ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 81
09.05.2024
കൃഷ്ണന്റെ ലീലകളെല്ലാം,കുറുമ്പെന്ന
മിഥ്യയാംമായകളാലെയമ്മ
പട്ടുചരടാലു*ലൂഖലബന്ധനം
ബുദ്ധിമോശംകൊണ്ടുചെയ്തപോലെ
നിൽക്കയാണല്ലോനവനീതതസ്ക്കരൻ
ചൊല്പൊങ്ങുമമ്പലശ്രീകോവിലിൽ
കക്കാട്ടെയോതിക്കനാണേകളഭത്താൽ
കുട്ടനെചേലോടെയിന്നൊരുക്കി
പൊൻതളകാലിലുണ്ടല്ലോ,കരങ്ങളിൽ
മിന്നിത്തിളങ്ങുന്ന കങ്കണങ്ങൾ
കുമ്പമേൽപറ്റിക്കിടക്കുന്നകിങ്ങിണി
ചെമ്പട്ടുകോണവുംകാണ്മുഭംഗ്യാ
ഗോപീതിലകങ്ങളാലെമെനഞ്ഞുള്ള
മാലയൊന്നുണ്ടതാകുഞ്ഞുമാറിൽ
മാനസേ,മഞ്ജുളകോർത്തതാവാം,വന-
മാലകൾരണ്ടല്ലോ കാണുന്നുണ്ട്
കാതിലെപ്പൂക്കളു*മംസവലയവും
കാണുന്നുണ്ടല്ലോ തിരുവുടലിൽ
മാലേയംകൊണ്ടുമെനഞ്ഞമുഖരത്തിൽ
ഗോപിക്കുറിയും തിളങ്ങുന്നുണ്ട്
തങ്കക്കിരീടേയണിഞ്ഞിട്ടുകാണുന്നു
ഉണ്ടപ്പൂമാലകളുണ്ടുരണ്ട്
കോവിലിലിന്നുമലങ്കാരമായതാ
മൂന്നാലുമാലകളുണ്ടുകാണ്മു
പൊന്നുദരത്തിൽചുവന്നചരടിനാൽ
ബന്ധിച്ചമാതാവിൻശിക്ഷയെല്ലാം
പുഞ്ചിരിതൂകീട്ടുകാണുന്നി,തൈഹിക-
ബന്ധനം ശാശ്വതമല്ലെന്നപോൽ !
കൃഷ്ണാഹരേജയകൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ കൃഷ്ണാഹരേ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ കൃഷ്ണാഹരേ
ഗിരിജ ചെമ്മങ്ങാട്ട്
*ഉലൂഖലം=ഉരൽ
*അംസവലയം=തോൾവള
No comments:
Post a Comment