Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 77

05.05.2024


ഉച്ചനൈവേദ്യംകഴിഞ്ഞൂ നട

മേൽശാന്തിയിന്നുതുറന്നു

നാമജപങ്ങളുയർന്നൂ ഭക്തർ 

കോൾമയിർക്കൊണ്ടുതൊഴുന്നു 


പട്ടുപുല്പായിലാണല്ലോ കണ്ണൻ 

ഉത്സുകം പള്ളികൊള്ളുന്നു 

തൃക്കാലൊരെണ്ണംമടക്കി താഴെ

വെച്ചിട്ടുണ്ടല്ലോ മിടുക്കൻ 


പാണിദ്വയംകൊണ്ടു മെല്ലേ,വലം-

പാദമെടുത്തംഗുലത്തെ

വായിൽനുണയാനൊരുങ്ങും,പോലെ 

യാണല്ലോപൈതലെക്കാണ്മൂ 


രണ്ടുകാലിന്മേലുമുണ്ടു തള

മിന്നിത്തിളങ്ങുന്നു ഭംഗ്യാ 

കങ്കണങ്ങളും സുവർണ്ണകാന്തി

ചിന്തുന്നപോലല്ലോ കാണ്മൂ


കിങ്ങിണികാണുന്നുണ്ടല്ലോ കോണ-

മെന്തേയുടുത്തിട്ടില്ലല്ലോ?

അംഗദം,കാതിപ്പൂവെല്ലാം കാണാ-

മുണ്ണിക്കുഭൂഷകളായി 


മാറത്തെമാങ്ങാമാലയോടല്ലോ 

ചേരുന്നുതെച്ചിപ്പൂമാല 

മൂന്നാലുമാലകളുണ്ടേമേലെ 

ഗോവിന്ദനിന്നലങ്കാരം 


ഫാലതടത്തിൽതിളങ്ങിക്കാണാം 

ഗോപിക്കുറിചന്തമോടെ 

പീലിക്കിരീടത്തിന്മേലെചുറ്റി-

ക്കാണുന്നുനന്മുടിമാല


പൂമാലയാവലിയോടും ദീപ-

നാളപ്രഭാകാന്തിയോടും 

കാൽവിരലുണ്ണുന്നൊരുണ്ണിയല്ലോ

ശ്രീലകേയിന്നുശയിപ്പൂ 


കൃഷ്ണകൃഷ്ണാഹരേകൃഷ്ണാ ഹരേ

കൃഷ്ണാകൃഷ്ണാഹരേകൃഷ്ണാ 

കൃഷ്ണാകൃഷ്ണാഹരേകൃഷ്ണാ ഹരേ

കൃഷ്ണകൃഷ്ണാഹരേകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട് 

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 78

06.05.2024


നാലുതൃക്കൈകളിൽശംഖു,ചക്രംഗദാ-

താമരയേന്തിയകൃഷ്ണനിന്ന്

വായുപുരത്തിലെ ഗർഭഗൃഹത്തിങ്കൽ 

നാരായണപ്രഭുരൂപേനില്പൂ 


തൃപ്പദേകാണാംതളകളോ,പാണിയിൽ 

വെട്ടിത്തിളങ്ങുന്ന കങ്കണങ്ങൾ 

പട്ടുകസവിന്റെ ചേലഞൊറിഞ്ഞിട്ടു

തറ്റുടുത്തിട്ടുണ്ട് ഭംഗിയോടെ 


കിങ്ങിണിയുണ്ടതിന്മേലെ,കഴുത്തിലോ 

കണ്ഠാഭരണമണിഞ്ഞിട്ടുണ്ട് 

മാറിലോ,മുല്ലപ്പൂമൊട്ടിന്റെമാലയും 

കോമളഗാത്രനണിഞ്ഞിട്ടുണ്ട് 


കാതിലെപ്പൂക്കളും,ഫാലക്കുറികളും 

ചാരുതയോടെവരഞ്ഞിട്ടുണ്ട് 

മൗലിയിലുള്ളമകുടത്തിലുണ്ടല്ലോ 

*വൃന്ദയുംതെച്ചിയുംചേർന്നമാല


താമരപ്പൂക്കളും തെച്ചിയുംചേർന്നല്ലോ 

മേലെയലങ്കാരമായിക്കാണ്മു 

വക്ഷസ്സിലുണ്ടുവനമാല,തെച്ചിയും 

തൃത്താവുമൊത്തുചമച്ചുകൊണ്ട്


ശംഖുചക്രംഗദാപദ്മങ്ങളേന്തിയി-

ന്നമ്പലേദർശനഭാഗ്യമേകി

വന്നുനില്പല്ലോ,മഹാവിഷ്ണുഭക്തർക്കു

സർവ്വസുഖങ്ങളുമാശംസിക്കാൻ


നാരായണാഹരേ നാരായണാഹരേ 

നാരായണാഹരേ നാരായണാ 

നാരായണാഹരേ നാരായണാഹരേ 

നാരായണാഹരേ നാരായണാ 


ഗിരിജ ചെമ്മങ്ങാട്ട് 


*വൃന്ദ=തുളസി

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 79

07.05.2024


മത്സ്യത്തിൻരൂപമാർന്നാഗുരുപവനപുരേശ്രീലകത്തായിസാക്ഷാൽ 


കൃഷ്ണൻനിൽക്കുന്നുഭക്തർക്കഭയമരുളുവാൻസുസ്മിതംചേർത്തുചുണ്ടിൽ 


തൃക്കൈനാലതുകാണ്മു,സ്വർണ്ണതിലകംമേലെക്കരംരണ്ടിലും


മറ്റേക്കൈകളിലുണ്ടു,സ്വർണ്ണസുമവുംവേദങ്ങൾനാലെന്നപോൽ 


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 80

08.05.2024


കാളീന്ദിവാഴുംഫണീന്ദ്രന്റെപത്തിമേൽ

കേറിനിന്നീടുന്നബാലകനെ

വായുപുരേശ്വരമന്ദിരേകാണുന്നു 

പീതക്കളഭത്തിൽ ചാർത്തിക്കൊണ്ട്


പാദേ,മഞ്ജീരമണിഞ്ഞതും,കൈകളിൽ

ചേലോടെ കാണുന്നു കങ്കണവും

കിങ്ങിണിമേലൊരുചെമ്പട്ടുകോണക-

മമ്മനിവർത്തിയുടുപ്പിച്ചതും 


മാറത്തെ തങ്കഹാരങ്ങൾക്കുമദ്ധ്യമായ് 

കാണാംസ്വർണ്ണത്തിന്റെ ഗോപിയൊന്ന് 

കാതിലെ പൂക്കളും കേയൂരജാലവും

ഫാലക്കുറികളും കാണുന്നുണ്ട് 


കാണാംകളഭക്കിരീടേമുടിമാല 

മോടിക്കായേറെവിതാനമാല 

ഓമനക്കുട്ടന്റെപൂമാറത്താണല്ലോ

ചേലോടെ കാണുന്നു വന്യമാല 


മാധവതൃപ്പാദതാഡനമേറ്റിട്ടു 

ക്ഷീണിച്ചനാഗശിരസ്സിന്മേലെ 

വേണുവലംകയ്യിലേന്തി,മറുകയ്യാൽ

വാലുംപിടിച്ചല്ലോ നില്പു കണ്ണൻ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ കുഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 81

09.05.2024


കൃഷ്ണന്റെ ലീലകളെല്ലാം,കുറുമ്പെന്ന

മിഥ്യയാംമായകളാലെയമ്മ 

പട്ടുചരടാലു*ലൂഖലബന്ധനം 

ബുദ്ധിമോശംകൊണ്ടുചെയ്തപോലെ 

നിൽക്കയാണല്ലോനവനീതതസ്ക്കരൻ

ചൊല്പൊങ്ങുമമ്പലശ്രീകോവിലിൽ

കക്കാട്ടെയോതിക്കനാണേകളഭത്താൽ 

കുട്ടനെചേലോടെയിന്നൊരുക്കി 


പൊൻതളകാലിലുണ്ടല്ലോ,കരങ്ങളിൽ 

മിന്നിത്തിളങ്ങുന്ന കങ്കണങ്ങൾ 

കുമ്പമേൽപറ്റിക്കിടക്കുന്നകിങ്ങിണി 

ചെമ്പട്ടുകോണവുംകാണ്മുഭംഗ്യാ


ഗോപീതിലകങ്ങളാലെമെനഞ്ഞുള്ള 

മാലയൊന്നുണ്ടതാകുഞ്ഞുമാറിൽ 

മാനസേ,മഞ്ജുളകോർത്തതാവാം,വന-

മാലകൾരണ്ടല്ലോ കാണുന്നുണ്ട് 


കാതിലെപ്പൂക്കളു*മംസവലയവും

കാണുന്നുണ്ടല്ലോ തിരുവുടലിൽ 

മാലേയംകൊണ്ടുമെനഞ്ഞമുഖരത്തിൽ 

ഗോപിക്കുറിയും തിളങ്ങുന്നുണ്ട് 


തങ്കക്കിരീടേയണിഞ്ഞിട്ടുകാണുന്നു

ഉണ്ടപ്പൂമാലകളുണ്ടുരണ്ട് 

കോവിലിലിന്നുമലങ്കാരമായതാ 

മൂന്നാലുമാലകളുണ്ടുകാണ്മു 


പൊന്നുദരത്തിൽചുവന്നചരടിനാൽ

ബന്ധിച്ചമാതാവിൻശിക്ഷയെല്ലാം 

പുഞ്ചിരിതൂകീട്ടുകാണുന്നി,തൈഹിക-

ബന്ധനം ശാശ്വതമല്ലെന്നപോൽ !


കൃഷ്ണാഹരേജയകൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്


*ഉലൂഖലം=ഉരൽ

*അംസവലയം=തോൾവള

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 82

10.05.2024


ഏട്ടന്റെയാട്ടപ്പിറന്നനാളാകയാ-

ലേട്ടനെപ്പോലെയൊരുങ്ങിക്കൊണ്ട് 

ഏട്ടനുണ്ണുമ്പോൾ *വലത്തിരുന്നീടുവാ-

നേറ്റംകൊതിപൂണ്ടു നില്പുകണ്ണൻ 


കാലിൽതളയണിഞ്ഞിട്ടുണ്ടു,കാപ്പുകൾ 

ചേലോടണിഞ്ഞല്ലോ പാണിയിങ്കൽ 

കോണകമല്ല,വലുതായപോലല്ലോ

പീതാംബരംചുറ്റിനിൽക്കയാണ് 


കിങ്ങിണികെട്ടിയിട്ടുണ്ടതാ,മാറത്തൊ-

രഞ്ചുതിലക്കുറികൾകാണ്മു

കണ്ണനെയാരാണലങ്കരിച്ചു,പൊന്നു-പണ്ടമെന്നല്ലോ നമുക്കുതോന്നും !


കാതിലെപ്പൂവും,ഭുജകങ്കണങ്ങളും 

ബാലഗോപാലനണിഞ്ഞിട്ടുണ്ട് 

കോമളമാകും വദനസരോജത്തിൽ 

ഫാലക്കുറിയതും തൊട്ടിട്ടുണ്ട് 


സ്വർണ്ണമകുടേ ധരിച്ചതായ്കാണുന്നു 

വൃന്ദക്കഴുത്താൽ പിരിച്ചമാല 

ചേലെഴുംപൂവുകളാലല്ലോകാണുന്നു 

മാധവഗാത്രത്തിലെത്രമാല !


തൃക്കരമൊന്നിൽ കലപ്പയുമായര-

ക്കെട്ടിൽമറുകരംവെച്ചുകൊണ്ടും 

നില്പൂ,ബലരാമരൂപിയായ് കേശവൻ 

വൃഷ്ടികാത്തീടുംകൃഷകനായി


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയകൃഷ്ണാഹരേ 

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേ ബലരാമകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട് 


*പിറന്നാളുകാരന്റെവലത്തുപുറത്തിരുന്ന് ഊണുകഴിക്കാൻ കുട്ടികൾമത്സരിക്കാറുണ്ട്.

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 83

11.05.2024


വെണ്ണയുണ്ണുന്നൊരുണ്ണിയായിന്നതാ

കണ്ണനെകളഭത്തിൽമെനഞ്ഞതായ്

കണ്ടിടാംഗുരുവായുപുരേ,കീർത്തി-

പൊങ്ങിടുന്നൊരാശ്രീലകമെത്തുകിൽ 


തൃപ്പദമിടതൊന്നുമടക്കിയാ,

തൃത്തുടമേലെവെണ്ണക്കുടവുമായ് 

ആർത്തിയോടെനവനീതമുണ്ണുന്നു

*ആർത്തിനാശകനായുള്ള മാധവൻ 


കാൽത്തളയുണ്ട്,കാപ്പുണ്ട്കൈകളിൽ 

നേർത്തകുമ്പമേലുണ്ടതാകിങ്ങിണി 

പട്ടുകോണകമുണ്ടുചരടിലായ്

നിത്യവുമുടുക്കുമ്പോലെചന്തമായ്


കുഞ്ഞുമാറത്തുകാണ്മുപതക്കത്താൽ 

മിന്നിടുന്നൊരുമാല,കഴുത്തിലോ, 

കണ്ടിടുന്നു വളയത്തിന്മാലയും 

കണ്ണനിന്നെത്രസുന്ദരക്കുട്ടനായ്!


തോളിലുണ്ടേവളകളും,കാതിലോ

ഗോപികളാണുസ്വർണ്ണവർണ്ണത്തിലായ് 

ഗോപിയുണ്ടുതിരുനെറ്റിമേലതും 

കാണുന്നല്ലോകനകവർണ്ണത്തിലായ്


പൊൻകിരീടത്തിലുണ്ടുമയിൽപ്പീലി 

ഭംഗിചേരുന്നകേശമാല്യങ്ങളും 

കണ്ണനുണ്ണിത*ന്നാസ്പദേകാണുന്നു 

വർണ്ണമേറുംവനപുഷ്പമാലയും 


"ഉണ്ടതാണുണ്ണിയെങ്കിലുംവേണമേ 

വെണ്ണ!എന്നമ്മയേകൂ,മറക്കൊലാ"

ചൊല്ലിടുന്നതുകേട്ടു,യശോദാമ്മ

കുഞ്ഞനിന്നു,കൊടുത്തുവെണ്ണക്കുടം!


കൃഷ്ണകൃഷ്ണാഹരേകൃഷ്ണമാധവാ 

കൃഷ്ണകൃഷ്ണാമുരാന്തകാകേശവാ 

കൃഷ്ണകൃഷ്ണാ*മധുസൂദനാർച്ചിതാ

കൃഷ്ണകൃഷ്ണാമധുസൂദനാഹരേ


ഗിരിജ  ചെമ്മങ്ങാട്ട് 


*ആർത്തി=ദു:ഖം

*ആസ്പദം=ദേഹം

*മധുസൂദനാർച്ചിതൻ=മധുസൂദനനാൽഅർച്ചിക്കപ്പെട്ടവൻ