Saturday, 27 July 2013

യശോദ

തള്ളതൻ കുഞ്ഞി പ്പകർപ്പെന്നപോൽ കരിം-
പുള്ളി വെണ്മേനിയിൽ മിന്നുംകിടാത്തനേ 
തുള്ളും മനസ്സുമായ്,നീ വന്ന നാൾ തൊട്ടു 
നിന്നെ ലാളിക്കുവാൻ വെമ്പും യശോദ ഞാൻ 

നല്ലിളം പുല്ലും പഴത്തോലു,മുപ്പിട്ട 
കഞ്ഞിയിൽ ചാലിച്ചൊ,രെള്ളുപിണ്ണാക്കുമായ് 
എന്നും തൊഴുത്തിൽ വന്നെത്തുമ്പൊഴെന്തിനാ-
യിണ്ടലിൽ നാളെയെച്ചൊല്ലിത്തപിപ്പു ഞാൻ!

അമ്മയല്ലെന്നാലു.മോർപ്പു, വരുംകാല-
മെന്തായി മാറും വളർന്നൊരാ വേളയിൽ 
ഇല്ല നീ പോകില്ല പാടത്തു പൂട്ടുവാൻ 
യന്ത്രക്കലപ്പകളെമ്പാടുമാകയാൽ 

പെട്ടിശ്ശകടവും പിക്കപ്പു,ടിപ്പറും 
നെട്ടോട്ടമായ്‌ നിരത്തെങ്ങും നിരക്കയാൽ 
കട്ട കടവണ്ടി യോട്ടുവാൻ ,പൌരുഷം-
തട്ടിയുടച്ചു തളർത്തില്ല മാനുഷർ 

പുത്തൻ തലമുറക്കായ്‌ വിത്തുകാളയായ്
നിർത്തില്ല നിൻ ജനുസ്സത്ര പോരായ്‌കയാൽ 
വ്യർത്ഥമാണെങ്കിലും ചിന്തിച്ചു തേങ്ങുന്നു 
തപ്ത ഹൃദന്ത വൈവശ്യങ്ങളോടെ ഞാൻ 

നാളെ നീയെന്തായിടും,ഹാ !കഴിഞ്ഞൊരാ -
നാളുകൾ പേക്കിനാ,വെന്നപോൽ മാഞ്ഞിടും 
നേരും നെറിയും കളഞ്ഞുള്ള മർത്ത്യന്ടെ-
യൂണുമേശയ്ക്ക,ലങ്കാരമായ് മാറിടും !

***************

Monday, 22 July 2013

കുട്ടിച്ചെമ്പിലെ കഞ്ഞി

ഒട്ടല്ലനവധി കൊല്ലം മുന്പെൻ
  കുട്ടിക്കാലത്തില്ലത്തേ-
യ്ക്കരെ നിന്നും പൂവും കൊണ്ടൊരു 
കുട്ടിപ്പെ ണ്ണു വരാറുണ്ട്   

തെച്ചി പ്പൂങ്കുലയൊന്നൊരണ്ടോ
പച്ചത്തുളസീ ഗളമഞ്ചോ
മച്ചിലെ ദേവനു ചാർത്താനായവ-
ളെത്തും വെയിലു കനക്കുമ്പോൾ 

പട്ടിണിയുണ്ടുവളർന്നൊരു പെണ്ണി-
ന്നറ്റുകിടക്കും വയർ കണ്ടാൽ 
കഷ്ടം തോന്നി കഞ്ഞി കൊടുക്കും 
കെട്ടിൽ വിളിച്ചിട്ടെന്നമ്മ 

കുട്ടിച്ചെമ്പിലെ കഞ്ഞി കുടിച്ചൊരു 
കുട്ടിപ്പെണ്ണിൻ കഥ കേൾക്കാൻ 
കുട്ടികൾ ഞങ്ങൾ ചുറ്റും കൂടും 
മുറ്റത്തുള്ളൊരു മാഞ്ചോട്ടിൽ 

ഉച്ചക്കൊടുവെയിൽപോയാലിടവം 
കൊട്ടും കുരവയുമായ് വന്നാൽ 
കുട്ടിപ്പെ ണ്ണു വരാതാകും പുഴ 
യറ്റം മുട്ടെ യിരച്ചാർത്താൽ 

കർക്കിടകത്തിൻ കെടുതിയിൽ മുണ്ടു-
മുറുക്കി യുടുത്തൊരു കഥ ചൊല്ലാൻ 
എത്തും ചിങ്ങമണഞ്ഞാൽ വീണ്ടും 
തെച്ചിപ്പൂവിൻ കുമ്പിളുമായ്

പത്തു പണത്തിനു കൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണോടന്നൊരു നാൾ 
കുട്ടിത്തത്തിനിളക്കം കൊണ്ടൊരു 
ദുശ്ചോദ്യം ഞാൻ ചോദിച്ചു 

"കുട്ടിപ്പെണ്ണേ നീയൊരു രൂപ കൊ-
ടുത്തൊരു ഭാഗ്യക്കുറി ചേർന്നാൽ 
പത്തല്ല മ്പതിനായിരമായ്പണ-
മൊത്താലെന്തതു ചെയ്തീടും ?"


പൊട്ടച്ചോദ്യമതെന്നാകിലുമ-
ക്കുട്ടി പ്പെണ്ണതറിഞ്ഞില്ല 
ഒട്ടും വൈകാതവളിൽ നിന്നും 
കിട്ടീ മറുപടി യീമട്ടിൽ 
   

"കുട്ടി ക്കാവിനു* സംശയമെന്തേ 
കിട്ടും ലോട്ടറി യെന്നാകിൽ 
കുപ്പാട്ടീന്നു* മനപ്പടി വരെയും 
കെട്ടും പാലം കട്ടായം 
കർക്കടകങ്ങൾ തകർത്താലും പുഴ-
മത്തു പിടിച്ചിഹ വന്നാലും 
മുട്ടില്ല ,ടിയനു* കഞ്ഞി മനക്കലെ 
കുട്ടിച്ചെമ്പിൽ നിന്നെന്നും "

പത്തുപണത്തിനുകൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണിൻ വർത്താനം
കുട്ടികളൊത്തു കളിക്കുന്നെൻ ചെവി-
പൊട്ടും മട്ടുള്ളിടിയായി 

പൊട്ടിയിടിഞ്ഞു വിഴാറായുള്ളൊരു
പൊട്ടപ്പുര നന്നാക്കാനോ
പത്തു പറക്കണ്ടം മേടിച്ചതിൽ
മുപ്പൂവൽ കൃഷി ചെയ്യാനോ 
പട്ടും പൊന്നും വാരിയണിഞ്ഞു
പണത്തിൻ മേനിയിൽ ഞെളിയാനോ
കുട്ടിപ്പെണ്ണു കൊതിച്ചില്ല,വളിലെ
നിഷ്കാപട്യ ത്തികവാലെ 

കുട്ടിപ്പെണ്ണിൻ ചെറുമോഹത്തിൽ
ചിത്തം പാരമലിഞ്ഞിട്ടോ
ചെത്തിപ്പൂവുകൾ നിത്യം ചൂടിയ 
സൌഖ്യം നെറുകകുളിർത്തിട്ടോ
പത്തര മാറ്റിൻ വില കണ്ടിട്ടോ 
തൃപ്തി യടഞ്ഞൊരു ദേവന്മാർ 
സ്വത്തും പണവും വാരിയെറിഞ്ഞു 
ലക്ഷ്മീ ദേവിയുമൊത്തൊരു നാൾ 

ഒട്ടല്ലനവധി കൊല്ലം പിൻപീ
കുട്ടിപ്പെണ്ണിൻ നിനവിങ്കൽ 
കുട്ടിച്ചെമ്പും കെട്ടും മനയും 
സത്യത്തികവൊടു മിന്നുന്നു!

**************  


കുട്ടിക്കാവ് -  നായർസ്ത്രീകൾ നമ്പൂതിരി പെണ്‍കുട്ടികളെ വിളിക്കുന്ന പേര്
കുപ്പാട് ,കുപ്പമാടം- വീട് (ആചാരവാക്ക്)
അടിയൻ- ഞാൻ (ആചാരവാക്ക് ) 



Tuesday, 2 July 2013

പുത്രൻ

ഭീതി പൂണ്ടന്ത്യത്തിന്ടെ
 കാലൊച്ച കേട്ടും കൊണ്ടീ
ഗൂഢമാം കശാപ്പുശാ-
ലക്കകം നിൽപാണു ഞാൻ
യാതൊരു മാർഗേനയൊ-
ന്നറിയിച്ചിടും പുതു -
ജീവനൊന്നുള്ളിൽ സുപ്തി-
 കൊണ്ടിരിപ്പതാം കാര്യം

പുല്ലുമേയുവാൻ പോയ-
താണെന്നാ,ലാരും കണ്ടി-
ല്ലുന്നത,നാരോഗ്യവാ-
നായുള്ള വൃഷാര്യനെ
ഗംഭീര ഭാവം ചേർന്ന
 കൊമ്പുകൾ, മൃദുമേനി 
ചന്തമുള്ളവന്നൊത്ത-
 പൂഞ്ഞ, ഭംഗിയുള്ള വാൽ

കോൾമയിർ കൊണ്ടീടുക-
യാണു ഞാൻ പ്രേമം കൊണ്ടീ-
യോർമ്മ വന്നിടും നേരം
 ,മൃത്യു കാത്തു നില്ക്കിലും
ചോർന്നുപോം കാലം വീണ്ടു-
കിട്ടില്ല ,ജീവൻപോലു -
മൂർന്നു പോകാറായ്‌ നാളു-
ണ്ടെത്ര !അല്ല നാഴിക !

 കണ്ണുനീർ പൊഴിക്കുവാ-
നാകില്ല  നരവർഗ-
പ്പെണ്ണല്ല ,  നാവോ മർത്യ-
ഭാഷയ്ക്കു വഴങ്ങില്ല 
ഉള്ളം വിങ്ങിടും നെരി-
പ്പോടുപോ,ലെരിഞ്ഞാകെ -
പ്പൊള്ളുവാൻ മാത്രം വിധി-
പ്പെട്ടുള്ള മിണ്ടാപ്രാണി 

എത്ര പേറു പെറ്റു ഞാൻ
 പാലെത്ര ചുരത്തിയെൻ 
കർഷക വൃത്തൻ യജ-
മാനന്നു വേണ്ടിപ്പണ്ടേ 
"വൃദ്ധയായിവൾ ഇനി-
യൊന്നിനും കൊള്ളാത്തോളായ്
വിറ്റു കാശാക്കാ"മെന്നു
 നിർദ്ദയം വിചാരിച്ചോ 

ജീവനെ,പ്പേറീടുമെ-
ന്നു,ദരം വീർക്കാൻ ഹേതു 
ജീവാവസാനത്തിന്നു
 വന്ന രോഗമായോർത്തോ 
ദൂരങ്ങളെമ്പാടും ഞാൻ
 താണ്ടി യാതനയെന്തു -
മാതിരി യനുഭവി,ച്ചി-
വിടം വരേക്കെത്തി !

ആരും കേൾക്കുവാനില്ലെൻ
 രോദന,മെന്നുള്ളൊരെൻ-
രോദനം വിധാതാവിൻ
 കർണ്ണത്തിൽ പതിഞ്ഞുവോ 
നോവുണർന്നുവോ പുറം-
 തടവാനദൃശ്യയായ് 
ദേവി പാർവതി ദയാ-
 വായ്പോടെ വന്നെത്തിയോ 

ദിവ്യത്വം നിറഞ്ഞൊരാ-
 സ്പർശ സാന്ത്വനങ്ങളിൽ 
നവ്യമാ മുണർവ്വോടു-
 മൽപവേദനയോടും 
മഞ്ജുള സ്വരൂപനാം
 മൂരിക്കുട്ടനെ,പ്പെറ്റി-
തമ്പരപ്പുമായ് ചുറ്റു-
 മാരാച്ചാരാന്മാർ നില്കെ 

പിച്ച വെച്ചുമീ കുഞ്ഞി-
ക്കുളമ്പു വഴുക്കുമ്പോൾ 
വേച്ചുമെൻ പാലൂറീടു-
മകിടിൽ മുട്ടിക്കൊണ്ടും 
അച്ഛന്ടെ,യാകാരത്തിൽ
 വന്നവൻ നീയമ്മക്കു 
തുച്ഛമായെന്നാകിലു-
മായുസ്സു നീട്ടിത്തന്നു 

                             ***************                            

(കശാപ്പിന് കൊണ്ടുവന്ന പശു പ്രസവിച്ചു എന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്.മിണ്ടാപ്രാണികൾക്ക് പ്രസവവേദന വരുമ്പോൾ ശ്രീപാർവതി പുറം തടവാനെത്തും എന്ന് ഗ്രാമീണ സങ്കൽപം.)


























        

Tuesday, 11 June 2013

മഴയുടെ അമ്മ

നിറവെയിൽച്ചൂടിൻ കടുംപിടുത്തം
എരിപൊരിക്കൊള്ളുന്ന  വിഷമവൃത്തം
പകലോനും തളരുന്ന മേടമാസം ഭൂമി -
ചെറുതല്ലാതാലസ്യമേറ്റു പാവം! 

തെളിനീരി,ന്നുറവ കൈവിട്ട നേരം 
പുഴയുള്ളിൽ മദമങ്ങൊളിച്ചു വെച്ചു 
കുളമതോ ചെളി വറ്റിവിണ്ടടർന്നൂ വീട്ടു-
കിണറിലോ വെള്ളം ചെരിച്ചു വെച്ചു 

അരി ,കറി വെക്കുവാൻ വെള്ളമില്ല 
കരിപാത്രം കഴുകുവാൻ വെള്ളമില്ല 
കുളിയില്ല നനയില്ല ചെറുതോട്ടിൽ ചെന്നൊന്നു 
തുണിയലക്കാനോ നിനച്ചിടേണ്ട

ചെറുകാലിക്കൂട്ടം നടന്നു മേയാൻ 
പഴുതില്ല പുല്ലു നാമ്പൊന്നുമില്ല 
ഇടമഴയിതുവരെ പെയ്തതില്ല,കഷ്ട-
മിടവപ്പകുതി വന്നെത്തിയില്ല 

മഴയുടെ പെറ്റമ്മയ്ക്കെന്തു പറ്റി? കൊച്ചു-
മകനെയും മാറത്തു ചേർത്തിരിപ്പോ? 
ഒരു മാത്രയെങ്കിലും കയ്യയച്ചും കൊണ്ടീ -
മരുഭൂവിലേക്കൊന്നയച്ചുവെങ്കിൽ 

ഒരു മായാജാലം കണക്കു കാണായ് വന്നി-
തകലേന്നടുക്കുന്നു കരിമേഘങ്ങൾ 
ഒരു തുള്ളിയിരുതുള്ളി നൂറായിരം തുള്ളി 
പെരുതുള്ളിയായ് പിന്നെ പേമാരിയായ് 

പല രാവു പകൽ പെയ്തു പുഴയുണർന്നൂനല്ല-
കിണറും കുളങ്ങളും നിറനിറഞ്ഞൂ 
തൊടി തോറും തല നീട്ടി ചെറു പുല്ലുകൾ മെല്ലെ-
ച്ചൊടി ചേർന്നു പൈക്കൾ നിരന്നു മേഞ്ഞു 

ഇടവേളയില്ലാതെ മഴ പെയ്യവേ പെട്ടെ-
ന്നിടിയുന്നോ മാനസം മടി തേടുന്നോ 
കുളിരാണ്,കുളിവേണ്ട,തുണി നനച്ചുംകൊണ്ടീ-
യഴയിലിട്ടാലന്നുണങ്ങുകില്ല 

നനവാണ്,തറതോറുമെന്നുമീറൻ ചേർന്ന-
മണമാണീ യിണമുണ്ടു മാറവയ്യ 
കരി പോൽ കരിമ്പൻ,കരിമ്പടപ്പൂച്ചി വ-
ന്നിഴയുന്നു ചുമരിലും നിലമൊക്കെയും 

ചെറുമുറ്റമതിലൊന്നിറങ്ങിയാലൊ കാലു-
പതറും വഴുക്കലിൻ തകൃതിമേളം 
മഴ വയ്യ! മഴ വേണ്ട കുളിരുന്നു,കതിരോനും 
മുകിലാട മൂടിപ്പുതച്ചിരിപ്പൂ 

മഴയൊന്നു നിന്നിട്ടിന്നൊരു വെയിൽ വന്നെങ്കിൽ 
തൊടി വെള്ളം വാർന്നൊന്നുണർന്നുവെങ്കിൽ 
മഴയുടെ പെറ്റമ്മ യ്ക്കെന്തുപറ്റി!കൊച്ചു-
മകനെ തിരിച്ചങ്ങെടുത്തു കൂടെ !

**********************
(മഴയുടെ അമ്മയ്ക്കെന്നും തൊയിരല്ല്യ!!!)      

  

Thursday, 30 May 2013

കന്നി അയ്യപ്പൻ

മണ്ഡലക്കാല,മുഷസ്സുദിച്ചാൽ 
എങ്ങും ശരണം വിളിയുണർന്നാൽ
അമ്പലം ചുറ്റി നടയ്ക്കൽ തൊഴുവിച്ചെ -
ന്നുണ്ണിയെ മാലയിടീക്കുകില്ല 

കയ്യിൽ ശരക്കോലു  ചേർത്തു വച്ച്
മെയ്യിൽ കറുപ്പു ടയാട തറ്റ് 
വെട്ടാത്ത കേശവും മീശയു,മായെന്ടെ 
കുട്ടനെ നോൽമ്പി,ട്ടൊരുക്കുകില്ല 

പിണ്ടിയാ,ലഞ്ച,മ്പലങ്ങൾ തീർത്തും -
കൊണ്ടുടുക്കിൻ പാട്ടു മേളമോടെ 
സദ്യ വട്ടങ്ങ,ളൊരുക്കി,യെൻ കുട്ടനെ 
കെട്ടു നിറച്ച,ങ്ങയക്കുകില്ല 

പണ്ടേ ചെവിക്കൊണ്ടു പ്രേമകാവ്യം 
കണ്ഠ,മിടർത്തും പ്രണയ ഗീതം 
കന്യയാം ദേവിയാ,ള യ്യപ്പ ദേവനിൽ 
പുണ്യ രാഗാർത്ത യായ് തീർന്ന കാര്യം 

സങ്കോച ,മോടിഷ്ട നാഥനോടായ് 
കല്യാണ ,മർഥിച്ചു ചെന്നനേരം 
ചൊല്ലിയത്രെ,ദേവ,"നെന്നീ മല കേറി 
കന്നി ഭക്ത, നൊരാ,ളെത്തുകില്ല  
അന്നുനിൻ കണ്ഠത്തിൽ ഞാനണിയും 
ധന്യ,പ്രണയ മാംഗല്യമാല്യം 
ഇന്നു നീ പോയാലു,മെത്താതിരിക്കില്ല 
നല്ല കാലം നമ്മ ളൊത്തു ചേരാൻ "

കാമുക,വാഗ്ദാന സിദ്ധിയിൽ പെണ്ണവൾ
മോഹിച്ചിരിപ്പു കാലങ്ങളെന്നാൽ 
ഓരോരോ വർഷവു,മെത്തുന്നൊ,രായിരം 
നൂതന ഭക്തർ മല ചവിട്ടാൻ 

എന്നുമൊടുങ്ങാത്ത കാത്തിരിപ്പിൻ വ്യഥ 
നന്നായറിവേൻ ,വരുത്തുകില്ല -
ഭംഗങ്ങൾ ,ഞാനാ,പ്രണയിനി,ക്കു ള്ളോരാ-
സ്സുന്ദര സ്വപ്നം തകർക്കുകില്ല

വിങ്ങും മനസ്സിന്ടെ നോവറിഞ്ഞീടുവേ -
നില്ലതി,സ്സാഹസം ചെയ്യുകില്ല   
കന്നി അയ്യപ്പനായ് കെട്ടെടുത്തു,ണ്ണിയെ
സന്നിധാനത്തേ,യ്ക്കയക്കുകില്ല 

***************   
     

    

Friday, 10 May 2013

പെണ്ണ്

രംഗം ഒന്ന്, അകത്തളം 
നോവുന്നു, ഗർഭ ഗൃഹ -
ത്തിങ്കലംഗനാ ക്രന്ദം
പെണ്‍ കുഞ്ഞാണ്,ആർക്കേണ്ടാരും
ഭംഗമോഹനായ്ത്തീർന്നു 
മുത്തശ്ശൻ,നൽപൌത്രനെ -
യങ്കത്തിൽ കൊണ്ടാടുവാ,
നത്രക്കങ്ങാശിക്കയാൽ 

പുത്ര ഭാര്യയോടെന്നും
 നീരസം നടിച്ചുള്ള 
മുത്തശ്ശി മുഖം കറു-
ത്തെന്തിനോ വക്കാണിച്ചു 
കെട്ടിച്ചയക്കാൻ വേണം
 സ്ത്രീധനമേറെ,പിന്നെ 
കെട്ടിക്കാൻ പണ്ടങ്ങളും ! 
അച്ഛനാധിയിൽ പെട്ടു !

രംഗം രണ്ട്,എല്ലാവരു-
മകലെ ,ക്കാലിത്തൊഴു-
ത്തിങ്കലേയ്ക്കോടിച്ചെന്നു 
നില്ക്കയായ് സജിജ്ഞാസം 
അൻപുചേർത്തേകും കഞ്ഞി
ച്ചെമ്പു,പിണ്ണാക്കുംവൈക്കോൽ -
ത്തുമ്പും രുചിക്കാതെയ-
പ്പയ്യു നൊമ്പരം കൊൾവൂ 

കൊമ്പിക്കു കടിഞ്ഞൂലായ്
 കുത്തുന്നു മണ്ണിൽ മൂക്കും 
കൊമ്പും കൊണ്ടവൾ മെല്ലെ
കിടന്നു ,മെണീ റ്റുമായ് 
ചന്തം തികച്ചും ചേർന്ന
 പൈക്കിടാവിനെപ്പെ റു-
ന്നന്തികത്തു ള്ളോർക്കെല്ലാ,
മൗൽസുക്യം ചേർന്നീടവേ  

ചുറ്റും നിന്നിടുന്നോർക്കു 
സന്തോഷം !പശുക്കുട്ടി 
മുറ്റും വളർന്നീടും ര-
ണ്ടാണ്ടുകൾ ചെല്ലുന്നേരം 
പെറ്റമ്മ പ്പയ്യിൻ മൂന്നാം 
പേറിന്ടെ കറവെന്നു -
വറ്റുമന്നി പ്പൈക്കുട്ടി,
യമ്മയായ് ചുരത്തീടും 

പാലിന്നു സമൃദ്ധിയാ 
മെന്നാളുമെന്നുത്സാഹം 
കോലുന്ന തൊഴുത്തിങ്കൽ 
പെണ്‍പിറപ്പാഘോഷിക്കേ 
ബാലികയ്ക്കേകീ ജന്മ,
മെന്നുള്ള കുറ്റം സ്വന്തം 
കാല ദോഷ മായോർത്തു
 മാനുഷി വിങ്ങിപ്പൊട്ടി !

          **************

Tuesday, 7 May 2013

അടയുടെ നടു

പഴമക്കാർ പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ടൊ -
രടയുടെ നടു വാണു തൃശ്ശൂർ  
പൊരുള,റിഞ്ഞീടുവാൻ പുതുനെല്ലിന്നരി പൊടി -
ച്ചില വാട്ടി,യടയിട്ടു മെല്ലെ 

അട പിന്നെ തെക്കും വടക്കുമായ് വച്ചിട്ടാ 
നെടു,മടക്കാദ്യം തുറന്നു 
ചെറുമടക്കും മാറ്റി,യില,യടർത്തീടവേ 
ചുടു ഗന്ധ,മുള്ളം കവർന്നു 

അതിരൊന്നു തീരമെ,ന്നോർക്കവേ നാക്കത്തൊ -
രറബി ക്കടലിന്ടെ ഓളം 
 അതിരുകൾ ശോഷിച്ചും നടു വീതി പൂണ്ടുമീ -
യട നേർ മലയാള രൂപം !

കദളിപ്പഴം ,തേങ്ങ,ശർക്കരപ്പാവൊത്തു 
മധുരം നിറഞ്ഞൊരീ മദ്ധ്യം 
കലകളും പൂരവും മേളങ്ങളും ചേർന്ന 
ശിവ പുരി യെന്നല്ലോ സത്യം !

ഒരു ഭൂപടം പോലു ,മറിയാ,പ്പഴങ്ക ണ്ണി-
ന്നുപമക്കു നൂറായ് നമിക്കാം 
(അറുകൊല ,കൊള്ളക,ളിതുകളെ കണ്ണട 
ച്ചിരു ളാക്കി,യൊന്നായ് മറക്കാം )

**********************************