ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 83
11.05.2024
വെണ്ണയുണ്ണുന്നൊരുണ്ണിയായിന്നതാ
കണ്ണനെകളഭത്തിൽമെനഞ്ഞതായ്
കണ്ടിടാംഗുരുവായുപുരേ,കീർത്തി-
പൊങ്ങിടുന്നൊരാശ്രീലകമെത്തുകിൽ
തൃപ്പദമിടതൊന്നുമടക്കിയാ,
തൃത്തുടമേലെവെണ്ണക്കുടവുമായ്
ആർത്തിയോടെനവനീതമുണ്ണുന്നു
*ആർത്തിനാശകനായുള്ള മാധവൻ
കാൽത്തളയുണ്ട്,കാപ്പുണ്ട്കൈകളിൽ
നേർത്തകുമ്പമേലുണ്ടതാകിങ്ങിണി
പട്ടുകോണകമുണ്ടുചരടിലായ്
നിത്യവുമുടുക്കുമ്പോലെചന്തമായ്
കുഞ്ഞുമാറത്തുകാണ്മുപതക്കത്താൽ
മിന്നിടുന്നൊരുമാല,കഴുത്തിലോ,
കണ്ടിടുന്നു വളയത്തിന്മാലയും
കണ്ണനിന്നെത്രസുന്ദരക്കുട്ടനായ്!
തോളിലുണ്ടേവളകളും,കാതിലോ
ഗോപികളാണുസ്വർണ്ണവർണ്ണത്തിലായ്
ഗോപിയുണ്ടുതിരുനെറ്റിമേലതും
കാണുന്നല്ലോകനകവർണ്ണത്തിലായ്
പൊൻകിരീടത്തിലുണ്ടുമയിൽപ്പീലി
ഭംഗിചേരുന്നകേശമാല്യങ്ങളും
കണ്ണനുണ്ണിത*ന്നാസ്പദേകാണുന്നു
വർണ്ണമേറുംവനപുഷ്പമാലയും
"ഉണ്ടതാണുണ്ണിയെങ്കിലുംവേണമേ
വെണ്ണ!എന്നമ്മയേകൂ,മറക്കൊലാ"
ചൊല്ലിടുന്നതുകേട്ടു,യശോദാമ്മ
കുഞ്ഞനിന്നു,കൊടുത്തുവെണ്ണക്കുടം!
കൃഷ്ണകൃഷ്ണാഹരേകൃഷ്ണമാധവാ
കൃഷ്ണകൃഷ്ണാമുരാന്തകാകേശവാ
കൃഷ്ണകൃഷ്ണാ*മധുസൂദനാർച്ചിതാ
കൃഷ്ണകൃഷ്ണാമധുസൂദനാഹരേ
ഗിരിജ ചെമ്മങ്ങാട്ട്
*ആർത്തി=ദു:ഖം
*ആസ്പദം=ദേഹം
*മധുസൂദനാർച്ചിതൻ=മധുസൂദനനാൽഅർച്ചിക്കപ്പെട്ടവൻ
No comments:
Post a Comment