Wednesday, 25 January 2012

.ഡോക്ടര്‍ അകത്തുണ്ട്


ഡോക്ടര്‍ അകത്തുണ്ടെന്ന
 ബോര്‍ഡിന്മേല്‍  കണ്ണും നട്ടീ-
യാസ്പത്രി വരാന്തയില്‍
 കാത്തിരിക്കുന്നോര്‍ ഞങ്ങള്‍ 
ക്ഷേത്ര ശ്രീകോവില്‍ നട 
തുറന്നു തൊഴാനായി-
ട്ടാര്‍ത്തിയോടണഞ്ഞീടും
 ഭക്തവൃന്ദപ്പോലെ

മുന്നില്‍ കവാടം തുറ-
ന്നെപ്പോഴാണൊരു ദേവി 
വെള്ള വസ്ത്രവും ചുറ്റി
  ദര്‍ശനമേകുന്നതും
പുഞ്ചിരിച്ചുണ്ടിൽ   നിന്നും 
വീഴ്ത്തുന്ന പേരേതെന്നു
ശങ്കിച്ചും ജിജ്ഞാസുക്ക-
ളങ്ങിങ്ങായിരിക്കുന്നു  

കാതോര്‍ക്കയാണീ വാതില്‍-
 കരയുന്നതും നോക്കി-
യൂഴമെത്തിയില്ലെനി-
ക്കെന്നോര്‍ത്തു മടുക്കവെ 
നേരമ്പോക്കിനായ്‌ ചുറ്റു=
പാടുകള്‍ വീക്ഷിച്ചുപോ-
യോരോരോ ദീനം പിടി-
 പെട്ടോരെ കണ്ടെത്തി ഞാന്‍ 

 കയ്യോടിഞ്ഞവര്‍  കാലു-
 മുറിച്ചോര്‍ തലച്ചോറി-
നുണ്ടായോരാഘാതത്താല്‍  മെയ്യനക്കാനാവാത്തോര്‍  
സന്ധി ബന്ധങ്ങള്‍ ശോഷി-
ച്ചവശര്‍, ചക്രക്കട്ടി-
ലുന്തിയെത്തുവോര്‍ 
നാനാതരമാമനാരോഗ്യര്‍ 

ചേതനയപോയോര്‍ ചോര -
വാര്‍ന്നവര്‍ അസഹ്യമാം 
വായുപീഡയാല്‍ ഏങ്ങി-വലിപ്പോര്‍ വിറയ്ക്കുന്നോര്‍ 
വേദനയുടെ ലോകം 
നേരിട്ട് കാണ്‍കെ തല-
വേദനയൊരു പാവം
 രോഗമെന്നറിഞ്ഞു ഞാന്‍    

************
( കണ്ണാടി കാണുമ്പോൾ എന്ന  കവിതാസമാഹാരത്തിൽ നിന്ന്)


(ആനയെന്നാലും അബല തന്നെ,ഒരു ഹൈടെക് കവിത,ഡോക്ടര്‍ അകത്തുണ്ട് എന്നീ കവിതകള്‍ "കണ്ണാടി കാണുമ്പോള്‍"എന്ന കവിതാസമാഹാരത്തില്‍ നിന്ന് എടുത്തതാണ്)
      ‍        

Monday, 16 January 2012

ഒരു ഹൈടെക് കവിത

ഒട്ടു വര്‍ഷങ്ങള്‍ മുമ്പൊരുത്തമ
 ബുദ്ധിമാന്‍ തന്ടെ സിദ്ധിയില്‍ 
പെറ്റുവീണു പോല്‍ ടീവിയെന്ന പേര്‍- 
പെട്ടു ലോകത്തിലെത്തി ഞാന്‍ 
ആലയങ്ങള്‍ക്ക് ചാരുത നല്‍കി
 സ്വീകരണ മുറികളില്‍ 
മേവിയേവർക്കു മോമനയായി
 പ്രായഭേദങ്ങളെന്നിയെ 

കേബിള്‍ വന്നെന്നില്‍ നൂറുനൂറായ
 ചാനല്‍ ഭാഗ്യങ്ങള്‍ തീര്‍ക്കവെ 
കേറി ഞാനഹങ്കാരമേടയില്‍ 
 കൂറുകെട്ടുള്ള മര്‍ത്യര്‍ പോല്‍ 
ആരും കാണാത്ത മൂല തള്ളിയ
 റേഡിയോവിനെ നോക്കി ഞാന്‍ 
പേര് ചൊല്ലി ഹസിച്ചു പോന്നെന്നും
 ആരുണ്ടെന്നെക്കാള്‍ കേമനായ് 

ഏറെക്കാലമീ ക്രീസില്‍ ഞാനെന്ടെ-
യാധിപത്യം  തുടരവേ 
ഓടി വന്നൊരു ബൌളര്‍ , 'ഇന്റര്‍ നെറ്റ്' 
ധാടിയില്‍ ക്ലീനൌട്ടാക്കി  മേ 
വാടി ഞെട്ടിയടര്‍ന്നൊരു പഴ-
പ്ലാവില പോലെ വീഴവെ 
 റേഡിയോവീന്നു കേട്ടുവോ
 ദയനീയമാം കരീലച്ചിരി!

  ‍   


  

Monday, 2 January 2012

കുണ്ടൂര്‍ സ്മാരക സദസ്സ്

ഇന്റര്‍ നെറ്റില്‍,മൊബൈലില്‍,ടെലിവിഷനരുളും ചാനലിന്‍ കുത്തൊഴുക്കില്‍ 
മുങ്ങിപ്പോകാതെയെന്നും പെരുമ പുകഴുമോരക്ഷരശ്ലോകവിദ്യ
തെല്ലും ലാഭേച്ഛയെന്ന്യേ  സ്ഫുടതയോടിളമക്കാര്‍ക്ക് നല്‍കാന്‍ ശ്രമിക്കും 
കുണ്ടൂര്‍ സ്മാരക സദ്‌ സദസ്സിനുള്ളോരധിനാഥന്നെ സ്തുതിക്കുന്നു ഞാന്‍.      

Sunday, 1 January 2012

തൂളുന്നൂ മഴ

തൂളുന്നൂ മഴ ബൈക്കിലെങ്ങനെ മഴക്കോട്ടില്ല ശങ്കിപ്പു നല്‍ -
കാറില്‍ പോകില്‍ നനഞ്ഞിടാതെവിടെയും ചെന്നെത്തും എന്നാകിലും 
ഏറുന്നൂ പല ദുര്‍ഘടങ്ങള്‍ നഗരേ ട്രാഫിക്ക് ജാമില്‍ കുരു-
ങ്ങീടും  പാര്‍ക്കിങ്ങിനയ്യോ സ്ഥലമത് നഹിയെന്നോര്‍ത്തിങ്ങു നില്പുണ്ടൊരാള്‍