Thursday, 27 November 2014

ഒരു വിമുക്തഭടൻ പറഞ്ഞത്....

ഉത്തര ദിക്കിലേയ്ക്കെത്താൻ കിതപ്പുമായ് 
കൂക്കുമീത്തീവണ്ടി പാഞ്ഞിടുന്നു 
യാത്രികൻ ഞാനൊരു മൂലയ്ക്കലായ് സഹ-
യാത്രിക,രഞ്ചുപേരീ മുറിയിൽ 

അച്ഛനു,മമ്മയും മക്കൾ രണ്ടാളുമാ-
യൊച്ച വെച്ചീടും കുടുംബമൊന്നും 
പുസ്തകം നീർത്തിപ്പിടിച്ചും മനോരാജ്യ-
മട്ടിലിരിക്കുന്ന മറ്റൊരാളും 

സഞ്ചിയിൽ നിന്നും കരിമ്പിന്ടെ തണ്ടുകൾ 
തഞ്ചത്തിൽ ചെത്തീ കുടുംബനാഥൻ 
വല്ലഭയ്ക്കും തന്ടെ മക്കൾക്കുമായ് നൽകി-
യിമ്പമായ് ഭക്ഷിപ്പു മോദമോടെ 

ഒട്ടും പരുങ്ങൽ കൂടാതെ ചവയ്ക്കുന്നു 
തുപ്പുന്നു താഴേയ്ക്ക് ശങ്കയെന്യേ 
വൃത്തികേടാവുന്നു ചുറ്റുമെന്നോർക്കാതെ
തുഷ്ട കുടുംബം വസിച്ചിടുന്നു 

പിന്നെയേതാനും സമയം കഴിഞ്ഞിട്ടു 
വണ്ടിയേതോ ദിക്കിൽ നിന്നനേരം 
സഞ്ചിയും മക്കളും പത്നിയുമൊത്തയാൾ 
തെല്ലും തിടുക്കമില്ലാതിറങ്ങി 

ചുറ്റും ചിതറിക്കിടക്കുന്ന ചണ്ടികൾ
  മുറ്റും വെറുപ്പോടെ ഞാൻ നോക്കവേ
പുസ്തകക്കാരൻ ചിരിച്ചിട്ടു തോർത്തൊന്നു 
നീർത്തിയിട്ടല്ലോ തറയിൽ മെല്ലെ 

അങ്ങിങ്ങു വീണുള്ള ചണ്ടികളൊക്കെയു-
മൊന്നൊഴിയാതെപ്പെറുക്കിയിട്ടു
വെള്ളത്തില്‍ മുക്കിക്കഴുകീട്ടു കൂസാതെ  
മെല്ലെ നിവര്‍ത്തിപ്പരത്തിയിട്ടു

സീറ്റിന്നടിയിലെ തോല്‍സഞ്ചിയില്‍ നിന്നു
പ്ലാസ്റ്റിക്കു ഡപ്പകള്‍ ചെന്നെടുത്തു 
സൂത്രത്തില്‍ മൂന്നാലു വര്‍ണ്ണപ്പൊടികളാല്‍
വേസ്റ്റിന്നു ചാരുതയങ്ങു ചേര്‍ത്തു 

നൂലൊന്നെടുത്തു വിരുതോടെ വൈകാതെ 
ചേലുള്ള മാല കൊരുത്തു വെച്ചു 
നാടുകാണാന്‍ വന്നൊരിംഗ്ലീഷുകാരിക്കു
നൂറു രൂപായ്ക്കതു വിറ്റു വീരന്‍ !

***************    
      

Monday, 24 November 2014

ആമ്പൽ

കാലവർഷത്തിൻ കനം കുറഞ്ഞു ചിങ്ങ-
മോണം കഴിഞ്ഞു വെയിൽ പിറന്നു 
കായലലകളി,ലാലോലമായൊരു 
കായൽച്ചെടിയെൻ കുളത്തിൽ വന്നു.

ചണ്ടിത്തമെന്നോർത്തു വാരിക്കളഞ്ഞിടാൻ 
മുണ്ടുമുറുക്കി ഞാൻ ചെന്ന നേരം 
ചണ്ടിയല്ലാ,മ്പലാണെന്നറിഞ്ഞുത്സാഹ-
സമ്പത്തുമായിത്തിരിച്ചു പോന്നു

നാലഞ്ചു വാരങ്ങൾ ചെന്നു പൊന്നാമ്പലിൽ 
താലം പോല,ഞ്ചാറിലകൾ വന്നു 
നീളത്തിലുള്ളൊര ത്തണ്ടിൽ കുരുന്നൊരു 
പൂമൊട്ടു തന്മിഴി പൂട്ടി നിന്നു 

ഓരോ ദിനം തോറുമാക്കരിമൊട്ടിന്നു 
ചാരുത വന്നു നിറം പകർന്നു 
നീലത്തെളിത്തണ്ണീർ മേലൊരു കൂപ്പുകൈ 
പോലതു ചന്തമിയന്നു നിന്നു 

അന്തി മയങ്ങിയാൽ മാനത്തു പൂർണ്ണനാ-
മമ്പിളി പുഞ്ചിരി തൂകി നിന്നാൽ 
ഒന്നു മോഹിച്ചു ഞാനിന്നീ കുമുദിനി 
കണ്‍ തുറന്നീടുമെന്നോർത്തനേരം 

ഉച്ച തിരിഞ്ഞു മഴക്കാറുകൾ കരിം-
കച്ചയണിഞ്ഞു നിരന്നു വന്നു 
ദിക്കടഞ്ഞു മിന്നലോടൊത്തിടിവെട്ടി-
ന്നൊച്ചയുമായ്‌ തുലാമാരി വന്നു 

പിറ്റേന്നു കാലത്തു മുങ്ങിക്കുളിക്കുവാ-
നൊറ്റയ്ക്കു ചെന്നു ഞാൻ വെമ്പലോടെ 
കഷ്ടമാ,പ്പല്ലവ മാണ്ടുപോയ് തോയത്തിൽ  
വർഷം തകർത്തതിൻ മൂലമായി 

കുണ്ഠിതത്തോടെ ഞാൻ കൈകൾ തുഴഞ്ഞങ്ങു-
മന്ദമായ് നീന്തീട്ടടുത്തു ചെന്നു 
വെള്ളം വകഞ്ഞു നോക്കീടവേ നിൽക്കുന്നി-
തങ്കുരം ശൈശവപ്രായമായി !

നാളുകൾ വീണ്ടും കടന്നുപോയ് വെള്ളമോ 
നാലഞ്ചു കൽപ്പട താന്നു പോയി 
കാണായിടുന്നിതപ്പൂമുകിഴം വീണ്ടും 
കാലമായ് കണ്‍തുറക്കാനെന്നപോൽ 

പിന്നെയും പെയ്തു തുലാവർഷമപ്പയോ-
നന്ദിനീപുഷ്പമുകുളമന്നും 
നിന്നൂ സമാധിയിൽ മൂന്നു ദിനരാത്രം-
ചെന്നവാർ വീണ്ടും വളർന്നു വന്നാൾ 

വെള്ളം നിറഞ്ഞും കുറഞ്ഞും ഭവിക്കിലും 
പല്ലവത്തിന്നില്ല വാട്ടമൊട്ടും 
നന്നായി വായ്ച്ചിടും പിന്നൊന്നു ചുങ്ങിടും 
നിന്നിടുന്നീമട്ടു മാറി മാറി 

കേട്ടിരിക്കുന്നു പിടിയാന വേനലിൽ 
നീട്ടി വെച്ചീടും പ്രസവമെന്നായ് 
കാട്ടിൽ,വറുതിവരൾച്ചകളൊക്കെയും
മാറ്റിടാൻ,വർഷമെത്തീടുംവരെ 

എന്തെന്തു വിസ്മയമാണി,പ്പ്രപഞ്ചത്തി-
ലെന്നു ചിത്തത്തിൽ നിനച്ചു കൊണ്ടേ 
എന്നും പുലർവേള തന്നിൽ ഞാനാശിച്ചു-
ചെന്നിടും നെയ്തൽ വിരിഞ്ഞു കാണാൻ .

***************
    
  

 

Friday, 21 November 2014

അമ്മാളു

ഇല്ലം മുടിഞ്ഞൂ, പ്രിയ -
താതനന്നൊരു നാളിൽ 
നന്നെച്ചെറുപ്പത്തിലായ്
മൃത്യു വന്നെത്തീടവേ 
കണ്ണീരോടർഥിച്ചിട്ടും 
ദൈവങ്ങൾ കനിഞ്ഞില്ല -
യുണ്ണിയൊന്നുണ്ടായിട്ടെ -
ന്നില്ലം തെഴുത്തീടുവാൻ

അപ്ഫനോ സന്താനാർത്ഥം
വേൾക്കുവാൻ തുനിഞ്ഞില്ല 
ക്ഷത്രിയ വധൂടിയിൽ 
ചിത്തബന്ധനാകയാൽ 
നഷ്ടഭാഗ്യങ്ങൾ കൊണ്ടു 
സങ്കടപ്പെട്ടൂഞാനും 
കഷ്ട,മമ്മയും നോക്കാ-
നാളില്ലാത്തോരായ് മാറി 

ബന്ധുക്കളുത്സാഹിച്ചു
കന്യകയെന്നെദ്ദൂരെ -
യന്തണ,നൊരാളിനാൽ
വേൾപ്പിച്ചു സനിഷ്കർഷം 
ഇല്ലവും വിട്ടന്നു ഞാൻ 
പോയെന്ടെ തറവാട്ടി-
ലമ്മയെ തനിച്ചാക്കി 
നീറുന്ന മനസ്സുമായ് 

നാളേറെ ച്ചെല്ലും മുൻപെ -
ന്നമ്മയു മിഹലോക 
ജീവിത മുപേക്ഷിച്ചു 
ദീനങ്ങൾ മൂലം പിന്നെ, 
ആളില്ലാതായിപ്പോയെ -
ന്നില്ലവും വസ്തുക്കളും 
നാടിൻനടപ്പായ്ചേർന്നൂ
പക്കത്തെ ജന്മീഗൃഹേ 

നാടാകെ,യഴിഞ്ഞാടി-
' യമ്മതൻ വിളയാട്ടം'
നാഥനെ,കവർന്നെന്നിൽ-
നിന്നുമായ്‌ നിർദ്ദാക്ഷിണ്യം 
രോഗബാധയാലെന്ടെ -
കണ്ണിലെ വെട്ടംകെട്ടു  
ഹേതുക്കളെല്ലാം സ്വന്തം 
ജാതകദോഷം തന്നെ 

എന്തിനായീവണ്ണമെൻ-
മേലേയ്ക്കായ് വീണ്ടും വീണ്ടും 
വന്നടിക്കുന്നൂ വിധാ-
താവിന്ടെ ചമ്മട്ടികൾ! 
തന്നതില്ലെന്തേ നെടു -
മംഗല്യം,സത്പുത്രത്വം 
തന്നതെന്തിനാണന്ധ-
കാരത്തെ മാത്രം ദൈവം!

കാലങ്ങളേറെച്ചെന്നു 
ഞാനിന്നീ വാർദ്ധക്യത്തിൻ 
ഭാരവും പേറിക്കൊണ്ടു 
ജീവിപ്പൂ മരിച്ചപോൽ 
ആരേയും നോവിക്കാതീ -
ഭൂവിൽനിന്നേതും വേഗം 
പോയീടാൻ മാത്രം നിത്യം 
നോമ്പു നോറ്റിരിക്കുന്നു

***

രണ്ടുനാൾ മുൻപാണാരോ
തന്നൊരു സദ് വൃത്താന്ത-
മന്ധയാമെൻ കർണ്ണത്തിൽ 
തേനമൃതെന്നായ്‌ വന്നു 
 ഇല്ലത്തടുത്തേയ്ക്കെന്ടെ-
യീത്തറവാട്ടിൽ നിന്നും 
'പെണ്‍കൊട 'തീർപ്പാക്കുവാൻ 
നമ്പൂരാർ വന്നീടുന്നു 

കൊണ്ടുവെച്ചിട്ടാണല്ലോ 
'കൊടുക്കൽ' ഞാനും പോന്നു 
കണ്ണുകാണില്ലെന്നാലു-
മെൻ ജന്മഭൂവും തേടി
വണ്ടിയിൽ കേറീട്ടാണു
യാത്രയും സഹായിക-
ളുണ്ടു രണ്ടുപേർ തറ-
വാട്ടിലെ,യാത്തേമ്മാര്വോൾ 

കുട്ടിയെക്കൊടുക്കുന്നൊ-
രില്ലത്തിന്നയൽപക്ക -
മെത്തിനാർ ഞങ്ങൾ സന്ധ്യ-
വന്നണഞ്ഞീടും മുൻപേ 
പുത്തൻ പെണ്ണിനെക്കാണാൻ 
വന്നെത്തിയടുത്തുള്ള 
കുട്ടിക,ളടിയായ്മ-
ക്കാരികളെല്ലാവരും 

" കുഞ്ഞിക്കിടാവിന്നോർമ്മ-
തോന്നുന്നോ "ചാരത്താരോ 
വന്നിരിക്കുന്നാശ്ശബ്ദം 
പണ്ടു നിശ്ചയം കേട്ടു 
അഞ്ചാറു ദശാബ്ദങ്ങൾ 
പിന്നാക്കം പറന്നുപോ-
യന്നെന്ടെ കളിക്കൂട്ടു-
കാരിയായിരുന്നവൾ !

 അമ്മാളു ,നിന്നെക്കാണാൻ 
വയ്യെനി,ക്കെന്നാലും നി-
ന്നിമ്പം ചേർന്നീടും നാദം 
ഞാനിന്നു കേട്ടേനല്ലോ 
ഉള്ളത്തിൽ കുളിരുന്നു 
കണ്ണുനീരിറ്റീടുന്നു 
മിണ്ടുവാനാകുന്നില്ല 
സമ്മിശ്രഭാവങ്ങളാൽ 

അന്നു ബാല്യത്തിൽ നമ്മ-
ളില്ലത്തെ തെക്കേമുറ്റം 
തന്നിലായ് കുട്ടിപ്പുര 
വെച്ചതും കളിച്ചതും 
ചെന്നിറക്കാരൻ മാങ്ങ 
വീണപ്പോളോടിച്ചെന്നു-
തിന്നതും,കുളം ചാടി 
നീന്തിത്തിമർത്തുള്ളതും 

ഓർമ്മിക്കയാണിപ്പോൾ ഞാൻ 
തോഴി നീയെന്നിൽ കുളിർ-
നീർമണി വീഴ്ത്തും പോലെ 
ചാരത്തു നിന്നീടുമ്പോൾ 
കാർമുകിൽ പോലാണെന്ടെ 
ലോകമെന്നാലാശ്ചര്യം! 
വാർമതിനിലാവിന്ടെ 
ചാരുത യറിഞ്ഞു ഞാൻ 

ധന്യമിസ്സമാഗമം 
കണ്ടു വിസ്മയം പൂണ്ടെൻ 
ബന്ധുക്കൾ,പുതുബന്ധം 
ചേർക്കുവാൻ ഭാവിക്കുന്നോർ 
കണ്ണില്ലാത്തവൾ തന്ടെ 
കണ്ണുനീർ കണ്ടിട്ടാകാം 
കണ്ഠം പതഞ്ഞൂ, കൂട്ടു-
കാരിക്കും മറ്റുള്ളോർക്കും 

***************


      
   

Sunday, 16 November 2014

പിഴ

ഭണ്ഡാരത്തി ലിടാനായി-
ട്ടമ്മ തന്നൊരു നാണയം 
കയ്യിൽ വെച്ചപ്പൊഴെന്നുള്ളിൽ 
വന്നു പെട്ടൊരു കൌശലം 

മുൻപെന്നോ വഴിയിൽ നിന്നും 
വീണു കിട്ടിയൊ 'രെട്ടണ'
രാജാവിൻ തലയാം മുദ്ര-
കാരണം മൂല്യ മറ്റതായ് 

സ്വീകരിക്കാത്തൊരീ നാണ്യം 
ദേവനായിക്കൊടുത്തിടാം 
തഞ്ചത്തിൽ, നല്ല തുട്ടാലെ-
യിഞ്ചി മിട്ടായി വാങ്ങിടാം 

കുഞ്ഞനീത്തിയൊടോതീ ഞാൻ 
മിണ്ടല്ലാരോടുമിക്കഥ
സമ്മതിച്ചു ശിരസ്സാട്ടി 
ഇഞ്ചി മിട്ടായി തിന്നുവോൾ 

രണ്ടു നാൾ ചെന്നു,പിന്നീടെൻ 
പെങ്ങളും ഞാനുമായി ഹാ
രണ്ടും മൂന്നും പറഞ്ഞിട്ടു 
തമ്മിൽത്തല്ലു തുടങ്ങവേ 

കള്ളിപ്പെണ്ണു കരഞ്ഞും കൊ-
ണ്ടമ്മയോടു പുലമ്പയായ് 
"കള്ളനാണയ മിട്ടമ്മേ 
ഭണ്ഡാരം തന്നിലാങ്ങള 
ഇഞ്ചി മിട്ടായി വാങ്ങിച്ചു 
തിന്നല്ലോ നല്ല കാശിനാൽ 
ചൊല്ലല്ലാരോടുമെന്നേട്ടൻ
ചൊല്ലിത്തന്നതു, മോർപ്പു ഞാൻ "

അമ്മ കേട്ടു ചൊടിച്ചെന്നെ-
ത്തല്ലാനായോടി വന്നുതേ  
"ദൈവ ദോഷം വരുത്താമോ 
ചെയ്യാനെന്തേ കുബുദ്ധിയാൽ 
അമ്പലത്തിൻ നടയ്ക്കൽ നീ 
കുമ്പിടേണം മറക്കൊലാ 
നല്ല നാണയമിന്നാ, പോയ്‌-
ക്കൊണ്ടിടേണം തെരുക്കനെ   
കൂട്ടത്തിൽ വേണം  പിഴയായ് 
കോട്ടമില്ലാത്ത 'നാലണ' 
ചേട്ടത്തങ്ങൾ മനസ്സീന്നു 
മാറ്റാൻ പ്രാർഥിച്ചു കൊള്ളണം"  

കണ്‍ നിറഞ്ഞു മുഖം താഴ്ത്തി -
യമ്പലത്തിലണഞ്ഞു ഞാൻ 
നാണവുംകെട്ടു കൊണ്ടിട്ടു 
നാണയം രണ്ടു മപ്പൊഴെ 

***************        

  

Saturday, 15 November 2014

നമ്പൂരിശ്ശങ്ക

മൂവന്തിക്കു തുടങ്ങുന്നു 
മൂഷികൻ‌ തന്ടെ ചെയ്തികൾ 
മൂന്നോ നാലോ  ദിനങ്ങളായ്

കുട്ടന്ടെ മുണ്ടു കീറീട്ടും 
കുട്ടിക്കോപ്പുകൾ വെട്ടിയും 
തട്ടിൻ പുറത്തു വാഴുന്നു

അച്ഛന്ടെ പുതുകുപ്പായം 
പിച്ചിച്ചീന്തി നിശാചരൻ
ഒട്ടു വിമ്മിഷ്ടനായച്ഛൻ

അമ്മതന്ടെ മുടിക്കെട്ടും 
വന്നു കണ്ടിച്ചു നിദ്രയിൽ 
കണ്ണീരണിഞ്ഞുപോയമ്മ 

മുത്തശ്ശ്യമ്മ നിവേദിക്കാൻ 
വെച്ച ശർക്കരയൊക്കെയും 
മുക്കിൽ വന്നു ഭുജിച്ചാഖു 

മുത്തശ്ശന്ടെ ചെരിപ്പിന്മേൽ 
പൊത്തു തീർത്തൊരു ഭീകരൻ 
ക്രുദ്ധനായ്ത്തീർന്നു മുത്തശ്ശൻ

ചന്തയിൽ ചെന്നു പിറ്റേന്ന് 
കൊണ്ടുവന്നൊരെലിക്കെണി 
തിന്നാനും വെച്ചു രാത്രിയിൽ 

കാലത്തു കണ്ടു ചെന്നപ്പോൾ 
കേമനൊന്നു കെണിഞ്ഞതായ്
'രാമൻ വന്നിട്ടു കൊന്നീടാം'

കുട്ടൻ കൗതുകമോടെത്തി 
കൂട്ടിൽപ്പെട്ടൊരു മൂഷികൻ‌ 
കൂപ്പുന്നുണ്ടിരു കൈകളും 


" കഷ്ടം! തൊഴുതു നിൽക്കുന്നു
കുട്ടനെപ്പാവമീയെലി 
മുത്തശ്ശാ കൊൽവതെങ്ങനെ ?


കുട്ടൻ ചൊന്നതു കേട്ടപ്പോൾ 
മുത്തശ്ശന്നൊരു വെള്ളിടി !
'കൃത്യത്താൽ പാപമേൽക്കുമോ?'


***************    

   

Tuesday, 11 November 2014

ഒന്നര

അങ്ങേതിൽ നിന്നോടി വന്നൂ  മണിക്കുട്ടി 
അമ്മയോടായിക്കിണുങ്ങി 
"അമ്മിണിയേടത്തി പോലെനിക്കിന്നമ്മേ 
ഒന്നര മുണ്ടുടുക്കേണം "

കുഞ്ഞുമണിക്കൊഞ്ചൽ കേൾക്കേ ചിരിച്ചുകൊ-
ണ്ടമ്മുവോടോതുന്നിതമ്മ
"ഒന്നര ചുറ്റി മുറുക്കുന്നതെങ്ങനി -
'ക്കുഞ്ഞര' തന്നിലെൻ പൊന്നേ 
കുഞ്ഞുടുപ്പിട്ടാലൊതുങ്ങിക്കിടക്കുമോ 
ഒന്നരയെന്ടെ  വെണ്‍ മുത്തേ  
മുണ്ടിൽ തടഞ്ഞു വീണാൽ നിൻടെ തോഴിമാർ 
തമ്മിൽ ചിരിക്കില്ലേ സ്വത്തേ  
അമ്മിണിയേടത്തിക്കൊപ്പം വളർന്നിട്ടു 
മുണ്ടുടുത്തീടാം കുരുന്നേ 
പുള്ളിപ്പാവാടയും ചുറ്റിടാം പോയ്‌ കളി -
യ്ക്കെൻ മണിച്ചെല്ലമേ കുഞ്ഞേ "

അമ്മതൻ നന്മൊഴി കേട്ടപ്പോൾ കണ്മണി 
പിന്നെയും നിന്നു ചിണുങ്ങി
"ഒന്നര ചേരില്ലയെങ്കിലെനി ' യ്ക്കര '
മുണ്ടെങ്കിലും നല്കിടമ്മേ "

*****************