരൻ!

***********
( ഒരു പഴംകഥയോട് കടപ്പാട് )
         
പാണ്ട്യാല (പാണ്ടികശാല ) = പീടിക 
       

  

Monday, 13 October 2014

പൊക്കം

 മിച്ചഭൂമിതൻ കേസു-
കെട്ടുമായൊരുനാളി -
ലച്ഛൻ തമ്പുരാൻ ജില്ലാ-
ക്കോടതിയണഞ്ഞപ്പോൾ
അഗ്രാസനത്തിൽ മേവും 
ജഡ്ജിയെക്കാണ്‍കെ ചെറ്റു 
വിസ്മയത്താലേ നിന്ന-
നിൽല്പേറെ നേരം നിന്നു!

ഇല്ലത്തെ പാരമ്പര്യ-
ത്തെങ്ങു കേറ്റക്കാരന്നു 
നന്മകൻ പിറന്നതും 
കേമനായ് വളർന്നതും 
ചൊല്ലിക്കേട്ടതെല്ലാമേ 
വിസ്മൃതമായി ,ഭൂമി-
വല്ലോർക്കും വീതിച്ചതിൻ 
നോവുകൾ നീറ്റീടവേ 

ശുഭ്ര വസ്ത്രവും തോളിൽ 
ചേർന്നൊരീരെഴത്തോർത്തും 
നിത്യക്ഷൌരത്താൽ ശോഭ 
വാച്ചിടും തദാസ്യവും 
കഷ്ടകാലത്താൽ മാറി -
മറിഞ്ഞു ,മുഷിമുണ്ടും 
കുറ്റിത്താടിയും,കോലം-
കെട്ടുപോയുർവീസുരൻ 

എത്രയും പരിക്ഷീണ-
നായ് വന്നുനിൽക്കും വയോ-
വൃദ്ധനാം വിപ്രൻതന്നെ 
കണ്ടതായ് ഭാവിക്കാതെ 
ഉത്തുംഗസ്ഥാനേ നീണ്ടു-
നിവർന്നു ഗംഭീരമാം
മട്ടുമായിരിപ്പായി 
തെല്ലും കൂസലില്ലാതെ 

"നമ്പൂരി കണ്ടോ ഞാനി-
ന്നെത്ര പൊക്കത്തിൽ" പെരും-
ഗർവ്വോടെ,യേമാനുള്ളിൽ 
പുച്ഛിക്കെ, ഭൂദേവനോ
തന്നത്താനോതീ  "തെല്ലും
വേണ്ട വൻപുകൾ,പണ്ടു-
നിന്നേക്കാൾ പൊക്കത്തു ഞാൻ 
കേറ്റി നിൻ പിതാവിനെ " 

(ആരോ പറഞ്ഞുകേട്ട കഥ )

***************  

Friday, 18 July 2014

ഇംഗ്ലീഷ് ചാനൽ

ഏറെയും മുഷിഞ്ഞൊരീ
യേകാന്തസായാഹ്നത്തിൽ 
ടീവിതൻ റിമോട്ടിന്ടെ
 നമ്പറൊന്നമർത്തവെ
ഓടിയെത്തുന്നൂ മൃഗ-
സാമ്രാജ്യ വൈവിദ്ധ്യമാം 
ചേണുറ്റ ദൃശ്യങ്ങളെൻ
 കണ്കൾക്കു വിരുന്നേകാൻ  

കൂട്ടമായ് ചേർന്നും കൊണ്ടാ-
ണേതാനും പെണ്‍ സിംഹങ്ങൾ
കാട്ടുപോത്തിനെക്കൊന്നു 
ദൂരങ്ങളേറെത്താണ്ടി 
തീറ്റയ്ക്കൊരുങ്ങാമെന്നു 
തുഷ്ടി കൊള്ളവേ,ചാരെ-
ക്കാട്ടിൽ നിന്നെത്തിച്ചേർന്നു
 മത്തനായൊരാണ്‍സിംഹം 

അംഗബാഹുല്യംകൊണ്ടു 
ശക്തരാണെന്നാൽപോലു-
മംഗനമാരാം തങ്ങൾ-
ക്കീശനീ ഗുഹാനാഥൻ 
അന്തരംഗത്തിൽ തെല്ലും 
നീരസം കൂടാതെയ-
സ്സിംഹികമാരെല്ലാരും 
പിന്നാക്കം മാറിപ്പോന്നു


വൻപേറും ഭർത്താവിന്ടെ-
യുച്ഛിഷ്ടം ഭക്ഷിക്കാനായ് 
പെണ്‍പിറന്നോരങ്ങിങ്ങു 
കാത്തു നില്പതു കാണ്‍കെ
എന്നിലെ പെണ്ണിന്നുള്ളം 
നൊന്തുപോയ്,മേധാവിത്വ-
മെന്തനാചാരം !വിരൽ 
'ജമ്പിൽ' ചെന്നമർന്നുപോയ് 

മിന്നൽപോൽ കാണാകുന്നു 
പക്ഷികൾ ,മനസ്സിന്ടെ-
യല്ലൽ നീക്കീടാൻ പോരു-
മീദൃശ്യം മനോഹരം 
തന്നിണക്കിളിയൊത്തു
കിന്നരത്തൂവൽക്കാരൻ 
തുന്നാരക്കിളിയെന്ടെ 
കണ്കൾക്കു ഭവിഷ്യനായ് 

കുഞ്ഞുനാരുകൾ,പടു-
മരത്തിൽ ഞാലും ചെറു-
വള്ളികളുണങ്ങിയ 
പാഴില പുൽനാമ്പുകൾ 
ചന്തത്തിൽ,വളഞ്ഞുള്ള 
കൊക്കിനാൽ തുന്നിച്ചേർത്തു 
തഞ്ചത്തിൽ തൂക്കീടുന്നു 
കൂടൊന്നു മരക്കൊമ്പിൽ 

സുന്ദരിയാകും തന്നെ 
പാർപ്പിക്കാ,നരുമയാം 
പൊന്നുമുട്ടകളിട്ടാൽ 
ചൂടേകി വിരിയിക്കാൻ 
കുഞ്ഞുമക്കളെത്തീറ്റി -
പ്പോറ്റുവാൻ കാന്തൻ തീർത്ത 
മഞ്ജുള ഗേഹം കാണാ-
നണഞ്ഞാളന്തർജനം 

ഒന്നാകെ ചുറ്റിക്കണ്ടും 
വാതുക്കൽ തലനൂണ്ടും 
നന്നല്ലയെന്നായ് തൃപ്തി-
പോരാതെച്ചെറുകൊക്കാൽ 
തെല്ലുമേ കൂസാതെയ-
ക്കൂടങ്ങു താഴത്തിട്ടു !
വല്ലഭൻ ,പാവം! പുത്തൻ
കൂടൊരുക്കുന്നൂ വീണ്ടും  

എന്തെന്തു വൈരുദ്ധ്യങ്ങൾ !
ആണായിപ്പിറന്നവർ-
തന്നല്ലോ ഞാൻ കണ്ടൊര-
സ്സിംഹവും പതംഗവും 
ഇല്ലൊരു ഭേദം പെണ്ണു -
മാണുമായ്,മനുഷ്യന്ടെ-
യുള്ളിലാണല്ലോ പാര-
തന്ത്ര്യവും സ്വാതന്ത്ര്യവും.

***************   
    

Friday, 20 June 2014

ചക്കരപ്ലാവ് സ്വപ്നം കാണുന്നു.

എട്ടുപത്തു ദശകങ്ങൾ മുൻപൊരു 
കർക്കടമാരി കോരിച്ചൊരിഞ്ഞ നാൾ 
സുപ്തി വിട്ടു പടുമുളയായ് വന്നു 
മുത്തിയായൊരു ചക്കരപ്ലാവു ഞാൻ 

ദുഷ്ട ജന്തുക്കൾ നാൽക്കാലികൾ പല-
വട്ടമെൻ തല തിന്നുപോയെങ്കിലും 
പട്ടുപോകാതെ ജീവിച്ചുഞാൻ ദൈവ-
മിഷ്ടമെന്നിൽ തികച്ചുമേൽപ്പിക്കയാൽ 

ഇച്ചെറുതടി വണ്ണിച്ചു കൊമ്പിന്നു -
വച്ചു ചില്ലകൾ പക്ഷികൾക്കിമ്പമായ് 
പച്ച നീൾമുത്തു നന്നായ് വളർന്നപോൽ 
കൊച്ചു ചക്കകൾ കണ്കൾക്കു മോദമായ്

മണ്ണു മാടത്തിലഞ്ചാറുമക്കളൊ-
ത്തുണ്ണുവാൻ ഗതിയില്ലാത്ത രണ്ടുപേർ 
കന്നി കായ്ച്ചു ഞാനെന്നറിഞ്ഞുള്ളത്തി -
ലന്യമല്ലാത്ത സന്തോഷമാർന്നു പോൽ 

ചക്ക മൂത്തു കരിമുൾ പരന്നു ന-
ന്നെത്രയും ചിലതൊക്കെ പഴുക്കവേ 
പച്ചയോടെ ചുള പറിച്ചും പിന്നെ 
വെട്ടി വേവിച്ചുമാർത്തി മാറ്റീടിനാർ 

കുട്ടികൾ കരുത്താർന്നു വളർന്ന നാൾ 
കൊറ്റു തേടി പ്രവാസംവരിക്കവേ   
വിത്തനാഥരായ് സൗഭാഗ്യമാം ഗ്രഹ-
മുത്തമത്തിൽ വിരാജിക്ക മൂലമായ് 

ചെറ്റ തട്ടിപ്പൊളിച്ചു മനോരമ്യ -
സ്വർഗതുല്യമുയർന്നു വെണ്മാളിക 
അച്ഛനമ്മമാർ വൃദ്ധരായ് തീർന്നിന്നു 
മുക്കിലെപ്ലാവു ഞാൻ നില്പനാഥയായ് 

ചക്ക വെട്ടലും കോലാൽ മുളഞ്ഞെടു-
ത്തെത്രയും മെനക്കെട്ടു നന്നാക്കലും 
ഉപ്പുചേർത്തു വറുക്കലും നേരമി-
ല്ലൊട്ടു മെന്നാണിളംമുറക്കാരിവർ 

കിട്ടുമിഗ്ലീഷുപച്ചക്കറികളി -
ന്നെത്രയെങ്കിലു മങ്ങാടിയെത്തുകിൽ 
ചക്ക നന്നായ് വറുത്തും വരട്ടിയും 
സപ്ലേ ചെയ്യും കുടുംബശ്രീനാരികൾ 

കഷ്ടമാണ്ടുകൾ തോറുമെൻ മേനിയിൽ 
പൊട്ടിയെത്രയോ ചക്കകൾ നിഷ്ഫലം 
പക്വമായ് താഴെ വീണു ചീയുന്നു വ -
ന്നെത്തിയില്ലാരു മെന്നു കേഴുന്നു ഞാൻ

ദു:ഖിതയെന്ടെ കർണ്ണത്തിലിന്നൊരു 
പത്രവാർത്ത യണഞ്ഞു സുഖപ്രദം 
അർബുദരോഗ നാശിനിയാണു പാഴ്-
ച്ചക്കതൻ പഴച്ചാറിലുള്ളെൻസെയിം 

ശാസ്ത്രമംഗീകരിച്ചാൽ വിദേശങ്ങൾ 
പേറ്റന്ടും വാങ്ങീട്ടിന്ത്യയിൽ വന്നിടും 
ഏറ്റിടും കരാർ മൊത്തം സമർത്ഥമായ് 
കേറ്റിടും കപ്പൽ തോറും വണിക്കുകൾ 

അന്നു നിങ്ങൾ കൊതിക്കും കിടാങ്ങളേ 
അമ്മതൻ സ്നേഹവായ്പിൻ സുഖത്തിനായ് 
മന്നിലേറ്റം വലുതാം പഴത്തിന്ടെ
ധന്യ മാധുര്യ മാർദ്ദവ സ്വാദിനായ്.

(മഴക്കാലമായി,ചക്കകൾ പഴുത്തു വീണു ചീയുന്നു)

************************      

      

Sunday, 4 May 2014

കാണാൻ പോണ പൂരം.

(പത്തു വയസ്സുള്ള ഒരു ബാലൻ,അര നൂറ്റാണ്ടിനു ശേഷം തന്ടെ കൊച്ചുമകനേയും കൊണ്ട് തൃശ്ശൂർ പൂരം കാണാൻ  പോകുന്ന രംഗം.)

പുത്രിതൻ കൊച്ചു പുത്രനോടൊത്തിന്നു 
തൃശ്ശിവപുരി തന്നിൽ വന്നെത്തി ഞാൻ 
ശക്തൻ, നൂറ്റാണ്ടുകൾ മുൻപു കൽപിച്ചൊ-
രുത്സവക്കാഴ്ച നേരിട്ടു കാട്ടുവാൻ 

ആറുനാൾ മുൻപു തന്നെ കൊടിയേറി 
ദേവമേളയ്ക്കൊരുങ്ങുന്ന കാവുകൾ 
നാടുനീളെ പറയെടുത്തുംകൊണ്ടു
വാണിടുന്നൂ ദിനരാത്രമെന്നിയെ 

കുറ്റൂർ നെയ്തലക്കാവിൽ ഭഗവതി 
തെക്കേ ഗോപുരവാതിൽ തുറക്കവേ 
എത്തിടുന്നൂ ചമയവും പന്തലും 
ഒത്തുകാണുവാനൊട്ടേറെയാളുകൾ 

പൂരനാളങ്ങുണർന്നാൽ ചെറുപൂര-
മോടിയെത്തുന്നു കണ്‍കുളിർപ്പിക്കുവാൻ 
പഞ്ചവാദ്യക്കൊഴുപ്പിൽ മഠത്തിൽ നി-
ന്നൻപിൽ വന്നെത്തുമമ്പാടിദേവിയും 

ചെമ്പട കൊട്ടി പാറമേക്കാവിൽ നി-
ന്നമ്മ വന്മതിൽക്കെട്ടിലേയ്ക്കെത്തവേ 
കേളിയേറുമിലഞ്ഞിത്തറമേള-
മാകുവോളമടുത്താസ്വദിച്ചു നാം 

പിന്നെ തെക്കോട്ടിറക്കമായ് ഞങ്ങളീ 
വർണ്ണ വിസ്മയക്കാഴ്ചയ്ക്കൊരുങ്ങവേ 
കുഞ്ഞുകുട്ടന്ടെ കണ്കളിലാശ്ചര്യ-
പ്പൊൻ വെട്ടം കണ്ടെന്നുള്ളൊന്നിരുണ്ടുപോയ് 

പൊൻ തലേക്കെട്ടു പട്ടുകുടകളും 
വെണ്‍ചമരീമൃഗമുടിച്ചന്തവും 
നന്മയിൽപീലിയാലവട്ടങ്ങളും 
ഭംഗിചേർന്നണിഞ്ഞീടുമീയാനകൾ

പട്ടതിന്നാത്ത വെള്ളം കുടിക്കാത്ത 
കെട്ടുവാൻ ബലച്ചങ്ങല വേണ്ടാത്ത
മത്തുണർന്നാൽ മദിക്കാത്ത ,യന്തിര-
മത്തേഭങ്ങൾ നിരന്നു നില്പ്പാണു ഹാ

 കയ്യിലോരോ റിമോട്ടായ് ഗജാദ്ധ്യക്ഷർ 
മെയ്യനങ്ങാതെ നില്ക്കുന്നു പിന്നിലായ് 
ബട്ടനൊന്നങ്ങമർത്തിയാൽ മസ്തകം 
പൊക്കിനിന്നീടുമീ യന്ത്രവാരണർ 

പച്ച സ്വിച്ചൊന്നമർന്നാൽ നടപൊക്കു-
മപ്പുറത്തേതമരങ്ങൾ ധെറ്റിടും 
പിന്നെയൊന്നാൽ ചെവിയാട്ടുമിങ്ങനെ 
നന്നു വൈദ്യുതീ ഭുക്തരാം ഹസ്തികൾ 

അന്പതാണ്ടുകൾ മുന്പെന്നു തോന്നുന്നു 
ജന്തുപീഡനം പാടെ മാറ്റീടുവാൻ 
ഉന്നതങ്ങളിൽ ചെന്നാർ,നിവേദന-
മങ്ങു നല്കീ ഗജസ്നേഹശാലികൾ 

ഉത്സവങ്ങളിലാനകൾ വേണ്ടെന്നു-
വയ്ക്കുവാൻ വിധി വന്നെന്നു മാത്രമോ 
നാട്ടിലുള്ള നാഗങ്ങളെക്കൂട്ടമായ് 
കാട്ടിലേക്കു വിട്ടീടേണമെന്നുമായ് 

കാട്ടിലെത്തീ കളഭങ്ങളെന്നോർത്തു 
കാട്ടുതസ്കരർക്കേറ്റമുത്സാഹമായ് 
തോക്കുമായിപ്പുറപ്പെട്ടു കൊമ്പിനായ് 
വേട്ടയാടിത്തകർത്തു പാവങ്ങളെ 

പുത്രസൌഭാഗ്യമേൽക്കാതെ വന്ധ്യരായ് 
ദു:ഖിതർ നഷ്ടനാഥർ പെണ്ണാനകൾ 
കഷ്ട !മാരണ്യ ഭൂവിൽ ചെരിഞ്ഞുപോയ് 
സഹ്യസൗന്ദര്യ വർഗ്ഗം നശിച്ചുപോയ് 

വിങ്ങുമെൻ മനം കണ്ണീരു തൂകവേ 
അല്ലലോടെ ഞാനോർത്തങ്ങു നിന്നുപോയ് 
കുഞ്ഞുമക്കൾക്കു കാട്ടിക്കൊടുക്കുവാൻ 
രംഗനാഥന്ടെ പഞ്ജരം മാത്രമായ്.

*****************************
ഗജാദ്ധ്യക്ഷൻ ,ആനക്കാരൻ 
നട മുൻകാൽ അമരം പിൻകാൽ 

(തൃശ്ശൂർ മൃഗശാലാമ്യൂസിയത്തിൽ ചെങ്ങല്ലൂർ രംഗനാഥന്ടെ അസ്ഥിപഞ്ജരം സൂക്ഷിച്ചിട്ടുണ്ട്)
     
(മോഴകൾക്ക് പ്രത്യുൽപ്പാദനശേഷിയുണ്ടെന്ന കാര്യം മറന്നതായി നടിച്ചതിൽ ,അവർ എന്നോട് ക്ഷമിക്കട്ടെ)


          

Friday, 25 April 2014

അന്തിക്കൊയ്ത്ത്

 പാടത്തുന്നവസാനക്കറ്റ,
വേച്ചും കൊണ്ടാണു 
പാറുട്ടിയെത്തീടുന്നു
 മൂന്നാലു ചുരുട്ടുമായ് 
കാലത്തിൻ മാറ്റം കൊയ്യാ-
നാളില്ല പൊയ്പ്പോയുള്ള -
കാലത്തു കൊയ്യാൻ കിട്ടാ-
തെത്ര പേർ മടങ്ങിപ്പോയ്

കല്യാണി മനപ്പണി
 വിട്ടിട്ടു നാളേറെയായ് 
രണ്ടാണു മക്കൾ ഗൾഫിൽ
 കൊയ്ത്തിനി മഹാമോശം 
ഉണ്ടൊരു മകൾ ടൌണിൽ
 കമ്പ്യൂട്ടർ പഠിക്കുന്നു 
കൊള്ളാവും ബന്ധം വന്നാൽ
പൊന്നുമായയച്ചിടും  

കണ്ടത്തിൻ ഗന്ധം സ്വപ്നം 
കണ്ടുറങ്ങുവാൻ മാത്രം 
കണ്ടന്നു യോഗം മുന്നേ-
യില്ലത്തെയടിയാളൻ 
മുണ്ടിയോ കിടപ്പായി 
വാർപ്പിന്ടെ പണിക്കാരൻ 
കുഞ്ചാത്തൻ,കളത്രമോ
വീട്ടുവേലകൾ ചെയ്‌വൂ 

ഉണ്ടുരണ്ടുപേർ പേര-
ക്കിടാങ്ങൾ ചെക്കൻ പെട്ടി-
വണ്ടിയാണോടിക്കുന്നു
നില്ലില്ലാതോട്ടം കിട്ടും 
പെണ്ണവൾ തുണി ഷോപ്പിൽ
    ചെയ്യുന്നു "പുടമുറി "
കൊയ്യാനും മെതിക്കാനും 
കുഞ്ഞിലേ ശീലിച്ചില്ല 

പണ്ടത്തെ പാരമ്പര്യ-
ക്കൊയ്ത്തുകാരന്യം വന്നു
കണ്ടത്തിന്നുടയോന്മാർ 
തന്നത്താൻ മാഴ്കീടുന്നു 
തണ്ടോടെ പഴുത്തുള്ള 
"പൊന്മണി"മുറ്റത്തെത്തി-
ക്കണ്ടില്ല യെന്നോർത്തുള്ളിൽ 
കുണ്ഠിതം ചേർത്തീടുന്നു 

കൊച്ചുമേരിയും റോസാ-
ക്കുട്ടിയും മീനാക്ഷിയും 
പുത്തൻ കൊയ്ത്തു ശൈലി തൻ 
വക്താക്കൾ പെണ്‍ നേതാക്കൾ 
കൊത്തിടും കതിർ വൈക്കോൽ 
മുക്കാലും കണ്ടങ്ങളി-
ലിട്ടിടും മേയാനെത്തും 
പൈക്കൾക്കു ഭക്ഷ്യോത്സവം 

എത്തിടും മറുനാട്ടിൽ 
നിന്നേറെ കൊയ്യാളന്മാ-
രൊട്ടേറെ ഡിമാൻഡുമായ് 
താഴ്ത്തിക്കൊയ്യുമെന്നാലും 
കിട്ടണം വെറും കാപ്പി 
കാലത്ത്,വെയിൽ മൂത്താ-
ലെത്തണം കറിയോടെ 
ചപ്പാത്തി ചായയ്ക്കൊപ്പം 
ഉച്ചക്ക് ചോറാണിഷ്ടം
സാമ്പാറും നിർബന്ധമാ-
ണച്ചാറ് മോരുണ്ടെങ്കിൽ 
ശാപ്പാട് കെങ്കേമമാം
മൊത്തണം പാലില്ലാത്ത 
ചായയെന്നാലും കടി-
മുട്ടാതെ വേണം മുറു-
ക്കെങ്കിലും വൈകുന്നേരം

മേലാകെ ചേറാണെണ്ണ-
സോപ്പുകൾ വേണം കുളി-
ച്ചീറൻ മാറിയാൽ ചൂടോ-
ടത്താഴം വിളമ്പേണം 
മാറി മാറിയീ നാട്ടു-
കാരാലും കൊയ്ത്തും തേടി 
നാടോടി വന്നോരാലും 
കൊയ്യിച്ചു വശം കെട്ടു 

പുഞ്ചയെന്നാലും പണി 
ചെയ്യാതെ തരിശിട്ടു 
നിന്ദിച്ചിടാമോ പൂർവ-
സമ്പത്തീ കേദാരത്തെ 
നെഞ്ചത്തു കയ്യും വച്ചു 
തമ്പുരാൻ സത്യം ചെയ്‌വൂ 
"പഞ്ചാബിൽ നിന്നെത്തീടും 
ഹാർവെസ്റ്റെർ, വരും കൊല്ലം".

********************     

     

Saturday, 5 April 2014

പൂരം

ഉത്സവം കൊട്ടിക്കൊടിനിവർന്നാൽ 
ഉത്സുകമെന്മന,മാർത്തു തുള്ളും  
അച്ഛന്ടെ കൈകളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിലേയ്ക്കെത്തി  നോക്കും

പൂരപ്പറമ്പിലേക്കന്തിവെട്ടം- 
മാഞ്ഞാൽ പകലുണ്ടു യാത്രയാകും 
ഓണത്തി,നേട്ട,നെടുത്തുതന്ന 
നീലപ്പാവാടയും ചുറ്റി മെല്ലെ 

മുത്തു തലേക്കെട്ടണിഞ്ഞു നിൽക്കും 
മത്തേഭ വീരരെ കണ്ടു നിൽക്കും 
തിക്കുതിരക്കുകൾ വന്നിടുമ്പോൾ 
അച്ഛന്ടെ കാലോടു ചേർന്നുനിൽക്കും

പൊൻ കോല ഭംഗിയോടുത്തു ചേരും 
പൊന്നിൻ തിടമ്പു തൊഴുതു നിൽക്കും 
വെണ്മയോലും ചാമരങ്ങൾ മുത്ത-
ശ്ശ്യമ്മതൻ കൂന്തലെന്നോർത്തു നിൽക്കും 

ആലവട്ടത്തിന്ടെ പീലിച്ചന്തം
തീവെട്ടി വെട്ടത്തിൽ നോക്കി നിൽക്കും 
ലോലാക്കു,പട്ടിൻ കുടയ്ക്കു ചുറ്റും 
ആലോലമാടുന്ന കാഴ്ച കാണും


പൂക്കുന്നമിട്ടിൽ മിഴി വിടർത്തും 
ചീറ്റുവാണത്തിന്നു കാതുപൊത്തും
പഞ്ചാരിമേളക്കൊഴുപ്പിനൊത്തു
ചാഞ്ചാടുന്നോരിൽ കുതുകം കൊള്ളും 

കൊച്ചു സാമാനങ്ങൾ വിൽക്കുവോരായ്‌
കുപ്പിവളയ്ക്കു വിലകൾ പേശും 
അച്ഛന്ടെ കയ്യും പിടിച്ചന്നു ഞാ-
നുത്സവം കാണും വെളുക്കുവോളം

പിന്നെ ഞാൻ ബാല്യം പിറകിലിട്ടു 
പെണ്ണായ് വളർന്നു യുവത്വമാർന്നു 
പെണ്ണായ് വളർന്നതിൻ പിന്നിലിന്നീ-
യന്തർജ്ജനമാ,യകത്തൊളിച്ചു

പ്രാരാബ്ധക്കാരിയായ് മാറിയപ്പോൾ 
പൂരപ്പറമ്പെനിക്കന്യമായി 
പേരും പെരുമയുമൊത്തനാട്ടു-
പൂരങ്ങളെല്ലാം കിനാവിലായി 

പിന്നെയും പൂരങ്ങൾ വന്നുപോകെ 
ഉണ്ണി പിറന്നെന്നി,ലുത്സവം പോൽ 
ഉണ്ണിമെയ് താരുണ്യം ചേർന്നുണർന്നു 
സുന്ദര പൌരുഷ ഭാവമാർന്നു 

അച്ഛനോടൊപ്പമുയർന്നൊരുണ്ണി 
അച്ഛനെക്കാളു മുയർന്നൊരുണ്ണി
അച്ഛനെപ്പോലെ കരുത്തനുണ്ണി 
അച്ഛനേക്കാളും കരുത്തനുണ്ണി 

' ഇന്നാണ് പൂരം 'ചിരിച്ചു കൊണ്ടെ -
ന്നുണ്ണി യെന്നന്തികേ വന്നുനിന്നു 
' അമ്മ പോരുന്നുവോ പൂരം കാണാൻ 
കൊണ്ടുപോകാം ഞാൻ മുഷിഞ്ഞിടാതെ '

കുട്ടന്ടെ കയ്യും പിടിച്ചുകൊണ്ടി-
ന്നുത്സവക്കാഴ്ചകൾ കണ്ടുനില്ക്കെ 
അച്ഛന്ടെ കൈളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിൽ ഞാൻ വീണ്ടുമെത്തി !


******************************