Friday, 25 April 2014

അന്തിക്കൊയ്ത്ത്

 പാടത്തുന്നവസാനക്കറ്റ,
വേച്ചും കൊണ്ടാണു 
പാറുട്ടിയെത്തീടുന്നു
 മൂന്നാലു ചുരുട്ടുമായ് 
കാലത്തിൻ മാറ്റം കൊയ്യാ-
നാളില്ല പൊയ്പ്പോയുള്ള -
കാലത്തു കൊയ്യാൻ കിട്ടാ-
തെത്ര പേർ മടങ്ങിപ്പോയ്

കല്യാണി മനപ്പണി
 വിട്ടിട്ടു നാളേറെയായ് 
രണ്ടാണു മക്കൾ ഗൾഫിൽ
 കൊയ്ത്തിനി മഹാമോശം 
ഉണ്ടൊരു മകൾ ടൌണിൽ
 കമ്പ്യൂട്ടർ പഠിക്കുന്നു 
കൊള്ളാവും ബന്ധം വന്നാൽ
പൊന്നുമായയച്ചിടും  

കണ്ടത്തിൻ ഗന്ധം സ്വപ്നം 
കണ്ടുറങ്ങുവാൻ മാത്രം 
കണ്ടന്നു യോഗം മുന്നേ-
യില്ലത്തെയടിയാളൻ 
മുണ്ടിയോ കിടപ്പായി 
വാർപ്പിന്ടെ പണിക്കാരൻ 
കുഞ്ചാത്തൻ,കളത്രമോ
വീട്ടുവേലകൾ ചെയ്‌വൂ 

ഉണ്ടുരണ്ടുപേർ പേര-
ക്കിടാങ്ങൾ ചെക്കൻ പെട്ടി-
വണ്ടിയാണോടിക്കുന്നു
നില്ലില്ലാതോട്ടം കിട്ടും 
പെണ്ണവൾ തുണി ഷോപ്പിൽ
    ചെയ്യുന്നു "പുടമുറി "
കൊയ്യാനും മെതിക്കാനും 
കുഞ്ഞിലേ ശീലിച്ചില്ല 

പണ്ടത്തെ പാരമ്പര്യ-
ക്കൊയ്ത്തുകാരന്യം വന്നു
കണ്ടത്തിന്നുടയോന്മാർ 
തന്നത്താൻ മാഴ്കീടുന്നു 
തണ്ടോടെ പഴുത്തുള്ള 
"പൊന്മണി"മുറ്റത്തെത്തി-
ക്കണ്ടില്ല യെന്നോർത്തുള്ളിൽ 
കുണ്ഠിതം ചേർത്തീടുന്നു 

കൊച്ചുമേരിയും റോസാ-
ക്കുട്ടിയും മീനാക്ഷിയും 
പുത്തൻ കൊയ്ത്തു ശൈലി തൻ 
വക്താക്കൾ പെണ്‍ നേതാക്കൾ 
കൊത്തിടും കതിർ വൈക്കോൽ 
മുക്കാലും കണ്ടങ്ങളി-
ലിട്ടിടും മേയാനെത്തും 
പൈക്കൾക്കു ഭക്ഷ്യോത്സവം 

എത്തിടും മറുനാട്ടിൽ 
നിന്നേറെ കൊയ്യാളന്മാ-
രൊട്ടേറെ ഡിമാൻഡുമായ് 
താഴ്ത്തിക്കൊയ്യുമെന്നാലും 
കിട്ടണം വെറും കാപ്പി 
കാലത്ത്,വെയിൽ മൂത്താ-
ലെത്തണം കറിയോടെ 
ചപ്പാത്തി ചായയ്ക്കൊപ്പം 
ഉച്ചക്ക് ചോറാണിഷ്ടം
സാമ്പാറും നിർബന്ധമാ-
ണച്ചാറ് മോരുണ്ടെങ്കിൽ 
ശാപ്പാട് കെങ്കേമമാം
മൊത്തണം പാലില്ലാത്ത 
ചായയെന്നാലും കടി-
മുട്ടാതെ വേണം മുറു-
ക്കെങ്കിലും വൈകുന്നേരം

മേലാകെ ചേറാണെണ്ണ-
സോപ്പുകൾ വേണം കുളി-
ച്ചീറൻ മാറിയാൽ ചൂടോ-
ടത്താഴം വിളമ്പേണം 
മാറി മാറിയീ നാട്ടു-
കാരാലും കൊയ്ത്തും തേടി 
നാടോടി വന്നോരാലും 
കൊയ്യിച്ചു വശം കെട്ടു 

പുഞ്ചയെന്നാലും പണി 
ചെയ്യാതെ തരിശിട്ടു 
നിന്ദിച്ചിടാമോ പൂർവ-
സമ്പത്തീ കേദാരത്തെ 
നെഞ്ചത്തു കയ്യും വച്ചു 
തമ്പുരാൻ സത്യം ചെയ്‌വൂ 
"പഞ്ചാബിൽ നിന്നെത്തീടും 
ഹാർവെസ്റ്റെർ, വരും കൊല്ലം".

********************     

     

Saturday, 5 April 2014

പൂരം

ഉത്സവം കൊട്ടിക്കൊടിനിവർന്നാൽ 
ഉത്സുകമെന്മന,മാർത്തു തുള്ളും  
അച്ഛന്ടെ കൈകളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിലേയ്ക്കെത്തി  നോക്കും

പൂരപ്പറമ്പിലേക്കന്തിവെട്ടം- 
മാഞ്ഞാൽ പകലുണ്ടു യാത്രയാകും 
ഓണത്തി,നേട്ട,നെടുത്തുതന്ന 
നീലപ്പാവാടയും ചുറ്റി മെല്ലെ 

മുത്തു തലേക്കെട്ടണിഞ്ഞു നിൽക്കും 
മത്തേഭ വീരരെ കണ്ടു നിൽക്കും 
തിക്കുതിരക്കുകൾ വന്നിടുമ്പോൾ 
അച്ഛന്ടെ കാലോടു ചേർന്നുനിൽക്കും

പൊൻ കോല ഭംഗിയോടുത്തു ചേരും 
പൊന്നിൻ തിടമ്പു തൊഴുതു നിൽക്കും 
വെണ്മയോലും ചാമരങ്ങൾ മുത്ത-
ശ്ശ്യമ്മതൻ കൂന്തലെന്നോർത്തു നിൽക്കും 

ആലവട്ടത്തിന്ടെ പീലിച്ചന്തം
തീവെട്ടി വെട്ടത്തിൽ നോക്കി നിൽക്കും 
ലോലാക്കു,പട്ടിൻ കുടയ്ക്കു ചുറ്റും 
ആലോലമാടുന്ന കാഴ്ച കാണും


പൂക്കുന്നമിട്ടിൽ മിഴി വിടർത്തും 
ചീറ്റുവാണത്തിന്നു കാതുപൊത്തും
പഞ്ചാരിമേളക്കൊഴുപ്പിനൊത്തു
ചാഞ്ചാടുന്നോരിൽ കുതുകം കൊള്ളും 

കൊച്ചു സാമാനങ്ങൾ വിൽക്കുവോരായ്‌
കുപ്പിവളയ്ക്കു വിലകൾ പേശും 
അച്ഛന്ടെ കയ്യും പിടിച്ചന്നു ഞാ-
നുത്സവം കാണും വെളുക്കുവോളം

പിന്നെ ഞാൻ ബാല്യം പിറകിലിട്ടു 
പെണ്ണായ് വളർന്നു യുവത്വമാർന്നു 
പെണ്ണായ് വളർന്നതിൻ പിന്നിലിന്നീ-
യന്തർജ്ജനമാ,യകത്തൊളിച്ചു

പ്രാരാബ്ധക്കാരിയായ് മാറിയപ്പോൾ 
പൂരപ്പറമ്പെനിക്കന്യമായി 
പേരും പെരുമയുമൊത്തനാട്ടു-
പൂരങ്ങളെല്ലാം കിനാവിലായി 

പിന്നെയും പൂരങ്ങൾ വന്നുപോകെ 
ഉണ്ണി പിറന്നെന്നി,ലുത്സവം പോൽ 
ഉണ്ണിമെയ് താരുണ്യം ചേർന്നുണർന്നു 
സുന്ദര പൌരുഷ ഭാവമാർന്നു 

അച്ഛനോടൊപ്പമുയർന്നൊരുണ്ണി 
അച്ഛനെക്കാളു മുയർന്നൊരുണ്ണി
അച്ഛനെപ്പോലെ കരുത്തനുണ്ണി 
അച്ഛനേക്കാളും കരുത്തനുണ്ണി 

' ഇന്നാണ് പൂരം 'ചിരിച്ചു കൊണ്ടെ -
ന്നുണ്ണി യെന്നന്തികേ വന്നുനിന്നു 
' അമ്മ പോരുന്നുവോ പൂരം കാണാൻ 
കൊണ്ടുപോകാം ഞാൻ മുഷിഞ്ഞിടാതെ '

കുട്ടന്ടെ കയ്യും പിടിച്ചുകൊണ്ടി-
ന്നുത്സവക്കാഴ്ചകൾ കണ്ടുനില്ക്കെ 
അച്ഛന്ടെ കൈളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിൽ ഞാൻ വീണ്ടുമെത്തി !


******************************          

Tuesday, 18 March 2014

പട്ടാഭിഷേകം

നാളെയാണല്ലോ ഗജ
സാർവഭൗമനായെന്ടെ-
യാരോഹണത്തിൻ മേളം
 ഗ്രാമത്തിൻ ഹർഷാനന്ദം 
നീളെയിക്കവലയിൽ
നിന്നേറെ വിതാനങ്ങ-
ലാലോലമാടിത്തൂങ്ങു -
ന്നമ്പല മുറ്റംവരെ

എത്തീടും കണ്ണഞ്ചിക്കും
 കോപ്പുമായെതിരേൽക്കാ-
നുറ്റവരെല്ലാം സഹ
ജീവികൾ കീഴ്ക്കൊമ്പന്മാർ 
കൊട്ടുമാർപ്പുമായ് ചേർന്നു 
കോവിലിൻ നടയ്ക്കലേ-
യ്ക്കെത്തുമ്പോൾ മാനത്താഹാ 
പൊട്ടീടും വെടിക്കൂട്ടം 

തങ്കത്തിൻ വർണ്ണം പൂശി 
നാമധേയവും കൊത്തി 
കിങ്ങിണിമണികളാൽ 
കോർത്തൊരാ ഫലകത്തെ 
മന്ത്രിപുംഗവൻ മോദാൽ 
കണ്ഠത്തിൽ ചാർത്തുന്നേരം 
കണ്ണു ചിമ്മീടും നിറ-
ച്ചിത്ര യന്ത്രങ്ങൾ ചുറ്റും 

ഉത്സവക്കൊടിക്കൂറ-
യഴിഞ്ഞാ,ലാരാധക-
രൊറ്റയ്ക്കും കൂട്ടം ചേർന്നു-
മമ്പലാങ്കണം വിട്ടാൽ 
പുത്തനാം ഹാരം മാറ്റീ-
ട്ടെത്രയും വിനീതനായ് 
'കെട്ടുംതറി'ക്കൽ ബന്ധ-
നത്തിന്നു ചെന്നെത്തും ഞാൻ 

മുന്നിലെ യരങ്ങത്തു 
നാടകദൃശ്യം കണ്ട-
കണ്ണുക,ളണിയറ 
സത്യങ്ങൾ കാണാറുണ്ടോ 
തിങ്ങുമാഘോഷത്തിന്ടെ 
മേളയിയിലുണ്ടോ കണ്ടു 
വിങ്ങുന്ന ഹൃദന്തത്തെ 
സ്വാതന്ത്ര്യ നിഷേധത്താൽ 

പണ്ടു കൌമാരേ വന-
വാസത്തിൽ കൊടും ചതി-
ക്കുണ്ടിൽ ഞാൻ വീണപ്പോഴേ 
വന്നെത്തി നിർഭാഗ്യങ്ങൾ 
ഉള്ളട്ടക്കരി തേച്ചു 
മൂടിയ വ്രണങ്ങളിൽ 
ചങ്ങല കൊള്ളും നോവാ-
ണിന്നെന്ടെ സൌഭാഗ്യങ്ങൾ

ഏക്കം കൂട്ടിയാലെന്താ-
  ണുത്സവ ക്കമ്മിറ്റിക്കാ-
രേൽപ്പിക്കും,ഗജരാജ 
ചക്രവർത്തിയല്ലീ ഞാൻ 
രാത്രിയില്ലു,റക്കമി-
ല്ലൂണില്ല പകലെന്ന 
വാക്കില്ല പൂരക്കാലം 
പേക്കിനാവെനിക്കിപ്പോൾ

പിന്നെയോ മദകാലം 
ഭീതിതം മനസ്സിന്നു 
വന്നിടു മസഹ്യമാം 
കോപങ്ങ ളാശങ്കകൾ 
ഉന്മാദ നീരിൻ ഗന്ധ -
മേല്പിക്കും വിഭ്രാന്തിയിൽ 
തന്നുടെ നിഴൽകുത്തും 
പേച്ചുകൾ സീൽക്കാരങ്ങൾ 

'കെട്ടിയഴിക്കാ' നെത്തും
നീരുവറ്റുമ്പോളതിൻ
കഷ്ടപ്പാടോർക്കുന്നേരം 
ചിത്തത്തിൽ പന്തം കത്തും 
പൊട്ടിച്ചെറിഞ്ഞീടുവാൻ 
മോഹിക്കയാണീ ലോഹ-
ക്കെട്ടു ചങ്ങല,കഷ്ടം!
ഞാനത്രേ ഗജോത്തമൻ!

*************************

ഏക്കം --- ആനയുടെ വാടക.
കെട്ടിയഴിക്കുക ---- മദകാലം കഴിഞ്ഞാൽ ആനയെ ഭേദ്യം ചെയ്ത് അഴിക്കുക.            

Thursday, 13 February 2014

വിശ്വരൂപം

ഉണ്ണിയായ് ജന്മം കൊണ്ടോ-
നെങ്കിലു മോപ്പോളുടെ 
കുഞ്ഞുടുപ്പാണത്രേ ഞാ-
നെന്നും ധരിക്കാറുള്ളൂ 
പെണ്ണിനെക്കാളും മേലെ-
യാണു പൂരുഷനെന്ന 
വന്മദം മനസ്സിനെ-
യേശാത്ത കൈശോരത്തിൽ 

അന്നൊരു ദിനം ഞാനാ-
പ്പൂമുഖപ്പടിതന്നിൽ 
പൊന്നുതോഴിയാം പെങ്ങ-
ളോടൊത്തു കളിക്കുമ്പോൾ 
വന്നൊരാൾ പിതാവിനെ-
ക്കാണുവാൻ സുഹൃത്താവാം 
ഒന്നു പുഞ്ചിരിക്കൊണ്ടെൻ 
"പെണ്‍വേഷം"കണ്ടീടവേ 

കണ്ണിറുക്കിക്കൊണ്ട,ങ്ങാ-
രാഞ്ഞൂ താതൻ തന്നോ-
"ടുണ്ടു രണ്ടുപേർ മക്ക-
ളെന്നു ഞാനോർത്തീടുന്നു
മുന്നമീ മകൾ പിന്നെ 
വന്നവനല്ലോ പുത്ര-
നെന്തിപ്പോൾ കാണാകുന്നു 
രണ്ടു പെണ്‍കിടാങ്ങളെ ?"

അന്നദ്ദേഹത്തിൻ  ചോദ്യം 
കേട്ടപ്പോൾ ചുറ്റും കൂടി-
നിന്നവരെല്ലാം ചേർന്നു 
ചിരിക്കേ,നിസ്സങ്കോചം 
മണ്ണുതിന്നോന,ന്ന,മ്മ-
ക്കെന്നപോൽ, പെണ്‍കുപ്പായം 
പൊന്തിച്ചു കാണിച്ചു ഞാ-
നെൻ "വിശ്വരൂപം"മെല്ലെ !

********************  
  

Monday, 10 February 2014

നിഷ്കളങ്കതയുടെ ബാല്യം


അന്നൊരു പുലർകാലം 
ഞാനുണർന്നെണീറ്റപ്പോ-
ളമ്മയെ കാണുന്നില്ലെ -
ന്നങ്ങിങ്ങു തേടീടവേ 
ചെമ്മെ വന്നെടുത്തെന്നെ 
വാരിപ്പുണർന്നെൻ ധാത്രി
അമ്മു സങ്കടപ്പെടാ-
തോതീടാ മൊരുകൂട്ടം.

അമ്മ പോയിരിക്കുന്നു
 കുഞ്ഞിന്നു കാണാൻ വാങ്ങി-
ക്കൊണ്ടുവന്നീടാനൊരു 
കുഞ്ഞനീത്തിക്കുട്ടിയെ 
കുഞ്ഞിമോളേടത്തി പോൽ
വളർന്നു വലുതായാൽ 
കുഞ്ഞോമനയ്ക്കോ കൂടെ-
ക്കളിക്കാനാളാകില്ലേ

ആയതൻ പുന്നാരച്ചൊൽ 
കേട്ടവാറെന്നുള്ളത്തി-
ലായിരം കിനാപ്പൂക്ക-
ളൊന്നൊന്നായ് വിടർന്നുപോയ് 
ആരെല്ലാമായി,പ്പങ്കു-
വയ്ക്കണമിസ്സന്തോഷ-
മോടിഞാൻ മുറ്റത്തേയ്ക്കെ-
ന്നൂഞ്ഞാലിലാടീടാനായ്‌ 

"മഞ്ഞക്കിളീ നീ കേട്ടു-
കൊൾകെനിക്കായെന്നമ്മ 
കുഞ്ഞനീത്തിയെ കൊണ്ടു-
തന്നിടും കളിക്കാനായ് 
അണ്ണാറക്കണ്ണാ കാട്ടി-
ത്തന്നിടാം നിനക്കു ഞാ-
നമ്മണിക്കിടാവിനെ
കണ്ടു നീ കൊതിക്കല്ലെ 
അമ്മിഞ്ഞയുണ്ടീടുമാ 
പൈതലിന്നരികിലായ് 
കണ്ണിമയ്ക്കാതെ കാത്തു 
നോക്കി ഞാനിരുന്നീടും 
കണ്ണെഴുതിക്കും കുഞ്ഞി-
ക്കവിളിൽ പൊട്ടും കുത്തും 
കുഞ്ഞുകുപ്പായം ചാർത്തും 
കുഞ്ഞുമെയ് നോവിക്കാതെ 
കഞ്ഞിയും ചോറും വെച്ചു 
കളിക്കും ഞങ്ങൾ കുഞ്ഞി-
പ്പെണ്ണവളോടിച്ചാടി 
നടക്കാൻ തുടങ്ങിയാൽ 
തുമ്പപ്പൂതോറും പാറി 
തേൻ കുടിച്ചീടും നീല-
ത്തുമ്പീ നീ കേൾക്കുന്നില്ലേ-
യെൻ കൊച്ചു സ്വകാര്യങ്ങൾ"

നന്മനോരാജ്യംകണ്ടു 
മൂന്നുനാൾ കഴിഞ്ഞു ഞാ-
നങ്കണ്‍ വാടിയിൽ നിന്നു 
വന്നൊരു വൈകുന്നേരം 
മെല്ലെ വന്നെന്നെ ചേർത്തു-
പുൽകിയെൻ മുത്തശ്യമ്മ 
ചൊല്ലി "നീ വരൂ വേഗം 
കുഞ്ഞിനെ കാണേണ്ടായോ 
അമ്മതൻ ചാരത്തല്ലോ 
ചായുറങ്ങുന്നൂ നിന്ടെ 
കുഞ്ഞന്യേൻ നല്ലോരുണ്ണി 
ചെന്നൊന്നു നോക്കൂ കുട്ടീ 
അമ്മിണീ നിന്നെക്കാട്ടാൻ 
കാത്തിരിക്കയാണമ്മ
കണ്മണീ കുഞ്ഞിക്കാലാ-
ലോടിയേ പോയീടാവൂ"

ഇമ്മട്ടു പിതാമഹി 
ലാളിച്ചു ചൊൽകെ തെറ്റെ-
ന്നെന്മനമിടിഞ്ഞുപോയ് 
കണ്ണുകൾ നിറഞ്ഞുപോയ് 
"ഇല്ല ഞാൻ കാണുന്നില്ല 
വേണ്ടെനിക്കനിയനെ"
ചുണ്ടും പിളുത്തിക്കൊണ്ടു 
ഞാനേങ്ങിക്കരഞ്ഞു പോയ്‌ 
"നിത്യവു,മങ്കണ്‍ വാടി 
തന്നിൽ വന്നെത്തും ചില-
ദുഷ്ടന്മാർ താന്തോന്നിക-
ളാരെയും കൂട്ടാക്കാത്തോർ 
എത്രയും കുറുമ്പന്മാ-
രാമ്പിള്ളേ,രവരെന്നെ 
കുത്തിടും മാന്തും മുടി-
പ്പിന്നൂരിപ്പൊട്ടിച്ചീടും 
എന്തിനായെനിക്കമ്മ 
വാങ്ങിക്കൊണ്ടുവന്നതി-
ക്കുഞ്ഞനെ!കിട്ടാനില്ലേ 
പെണ്‍കിടാവിനെ കഷ്ടം !
എന്നോടിത്തിരുമാലി 
പോരടിക്കില്ലേ നാളെ 
കൊണ്ടുപോയ് കളഞ്ഞോട്ടെ 
മിണ്ടില്ല ഞാനല്ലെങ്കിൽ "

കുഞ്ഞുവാശിയും കുട്ടി-
ക്കിണുക്കും കേട്ടിട്ടെന്ടെ 
കുന്തളം മിനുക്കിക്കൊ-
ണ്ടോതിയെൻ മുത്തശ്യമ്മ 
"എന്തുനീ പിണങ്ങുന്നോ 
കരച്ചിൽ നിർത്തില്ലേ കേ-
ളന്തമില്ലാതോരോന്നും 
ചിന്തിച്ചു തുടങ്ങാമോ?
ആണുങ്ങളെല്ലാം കാട്ടു-
കുറുമ്പന്മാരാണെന്ന-
പോഴത്തം നിന്നോടാരാ-
ണീവിധം ധരിപ്പിച്ചു !
പാവയും പട്ടിൻകുപ്പാ-
യങ്ങളും പഴങ്ങളും 
വാങ്ങി തന്നീടും പിതാ-
വാണെന്നോ ദുഷ്ടൻ കാവേ?
അക്ഷരം പഠിപ്പിക്കാൻ 
സല്ക്കഥ ചൊല്ലിത്തരാൻ 
മുത്തശ്ശനല്ലേ,നിന്നോ-
ടെന്തൊന്നു കുറ്റം ചെയ്തു?
കൂട്ടത്തിൽ നിന്നെ ചേർത്തു-
കൊണ്ടാടുമങ്ങേല്ലത്തെ-
യേട്ടന്മാർ റൌഡിക്കൂട്ട-
മാണെന്നു നീയോർക്കുന്നോ?
അമ്മതൻ ചാരേ ചേർന്നു-
കിടന്നു മയങ്ങീടും 
കുഞ്ഞുണ്ണി നിനക്കെന്നും 
കൂട്ടുകാരനായ് മാറും 
നന്നവൻ വരും നിന്ടെ 
പിന്നാലെ 'യോപ്പോളേ'യെ-
ന്നിമ്പമായ് വിളിച്ചീടും 
നീയന്നു വിളി കേൾക്കും"

ഈ വിധം മുത്തശ്യമ്മ 
സാന്ത്വനിപ്പിക്കെ ചുണ്ട-
ത്തോരാതെയുണർന്നൊരു 
സുസ്മിതം കണ്ണീരോടെ 
മാതൃസ്നേഹത്തിന്നുണ്മ
കൊണ്ടാവാം ചെന്നൂ ഞാനാ-
സൂതികാ ഗൃഹത്തിന്ടെ 
വാതുക്കലതിവേഗം 

അമ്മതന്നരികത്തു 
കണ്ണുകൾ ചിമ്മിക്കൊണ്ടും 
പിഞ്ചിളം കുഞ്ഞിക്കൈകൾ 
രണ്ടും ചുരുട്ടിക്കൊണ്ടും 
ഒന്നും നിനയ്ക്കാതുറ-
ങ്ങീടുമുണ്ണിതൻ നെറ്റി-
തന്നിൽ ഞാൻ നൽകീ സ്നേഹ-
മോടെയെന്നുപഹാരം .

***************

      

Wednesday, 29 January 2014

സരോജനി ടീച്ചർക്ക്‌ ആദരപൂർവ്വം

എത്ര ദശകം കടന്നുപോയ് ഞാനെൻടെ 
കൊച്ചുവിദ്യാലയം വിട്ടശേഷം 
എത്ര വസന്തം കൊഴിഞ്ഞുപോയ് ജീവിത-
മുച്ച തിരിഞ്ഞുപോയെത്ര വേഗം !

ഒന്നാംതരത്തിൽ 'ഹരിശ്രീ'യേകീടുവാ -
നന്നാ സരസ്വതീ മന്ദിരത്തിൽ 
അമ്മയല്ലെന്നാലുമുണ്ടായിരുന്നു പോ-
ലമ്മതൻ സ്നേഹവായ്പോലുമമ്മ 

ശിക്ഷകളെന്നിയെ നേരായ മാർഗത്തിൽ 
ശിക്ഷണം ഞങ്ങൾക്കു നൽകിയെന്നും 
കൊച്ചുകഥകളും ഗീതങ്ങളും ചേർന്ന 
ചിത്ര പാഠാവലി തന്നിൽ നിന്നും 

അന്നെന്ടെ കൈ പിടിച്ചേറ്റ മലിവു ചേർ -
ന്നൻപോടെഴുതിച്ചോരക്ഷരങ്ങൾ 
ഇന്നെന്ടെ തൂലികത്തുമ്പിൽ കവിതയായ് 
വന്നുദിക്കുന്നതെൻ ഭാഗ്യമല്ലോ?

അന്നൊരു ചാറ്റൽ മഴയേറ്റു വാതുക്കൽ 
വിങ്ങും മനസ്സുമായ് ചെന്നുനില്ക്കെ 
അന്തികേ വന്നെൻടെ കണ്ണുനീരൊപ്പിയും 
സാന്ത്വനിപ്പിച്ചും കവിൾ മുകർന്നും 
വെള്ളമിറ്റീടുന്ന കുഞ്ഞുടുപ്പൂരിയും 
നന്നായ് പിഴിഞ്ഞെൻ തല തോർത്തിയും 
കഞ്ഞിവച്ചീടുന്ന കല്ലടുപ്പിൻ ചൂടു -
തിണ്ണമേൽ തോരാൻ നിവർത്തിയിട്ടും 

ജട്ടിയിട്ടീടുന്ന ശീലമില്ലായ്കയാൽ 
'പട്ടുകോണക്കുന്തി'യായ് മാറവേ 
മൂത്തവർ നാലിൽ പഠിക്കുമേട്ടത്തിമാർ 
മൂക്കിൽ വിരൽ വെച്ച കാഴ്ച കാണ്‍കെ 
നാണവും മാരിക്കുളിരുമിടചേർന്നു 
തേങ്ങലിൻ വക്കത്തു ഞാനെത്തവേ 
സാരിത്തലപ്പു കൊണ്ടെന്നെപ്പുതപ്പിച്ചു 
ചൂടേകി ദേഹത്തു ചേർത്തണച്ചാൾ !

'ഷഷ്ഠി' തികഞ്ഞതില്ലന്നെനിയ്ക്കെങ്കിലു-
മത്ഭുത !മോർമ്മകൾ മങ്ങിടാതെ 
ഷഷ്ടിപൂർത്തിക്കൊരുങ്ങീടും പൊഴുതിലും 
ചിത്തം കുളിർപ്പിച്ചുണർന്നിടുന്നു

***************************        

Friday, 13 December 2013

ഭാഗ്യലക്ഷ്മി

നീ ഭാഗ്യലക്ഷ്മി തൊഴുത്തിന്ടെ നെയ്‌വിള -
ക്കീ ഗേഹ വൃദ്ധിക്കു നിത്യലക്ഷ്മി 
നീ ക്ഷീര വൃഷ്ടി പറമ്പിൻ വെളിച്ചമീ 
മാനുഷീധാത്രീ വളർത്തു പുത്രി 

കന്നായിരുന്ന നീയമ്മതൻ ചാരത്തു നിന്നും 
കുനികുത്തിയങ്ങുമിങ്ങും 
പുല്ലുനാമ്പോരോന്നു തിന്നും മറന്നങ്ങു 
മണ്ടുന്ന കണ്ടുമെൻ കണ്‍കുളിർത്തു 

പിന്നെ നീ പയ്യായ് വളർന്നു മദിയാർന്നു 
പൊൻകുടമൊന്നിനെ നൊന്തുപെറ്റു 
അന്നതെൻ സൌഭാഗ്യമെന്നോർത്തു ലാളിച്ചു 
നിൻ പാലനത്തിന്നു മാറ്റുചേർത്തു 

നിൻ പാൽ കറന്നു വിറ്റെൻ മുണ്ടുപെട്ടിയിൽ 
ടിന്നളുക്കിൻ കനം കൂടിവന്നു 
നിൻ നറും വെണ്ണ ചേർത്തുണ്ടെന്ടെ യോമന -
ക്കണ്ണനാമുണ്ണിക്കു മെയ് വളർന്നു 

രണ്ടുനാൾ മുൻപാണു കാലത്തു മൊന്തയും 
വെള്ളവും കൊണ്ടു നിൻ ചാരെയെത്തീ
എന്തുനീ തെറ്റെ,ന്നെണീട്ടില്ല !അകിടുണർ -
ന്നെന്തെ മാധുര്യം ചുരത്തിയില്ല !

എന്തോ പിണഞ്ഞു നിനക്കെന്നു കണ്ടുള്ളു -
മന്ദിച്ചു കണ്ണുനീർ വാർത്തു നിന്നു 
അന്തികേ ഞാനെന്തു ചെയ്യേണ്ടുവെന്നോർത്തു 
നിൻ ശോകഭാവങ്ങൾ നോക്കിനിന്നു 

ഏറും തരത്തിലായൌഷധങ്ങൾ കൂർത്ത -
സൂചിയാൽ കേറ്റീ തളർന്ന നിന്നിൽ 
നീയൊന്നെണീറ്റില്ല  നാലുപേർ തണ്ടിട്ടു -
താങ്ങിയെന്നാലതും വ്യർത്ഥമായ്പോയ്‌ 

ആരോ പറഞ്ഞറിഞ്ഞാണെന്നുതോന്നുന്ന -
താരാച്ചാരാന്മാർ മണത്തു വന്നു 
ചോരയും നീരും വികാരവും ചേർന്ന നിൻ 
ദേഹമാംസത്തിൽ കൊതിച്ചു നിന്നു 

ചില്ലറക്കാശെണ്ണി മേടിച്ചു പുത്രിതൻ 
കൊല്ലാക്കൊലയ്ക്കമ്മ കൈപൊക്കുമോ 
പുല്ലുതിന്നുന്നൊരി,സ്സാധുവിൻ ജീവനു -
മില്ലയോ മൃത്യുവിൽ ഭീതിയെന്നോ 

പാവം !തൊഴുത്തിൽ കിടപ്പു ദീനാർത്തയായ് 
കാണുവാനാവില്ല ,യെന്നൊടുക്കം
പാപമാണെന്നറിഞ്ഞിട്ടും ,ദയാവധ -
പാതകത്തിന്നായനുജ്ഞയേകി 

നീ ഭാഗ്യലക്ഷ്മി ,തൊഴുത്തിൻ വിളക്കണ -
ച്ചീ ഭാഗ്യഹീനക്കിരുട്ടു നൽകീ 
നീയാർന്നു മുക്തി പറമ്പിന്ടെയറ്റത്തു 
നീറുമീ യമ്മക്കു മാപ്പു നല്കി 

************************************        
Girija Chemmangatt
(കേരളത്തിലെ ക്ഷീരോല്പാദനത്തെ പ്രതികൂലമായി ബാധിച്ച ഒരു ദുരന്തമാണ് കന്നുകാലികളിലെ കുളമ്പുരോഗം .രോഗം ബാധിച്ച്, കുറെ മൃഗങ്ങള്‍ അവശരാകുകയും ജീവഹാനി സംഭവിക്കുകയും ചെയ്തു .നിസ്സഹായരായ ഈ മിണ്ടാപ്രാണികള്‍ക്കും,അവരെ പരിപാലിച്ച് ,ഉപജീവനമാര്‍ഗം കണ്ടെത്തിയ ഹതഭാഗ്യരായ ഗോപാലകര്‍ക്കുമായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു .)