Friday, 15 December 2023

 ഗന്ധർവ്വഗായിക


 വിശ്വമുറങ്ങുമീരാത്രിയിലേകയായ്

മട്ടുപ്പാവേറിയിരിക്കുന്നേരം

മുറ്റത്തുപൂവിട്ടുനിൽക്കുന്നുചെമ്പകം

കൊച്ചുമാമ്പൂമണം വെണ്ണിലാവും

കാർമേഘമെന്യേ തെളിഞ്ഞൊരാകാശവും

പാതിരാത്തെന്നലിൻമർമ്മരവും

മോഹങ്ങൾപൂക്കുമീവേളയിലെന്മനം

പോയജന്മത്തിലേയ്ക്കോടിയെത്തി

ഗന്ധർവ്വലോകത്തിൽ ഞാനന്നുസുന്ദര-

ഗന്ധർവ്വബാലകനായിരുന്നു

സുന്ദരിമാരിൽ പുളകംനിറയ്ക്കുന്ന

കിന്നരഗായകനായിരുന്നു

പാടിനടക്കുമ്പോഴന്നൊരിക്കൽ,കഷ്ടം

നേരമ്പോക്കൊന്നു ഞാൻ ചെയ്തുപോയി

നാരിതൻ രൂപമെടുത്തിട്ടു കന്യക-

മാരൊത്തുകേളിക്കായ് ചേർന്നുപോയി

ആരാണോ,ഗന്ധർവ്വരാജാവിൻമുന്നിലെൻ

ഘോരാപരാധത്തെ വിസ്തരിച്ചൂ

ക്രോധമടക്കുവാൻ വയ്യാതെ മന്നവൻ

ശാപവാക്കാലന്നു,ശിക്ഷനൽകി

" പോകണം നീയിന്നീ,വിണ്ണിടംവിട്ടിട്ടു

ഭൂവിലൊരിടത്തുചെന്നുവീഴാൻ

നാരീരൂപംകെട്ടി,കോമാളിയായനീ

നാരിയായ്ത്തന്നെ പിറന്നീടണം"

മുജ്ജന്മം പൂരുഷനായതുകാരണ-

മിജ്ജന്മ,മാണിൻ കരുത്തുമായി

ഇപ്പോഴീ,യുച്ചതിരിഞ്ഞുള്ളനേരത്തും

മുഗ്ദ്ധസ്വരത്തിൽ ഞാൻ പാടീടുന്നു

                     *********

ഗിരിജ ചെമ്മങ്ങാട്ട് 

( ഗന്ധർവ്വഗായകർ എന്തെങ്കിലും തെറ്റുചെയ്താൽ ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ ശാപംകിട്ടുമെന്ന് ഒരു സങ്കല്പം)

Tuesday, 5 December 2023

 പൊത്തുള്ള ചെരിപ്പ്


അന്നൊരു വൈകുന്നേരം സ്കൂളുവിട്ടുഞാൻമെല്ലെ-

യില്ലത്തേയ്ക്കാമോദിച്ചു

വന്നെത്തിച്ചേർന്നീടവേ

കുഞ്ഞനീത്തിവന്നെന്നെ

പുണർന്നാൾ,കിതച്ചുകൊ-

ണ്ടൊ, "ന്നുനിന്നാലും ചൊല്ലാ-

മേടത്തീ,യകം പൂകാ..


തെല്ലുനേരംമുമ്പാണു

ഞാനുമിക്കുഞ്ഞാഞ്ഞിയു-

മുമ്മറത്തിരുന്നിട്ടി-

ങ്ങോരോന്നു ചൊല്ലീടുമ്പോൾ

വന്നിടുന്നൊരാൾ വേഷം

കാലുറയിട്ടുംകൊണ്ടാ-

ണെന്നെനോക്കിയിട്ടായാ-

ളുറക്കെച്ചിരിക്കുന്നു


പെട്ടിയുണ്ടൊരുകയ്യിൽ

നിശ്ചയം ! കണ്ടിട്ടൊരു

കുട്ടി പിടുത്തക്കാരൻ!

ഞാനങ്ങു,ഭയന്നേപോയ്

കെട്ടിപ്പിടിച്ചൂ,ചെന്ന-

ക്കുഞ്ഞാഞ്ഞിതന്നെ,ക്കര-

ഞ്ഞൊത്തിരിനേരംകണ്ണും-

പൂട്ടിനില്പായീകഷ്ടം


കാലിലെ പൊത്തുള്ളൊര-

ച്ചെരിപ്പുമഴിച്ചിട്ടു

പോയല്ലോ പുറത്താള-

വാതിൽപ്പാളികൾനീക്കി

തെക്കിണിപ്പടിയിന്മേൽ

കേറിയിരിപ്പാണിപ്പോ-

ളച്ഛനമ്മമാർനില്ക്കേ

തെല്ലുകൂസലെന്നിയേ


മീശയുംപിരിച്ചിട്ടു-

തൂണുംചാരിയാണല്ലോ

ഓട്ടക്കണ്ണിനാൽനോക്കേ

കാണുമ്പോൾ ഭയംതോന്നും

ഭീതിയാണെനിക്കങ്ങു

കേറിച്ചെല്ലുവാനയ്യോ

പോകേണ്ടെന്നി"യ്യേത്തി"യും

സോദരി കൈകൾ കൂപ്പി


ഈവിധം കനീയസി

ചൊല്ലവേ,കുഞ്ഞാഞ്ഞിയൊ-

ന്നൂറിച്ചിരിച്ചുംകൊണ്ടു

 മെല്ലെപ്പറഞ്ഞൂ കാര്യം

പേടിക്കവേണ്ടോമനേ

ചെന്നാലുമകത്തേയ്ക്ക-

ങ്ങാരെന്നറിഞ്ഞോ,നിങ്ങൾ

വാസ്വട്ടനല്ലേ ,വന്നൂ...!

            ********

ഗിരിജ ചെമ്മങ്ങാട്ട്  

കനീയസി =അനുജത്തി

Tuesday, 21 November 2023

 അമ്മുക്കുട്ടി ടീച്ചറുടെ ആത്മഗതങ്ങൾ

ചെറുകഥ 

                  ഉമ്മറത്തെ ചാരുകസേരയിൽ അമ്മുക്കുട്ടി ടീച്ചർ ഇരിക്കുകയാണ്.സമയം സന്ധ്യ. വീട്ടിൽ ആരുമില്ല.എല്ലാവരും അമ്പലത്തിലാണ്. അമ്പലത്തിൽ ഇന്ന് ദേശവിളക്കാണ്. അഞ്ച് അമ്പലം കൂട്ടിയ വിളക്ക്. മക്കളും മക്കളുടെ മക്കളും എല്ലാവരും വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ അമ്പലങ്ങളും മറ്റ് അലങ്കാരങ്ങളും കാണാൻമോഹിച്ച് പോയിരിക്കയാണ്.

കൂട്ടത്തിൽ തേവരേം ഒന്നു തൊഴണം.ടീച്ചർ ഒറ്റയ്ക്കല്ലാട്ടോ.സഹായത്തിന് ഒരു ഒറീസ്സക്കാരി കുട്ടിയുണ്ട്.അവൾ മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നു.എന്നാലെന്താ ടീച്ചറുടെ കാര്യങ്ങൾ ഭംഗിയായി ചെയ്യും.വീട്ടുകാര്യങ്ങളും അറിയാം.നന്നായി ദെഹണ്ണവും അറിയാം.കേരളാവിഭവങ്ങളും ഒരുക്കാനറിയാം.വിളക്കുകൊളുത്തും,നാമംജപിക്കും,നമസ്ക്കരിക്കും..നല്ല കുട്ടി. ടീച്ചർക്ക് നന്നേബോധിച്ചു.

                          ടീച്ചറുടെ ശരിയായ പേര് രുക്മിണി എന്നാണ്‌.ആർക്കും അറിയില്ല.അതുപോലെ ടീച്ചർ ഒരു ടീച്ചറായിരുന്നു എന്ന കാര്യവും.മക്കൾക്കും പിന്നെ വല്ലപ്പോഴും കാണാൻ വരുന്ന എവിടെയൊക്കെയോ ജീവിക്കുന്ന അപൂർവ്വം ശിഷ്യർക്കും മാത്രം അറിയാം.പ്രായം നൂറിനോടടുക്കും.ഓർമ്മക്കുറവ് ഒട്ടുമില്ല.ശാരീരികമായി കുറച്ച് അസ്വസ്ഥതകളുണ്ട് എന്നുമാത്രം. 

                        മക്കളുടെ പേരക്കുട്ടികളെ കാണുമ്പോഴൊക്കെ ടീച്ചർക്ക് തന്റെ കുട്ടിക്കാലം ഓർമ്മവരും.ബാല്യത്തിലെ ഓർമ്മകൾ.അതിനുമുമ്പുള്ള ശൈശവം.പറഞ്ഞുകേട്ട കഥകളാണ്.അത് ഓർത്തോർത്തിരിക്കാൻ രസമാണ്.

                   ടീച്ചറുടെ വല്യേട്ടനാണ് രാമേട്ടൻ.അമ്മാമന്റെ മകനാണ് കൃഷ്ണേട്ടൻ.ടീച്ചറേക്കാൾ പത്തുവയസ്സിനു മൂത്തവർ.സുഹൃത്തുക്കൾ.അയൽക്കാർ.കളിയും,കുളിയും,അമ്പലത്തിൽപ്പോക്കും ഒപ്പം. ഒരിക്കൽമുത്തശ്ശി അവരെഒരുകാര്യമേൽപ്പി

ച്ചു.രണ്ടാളും അമ്പലത്തിൽ പോകുമ്പോൾ താഴെയുള്ള കുട്ടികളെ തൊഴീക്കാൻ കൊണ്ടുപോകണം.അമ്മമാർക്ക് ഒഴിവുണ്ടാകില്ല,എല്ലായ്പ്പോഴും. രണ്ടാളും റെഡി.രാമൻ മെലിഞ്ഞ കുഞ്ഞുരുക്മിണിയെ എടുക്കും.കൃഷ്ണൻ ദ്വിതീയപാണ്ഡവനെപ്പോലെയുള്ള അനിയൻ കുഞ്ചുവിനേയും.അമ്പലത്തിൽ തൊഴുത് പ്രദക്ഷിണം വെയ്ക്കുമ്പോഴേയ്ക്കും കൃഷ്ണൻ തളരും.അപ്പോൾ സ്നേഹിതൻ സന്മനസ്സുകാണിക്കും.കുട്ടികളെ കൈമാറും.ഏതോ ഒരു സിനിമേല് താലം കൈമാറണ ഒരു രംഗം ഉണ്ടല്ലോ,അതു കാണുമ്പോഴൊക്കെ ടീച്ചർ ഇതോർമ്മിച്ചുചിരിക്കും.

                   രുക്മിണിക്കുട്ടിക്ക് അഞ്ചുവയസ്സായി.മുത്തശ്ശിക്ക് ഒരു മോഹം. അവളുടെകെട്ടുകല്യാണംപൊടിപൊടിക്കണം.കൃഷ്ണനെക്കൊണ്ടുതന്നെ കെട്ടിക്കാം.രാത്രിയാണ് കല്യാണം. കൃഷ്ണൻ പന്തലിൽ ഇരിപ്പായി.രുക്മിണി അമ്മയുടെ മടിയിൽ ഉറക്കവും. രാവിലെ ഉണർന്നപ്പോൾ കഴുത്തിൽ ഒരു ചരടും ഏലസ്സുപോലെഎന്തോ

ഒന്നും കണ്ട് കുട്ടി അത്ഭുതപ്പെട്ടു !

                            കെട്ടുകല്യാണംകഴിഞ്ഞ പെണ്ണ് സ്കൂളിൽ ചേർന്നു.ഏഴാംക്ലാസിലെത്തി.കൃഷ്ണനും വളർന്നു.ഇരുപത്തിരണ്ടു വയസ്സുള്ള യുവാവായി.അടുത്തുള്ള പള്ളിക്കൂടത്തിൽ വാദ്ധ്യാരുമായി.അപ്പോൾ അമ്മായിക്ക് ( കൃഷ്ണന്റെ അമ്മ)ഒരു മോഹം.തന്റെ ഏട്ടന്റെ മകൾ ദേവൂനെ കൃഷ്ണനെക്കൊണ്ട് കല്യാണം കഴിപ്പിക്കണം.അമ്മയുടെ ഇംഗിതമറിഞ്ഞ കൃഷ്ണൻ മൗനിയായി.അമ്മ യ്ക്ക് സംഭ്രമമായി.അവർ മകന്റെ മനസ്സിലിരിപ്പറിയാൻ ശ്രമമായി.ഒടുക്കം അയാൾ മനസ്സുതുറന്നു.താൻ കെട്ടുകല്യാണം കഴിച്ച പെണ്ണിനെ മാത്രമേ കെട്ടുള്ളൂ എന്ന്.ഇത്രയുമായപ്പോൾ ടീച്ചറുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു.

" നാനീമാ...എന്തേ ചിരിച്ച്...?" ഒറീസ്സക്കുട്ടി തിരക്കി.ടീച്ചർ വീണ്ടും ചിരിച്ചു. അന്ന് ടീച്ചർക്ക് വയസ്സ് പന്ത്രണ്ട്.കൃഷ്ണേട്ടൻ ഒത്ത ഒരു ബാല്യക്കാരൻ.

                  ഒരിക്കൽ ഇതെല്ലാം തന്റെ മുതിർന്ന പേരക്കുട്ടിയോട് പറഞ്ഞപ്പോൾ,  " അയ്യയ്യേ...ഈ പന്ത്രണ്ട് വയസ്സുള്ള അമ്മമ്മയെക്കൊണ്ട് മുത്തശ്ശൻ എന്തുചെയ്യാനാണ് " എന്ന് അവൾ കളിയാക്കി.ടീച്ചർ അവളുടെനേരെ കയ്യോങ്ങി.അല്ലെങ്കിലും അവളൊരു വായാടിയാണ്.അവളുടെ കുഞ്ഞുകൊച്ചമ്മയെപ്പോലെ.

കൃഷ്ണേട്ടൻ എത്ര മര്യാദക്കാരനായിരുന്നു,ടീച്ചർ ഓർക്കുന്നു.അദ്ദേഹം ഒരിക്കലും തന്നെ വേദനിപ്പിച്ചിട്ടില്ല.

                      കുഞ്ഞുകൊച്ചമ്മ എന്ന തങ്കം, ടീച്ചറുടെ ഇളയ മകളാണ്.ആറുപെൺമക്കളാണ്. ടീച്ചർക്ക് അഞ്ചുപെൺകുട്ടികൾക്കുശേഷം ടീച്ചർ ആറാമതും ഗർഭവതിയായപ്പോൾ ഇത് ആൺകുട്ടിതന്നെ എന്ന് എല്ലാവരും ലക്ഷണംപറഞ്ഞു.ടീച്ചറും കൃഷ്ണേട്ടനും മോഹിച്ചു. അങ്ങനെ ദിവസമടുത്തു.ടീച്ചർക്ക് നല്ല നോവുണ്ടായിരുന്നു.വയറ്റാട്ടി  മുതുകുതലോടിക്കൊണ്ട് ടീച്ചറെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ഒടുവിൽ സമയം വന്നു.പുറത്തുവന്ന കുഞ്ഞ് പൊട്ടിക്കരയാൻ തുടങ്ങി. ടീച്ചർക്ക് ക്ഷീണത്തിനിടയിലും ആകാംക്ഷ!സൂതികാഗൃഹത്തിന്റെ പുറത്തുനിൽക്കുന്ന കൃഷ്ണേട്ടനും മറ്റുള്ളവർക്കും അതിലേറെ.അപ്പോൾ വയറ്റാട്ടി പതുക്കെ പറഞ്ഞു," അമ്മുട്ട്യമ്മേ..ഇതും പെണ്ണാട്ടോ..സാരല്യ, ഈശ്വരൻ തന്നതല്ലേ,ആറാംകാല്  പെണ്ണ് ഐശ്വര്യാത്രേ.രുക്മിണീദേവി ആറാംകാലാത്രേ."അല്പം പുരാണപാരായണമൊക്കെ ഉള്ള വയറ്റാട്ടി പറഞ്ഞു.

               ഒരുനിമിഷം....ടീച്ചർക്ക് ആ അലറിക്കരയുന്ന കുഞ്ഞിനോട് കടുത്ത വിരോധം തോന്നി, ഒരുനിമിഷം മാത്രം. വയറ്റാട്ടി കരയുന്ന കുഞ്ഞിനെ ടീച്ചറുടെ ചെരിച്ചുവെച്ച മുഖത്തോടടുപ്പിച്ചു.കുഞ്ഞിന്റെ കരഞ്ഞുതുടുത്ത മുഖവും വലത്തേക്കവിളിൽ തെളിഞ്ഞുകാണുന്ന കുഞ്ഞുമറുകും കണ്ടപ്പോൾ ടീച്ചറുടെ ഹൃദയം വാത്സല്യംകൊണ്ട് ചുരന്നു.അങ്ങനെ, ഒരേഒരുനിമിഷത്തിന്റെ  ചാഞ്ചല്യത്തിൽ കുറ്റബോധംകൊണ്ടാവാം തങ്കത്തിനോട് കൂടുതൽ ലാളനയാണ് അമ്മയ്ക്ക്.മറ്റുമക്കൾക്ക് അമ്മയോട് പരിഭവവും.

                അമ്പലത്തിൽ ഉറക്കെ പാട്ടുവെച്ചു.ടീച്ചർക്ക് പാട്ട് ഇഷ്ടമാണ്.പക്ഷേ ഇത്ര ഉച്ചത്തിൽ കേൾക്കാൻ ഇഷ്ടമല്ല.തങ്കം നന്നായി പാടും.ടീച്ചർ അവളെക്കൊണ്ട് നല്ല ഭക്തിയുള്ള സിനിമാഗാനങ്ങൾ പാടിക്കാറുണ്ട്.

                         ടീച്ചർ എന്നും സന്തോഷവതിയാണ്.അതാവും ടീച്ചറുടെ ആരോഗ്യത്തിന്റേം ആയുസ്സിന്റേം രഹസ്യം.ടീച്ചർക്ക് ഒരാഗ്രഹംകൂടിയുണ്ട്.തന്റെ ആദ്യത്തെ പേരക്കുട്ടിക്ക് ഒരു പേരക്കുട്ടിയുണ്ടായിക്കാണാൻ.അഞ്ചാംതലമുറകാണാൻ യോഗമുണ്ടായ മുതുമുതുമുത്തശ്ശിക്ക് സ്വർഗ്ഗപ്രാപ്തിയുണ്ടാകും എന്നാണ് കൃഷ്ണേട്ടൻ പറയാറുള്ളത്.ടീച്ചർ ഓർക്കുന്നു.

        അമ്പലത്തിൽ നിന്ന് തിരിച്ചുവരുന്നവരുടെ ചെരിപ്പിന്റെ ശബ്ദം കേട്ടപ്പോൾ അമ്മുക്കുട്ടി ടീച്ചർ മനോരാജ്യത്തിൽനിന്നുണർന്നു.പുറത്ത് കനത്ത ഇരുട്ടുപരന്നിരുന്നു.

                              ******       

ഗിരിജ ചെമ്മങ്ങാട്ട്

Monday, 13 November 2023

 അവധി


ഉമ്മറത്തുള്ളൊരു ചാരുകസേരമേ-

ലുണ്ണിതൻമുത്തശ്ശനാണിരിപ്പൂ

തിങ്ങുമുത്സാഹിയായ്  വിദ്യാലയത്തീന്നും

വന്നെത്തിബാലകൻ തോഷമോടെ

"എന്തേവിശേഷമിടവേളയായില്ല

നിങ്ങളെ വിട്ടതിന്നിത്രവേഗം"

മന്ദമായാരാഞ്ഞ,മാതാമഹൻതന്നോ-

ടിമ്പത്തിലോതിയക്കൊച്ചുകുട്ടൻ


" തമ്പിമാഷുണ്ടായിരുന്നുപോൽ,പണ്ടെന്റെ

പള്ളിക്കൂടത്തിൽ പഠിപ്പിക്കുവാൻ

ഇന്നുകാലത്താണുസ്വർഗ്ഗത്തിലേയ്ക്കുപോ-

യെന്നറഞ്ഞപ്പോളവധികിട്ടി"


കുഞ്ഞന്റെശബ്ദമിറയത്തുകേൾക്കവേ-

വന്നൂ ജനയിത്രി,യുള്ളിൽനിന്നും

"തെല്ലു,മഴുക്കായിട്ടില്ലനിൻകുപ്പായം

മെല്ലെയഴിച്ചുനീ മാറ്റുവേഗം"


അമ്മതൻശാസന കേൾക്കാത്തഭാവത്തിൽ

വെള്ളക്കുപ്പായത്തിലോടി കണ്ണൻ

ചന്തുവുംചേട്ടനും കാത്തുനിൽക്കുന്നുണ്ട-

ങ്ങമ്പലമുറ്റത്തു പന്തുതട്ടാൻ 


മങ്ങുംമുഖവുമായ് നിൽക്കുന്ന പുത്രിയെ

മന്ദസ്മിതത്തോടെ നോക്കിയച്ഛൻ

മെല്ലേയടുത്തേയ്ക്കുചേർത്തുനിർത്തീട്ടുടൻ

ചൊല്ലി,"നീയച്ഛന്നുവാക്കുനൽകൂ


ഞാനു,മടുത്തൂണായ്പോന്നൊരദ്ധ്യാപക-

നാണെന്നറിയുന്നതാണുനീയും

നാളെ,ഞാനീഭൂമിവിട്ടീടുമെന്നതും

നീയോർപ്പു,നിശ്ചയംസത്യമല്ലോ


ബാലികേ,നീയെൻചരമവൃത്താന്തത്തെ

നേരായനേരത്തേ നൽകിടാവൂ

സ്കൂളിന്റെ ബെല്ലടിച്ചീടവേ കുട്ടിക-

ളേവരുംനേർവരിചേർന്നുനിൽക്കേ

പ്രാർത്ഥനാ ഗീതം കഴിഞ്ഞു താന്താങ്ങൾതൻ

ക്ലാസ്സുമുറിയിലേയ്ക്കോടീടവേ

കൂട്ടമണികേൾക്കുന്നേരം കിടാങ്ങൾതൻ

നാട്യം ഞാൻ കാണ്മൂ മനസ്സിലിപ്പോൾ

പണ്ടുഞാൻ വിദ്യാലയത്തിലെത്തീടുമ്പോൾ

പുഞ്ചിരിനൽകിടും ശിഷ്യവൃന്ദം

ഇന്നുഞാൻ,മന്നിതു വിട്ടുപോകുമ്പോഴും

കുഞ്ഞുങ്ങളാർത്തുചിരിച്ചിടേണം

                     ****************

ഗിരിജ ചെമ്മങ്ങാട്ട്

Tuesday, 7 November 2023

 പൗർണ്ണമി


നാലുമണിയ്ക്കുള്ള ബെല്ലടിച്ചീടവേ

ഞാനെന്റെ തോഴിയുമൊത്തൊരിക്കൽ

ഓരോരോ നാട്ടുവിശേഷങ്ങളുംചൊല്ലി-

യൂടുവഴിയോരം ചേർന്നുപോകേ


"നാളെയാണമ്പലമുറ്റത്തുനാടകം

പോകണംനമ്മൾ തൊഴുതശേഷം"

സ്നേഹിതയോതവേ,ഞാനും തല-

യാട്ടി,വേണമെന്നേയെനിക്കുള്ളിൽമോഹം


അഞ്ചാറുവാരനടക്കവേ,നില്പവ-

ളെന്തോവിഷമം പിണഞ്ഞപോലെ

" എന്റെപാവാട!", ഭയന്നവൾ പാതിയിൽ

മെല്ലേമൊഴിഞ്ഞൂ വിറച്ചുകൊണ്ടേ


എന്തെന്നു നോക്കവേ മന്ദംപറഞ്ഞേ,നെൻ

"പഞ്ചമീനീയിന്നു "പൗർണ്ണമി"യായ്

തെല്ലുമിടറേണ്ട,പോകാമടുത്താണു

പണ്ടു ഞാൻ പോയൊരെൻ പാഠശാല"


ഏറ്റംവിജനമായുള്ളൊരാസ്കൂളിന്റെ

ഗേറ്റുകടന്നൂ തിടുക്കമോടെ

വൃത്തിയായേറ്റം സുരക്ഷിതമായുള്ള

കൊച്ചുമറപ്പുരകേറ്റിമെല്ലെ


മുറ്റത്തുകണ്ടകിണറ്റിൽനിന്നായത്തി-

ലുത്സാഹമോടെഞാൻ കോരിവെള്ളം

കൂട്ടുകാരിയ്ക്കേകി,മെല്ലെ,ക്കഴുകുവാൻ

കൂട്ടുചേർന്നല്ലോ മടിച്ചിടാതെ


കുട്ടിപ്പാവാട നനഞ്ഞെന്നിരിക്കയാ-

ലൊട്ടുമടിച്ചവൾ വിങ്ങിനിൽക്കേ

വീട്ടിലേയ്ക്കെത്തിച്ചൊരാളുമറിയാതെ-

യോർക്കവേയിന്നുംചിരിപ്പുഞങ്ങൾ


                      ഗിരിജ ചെമ്മങ്ങാട്ട് 

                           ****************

Friday, 3 November 2023

 എന്നെങ്കിലും നീ പീലിനീർത്തിയാവേശത്തോടെ

പെണ്മണിമാരെക്കാട്ടാൻ നൃത്തമാടീടുന്നേരം

മുന്നിൽവന്നെടുത്തീടും നിന്റെ ചാഞ്ചാട്ടം മൊബൈൽ-

തന്നിൽ,ഞാൻ വാട്സാപ്പായെൻ തോഴിക്കു ഫോർവേഡ് ചെയ്യും 🤭🤭🤭


ചൊല്ലിച്ചൊല്ലി നീ തളർന്നോ

തുമ്മിത്തുമ്മി നീ മുഷിഞ്ഞോ

നീചൊല്ലിയ കവിതയ്ക്ക്

നൂറാളുകൾ ലൈക്കിട്ടു...😍🥰


പൂട്ടിവെച്ചുഞാൻ മൂലയ്ക്കുതള്ളിയ

പാട്ടുപെട്ടി തുറന്നവളല്ലെ,നീ

കൂട്ടമായുള്ളൊരുല്ലാസയാത്രയ്ക്കു

പാട്ടുപാടിരസിച്ചു പോയീടുക..


അമ്മയ്ക്കു മോഹം കുഞ്ഞായൂഞ്ഞാലിലാടീടുവാൻ

തന്മകൾ രാഗത്തോടെയാട്ടിക്കൊടുത്തൂ മെല്ലെ

പിന്നെയുമൊരാഗ്രഹം വാജീവാഹനമേറാൻ

നന്മകൻമോദം പൂണ്ടു സാഫല്യമാക്കിത്തീർത്തു.😍😍


മനസ്സിൽചേർത്തുള്ളവർക്കല്ലാതെയാർക്കായിസ്സ-

ന്മനസ്സോടെഞാൻദൈവത്തോടുയാചിച്ചീടുന്നു !

അല്ലല്ലെൻതോഴിയാണെന്നും

മന്നിലേറ്റം മിടുക്കിയായ്


തിരക്കുകൊണ്ടങ്ങു വളർന്നുനിൽക്കും

കടുപ്പമില്ലാത്തൊരുതോഴിയാൾക്കായ്

ഇനിപ്പമോടൊത്തു പറഞ്ഞിടാം ഞാൻ

മടുപ്പുചേരാതൊരു സുപ്രഭാതം 


എന്തുതിരക്കിലാ,ണോൺലൈനാണെന്നാലു-

മെന്റെ മെസ്സേജുകൾ കാണുന്നില്ല

എന്നുവിഷാദിച്ചിരിക്കവേ ദേ വന്നു

വന്ദനം തന്നിലെ പാട്ടുമായി


മനസ്സിൻപിന്നാലോടിയെത്തീടാൻ കഴിവില്ല

പറന്നെത്തീടാൻ കഷ്ടം പത്രങ്ങളില്ലേയില്ല

ഒരിക്കൽക്കൂടൊന്നുകണ്ടീടാനായ് മോഹിക്കുന്നു

പതുക്കെയെല്ലാമൊരു സ്വപ്നം പോൽ മാഞ്ഞീടുന്നു.


ഉണ്ണിയായീടാൻ കൊതിച്ചൊരക്കുഞ്ഞന്നു

പെണ്ണായ്പിറന്നെന്നുവെന്നാകിലും

വിണ്ണിലിരുന്നമ്മ കൺകുളീർത്തീടയാം

രണ്ടുപുരുഷക്കരുത്തുകാൺകേ


മിണ്ടില്ലൊരാഴ്ചഞാനേറെത്തിരക്കുള്ളൊ-

രെൻതോഴിയോടിനിയെന്നായ് നന്നായുറപ്പിച്ചിരിയ്ക്കവേ,പിന്നെയി

ന്നേന്തേ" കുറുപ്പിന്നുറപ്പോ ?"🤭😂


ജീവിതസമരത്തിൽ ജയിച്ചുമുന്നേറവേ

പാവം മിണ്ടാപ്പൂച്ചയോ വായാടിപ്പെണ്ണായ്മാറി

ഏറെമിണ്ടീടുന്നോളോ ജീവിതയുദ്ധംകാൺകേ-

യേറെനേരവും മൗനംപൂണ്ടാണങ്ങിരിപ്പായി.


കുന്നോളമേകിടുകരാഗം മടിക്കാതെ

നിന്നോടുചേർന്നവർക്കായ്

നന്നായിവാണിടുകയെന്നു"മുത്ര"ത്തിലൊരു-

വിൺദേവിപോലെയഴകീ

എന്നല്ല,മുന്നമൊരുപൊൻവേണുവെന്നപോ-

ലെന്നുള്ളിൽവന്നുവിലസീ

എന്നെന്നു,മെൻപാട്ടിനീണംപണിഞ്ഞിട്ടു

സമ്മാനമായ്ത്തരിക നീ

Wednesday, 1 November 2023

 മനസ്സുതുറന്നേറെ ചിരിച്ചെന്നാലോ,ചിത്തം

അടക്കാനാവാത്തപോൽ വളർന്നുവിളങ്ങീടും

മനസ്സുതുറന്നല്പം കരഞ്ഞെന്നാലോ,ചിത്തം

കടുത്തഭാരം വിട്ടു  പഞ്ഞിപോൽ പറന്നീടും


പറഞ്ഞ വാക്കെല്ലാം വെള്ളി

പറയാത്തവ സ്വർണ്ണവും

ടോൾസ്റ്റോയ് വാക്കതുകേട്ടത്രെ

സ്വർണ്ണഭണ്ഡാരമായി ഞാൻ!



വയസ്സേറുമ്പോൾ സ്വയം വലിഞ്ഞുമനസ്സിനെ-

യുണക്കക്കൊട്ടത്തേങ്ങപോലെനാമൊരുക്കേണം

ഋഷിത്വംവന്നോർ,പണ്ടേ പറഞ്ഞെന്നാലും കഷ്ട-

മെനിക്കിന്നുള്ളിലീമോഹം കരിക്കായ്  വീണ്ടും മാറാൻ

ഗിരിജ ചെമ്മങ്ങാട്ട്

Monday, 30 October 2023

 സ്നേഹബന്ധം

വിദ്യാലയത്തീന്നും പോകുന്നുകുട്ടികൾ

വർഷത്തിലെല്ലാം വിനോദയാത്ര

കുട്ടിക്കുമാത്രമില്ലന്നൊട്ടുമുത്സാഹം

പുത്തനുടുപ്പൊന്നു കിട്ടായ്കയാൽ 

അമ്മതന്മുമ്പിൽ വിഷാദിച്ചിരിക്കുന്നു

കുഞ്ഞുമോൾ കണ്ണുനിറച്ചുകൊണ്ടേ

"ശമ്പളംകിട്ടിയില്ലച്ഛനിന്നേവരെ

എന്തമ്മ ചെയ്യേണ്ടു,പൊന്നുമോളേ"

ഉച്ചവെയിലാറി,തിണ്ണമേലപ്പോഴും

കൊച്ചു,കമിഴ്ന്നു കിടന്നിടുന്നു

കച്ചത്തോർത്തൊന്നു,ചുമലിലേയ്ക്കിട്ടമ്മ-

യൊട്ടു,ശങ്കിച്ചിട്ടു യാത്രയായി

നേരമിരുട്ടുന്നു കാണുന്നില്ലമ്മയെ

വേവലാതിപ്പെട്ടിരിപ്പു,ചെല്ലം

ഊറിച്ചിരിയുമായമ്മവന്നെത്തിയി-

ട്ടേകുന്നു,സമ്മാനമങ്ങുമോദാൽ

പത്രക്കടലാസിൽ ഭദ്രം പൊതിഞ്ഞൊര-

പ്പട്ടുടുപ്പും കണ്ടുകൺകുളിർക്കേ

" ഇട്ടുപോയീടണം, ചുക്കിച്ചുളിക്കാതെ-

യിഷ്ടത്താൽ നൽകി നിൻ കൂട്ടുകാരി"

                              ****

കാലമേറെച്ചെന്നു,ഞാനിന്നുചൊല്ലിയെൻ

തോഴിയോടിക്കാര്യം സ്നേഹമോടെ

ആയവൾക്കോർമ്മയില്ലെന്നവളാശ്ചര്യം

കൂറുന്നിതാണല്ലോ സ്നേഹബന്ധം !

                        ********

ഗിരിജ ചെമ്മങ്ങാട്ട്. 






Monday, 16 October 2023

 ഏട്ടൻ 


അമ്മതന്നങ്കതടത്തിൽകിടന്നതാ

അമ്മിണിപ്പൊൻകിടാവേങ്ങിടുന്നു

"എന്തെന്റെയമ്മയെനിക്കായിനൽകിയി-

ല്ലിന്നേവരേയ്ക്കുമെൻ കുഞ്ഞേട്ടനെ

രാധയ്ക്കുമുണ്ടെന്റെ തോഴിയായുള്ളൊരാ

ഗീതയ്ക്കുമുണ്ടു രണ്ടാങ്ങളമാർ

ഓടിവന്നെന്നെയൊന്നൂഞ്ഞാലിലാട്ടുവാ-

നാരുമില്ലെന്നവൾ മാഴ്കിടുന്നു"

കുഞ്ഞിൻമൃദുമേനി തൊട്ടുതലോടിയാ-

ണമ്മ മൊഴിഞ്ഞൂ ചിരിച്ചുകൊണ്ടേ

"എന്തിനെൻകണ്ണേ വിതുമ്പുന്നു മൂന്നുപേ-

രില്ലേ,നിനക്കത്രെ,യേട്ടത്തിമാർ

ഏട്ടനെപ്പോലെ കരുത്തരല്ലേ ,നിന്നെ-

യേറ്റമരുമയായ് കാൺവൊരല്ലേ

കേട്ടതായ്പ്പോലും നടിക്കാത്ത കണ്മണി

കേട്ടുവോ മുറ്റത്തെ പാദശബ്ദം

"ചിറ്റമ്മേ നന്നായ് വിശക്കുന്നു",നോക്കവേ

കുട്ടേട്ടനാണതാ വന്നുനില്പൂ

കുട്ടിയെ തന്നിൽനിന്നൻപോടെമാറ്റിയാ-

ക്കുട്ടന്നുചോറു വിളമ്പിയമ്മ

ഏട്ടത്തിമാരെല്ലാമേട്ടന്നുചുറ്റുമാ-

യാർത്തുല്ലസിച്ചുരസിച്ചിടുമ്പോൾ

കേട്ടതേയില്ലെന്നു ഭാവിച്ചു കണ്മണി

വീർത്തമുഖവുമായങ്ങിരിപ്പൂ

" എന്താണാപ്പെണ്ണിന്നു മോങ്ങാനിരിക്കുന്നു

തല്ലുകൊടുത്തുവോ നിങ്ങളാരാൻ?"

തെല്ലു,നേരംപോക്കായേട്ടനാരാഞ്ഞിടേ

മന്ദഹസിച്ചു പറഞ്ഞിതമ്മ

" എന്നോടവൾക്കുപരിഭവം,ഞാനെന്തേ-

യണ്ണനൊരാളെക്കൊടുത്തതില്ല"

എല്ലാരുമൊന്നായ് ചിരിക്കവേ പൊന്മണി-

യുല്ലാസമില്ലാതിരിപ്പുതന്നെ "ദാഹമുണ്ടാ,രാണെനിക്കാദ്യമോടിവ-

ന്നേകിടും വെള്ളം മടിച്ചിടാതെ

ആ മിടുക്കിക്കുഞാനേട്ടനായ് വന്നീടു-

മീവരും ജന്മത്തിലെന്നുസത്യം"

സോദരവാക്കതുകേട്ടനേരം കുഞ്ഞി-

ന്നാനനം പൂപോൽ വിടർന്നുവന്നു

ഓമനിക്കാൻതോന്നുമച്ചെറുകൈകളാ-

ലേകിയന്നേട്ടന്നു പാനപാത്രം. 

                    ********

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 15 October 2023

 

എന്റെ ശ്യാമവർണ്ണൻ


വേളിപ്പെണ്ണായ് ഞാനാണി-
ന്നൊറ്റക്കീയകത്തെന്നെ-
ക്കാണുവാനെല്ലാവരും
നിൽക്കുന്നൂസകൗതുകം
രാവെത്താറായെന്നുള്ളൊ-
രുൾപ്പുളകത്തോടേഞാ-
നോരോരോവിചാരത്താൽ
നാഴികയെണ്ണീടുമ്പോൾ
വന്നെത്തിയെൻചാരത്താ-
യെൻനാഥൻ ,കറുത്തിട്ടാ-
ണെന്നല്ലു,യർന്നിട്ടല്ല
തോളുകൾ,വിരിഞ്ഞതേ-
യല്ല മാറിടം,തിങ്ങി-
നിറഞ്ഞരോമങ്ങളു-
മില്ല,യെന്തെന്നേയൊന്നു
തൊട്ടതുമില്ലെന്നാലു-
മെന്നോടുചൊല്ലീടുന്നൂ
മന്ദമായ് ചിലതെല്ലാ-
മെന്തെന്നുകേൾക്കുന്നില്ല-
യെങ്കിലുമറിഞ്ഞൂ,ഞാ-
നെന്നാലു മാ,നാദത്തി-
ലെന്നോടുകാരുണ്യവു-
മുണ്ടുരാഗവും ബഹു-
മാനത്തിൻ കരുതലും
ആ മുഖമുള്ളിൽച്ചേർക്കാൻ
ഞാൻ കണ്ണൊന്നുയർത്തീടവേ
കാണാതായ്പോയാനെങ്ങോ
ഞാനൊരു കിനാവിലോ
               *******
അജ്ഞാതകർത്തൃകം





Friday, 13 October 2023

 വേളി

ഇല്ലത്തു വേളിയാണല്ലോ

പിള്ളേർക്കെല്ലാമൊരുത്സവം

തുള്ളിച്ചാടിക്കളിക്കാനാ-

യെല്ലാരും ചെന്നു "മച്ചിലായ്"

"വേളിക്കളി" കളിച്ചീടാം

നാമി,ന്നെന്നൊരു ബാലകൻ

ആവാമെന്നാർത്തുപാടുന്നു

കൂടെയുള്ള മിടുക്കരും

പെണ്ണേതെന്നുള്ളകാര്യത്തിൽ

സംശയിക്കേണ്ട നിശ്ചയം

തേതിക്കുട്ടിയതാണേറ്റം

കാണാൻ സൗന്ദര്യമുള്ളവൾ

കന്യാദാനം നടത്തീടാൻ

താതൻ ഞാനെന്നു ചൊന്നൊരാൾ

വാൽക്കണ്ണാടിയും മാലേം

നൽകാൻ,ഭദ്ര,യൊരമ്മയായ്

മലർ,വാരിക്കൊടുത്തീടാൻ

വരാം സോദരനായിഞാൻ

*"കുടി" പിടിയ്ക്കാൻ വന്നീടാ

മെന്നു,മാതുലനാണുഞാൻ

ഓതിയ്ക്കനാവാം താനെന്നാ-

യോനിച്ചുണ്ണിയൊരാളഹോ

പാനക്കുടമുഴിഞ്ഞീടാൻ

ദേവസേനയൊരുക്കമായ്

ആയിരത്തിരി കാണിക്കാൻ

നീലാണ്ടൻ വന്നുനിൽക്കയായ്

വേളിയോത്തുമുഴക്കാനായ്

നാലാളെത്തീ,സമർത്ഥരായ്

വേളിക്കാരനെയാരാഞ്ഞി-

ട്ടേവരും നോക്കിനിൽക്കവേ

ഞാനാവാം,തേതിതൻമുന്നി-

ലാവിർഭവിച്ചു,മറ്റൊരാൾ

ശൈശവം വിട്ടുമാറാത്ത

കുസൃതിക്കണ്ണുകൊണ്ടവൾ

മുന്നിൽനിന്നവനെക്കണ്ടു

മെല്ലെ,പുച്ഛത്തൊടോതിനാൾ

"കാക്കക്കറുമ്പനയ്യയ്യേ !

ഞാനില്ലി,ന്നീ,ക്കളിക്കിനി"

ആനനം താഴ്ത്തി നില്പായീ

ശ്യാമവർണ്ണൻ വിവർണ്ണനായ്

" കുട്ട്യോളെല്ലാരുമെത്തീടിൻ

ഉണ്ടിട്ടിനി കളിച്ചിടാം"

അശരീരിയുയർന്നപ്പോൾ

വിരവിൽ പാഞ്ഞു ബാലകർ

                     *****

വർഷങ്ങൾ പലതുംചെന്നു

തേതിക്കുട്ടി വളർന്നുപോയ്

വിവാഹസുദിനം വന്നൂ

വേദി തെക്കിനിയാണുപോൽ

മന്ത്രകോടിയുടുപ്പിച്ചി-

ട്ടമ്മാമി,യന്നൊരുക്കവേ

നാലുമുണ്ടുതെറുത്തിട്ടു

മൂടിയ,പ്പെൺകിടാവിനെ

"ഉത്തരീയം ധരിച്ചാളെ

നോക്കാം" വൈദിക,നോതവേ

ചെറുതാം വിടവിൽക്കൂടാ-

"മുഖദർശന" മൊത്തുവോ !

ആദ്യരാത്രിയിൽ നാണത്തോ-

ടറയിൽ ചെന്നിരുന്നവൾ

ഇരുകയ്യാൽ മുഖംപൊക്കി-

ക്കാന്തൻ ചോദിച്ചു മെല്ലവേ

"പറയൂ,ദേവി,ഞാനിന്നും

നിൻകണ്ണിന്നു കറുമ്പനോ?

അരുതെന്നവൾ വായ്പൊത്തി-

" യങ്ങിപ്പോൾ കാമദേവനാം"😂😂

                  *************

ഗിരിജ ചെമ്മങ്ങാട്ട് 

കുടി പിടിക്കുക = നാലുവലിയമുണ്ടുകൾ തെറുത്ത് ആകെ മൂടിക്കൊണ്ടാണ് വധു വിവാഹവേദിയിൽ വരിക.അവളെ ചേർത്തുപിടിച്ച്  നടക്കാൻ സഹായിക്കുക എന്നത് അമ്മാമന്റെ കർത്തവ്യമാണ്,അവകാശവും.

Friday, 22 September 2023

 ശിവസ്തുതി

ഉത്തരകൈലാസദേശത്തുവാണിട്ടു

ഭക്തന്റെ പാപങ്ങൾ തീർക്കുന്ന ശങ്കരൻ

ദക്ഷന്റെ യാഗം മുടക്കീട്ടു വേഗേന

ദർപ്പങ്ങളൊക്കെയും തീർത്ത ഗംഗാധരൻ

പത്നിക്കു ദേഹം പകുത്തങ്ങുനൽകിയി-

ട്ടർദ്ധനാരീശ്വരരൂപം ചമഞ്ഞവൻ

പാർത്ഥന്റെ മുമ്പിൽ കിരാതനായ് ചെന്നിട്ടു

പാശുപതാസ്ത്രത്തെയേകിക്കനിഞ്ഞവൻ

മത്തനായ് വന്നൊരാ മൃത്യുവെക്കൊന്നിട്ടു

ഭക്തമാർക്കാണ്ഡേയജീവനെക്കാത്തവൻ

പാരിന്റെയാപത്തുമാറ്റാൻ മടിക്കാതെ

ഘോരമാം കാളകൂടത്തെക്കുടിച്ചവൻ

പാപിഷ്ഠയായുള്ള ചണ്ഡാലീദേവിക്കു

ഗോകർണ്ണമെത്തീട്ടു മോക്ഷം കൊടുത്തവൻ

വമ്പനായുള്ളോരു നന്ദിമേലേറിവ-

ന്നൻപോടെ ഞങ്ങളെ പാലിച്ചിടുന്നവൻ

Wednesday, 20 September 2023

 അടാട്ട് ശിവവിഷ്ണുക്ഷേത്രം

പേരേറുന്നൊരു വത്സനാടു

തിരുനെറ്റിയ്ക്കങ്ങു ചേരും വിധം

നേരാം ഗോമയഭസ്മമൊത്തു വടിവിൽ മാലേയവും തൊട്ടപോൽ

ശ്രീശൈവാലയമൊന്നുയർന്നു,വലുതായ് കാണാമടുത്തെത്തുകിൽ

കാണാം വൃഷ്ണികുലേശ്വരൻ ഗിരിധരൻ

വാഴുന്നൊരിക്ഷേത്രവും 

ഗിരിജ ചെമ്മങ്ങാട്ട് 

വത്സൻ എന്നാൽ "അട "എന്നും അർത്ഥമുണ്ട്

 അടാട്ട് ഗ്രാമം

തൃശ്ശിവപുരിയാം ദേശത്തിൻ പശ്ചിമോത്തരേ

വിശ്രുതമാമായുള്ളൊരീ ഗ്രാമം

വത്സനാടെന്നല്ലോനാമം വിസ്മയങ്ങളേറെക്കേമം

ഒത്തുചേർന്നുപാടാംനമ്മൾ-

ക്കൊട്ടുനേരം മങ്കമാരേ

തട്ടകത്തെ പാലിച്ചുംകൊണ്ടമ്പലങ്കാവിൽ

ദുർഗ്ഗവാഴുമമ്പലംകാണാം

ഭക്തയാംകുറൂരമ്മയ്ക്ക് പുത്രഭാവേനവന്നിട്ട്

മുക്തിനൽകി പ്രസാദിച്ച കൃഷ്ണമന്ദിരവുംകാണാം

നൂറ്റിയെട്ടുശൈവാലയത്തിൽ ഗണിച്ചിട്ടുള്ളതാം

ക്ഷേത്രമതും കണ്ടുവന്ദിക്കാം

വർഷക്കാലമണഞ്ഞെന്നാൽ ഹൃദ്യമാംജലാശയങ്ങൾ

പുഷ്പവൃന്ദം വിടർത്തുന്ന

 വശ്യമായ കാഴ്ചകാണാം

വൃഷ്ടിതീർന്നാൽ വെള്ളംവറ്റിച്ചൂ ജൈവക്കൃഷിക്കായ്

വിത്തിടുന്നോരുത്സവം കാണാം

പീലിനീർത്തിനൃത്തമാടി 

മോദമേകും മയൂരങ്ങൾ

കേരവൃക്ഷപത്രങ്ങളിൽ രാവുറങ്ങുന്നതുംകാണാം

ദേശദേശാന്തരങ്ങളീന്നും പറവക്കൂട്ടം

തീറ്റതേടിയെത്തീടുന്നതും

ചിത്രമാണാക്കുന്നിന്നോരംതൊട്ടു,നവതി പ്രായത്തിൽ

കൊച്ചുവിദ്യാലയമൊന്നു നിൽക്കുന്നതുംകണ്ടീടാം

വായനശാലയുമുണ്ടല്ലോ വിജ്ഞാനദാഹം

ചേരുവോർക്കുസംവദിച്ചീടാൻ

നാഴികയ്ക്കുനാലെന്നോണം നാലുചക്രവാഹനങ്ങൾ

നീലകണ്ഠപുരി,ചേരാനോടുന്നതും നേരായ്കാണാം

കച്ചവടസ്ഥാപനങ്ങളും ലഘുവായുള്ള

ഭക്ഷണശാലകളും കാണാം

അംഗനമാർ നയിക്കുന്ന സംഘങ്ങളോടൊത്തുചേർന്ന

അംഗൻവാടികളുംകാണാം

കുഞ്ഞുങ്ങളെ ലാളിച്ചീടാം

ശക്തരായ് സ്വാശ്രയംനേടീടാ,നബലകൾതൻ

ശക്തിസംരംഭങ്ങളും കാണാം

കീർത്തികേട്ടൊരടാട്ടിന്റെ നേട്ടങ്ങളെപാടീടുവാൻ

ഊറ്റമില്ലെൻ നാവിന്നയ്യോ

മാപ്പുനൽകെൻതോഴിമാരേ

നാടിതിൽവസിച്ചീടുവാനായ് ഭാഗ്യംചെയതോരാം 

നാളികലോചനമാരേ നാം.( തൃശ്ശിവപുരിയാം..)

ഗിരിജ ചെമ്മങ്ങാട്ട്

Monday, 18 September 2023

 ഓണാഘോഷം 

വിദ്യാലയത്തിൻമുന്നിലെ-

ത്രവർഷത്തിൻശേഷം

മുത്തശ്ശിമാരായുള്ള

കുട്ടികളെത്തിച്ചേർന്നു

ഉത്സാഹത്തിമർപ്പിനാ-

ലന്യോന്യം വിശേഷങ്ങ-

ളെത്രയുംമോദംപൂണ്ടും

ചിരിച്ചുമാരായുന്നു

ചിങ്ങമാസത്തിൽ മൂലം

നാളിലായിരുന്നല്ലോ

നമ്മുടെ,യോണാഘോഷം

പൂർവ്വസ്നേഹസംഗമം

അന്നതിവീര്യത്തോടെ

ക്കേറിയപടവുക-

ളിന്നൊരുകരുതലാൽ

മെല്ലെത്താണ്ടിഞാൻ,പക്ഷേ

പൂക്കളം തിളങ്ങുമ,ദ്ധ്യാപന- 

മുറിതന്നി-

ലോർക്കാതെയൊരുനാളി-

ലെത്തിയ സന്തോഷത്തിൽ

ഓർത്തുപോയ്,ഗതകാല-

മീഭിത്തിയറിഞ്ഞതാം

നേർത്ത നിശ്വാസങ്ങളു-

മടക്കിച്ചിരികളും

വേദിയിൽ,അല്പംമാത്ര-

മുള്ളൊരെൻ കവിത്വത്തെ

യാദരിക്കുവാൻ കൂട്ടു-

കാരികൾ വട്ടംകൂട്ടെ

താണുപോയല്ലോ,താനെ-

യെൻശിരസ്സെന്താണാവോ

നാണമോ,ആനന്ദപ്പൂ-

ങ്കണ്ണുനീർ മറയ്ക്കാനോ? 

പണ്ടെന്നോ പാടിക്കേട്ടു-

മറന്ന ഗീതങ്ങളെ

കർണ്ണപീയൂഷംപോലെ-

യാസ്വദിച്ചെല്ലാവരും

തങ്ങൾ തൻ പ്രായംമറ-

ന്നമ്മൂമ്മാരേകിയ-

കുമ്മിയി,ലെൻപാദവു-

മറിയാതുണർന്നെന്നോ?

മധുരാദരാൽനീട്ടി-

ത്തന്ന,പാനപാത്രത്തിൻ

മധുരം നുണഞ്ഞുഞാ-

നെത്ര സന്തോഷത്തോടെ

സഖിതൻ കയ്യുംപിടി-

ച്ചോരോമുക്കുമൂലയു-

മിടറും മനസ്സുമായ്

തിരഞ്ഞൂ മന്ദംമന്ദം

ഇനിയും കാണാം വരും-

കൊല്ലമെന്നെല്ലാവരും

പിരിയാൻവയ്യെന്നായി

മെല്ലവേ വിടചൊല്കേ

ഹൃദയേ നമിച്ചൂ,ഞാ-

നീവാണീസുമന്ദിര-

മലിവോടുയർത്തിയൊ-

രാ പുണ്യ:ശ്രീമാൻതന്നെ

നാട്ടിലെ കിടാങ്ങൾ നാ-

ലക്ഷരം പഠിച്ചീടാൻ

നാട്ടാർക്കും ഗൃഹത്തിന്നും

നല്ലവരായ് തീർന്നീടാൻ

നേട്ടം നാടിനേകീടാൻ

ചെയ്തൊരാൾ,കനിവിന്റെ-

മൂർത്തീഭാവമെൻ പിതാ-

മഹിതൻ പിതൃവ്യനാം 

       ***************

ഗിരിജ ചെമ്മങ്ങാട്ട് 

സി.എൻ.എൻ.സ്കൂളിന്റെ സ്ഥാപകൻ ചിറ്റൂർ വലിയ നാരായണൻ നമ്പൂതിരിപ്പാട് എന്റെ മുത്തശ്ശ്യമ്മയുടെ അപ്ഫനാണ്.

Monday, 4 September 2023

 നനുത്ത ശിക്ഷ 


ഉച്ചയ്ക്കു ചോറുണ്ടിട്ടു 

പാത്രംമോറുവാനെന്നും

തിക്കിത്തിരക്കുണ്ടാവും 

കിണറ്റിൻകരയിങ്കൽ

കുട്ടികൾ ഞങ്ങൾ ചിലർ പോകാറുണ്ടടുത്തുള്ള

വീട്ടിൽവെച്ചുണ്ണാൻ ചോറ്റു-

പാത്രവും കയ്യിൽത്തൂക്കി

ഊണെല്ലാംകഴിഞ്ഞിട്ടു

പോരാൻനേരമാണല്ലോ

കൂടെയുള്ളവൾക്കുള്ളിൽ വന്നൊരുദുരാഗ്രഹം

തൂങ്ങിനിൽക്കുന്നൂ 

വള്ളിനാരകക്കൊമ്പിൽ

നാലുനാരങ്ങ!കാൺകേ,യെത്തി--

പ്പൊട്ടിക്കാൻതോന്നിപ്പോയി

ഏതിനുമൊപ്പംനിൽക്കും

 മറ്റവൾ പിന്താങ്ങവേ

പേടിയായെനിക്കല്പം 

പാടില്ലയെന്നായ്ത്തോന്നി

ഓതീടുമെല്ലാരോടുമെന്നു-

ഞാൻമെല്ലെച്ചൊല്ലേ

വാദിച്ചുനില്പായ് കുറ്റം-

ചെയ്യുവാൻ മുതിർന്നവൾ

ഇല്ലില്ല,ചെയ്യാൻപാടില്ല-

ന്യന്റെ മുതലൊന്നും

കൊള്ളില്ല കവർന്നീടാ-

നെന്നുഞാൻ തർക്കിക്കവേ

" എങ്കിൽനീയറിഞ്ഞീടും 

ബെല്ലടിച്ചീടുന്നേരം

നിന്നെക്കൂട്ടാതോടീടു" 

മെന്നഭീഷണിയായി

ഒന്നിനോക്കണംപോന്നോർ-

ക്കൊപ്പമോടിയെത്തീടാൻ

കുഞ്ഞുകാലിനാൽ 

പാവമന്നെനിക്കാവില്ലല്ലോ

എന്നല്ല,വെട്ടോഴിയി-

ലെത്ര നായ്ക്കളുണ്ടാകാം

പയ്യുക,ളലഞ്ഞുമേ-

ഞ്ഞീടുന്ന കൂറ്റന്മാരും

നീറുന്ന മനസ്സുമായ്

നില്ക്കവേ മടിക്കാതെ

തൂങ്ങിനിന്നീടും മുഴു-

നാരങ്ങ പൊട്ടിച്ചവൾ

വാതിലുംതുറന്നെത്തി

വീട്ടുകാരിയാരംഗം

കാണവേ,തിടുക്കത്തിൽ

ഞങ്ങളോ പേടിച്ചോടി

ഉച്ചബെല്ലടിക്കുന്ന 

നേരത്തങ്ങെത്തീ,വാർത്ത

വിദ്യാലയത്തിൻ കാര്യാ-

ലയത്തിൽ തെരുക്കനെ

മുറ്റുന്നരോഷത്തോടെ

ഞങ്ങളെ വിളിപ്പിച്ചാൾ

കർക്കശസ്വഭാവിനി-

യായുള്ളൊരദ്ധ്യാപിക

ആരാണീ ചീത്തക്കാര്യം

ചെയ്തതെന്നെന്നോടായി-

ട്ടാരാഞ്ഞനേരം കൂട്ടു-

കാരികൾ മൊഴിഞ്ഞല്ലോ

" നേരാണു,ഞങ്ങൾ വേണ്ടെ-

ന്നെത്ര ചൊല്ലിയതാണാ

നേരത്തും കുറ്റംചെയ്ത-

തിവളെ"ന്നെന്നെച്ചൂണ്ടി

ഭീതയായ് കണ്ണീർവാർത്തു-

നിൽക്കവേ,പാവാടയ്ക്കു

താഴെയായവർക്കേകി

ചൂരലാൽ മൂന്നാലെണ്ണം

വേദനിച്ചവർ കയ്യാൽ

മെല്ലെത്തലോടുന്നേരം

ഞാനുമെന്നൂഴംകാത്തു

നില്ക്കയായ് കണ്ണുംപൂട്ടി

ചൂരൽചുഴറ്റീടുന്ന

നാദംകേട്ടുവെന്നാലും

നോവെനിക്കറിഞ്ഞീല

തൂവലാണെന്നേ തോന്നി

പീലികൊണ്ടാണന്നമ്മ

കണ്ണനെയടിയ്ക്കാറെ-

"ന്നായ",ചൊല്ലാറുള്ളതാ

നേരം ഞാനോർത്തേനിന്നു

നാണിച്ചു വരി ചേർന്നു

പോരവേ തിരിഞ്ഞൊന്നു

പാളിനോക്കി,ഞാനപ്പോൾ

നേരാണുകണ്ടൂ ഹൃദ്യം

ലോലമായ് ശിരസ്സൊന്നു

ചെരിച്ചൂ മന്ദസ്മിതം

തൂകുമാ,മുഖമിന്നു-

മുള്ളിൽഞാൻ കണ്ടീടുന്നു.

             *******************

ഈ വരികൾ  എല്ലാ അദ്ധ്യാപകർക്കും ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.

ഗിരിജ ചെമ്മങ്ങാട്ട്

Thursday, 10 August 2023

 മുട്ടയും കുട്ടിയും


എത്രയോകാലമായ് കാത്തിരുന്നിട്ടെന്റെ

പുത്രിയ്ക്കിതാദ്യമായ് നാളുതെറ്റി

എട്ടുപിറന്നൂ ' മിഥുന'മണഞ്ഞിടാ-

നെത്രയും മോഹിച്ചു കാത്തിരിപ്പായ്


തൊട്ടടുത്തുള്ളൊരാരോഗ്യകേന്ദ്രത്തിലേ-

യ്ക്കെത്തിഞാനെന്റെ മകളുമൊത്ത്

കൃത്യമായെല്ലാം നിരീക്ഷിച്ചു,പുഞ്ചിരി-

ച്ചിത്ഥമുരചെയ്തു ലേഡിഡോക്ടർ


" എന്തേ തിരിഞ്ഞില്ല ? നിൻസുതയ്ക്കാരോഗ്യ-

മമ്പേ പരുങ്ങലാണെന്നറിഞ്ഞോ

നൽകിടേണം നല്ല ഭോജനം പാൽ പഴ-

മെന്നല്ലിലക്കറി വേണ്ടുവോളം

പ്രോട്ടീൻകുറവുമാറ്റീടാൻ ചെറുപയ-

റാദ്യം മുളപ്പിച്ചതേകീടണം

'മുട്ട' നന്നായിപ്പുഴുങ്ങിക്കഴിപ്പിച്ചു

ശക്തി ദേഹത്തിൽ വരുത്തിടേണം

അമ്മയ്ക്കുവേണ്ടുന്നതെല്ലാം ലഭിയ്ക്കിലേ

കുഞ്ഞിന്റെ കായം വളർന്നിടുളളൂ"

സമ്മതിച്ചെന്നായ് തലയാട്ടി മെല്ലെഞാൻ

നന്ദിനിയൊത്തു പുറത്തിറങ്ങി


മെല്ലെത്തിരിച്ചുപോരുമ്പോൾ മനസ്സിങ്ക-

ലല്ലലോടെന്തോ കടന്നുകൂടി

അൻപോടെയെൻകൺകൾരണ്ടും തനൂജത-

'ന്നിമ്പം' മയങ്ങും വയർതലോടേ


പച്ചക്കറി,പഴം,പാലെന്നിതൊക്കെയും

ചിട്ടയായ് നൽകുവാൻ പറ്റുമെന്നാൽ

മുട്ട പുഴുങ്ങിക്കൊടുക്കയെന്നുള്ളൊരാ-

ദുഷ്ടകൃത്യം ചെയ്ക സാധ്യമാമോ?

മറ്റൊരുജീവൻ കവർന്നെന്റെ മുത്തിന്നു-

പുഷ്ടിവരുത്താൻ തുനിഞ്ഞിടാമോ?

വിശ്വംനിറഞ്ഞോനനുഗ്രഹിയ്ക്കിൽ മകൾ-

ക്കിഷ്ടസന്താനം ജനിയ്ക്കയില്ലേ?


                               ഗിരിജ ചെമ്മങ്ങാട്ട്

 ഫുട്ബോൾ


കാൽപ്പന്തുകളിതൻ മേളം

നാട്ടിലെങ്ങും മുഴങ്ങവേ

ബാല്യകാലത്തിലേയ്ക്കെന്റെ

മാനസം ചെന്നുചേർന്നുവോ


പള്ളിക്കൂടത്തിൽനിന്നെത്തി-

പ്പുസ്തകസ്സഞ്ചിവെച്ചുഞാൻ

ഓടിച്ചെല്ലുമടുത്തുള്ള

നാട്ടുമൈതാനമൊന്നതിൽ


ജോർജ്ജൂട്ടി,യൊരു ഭാഗ്യവാൻ

ഫുട്ബോൾ സ്വന്തമതുള്ളവൻ

തലയെണ്ണിപ്പിരിച്ചീടു-

മോരോ "നാലണ" വാടക


പൊരിഞ്ഞ കളിയായ്പ്പിന്നെ-

യാർപ്പും കൂക്കു,മുയർന്നിടും

കൂട്ടത്തിൽ ചെറുതാം,ഞാനു-

മോടും പന്തൊന്നടിക്കുവാൻ


കളി"വെന്നിയ"കൂട്ടക്കാർ

ജയഘോഷം മുഴക്കവേ

വിഷണ്ണനായിവൻ നിൽക്കും

പന്തുകിട്ടാത്ത നോവുമായ്


പാവമെന്നെന്നെയോർത്തിട്ടു

പന്തുതാഴത്തുവെച്ചുടൻ

സൗജന്യം നാലു"കിക്കേ"കും

ജോർജ്ജുകുട്ടി മഹാശയൻ !!


         ********

ഗിരിജ ചെമ്മങ്ങാട്ട്.

 ഗുണപാഠം


സതീർത്ഥ്യരായ്ച്ചേർന്നുകളിച്ചിടാനാ-

യൊരുങ്ങിവിദ്യാലയമുറ്റമെത്തേ

കരുത്തനായുള്ളൊരുബാലനെന്നെ-

യടിച്ചുനോവിച്ചകലേയ്ക്കുപാഞ്ഞൂ


തിരിച്ചുനൽകാൻവഴിനോക്കി താഴെ-

ക്കുനിഞ്ഞുനിന്നിട്ടൊരു കല്ലെടുക്കെ

ചിരിച്ചുകൊണ്ടെന്നരികത്തുവന്നി-

ട്ടുരച്ചുമന്ദം ഗുരുനാഥയിത്ഥം

" എറിഞ്ഞകല്ലും വിനയോർത്തിടാതെ-

പ്പറഞ്ഞവാക്കും തിരികേവരില്ല

മിടുക്കനായായുധമങ്ങുവെച്ചു-

പഠിക്കുവാൻ നേരെഗമിക്കകൃഷ്ണാ..


              ********

ഗിരിജ ചെമ്മങ്ങാട്ട്.

 ഉണ്ണിയേശു


ക്രിസ്തുവിൻ പിറന്നാളാ-

ണല്ലോ വന്നെത്തീ നാളെ

കൂട്ടുകാരെല്ലാം വീട്ടിൽ

പുൽക്കൂടൊരുക്കീടവേ

കുട്ടന്നു,മുള്ളത്തിൽ വ-

ന്നുദിച്ചൂ പുത്തൻമോഹം

കുട്ടിപ്പുൽക്കൂടൊന്നിങ്ങീ-

സിറ്റൗട്ടിലുണ്ടാക്കുവാൻ


ആശയുണ്ടുണ്ണിയ്ക്കെന്ന-

റിഞ്ഞപ്പോൾ വേഗംവന്നൂ

ശോശാമ്മ,മോദംപൂണ്ടി-

ട്ടോരോന്നായൊരുക്കുവാൻ

യേശുവെക്കിടത്തുവാൻ

വൈക്കോൽമെത്തയുംവിരി-

ച്ചാശിച്ചിരിപ്പോൻതന്റെ-

യുള്ളം കുളിർപ്പിച്ചല്ലോ!


പുൽക്കൂടൊരുങ്ങിക്കണ്ട-

നേരമാക്കുരുന്നിന്നു

കൊച്ചുയേശുവെക്കൊണ്ടു-

വെയ്ക്കുവാൻ തിടുക്കമായ്

" ഇപ്പോഴായില്ലാ നേരം

പാതിരാവായാലല്ലോ

ക്രിസ്തുവീക്കൂട്ടിൽദൈവ- പുത്രനായെത്തീടുള്ളൂ"


ശോശാമ്മച്ചൊല്ലീവിധം

കേട്ടപ്പോൾ,കുഞ്ഞന്നുള്ളി-

ലാശയക്കുഴപ്പം വ-

ന്നിങ്ങനെ ചോദിച്ചുപോയ്

" ആസ്പത്രീലാണോ,ഉണ്ണി-

യേശുവിൻ മാതാവിപ്പോൾ?

കാത്തിരിപ്പാണോ ലേബർ-

റൂമിന്റെ മുമ്പിൽ ദൈവം ?"


             *********


ഗിരിജ ചെമ്മങ്ങാട്ട്

 നരച്ചനമ്പൂരി.


മുറ്റത്തുള്ളൊരു മാഞ്ചോട്ടി-

ലേട്ടനൊത്തടികൂടവേ

പരാതിപ്പെടുവാനായി-

ട്ടടുക്കളയണഞ്ഞുഞാൻ


ഓട്ടുകിണ്ണത്തിലായത്തിൽ

മുട്ടിച്ചിരവയിട്ടതാ

വല്യേടത്തി ചുരണ്ടുന്നൂ

പച്ചത്തേങ്ങയുടച്ചുടൻ


മണ്ണുമാന്തിയകയ്യാണെ-

ന്നോർക്കാതെച്ചെന്നെടുത്തുപോയ്

മുല്ലപ്പൂനിറമൊത്തുള്ള

നാളികേരം ഭുജിച്ചിടാൻ


മോഹംതീരാഞ്ഞു പിന്നേയും

വാരിത്തിന്നാനൊരുങ്ങവേ

കൈപിടിച്ചരുതെന്നോതീ

അമ്മ കണ്ണനൊടെന്നപോൽ


" ചിരകിക്കൊണ്ടിരിക്കുമ്പോൾ

വായിലാക്കുന്ന പെണ്ണിനെ

നരച്ചുമൂത്തനമ്പൂരി

വന്നുവേളികഴിച്ചിടും "


ഉള്ളിലല്പരസത്തോടെ-

യുമ്മറത്തേയ്ക്കു നീങ്ങവേ

പടിപ്പുര കടന്നെത്തീ

പൂണൂൽധാരിയൊരാളഹോ!


വല്യേട്ടന്റെ സമപ്രായ-

മകാലനരബാധിതൻ

കൈകൾനീട്ടിച്ചിരിക്കേഞാ-

നകത്തേയ്ക്കോടിയുത്സുകം


" എല്ലാരും വന്നുകാണേണ-

മെത്തീമുറ്റത്തുകണ്ടുഞാൻ

വല്യേടത്തീ,വരൂവേഗ-

മെന്നെ വേട്ടിടുവാനൊരാൾ "


          **********

ഗിരിജ ചെമ്മങ്ങാട്ട്.

 ചെരിപ്പ്


ഞാനുമെന്നനീത്തിയു-

മേട്ടന്റെ കയ്യിൽ തൂങ്ങി

സാഗരം കാണാനായി-

ട്ടന്നൊരു നാളിൽ ചെന്നു

പൂഴിയിലോടിച്ചാടി-

ക്കളിച്ചും മുത്തുച്ചിപ്പി

വാരിയു,മലയാഴി

കണ്ടും രസിച്ചൂ ഞങ്ങൾ


ആദ്യമായേട്ടൻ വാങ്ങി-

ത്തന്നതാം ചെരിപ്പിട്ടൊ-

രൂറ്റവും ഞങ്ങൾക്കുണ്ടാ-

യെന്നതു വേറെക്കാര്യം

പുത്തൻ ചെരിപ്പിന്നുള്ളിൽ

പൂഴികേറുമ്പോഴുള്ളൊ-

രസ്വാസ്ഥ്യം പുല്ലെന്നോർത്തു

ഞങ്ങളാവേശംകൊണ്ടു


മണലിൽ ശ്രീരാമന്റെ

നാമം മായ്ക്കുവാൻ വീചി-

നിരകൾ വരുന്നതും

കണ്ടുകണ്ടാമോദിക്കേ

അനുജത്തിതന്മുഖം

വാടിപ്പോയല്ലോ,കഷ്ടം!

പുതുപാദരക്ഷയ-

ത്തിരവന്നെടുക്കവേ


പലവട്ടമായ് നീട്ടി-

ത്തന്നെ"ടുത്തോളൂ"വെന്നായ്

കടലമ്മയാൾ വീണ്ടും

പിന്നാക്കം മാറിപ്പോകേ

കരയാൻതുടങ്ങിയെൻ

കുഞ്ഞുസോദരി,മെല്ലെ

മിഴിനീരൊപ്പിക്കൊണ്ടു

സാന്ത്വനിപ്പിച്ചാനേട്ടൻ


കുടുക്കുംപൊട്ടി,ക്കീറി-

യർദ്ധകാൽശരായിയൊ-

ന്നിറുക്കിക്കേറ്റിക്കൊണ്ടു-

മൊട്ടിയവയറോടും

ദേവദൂതനെപ്പോലെ

യടുത്തേയ്ക്കണഞ്ഞൊരു

ദാശബാലകൻ കാര്യം

കണ്ടറിഞ്ഞപ്പോൾ വേഗം

ചാടിനാൻ കുതിച്ചാർത്തു

വന്നീടും പാരാവാരേ

പേടിയെന്നിയെച്ചെന്നു

വാരിയാച്ചെരിപ്പിനെ

കരയിൽ കേറീട്ടവൻ

കരയുന്നോൾക്കായ് നീട്ടി

കനിവോടെയക്കൊച്ചു-

പാദുകം,ചിരിച്ചവ-

ളൊരുപോൽതിരകളും

ഞങ്ങളും,തോഷിച്ചുപോ-

യരികേനിൽക്കും കാഴ്ച-

ക്കാരുമാ,രംഗംകാൺകേ


ഹൃദംയംനിറഞ്ഞുള്ളൊ-

രാർദ്രഭാവത്തോടേട്ട-

നൊരുനാണയം നൽകാൻ

നീങ്ങവേ,തെല്ലുംമോഹം

വദനേചേർത്തീടാതെ-

ക്കയ്യൊന്നുകൂപ്പിക്കൊണ്ട-

ങ്ങകലേയ്ക്കോടിപ്പോയാ

ധീവരകുമാരകൻ


        **********

ഗിരിജ ചെമ്മങ്ങാട്ട്

 

ദശപുഷ്പമാല


ഇലക്കീറിലിരിക്കുന്ന കറുകക്കൂട്ടത്തിൽനിന്നും
മിടുക്കികൾ മൂന്നുപേരെന്നരികിലെത്തി
ഇലക്കഷ്ണം വാട്ടിക്കീറി,ച്ചുരുട്ടിനൂലാക്കിമെല്ലെ
ദശപുഷ്പമാലകെട്ടൂ ഞങ്ങളെച്ചേർത്ത്
ചിരിച്ചുകൊണ്ടവരെഞാ,നോമനിച്ചുനൂലിൽചേർക്കെ
വരുന്നുമൂന്നുപേർവീണ്ടും ചെറൂളയൊത്ത്
നിറഞ്ഞുള്ളൊരാമോദത്താലവരെയുംകോർക്കെ പൂവ്വാം-
കുരുന്നില കൃഷ്ണക്രാന്തീസമേതമെത്തി
മുരാരിയെസ്മരിച്ചുഞാനവരേയുംകൂടെക്കൂട്ടെ
വരുന്നു മുക്കുറ്റി മുയൽച്ചെവിയുമൊത്ത്
നിലപ്പന കയ്യുന്നിയാംതോഴിയുമായ്,നാണത്തോടെ-
യടുത്തുവന്നപ്പോ,ളൻപുചേർത്തുവെച്ചൂഞാൻ
ഉഴിഞ്ഞതിരുതാളിമാരെവിടെപ്പോയെളിച്ചെന്നോ
തിരഞ്ഞപ്പോൾ മടിച്ചെന്റെയരികിൽവന്നൂ
കൊറോണക്കാലമെന്നാലു,മകലങ്ങൾ പാലിയ്ക്കേണ്ട
മഴയത്തുനിൽക്കുംനിങ്ങൾ വിശുദ്ധിയുള്ളോർ
കഥയെല്ലാംകണ്ടുനിൽക്കേ കറുകനാമ്പുകൾമൂവ-
രൊരുമയോടടുത്തെന്റെ വിരലിൽ തൊട്ടു
ദശപുഷ്പമാല ചമച്ചിലയിൽപൊതിഞ്ഞൂനാളെ
പുലർച്ചയ്ക്കു കുളിച്ചുവന്നെടുത്തുചൂടാൻ
                        ***********
ഗിരിജ ചെമ്മങ്ങാട്ട്

 കുറ്റബോധം

നാല്പതാണ്ടുകൾ മുമ്പേഞാൻ

കേട്ടതാണീ ചിരിക്കഥ

നാലുമാസം മുമ്പുള്ളി-

ലെഴുതാൻ വന്നൊരാശയം

കുത്തിക്കുറിച്ചിടാനന്നേ

തോന്നാഞ്ഞതു കഷ്ടമായ്

" ഇച്ചമ്മ" കണ്ടുവായിച്ചാ-

ലിഷ്ടപ്പെട്ടു ചിരിച്ചിടും

മക്കളോടൊത്തുചേർന്നിട്ടു

സൂപ്പറെന്നുകമന്റിടും

ബുദ്ധിമോശമിതെന്നോർത്തു

ദു:ഖിക്കുന്നതു നിഷ്ഫലം

ഇത്രവേഗമിഹംവിട്ടു-

പോകുമെന്നോർത്തതില്ലഞാൻ

കുത്തുന്നു കുറ്റബോധത്തിൻ

കൂരമ്പെൻ മനതാരിതിൽ




 

ഈശ്വരൻ വീണ്ടും വന്നാൽ


മങ്ങിക്കത്തീടും നില-
വിളക്കിന്നരികിലാ-
യമ്മിണിയെന്തേ കണ്ണും-
പൂട്ടിവാവുറങ്ങുന്നൂ
കുഞ്ഞുമെയ് നോവില്ലെന്നോ തണുത്തവെറുംനില-
ത്തിങ്ങനെയേറേനേരം
മിണ്ടാതെക്കിടന്നെന്നാൽ
അമ്മയുമേട്ടന്മാരു-
മേട്ടത്തിമാരും കൂടീ-
ട്ടെന്തിനായ് കണ്ണുംചിമ്മി-
ത്തേങ്ങിക്കരഞ്ഞീടുന്നു
എന്തേതെന്നറിയാതെ-
യെന്തുചെയ്യേണ്ടൂവെന്നായ്
മന്ദംമന്ദമായൊരു
മൂലയ്ക്കലൊതുങ്ങീഞാൻ
അങ്ങേയകത്തും നിന്നാ-
ണെന്നു തോന്നീടുന്നൊരു
വിങ്ങിപ്പൊട്ടലോ,കേൾപ്പൂ
ഞാനൊന്നു പങ്ങിച്ചെന്നൂ
കണ്ണനെ മാറിൽച്ചേർത്തു
കണ്ണീരൊലിപ്പിച്ചെന്റെ
കുഞ്ഞമ്മയല്ലോ മനം-
നൊന്തിട്ടു മാഴ്കീടുന്നു
ഖിന്നനായ് നില്പാണുണ്ണി-
യെന്നെക്കാൺകവേ മെല്ലെ-
യന്തികേ വന്നൂ ശോക-
ഭാവത്താൽ മുഖം താഴ്ത്തി
ഉള്ളിലൊന്നുംചേരാത്ത
പാവങ്ങൾ ഞങ്ങൾ ഭയ-
ന്നുമ്മറമുറ്റത്തേയ്ക്ക-
ങ്ങോടിപ്പോയ് തിടുക്കത്തിൽ
ഇന്നലെയന്തിയ്ക്കല്ലേ
ഞങ്ങൾ മൂവരുംചേർന്നു
സന്ധ്യാദീപത്തിൻമുന്നിൽ
കൈകൂപ്പി നാമം ചൊല്ലി
പിന്നെ രാവെത്തേ,മാമ-
മുണ്ടു,പാട്ടുകൾ പാടി
സമ്മോദിച്ചുറങ്ങി,യെ-
ന്തമ്മിണിയുണർന്നില്ല !
അമ്മിണിക്കുരുന്നിനെ
കൈകളിലേന്തീട്ടൊരാ-
ളങ്ങേപ്പറമ്പുംനോക്കീ-
ട്ടെന്തിനോ പോകുന്നേരം
എല്ലാരുമൊന്നായാർത്തു
'വേണ്ടെ' ന്നുതടുത്തപ്പോ-
ളുണ്ണിയും ഞാനും ഭീതി-
പൂണ്ടു,ചേർന്നുനിന്നുപോയ്
രാത്രിയിലമ്മൂമ്മയൊ-
ത്തുറങ്ങാൻ കിടക്കുമ്പോൾ
നേർത്തനാദത്താലാരാ-
"ഞ്ഞമ്മിണിയ്ക്കെന്തേപറ്റി?"
" ഈശ്വരൻകൊണ്ടോയെന്റെ-
തങ്കത്തെ" മുത്തശ്ശിയോ
വാക്കുകൾമുറിഞ്ഞുംകൊ-
ണ്ടോതിനാൾ പതുക്കനേ
പിറ്റേന്നു കാലത്തുണർ-
ന്നപ്പോഴെൻ കുനുനെഞ്ചിൽ
കുറ്റബോധത്തിൻ സൂചി-
മുനകൾ നോവിച്ചീടേ
മുറ്റത്തേയ്ക്കിറങ്ങീഞാ-
നുണ്ണിതൻകയ്യുംപിടി-
ച്ചൊറ്റയ്ക്കു സ്വകാര്യത്തി-
ലീവിധം ചൊല്ലീപിന്നെ
" അമ്മിണിക്കിടാവിനെ-
യീശ്വരൻ കവർന്നപ്പോ-
ളെല്ലാരുമൊന്നായ്ച്ചേർന്നു
വിലപിച്ചീടുന്നേരം
നമ്മൾ രണ്ടുപേർമാത്രം
കണ്ണുനീർപൊഴിച്ചില്ല !
വല്ലാത്തതെറ്റായ്പ്പോയെ-
ന്നറിഞ്ഞീടുന്നൂ കഷ്ടം !
ഒന്നുനാമോർത്തീടേണം
നാളെയെത്തിയീശ്വരൻ
കണ്ണനെയെടുത്തങ്ങു
സ്വന്തമാക്കീടുന്നേരം
എല്ലാരു,മന്നും പൊട്ടി-
ത്തേങ്ങീടുമുറപ്പായും
നമ്മളും നെഞ്ഞുംപൊത്തി-
ക്കേഴണം മറക്കാതെ "
             *************
ഗിരിജ ചെമ്മങ്ങാട്ട്


 വിനോദവിജയം


ഏട്ടാനുജന്മാർ വേളി-

കഴിച്ചകിടാങ്ങളാ-

ണേറ്റവുംരാഗത്തോടെ-

യിണങ്ങിപ്പിണങ്ങുന്നോർ

കൂട്ടംചേർന്നാടിപ്പാടി-

ക്കളിച്ചുരസിക്കുമ്പോൾ

കൂട്ടത്തിൽ മുതിർന്നവൾ-

ക്കുള്ളിൽ വന്നൊരുമോഹം മിഥുനക്കാർമേഘങ്ങൾ

നിർത്താതെപ്പെയ്യുംകാലം

മണലിപ്പുഴയില്ല-

പ്പറമ്പിൽ തലവെയ്ക്കേ

ചെറുവഞ്ചിയിൽക്കേറീ-

ട്ടക്കരേയ്ക്കെത്താനൊരു

കൊതിചൊല്ലിനാൾ തോഴി-

മാരോടു സ്വകാര്യമായ്

ഇതുകേട്ടവാറുത്സാ-

ഹത്തോടെയനീത്തിമാർ

വിരവിൽ പങ്കായവും

കൊണ്ടുയാത്രയ്ക്കായ് നിൽക്കേ

തുഴയാംഞാനെന്നായി-

ട്ടഗ്രജയെത്തുന്നേരം

'"അരുതെ"ന്നൊരാളോതീ

മേലുംകീഴുമോർക്കാതെ

പരിഹാസത്താൽ മൊഴി-

" ഞ്ഞേടത്തി തടിച്ചിയാ-

ണിനികേറിയാൽ പാതി-

യെത്തുമ്പോൾ വള്ളംമുങ്ങും

ഒരുവട്ടമീ ഞങ്ങ-

ളക്കരെപ്പോയീടട്ടേ

തിരികേവന്നാൽസോദ-

രിക്കു തോണിയിൽക്കേറാം"

കൃശഗാത്രികളുന്മാ-

ദിച്ചുപോയിടുന്നേരം

കരയിൽ കേറീട്ടവൾ

ചിന്താമഗ്നയായ് നിന്നൂ

വിരുതത്തികളവ-

രെങ്കിലു,മൊഴുക്കിനാൽ

വലുതായ് ബദ്ധപ്പെട്ടു

തുഴയുന്നതും നോക്കി

ഒരു കൂസലുംകൂടാ-

താ,മലവെള്ളത്തിലേ-

യ്ക്കിരുകൈകളും നീട്ടി-

യൂക്കോടെ നേരെച്ചാടി

മുടി,യുച്ചിയിൽക്കെട്ടി

നനയും ശീലച്ചേലി-

ലിളയോരെത്തുംമുന്നെ-

യക്കരെ നീന്തിക്കേറി

ചിരിയോടാർത്തും മുഖം

കോട്ടി,ക്കൊഞ്ഞനമിട്ടും

വിജയോന്മാദത്തോടെ-

യുച്ചത്തിലവൾ ചൊല്ലി

" പിറവം പാഴൂർപ്പുഴ

നീന്തിക്കടന്നോളോടോ

ചെറുപൈതങ്ങൾ നിങ്ങൾ

പോരിന്നു വന്നീടുന്നൂ ?"

          **************

ഗിരിജ ചെമ്മങ്ങാട്ട് 

പിറവം പാഴൂർപ്പുഴ     

(മൂവാറ്റുപുഴയാറ്)

ശീല അന്തർജ്ജനങ്ങൾ പണ്ട് ധരിച്ചിരുന്ന   രണ്ടുമുണ്ടുകൾചേർന്ന ഇണവസ്ത്രം

 പേടിത്തൊണ്ടി


പണ്ടുഞാൻ ചെറുപ്പത്തിൽ 

പകലൂണിനുശേഷം

ചെന്നങ്ങുവീഴും പായി-

ലന്തംവിട്ടുറങ്ങീടും

പിന്നെപ്പാതിരാവായാൽ

കാലൻകോഴികൾ "പൂവാ"-

നെന്നെ,വന്നുണർത്തുമ്പോ-

ളയ്യയ്യോ വിരണ്ടീടും

രാവൊന്നുതീരാനായി

മോഹിച്ചു കിടക്കുമ്പോ-

ഴീനാംപേച്ചിതൻ കേഴ-

ലുച്ചത്തിൽ കേൾക്കാനാകും

നാരിയൊന്നല്ലോപൂർണ്ണ-

ഗർഭത്താലപമൃത്യു

പൂകിയാലീനാംപേച്ചി-

യാവുമെന്നാണേകേട്ടു

ആരിൽനിന്നറിഞ്ഞതാ-

ണെന്നുഞാനോർക്കുന്നില്ല

തോഴിമാരാകാം നേര-

മ്പോക്കാകാം പൊളിയാകാം

നോവോടെ,ക്കരഞ്ഞീടു-

മേഴയാമൊരുമർത്ത്യ-

മാനിനിപോൽ ആരിലും

ദീനതചേരുംവിധം

ഭീതയായ്,ജപിച്ചീടു-

മർജ്ജുനനാമം പത്തു-

മേകയായ് സ്വരംതാഴ്ത്തി

രാവല്ലേ മിണ്ടീടാമോ

ആരേയുംനോവിക്കാതെ

തീറ്റതേടീടുന്നൊരു

പാവംജീവിയാണെന്നു

ഞാനന്നറിഞ്ഞിട്ടില്ല

പൊട്ടിച്ചക്കികളല്ലോ

കിക്കിക്കീ ചിരിക്കുമ്പോൾ

ഒട്ടുംകേൾക്കാൻവയ്യെന്നായ്

പൊത്തീടും ചെവിരണ്ടും

മുറ്റത്തെമരക്കൊമ്പിൽ

മക്കളെ മാടും മര-

പ്പട്ടിയാണവളെന്നു

ഞാനൊട്ടും ചിന്തിച്ചില്ല

പാടത്തിന്നരികത്തു

മാടവും കെട്ടിപ്പാർക്കും

മാതേവനുണ്ടേ,ഒടി-

വിദ്യയിൽ സമർത്ഥനായ്

പൂതങ്ങളിമ്പാച്ചിക-

ളെല്ലാരും വന്നിട്ടെന്റെ

ചോരയൂറ്റീടും കഷ്ടം!

ഞാനുമക്കൂട്ടം ചേരും

ഉറക്കംവരാതിങ്ങു

കൺചീമ്പിക്കിടക്കവേ

മുഴക്കംകേൾക്കാനാകും

ദൂരെയമ്പലത്തീന്നും

ഉറങ്ങിക്കിടക്കുന്ന

തേവരെയുണർത്തീടാൻ

പുലർച്ചേ നിത്യം വെടി-

പൊട്ടിക്കും വാല്യക്കാരൻ

ശ്രീരാമചന്ദ്രൻ പള്ളി-

യുണർന്നാൽ പേടിച്ചോടും

പ്രേതങ്ങൾ പിശാചുക്ക-

ളെല്ലാരും ബാണംപോലെ

ജാലകം കടന്നെത്തും

കുളിർതെന്നലിൻ സുഖ-

മാവോളംകൊള്ളും ഭയം-

മാറിയൊരാശ്വാസത്തിൽ

രാവിലെക്കുളിച്ചെത്തി-

ച്ചകിരിത്തൊണ്ടാലമ്മ-

യേറുനൽകീടുംവരെ

പോത്തുപോലുറങ്ങീടും

ചാടിയങ്ങെഴുന്നേറ്റു

പാതിയുറക്കപ്പിച്ചി-

ലോടീടും മുക്കേരിയു-

മീർക്കിലുംകൊണ്ടല്ലോഞാൻ

             ****************

ഗിരിജ ചെമ്മങ്ങാട്ട്