ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 84 ( 1)
12.05.2024
കാള,നെരിശേരി,ഓല,നേത്തക്കായ
ചേലായ് വറുത്തൊരുപ്പേരിപിന്നെ
പായസവുംകൂട്ടി,യുച്ചയൂണുംകഴി-
ഞ്ഞാണല്ലോകണ്ണൻചിരിതൂകുന്നു
പൊന്നുപാദത്തിലണിഞ്ഞുകാണുന്നുണ്ട്
മിന്നുംതള,കയ്യിൽ കങ്കണങ്ങൾ
ഉണ്ടിട്ടുവീർത്തതാംകുമ്പമേലിന്നൊരു
കിങ്ങിണിപറ്റിക്കിടക്കുന്നുണ്ട്
പട്ടുകൗപീനമുടുത്തിട്ടുണ്ട്,മാറി-
ലൊട്ടിച്ചമാലത്തിലകമുണ്ട്
തെച്ചിപ്പൂവുംതുളസിപ്പൂവുംചേർന്നല്ലോ
പുത്തനാംമാലയണിഞ്ഞിട്ടുണ്ട്
തോൾവളയുണ്ട്,ചെവിപ്പൂക്കളുമുണ്ട്
ഫാലതടത്തിൽകുറിയുമുണ്ട്
പീലിക്കിരീടത്തിൽപൂമാലകളുണ്ട്
ആനന്ദരൂപനിന്നെന്തുഭംഗി!
പൊന്നുനിറത്തിലൊ,രോടക്കുഴലിന്നു
കുഞ്ഞുവലംകയ്യിൽകാണുന്നുണ്ട്
ധന്യനാംഭക്തനൊരാളിന്നുതൃപ്പടി-
തന്നിൽവഴിപാടുവെച്ചതാകാം
പുത്തൻതയിർക്കുടംതാഴത്തുണ്ടേ,യമ്മ
പെട്ടെന്നെഴുനേറ്റതക്കംനോക്കി
കുട്ടിക്കുറുമ്പനോ*മന്ഥാൽനവനീത-
മല്പമെടുക്കുന്നുമോദത്തോടെ
കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണാ
കൃഷ്ണാഹരേനവനീതകൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണാ കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേമാതൃഭക്തകൃഷ്ണാ
ഗിരിജ ചെമ്മങ്ങാട്ട്
*മന്ഥം=കടകോൽ
No comments:
Post a Comment