ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 88
16.05.2024
വികൃതിയായുള്ളൊരുണ്ണിക്കൃഷ്ണനെ
ഗുരുവായൂർപുരേ,കോവിലിൽ
വിരുതോടെ,കൃഷ്ണനോതിക്കൻനന്നാ-
യണിയിച്ചൂകളഭത്താലെ
തളകളുണ്ടു,കൈത്താരിണകളിൽ
കനകക്കാപ്പുകളിളകുന്നു
അരയിലെക്കിങ്ങിണിക്കുചേരുമ്പോ-
ലഴകിലായ് പട്ടുകോണകം
തിരുമാറത്തൊരുമാങ്ങാമാലയു-
ണ്ടതിനോടൊത്തുപൂമാലയും
ഭുജഭംഗിചേരുമംഗദങ്ങളും
ചെവിസൂനാലങ്കാരങ്ങളും
കുളിരോലുംചന്ദനത്താൽചാർത്തിയ
മുഖരേകാണുന്നുതിലകവും
നെറുകിലോ പീലിപ്പൂക്കളോടൊത്തു
വനപുഷ്പത്തിന്റെ മാലയും
മുകളിലേതാനുംമാലകൾകാണാം
മുരളീധാരിക്കുമോടിക്കായ്
നിറദീപകാന്തിയാലെകണ്ണനെ
നിറകണ്ണാലെനാമുഴിയാവൂ
ഒരുപാത്രംവെണ്ണയുണ്ടിട്ടും,വെണ്ണ-
ക്കുടമിടംകയ്യാൽപൊക്കിയാ
വലതുകയ്യിലെവേണുവാൽ,പൊട്ടി-
ച്ചെറിയാൻഭാവിച്ചുനിൽക്കുന്നു !
ഹരെകൃഷ്ണാ കൃഷ്ണാ ഹരെകൃഷ്ണാകൃഷ്ണാ
ഹരെകൃഷ്ണാകൃഷ്ണാഹരെകൃഷ്ണാ
ഹരെകൃഷ്ണാ കൃഷ്ണാ
ഹരെകൃഷ്ണാകൃഷ്ണാ
ഹരെകൃഷ്ണാകൃഷ്ണാ ഹരെകൃഷ്ണാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment