ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 82
10.05.2024
ഏട്ടന്റെയാട്ടപ്പിറന്നനാളാകയാ-
ലേട്ടനെപ്പോലെയൊരുങ്ങിക്കൊണ്ട്
ഏട്ടനുണ്ണുമ്പോൾ *വലത്തിരുന്നീടുവാ-
നേറ്റംകൊതിപൂണ്ടു നില്പുകണ്ണൻ
കാലിൽതളയണിഞ്ഞിട്ടുണ്ടു,കാപ്പുകൾ
ചേലോടണിഞ്ഞല്ലോ പാണിയിങ്കൽ
കോണകമല്ല,വലുതായപോലല്ലോ
പീതാംബരംചുറ്റിനിൽക്കയാണ്
കിങ്ങിണികെട്ടിയിട്ടുണ്ടതാ,മാറത്തൊ-
രഞ്ചുതിലക്കുറികൾകാണ്മു
കണ്ണനെയാരാണലങ്കരിച്ചു,പൊന്നു-പണ്ടമെന്നല്ലോ നമുക്കുതോന്നും !
കാതിലെപ്പൂവും,ഭുജകങ്കണങ്ങളും
ബാലഗോപാലനണിഞ്ഞിട്ടുണ്ട്
കോമളമാകും വദനസരോജത്തിൽ
ഫാലക്കുറിയതും തൊട്ടിട്ടുണ്ട്
സ്വർണ്ണമകുടേ ധരിച്ചതായ്കാണുന്നു
വൃന്ദക്കഴുത്താൽ പിരിച്ചമാല
ചേലെഴുംപൂവുകളാലല്ലോകാണുന്നു
മാധവഗാത്രത്തിലെത്രമാല !
തൃക്കരമൊന്നിൽ കലപ്പയുമായര-
ക്കെട്ടിൽമറുകരംവെച്ചുകൊണ്ടും
നില്പൂ,ബലരാമരൂപിയായ് കേശവൻ
വൃഷ്ടികാത്തീടുംകൃഷകനായി
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയകൃഷ്ണാഹരേ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേ ബലരാമകൃഷ്ണാ
ഗിരിജ ചെമ്മങ്ങാട്ട്
*പിറന്നാളുകാരന്റെവലത്തുപുറത്തിരുന്ന് ഊണുകഴിക്കാൻ കുട്ടികൾമത്സരിക്കാറുണ്ട്.
No comments:
Post a Comment