Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 84 ( 1)

12.05.2024


കാള,നെരിശേരി,ഓല,നേത്തക്കായ

ചേലായ് വറുത്തൊരുപ്പേരിപിന്നെ

പായസവുംകൂട്ടി,യുച്ചയൂണുംകഴി-

ഞ്ഞാണല്ലോകണ്ണൻചിരിതൂകുന്നു 


പൊന്നുപാദത്തിലണിഞ്ഞുകാണുന്നുണ്ട് 

മിന്നുംതള,കയ്യിൽ കങ്കണങ്ങൾ 

ഉണ്ടിട്ടുവീർത്തതാംകുമ്പമേലിന്നൊരു

കിങ്ങിണിപറ്റിക്കിടക്കുന്നുണ്ട് 


പട്ടുകൗപീനമുടുത്തിട്ടുണ്ട്,മാറി-

ലൊട്ടിച്ചമാലത്തിലകമുണ്ട്

തെച്ചിപ്പൂവുംതുളസിപ്പൂവുംചേർന്നല്ലോ 

പുത്തനാംമാലയണിഞ്ഞിട്ടുണ്ട്


തോൾവളയുണ്ട്,ചെവിപ്പൂക്കളുമുണ്ട്

ഫാലതടത്തിൽകുറിയുമുണ്ട് 

പീലിക്കിരീടത്തിൽപൂമാലകളുണ്ട് 

ആനന്ദരൂപനിന്നെന്തുഭംഗി!


പൊന്നുനിറത്തിലൊ,രോടക്കുഴലിന്നു 

കുഞ്ഞുവലംകയ്യിൽകാണുന്നുണ്ട് 

ധന്യനാംഭക്തനൊരാളിന്നുതൃപ്പടി- 

തന്നിൽവഴിപാടുവെച്ചതാകാം 


പുത്തൻതയിർക്കുടംതാഴത്തുണ്ടേ,യമ്മ

പെട്ടെന്നെഴുനേറ്റതക്കംനോക്കി

കുട്ടിക്കുറുമ്പനോ*മന്ഥാൽനവനീത-

മല്പമെടുക്കുന്നുമോദത്തോടെ



കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാഹരേകൃഷ്ണാ

കൃഷ്ണാഹരേനവനീതകൃഷ്ണാ 

കൃഷ്ണാഹരേകൃഷ്ണാ കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാഹരേമാതൃഭക്തകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്

*മന്ഥം=കടകോൽ

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 84 (2)


തൃപ്പാദങ്ങൾപിണച്ചു,വേണുവിരുകൈത്താരിൽധരിച്ചുംകൃപാ-

വർഷംനേത്രപയോധിയാലരുമയായ് ചുറ്റുംപൊഴിച്ചങ്ങനെ

നിൽക്കുന്നൂശ്രീലകത്തായ് മൃദുലമധുരാധരാൽപുഞ്ചിരിച്ചും

മെച്ചത്തിൽഭൂഷയിട്ടും,തനു,കളഭച്ചാർത്തിനാൽഭംഗിചേർത്തും

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 85

13.05.2024


കാൽത്തളയും,കൈവളയും

കിങ്ങിണിയുംകോണകവും 

മാർത്തടത്തിൽമുല്ലമൊട്ടുമാലയമുണ്ട് 

കഴുത്തോടുചേർന്നുകാണാം

വളയമാലയുംതോളിൽ

ഇണക്കത്തിലണിഞ്ഞുള്ളതോൾവളരണ്ടും

ചെവിപ്പൂവുണ്ടല്ലോ,നെറ്റി-ത്തടത്തിലോസ്വർണ്ണഗോപി 

മുടിമാലമൂന്നാണല്ലോകിരീടത്തിന്മേൽ 

അലങ്കാരമായിട്ടുണ്ട്

പലവർണ്ണപ്പൂമാല്യങ്ങൾ

അനന്തശായീവക്ഷസ്സിലിരുഹാരങ്ങൾ 


പദമൊന്നുപിണച്ചിട്ടും

മധുസ്മിതംപൊഴിച്ചിട്ടും 

മുരളികയിരുകയ്യാൽചൊടിചേർത്തിട്ടും 

ഗുരുവായൂരമ്പലത്തിൽ

കളഭത്താൽമെനഞ്ഞിട്ട് 

മുരരിപുവിളങ്ങുന്നുനമ്മളെക്കാണാൻ 


കൃഷ്ണകൃഷ്ണഹരേകൃഷ്ണ

കൃഷ്ണകൃഷ്ണഹരേകൃഷ്ണ 

കൃഷ്ണനന്ദകുമാരകാ

കൈവണങ്ങുന്നേൻ

കൃഷ്ണകൃഷ്ണഹരേകൃഷ്ണ 

കൃഷ്ണകൃഷ്ണഹരേകൃഷ്ണ

കൃഷ്ണകൃഷ്ണമുകിൽവർണ്ണ 

കൈവണങ്ങുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 86

14.05.2024


ശ്രീരാമരൂപത്തിലാണിന്നുകേശവൻ 

ശ്രീലകേവന്നുവിളങ്ങിടുന്നു 

വാമഹസ്തേയൊരുവില്ലും,വലംകയ്യിൽ 

ഞാണൊത്തുവെച്ചശരവുമായി 


പാദത്തിലുണ്ടുതളകളോ,കൈകളിൽ 

കാണുന്നുകങ്കണംപാണികളിൽ

ശോണക്കസവുപട്ടാടയ്ക്കുമേലല്ലോ 

വീതിയിൽകിങ്ങിണിമിന്നിമിന്നി 


മാറത്തെമുല്ലപ്പൂമൊട്ടിന്റെമാലയായ് 

ചേരുന്നുകണ്ഠേ വളയമാല 

മാലകൾക്കൊപ്പംതിളങ്ങിക്കാണാകുന്നു 

ഗോപിക്കുറിയൊന്നുസ്വർണ്ണവർണ്ണേ 


അംഗദമുണ്ടല്ലോതോളത്ത്,കാതിലോ 

വർണ്ണപുഷ്പത്തിൻകുടക്കുണുക്ക് 

പങ്കജനേത്രന്റെ നെറ്റിയിൽകാണുന്നു 

പൊന്നിൽതിളങ്ങുന്ന ഗോപിപ്പൊട്ട് 


പൂമുടിഹാരങ്ങൾ,മോടിപ്പൂഹാരങ്ങൾ 

ഓമൽക്കളേബരേപൂമാല്യങ്ങൾ 

കോമളാകാരംനറുദീപനാളത്താൽ 

ശ്രീലകമാകെതെളിഞ്ഞുനില്പൂ


കൃഷ്ണാഹരേകൃഷ്ണാ കൃഷ്ണാഹരേകൃഷാണാ

കൃഷ്ണാഹരേകൃഷ്ണാരാമഭദ്രാ!

കൃഷ്ണാഹരേകൃഷ്ണാ

കൃഷ്ണാഹരേകൃഷ്ണാ 

കൃഷ്ണാഹരേകൃഷ്ണാരാമകൃഷ്ണാ!


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 87

15.05.2024


ശ്രീലകത്തിന്നുഭഗവാനെകണ്ടീടാം 

നാരായണപ്രഭൂരൂപംപൂണ്ട് 

നാലുതൃക്കൈകളിൽശംഖുചക്രംഗദാ-

താമരപ്പൂവതുമേന്തിക്കൊണ്ട് 


ശംഖുചക്രങ്ങൾകനകംകൊണ്ടാണല്ലോ

ചന്ദനംകൊണ്ടേഗദകാണുന്നു 

ചെന്താമരസൂനം നാലാംകരത്തിലും

മന്ദഹാസപ്പൂക്കൾ ചെഞ്ചുണ്ടിലും 


കാൽത്തള,കൈവള,തോൾവള,കാതിപ്പൂ

മാറ്റോടെ,വിഷ്ണുവണിഞ്ഞിട്ടുണ്ട് 

മഞ്ഞക്കസവുപൂഞ്ചേലഞൊറിഞ്ഞിട്ടു 

കിങ്ങിണിമീതെയണിഞ്ഞിട്ടുണ്ട് 


മാറത്തുമുല്ലമുകുളത്തിന്മാലയു-

മാരണ്യമാലയും കാണുന്നുണ്ട് 

ഫാലതടത്തിൽകുറിയും,കിരീടത്തിൽ 

പീലികൾമൂന്നെണ്ണംചൂടീട്ടുണ്ട് 


പീലികളോടൊത്തുകാണുന്നു മൗലിയിൽ 

താമരപ്പൂവിന്റെ കേശമാല 

കണ്ണനേറെപ്രിയംചേർന്നതുളസിയാ-

ലഞ്ചാറുമാലവിതാനമായി 


ദുഷ്ടസംഹാരംനടത്തി ജഗത്തിലെ 

ശിഷ്ടസംരക്ഷണംചെയ്യുവാനായ് 

വിഷ്ണൂരൂപംപൂണ്ടുശ്രീലകേനിൽക്കുന്നു വിഷ്ണുനാരായണമൂർത്തിയായി


നാരായണാ ഹരേ നാരായണാ ഹരേ 

നാരായണാ ഹരേ നാരായണാ 

നാരായണാ ഹരേ നാരായണാ ഹരേ

നാരായണാ ഹരേ നാരായണാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 88

16.05.2024


വികൃതിയായുള്ളൊരുണ്ണിക്കൃഷ്ണനെ

ഗുരുവായൂർപുരേ,കോവിലിൽ 

വിരുതോടെ,കൃഷ്ണനോതിക്കൻനന്നാ-

യണിയിച്ചൂകളഭത്താലെ


തളകളുണ്ടു,കൈത്താരിണകളിൽ 

കനകക്കാപ്പുകളിളകുന്നു 

അരയിലെക്കിങ്ങിണിക്കുചേരുമ്പോ-

ലഴകിലായ് പട്ടുകോണകം


തിരുമാറത്തൊരുമാങ്ങാമാലയു-

ണ്ടതിനോടൊത്തുപൂമാലയും 

ഭുജഭംഗിചേരുമംഗദങ്ങളും 

ചെവിസൂനാലങ്കാരങ്ങളും 


കുളിരോലുംചന്ദനത്താൽചാർത്തിയ 

മുഖരേകാണുന്നുതിലകവും 

നെറുകിലോ പീലിപ്പൂക്കളോടൊത്തു 

വനപുഷ്പത്തിന്റെ മാലയും


മുകളിലേതാനുംമാലകൾകാണാം 

മുരളീധാരിക്കുമോടിക്കായ് 

നിറദീപകാന്തിയാലെകണ്ണനെ 

നിറകണ്ണാലെനാമുഴിയാവൂ 


ഒരുപാത്രംവെണ്ണയുണ്ടിട്ടും,വെണ്ണ-

ക്കുടമിടംകയ്യാൽപൊക്കിയാ

വലതുകയ്യിലെവേണുവാൽ,പൊട്ടി-

ച്ചെറിയാൻഭാവിച്ചുനിൽക്കുന്നു !


ഹരെകൃഷ്ണാ കൃഷ്ണാ ഹരെകൃഷ്ണാകൃഷ്ണാ

ഹരെകൃഷ്ണാകൃഷ്ണാഹരെകൃഷ്ണാ 

ഹരെകൃഷ്ണാ കൃഷ്ണാ

ഹരെകൃഷ്ണാകൃഷ്ണാ

ഹരെകൃഷ്ണാകൃഷ്ണാ ഹരെകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 89

17.05.2024


ഗുരുവായൂരെത്തി

തൊഴുതുനിൽക്കവേ

ഹരിയെക്കണ്ടിടാ-

മൊരുകുഞ്ഞുണ്ണിയായ് 


തളകളും കുഞ്ഞുവളകളുമിട്ട് 

കളഭച്ചാർത്തോടെയലങ്കരിച്ചിട്ട് 


പലവിഭവത്താലുരുളയുണ്ടിട്ട് 

ചെറുവയറൊന്നുമിനുങ്ങിക്കാണുന്നു 

അരയിലിന്നുമുണ്ടരമണി,താഴെ-

പുതുപട്ടുകോണമുടുത്തുകാണുന്നു 


ഉരസിലോമുല്ലസുമമൊട്ടുമാല-

യതിനോടൊത്തൊരു പതക്കത്തിന്മാല

കഴുത്തോടുചേർന്നു വളയമാലയും 

ധരിച്ചതാനില്പു,ചിരിതൂകിക്കൊണ്ട് 


കനമാലകൾനടുവിലായൊരു

കനകഗോപിയും വരച്ചുകാണുന്നു 

ഇരുഭുജത്തിലുമണിഞ്ഞുകാണുന്നു 

തിളങ്ങുമംഗദദ്വയവുംഭംഗിയായ് 



ചെവിപ്പൂവുംകാണാം തെളിവോടെ,നെറ്റി-

ത്തടത്തിലല്ലയോതൊടുകുറികാണ്മൂ 

മുടിമാലമൂന്നാ,മണിമകുടത്തി-

ലഴകോടെചുറ്റിയണിഞ്ഞുകാണുന്നു 


അലങ്കാരമായിട്ടനവധിമാല 

നിറവെളിച്ചത്തിൽ തെളിഞ്ഞുകാണുന്നു 

തുളസി,തെച്ചിയുംവെളുത്തപൂക്കളു-

മിടകലർന്നൊരുവനമാലമാറിൽ 


വലതുകയ്യിലോനവനീതംകാണാ-

യമിടതുകയ്യിലായൊരുമുരളിയും 

മിടുക്കനായൊരുചെറുകുമാരനായ് 

മുരഹരി,കോവിലകമേനിൽക്കുന്നു !


ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ 

ഹരേകൃഷ്ണാ കൃഷ്ണാ

ഹരേകൃഷ്ണാ കൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാ കൃഷ്ണാ

ഹരേകൃഷ്ണാ കൃഷ്ണാ 

ഹരേകൃഷ്ണ കൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്