Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 89

17.05.2024


ഗുരുവായൂരെത്തി

തൊഴുതുനിൽക്കവേ

ഹരിയെക്കണ്ടിടാ-

മൊരുകുഞ്ഞുണ്ണിയായ് 


തളകളും കുഞ്ഞുവളകളുമിട്ട് 

കളഭച്ചാർത്തോടെയലങ്കരിച്ചിട്ട് 


പലവിഭവത്താലുരുളയുണ്ടിട്ട് 

ചെറുവയറൊന്നുമിനുങ്ങിക്കാണുന്നു 

അരയിലിന്നുമുണ്ടരമണി,താഴെ-

പുതുപട്ടുകോണമുടുത്തുകാണുന്നു 


ഉരസിലോമുല്ലസുമമൊട്ടുമാല-

യതിനോടൊത്തൊരു പതക്കത്തിന്മാല

കഴുത്തോടുചേർന്നു വളയമാലയും 

ധരിച്ചതാനില്പു,ചിരിതൂകിക്കൊണ്ട് 


കനമാലകൾനടുവിലായൊരു

കനകഗോപിയും വരച്ചുകാണുന്നു 

ഇരുഭുജത്തിലുമണിഞ്ഞുകാണുന്നു 

തിളങ്ങുമംഗദദ്വയവുംഭംഗിയായ് 



ചെവിപ്പൂവുംകാണാം തെളിവോടെ,നെറ്റി-

ത്തടത്തിലല്ലയോതൊടുകുറികാണ്മൂ 

മുടിമാലമൂന്നാ,മണിമകുടത്തി-

ലഴകോടെചുറ്റിയണിഞ്ഞുകാണുന്നു 


അലങ്കാരമായിട്ടനവധിമാല 

നിറവെളിച്ചത്തിൽ തെളിഞ്ഞുകാണുന്നു 

തുളസി,തെച്ചിയുംവെളുത്തപൂക്കളു-

മിടകലർന്നൊരുവനമാലമാറിൽ 


വലതുകയ്യിലോനവനീതംകാണാ-

യമിടതുകയ്യിലായൊരുമുരളിയും 

മിടുക്കനായൊരുചെറുകുമാരനായ് 

മുരഹരി,കോവിലകമേനിൽക്കുന്നു !


ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ 

ഹരേകൃഷ്ണാ കൃഷ്ണാ

ഹരേകൃഷ്ണാ കൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാ കൃഷ്ണാ

ഹരേകൃഷ്ണാ കൃഷ്ണാ 

ഹരേകൃഷ്ണ കൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment