ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 77
05.05.2024
ഉച്ചനൈവേദ്യംകഴിഞ്ഞൂ നട
മേൽശാന്തിയിന്നുതുറന്നു
നാമജപങ്ങളുയർന്നൂ ഭക്തർ
കോൾമയിർക്കൊണ്ടുതൊഴുന്നു
പട്ടുപുല്പായിലാണല്ലോ കണ്ണൻ
ഉത്സുകം പള്ളികൊള്ളുന്നു
തൃക്കാലൊരെണ്ണംമടക്കി താഴെ
വെച്ചിട്ടുണ്ടല്ലോ മിടുക്കൻ
പാണിദ്വയംകൊണ്ടു മെല്ലേ,വലം-
പാദമെടുത്തംഗുലത്തെ
വായിൽനുണയാനൊരുങ്ങും,പോലെ
യാണല്ലോപൈതലെക്കാണ്മൂ
രണ്ടുകാലിന്മേലുമുണ്ടു തള
മിന്നിത്തിളങ്ങുന്നു ഭംഗ്യാ
കങ്കണങ്ങളും സുവർണ്ണകാന്തി
ചിന്തുന്നപോലല്ലോ കാണ്മൂ
കിങ്ങിണികാണുന്നുണ്ടല്ലോ കോണ-
മെന്തേയുടുത്തിട്ടില്ലല്ലോ?
അംഗദം,കാതിപ്പൂവെല്ലാം കാണാ-
മുണ്ണിക്കുഭൂഷകളായി
മാറത്തെമാങ്ങാമാലയോടല്ലോ
ചേരുന്നുതെച്ചിപ്പൂമാല
മൂന്നാലുമാലകളുണ്ടേമേലെ
ഗോവിന്ദനിന്നലങ്കാരം
ഫാലതടത്തിൽതിളങ്ങിക്കാണാം
ഗോപിക്കുറിചന്തമോടെ
പീലിക്കിരീടത്തിന്മേലെചുറ്റി-
ക്കാണുന്നുനന്മുടിമാല
പൂമാലയാവലിയോടും ദീപ-
നാളപ്രഭാകാന്തിയോടും
കാൽവിരലുണ്ണുന്നൊരുണ്ണിയല്ലോ
ശ്രീലകേയിന്നുശയിപ്പൂ
കൃഷ്ണകൃഷ്ണാഹരേകൃഷ്ണാ ഹരേ
കൃഷ്ണാകൃഷ്ണാഹരേകൃഷ്ണാ
കൃഷ്ണാകൃഷ്ണാഹരേകൃഷ്ണാ ഹരേ
കൃഷ്ണകൃഷ്ണാഹരേകൃഷ്ണാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment