Friday 22 September 2023

 ശിവസ്തുതി

ഉത്തരകൈലാസദേശത്തുവാണിട്ടു

ഭക്തന്റെ പാപങ്ങൾ തീർക്കുന്ന ശങ്കരൻ

ദക്ഷന്റെ യാഗം മുടക്കീട്ടു വേഗേന

ദർപ്പങ്ങളൊക്കെയും തീർത്ത ഗംഗാധരൻ

പത്നിക്കു ദേഹം പകുത്തങ്ങുനൽകിയി-

ട്ടർദ്ധനാരീശ്വരരൂപം ചമഞ്ഞവൻ

പാർത്ഥന്റെ മുമ്പിൽ കിരാതനായ് ചെന്നിട്ടു

പാശുപതാസ്ത്രത്തെയേകിക്കനിഞ്ഞവൻ

മത്തനായ് വന്നൊരാ മൃത്യുവെക്കൊന്നിട്ടു

ഭക്തമാർക്കാണ്ഡേയജീവനെക്കാത്തവൻ

പാരിന്റെയാപത്തുമാറ്റാൻ മടിക്കാതെ

ഘോരമാം കാളകൂടത്തെക്കുടിച്ചവൻ

പാപിഷ്ഠയായുള്ള ചണ്ഡാലീദേവിക്കു

ഗോകർണ്ണമെത്തീട്ടു മോക്ഷം കൊടുത്തവൻ

വമ്പനായുള്ളോരു നന്ദിമേലേറിവ-

ന്നൻപോടെ ഞങ്ങളെ പാലിച്ചിടുന്നവൻ

Wednesday 20 September 2023

 അടാട്ട് ശിവവിഷ്ണുക്ഷേത്രം

പേരേറുന്നൊരു വത്സനാടു

തിരുനെറ്റിയ്ക്കങ്ങു ചേരും വിധം

നേരാം ഗോമയഭസ്മമൊത്തു വടിവിൽ മാലേയവും തൊട്ടപോൽ

ശ്രീശൈവാലയമൊന്നുയർന്നു,വലുതായ് കാണാമടുത്തെത്തുകിൽ

കാണാം വൃഷ്ണികുലേശ്വരൻ ഗിരിധരൻ

വാഴുന്നൊരിക്ഷേത്രവും 

ഗിരിജ ചെമ്മങ്ങാട്ട് 

വത്സൻ എന്നാൽ "അട "എന്നും അർത്ഥമുണ്ട്

 അടാട്ട് ഗ്രാമം

തൃശ്ശിവപുരിയാം ദേശത്തിൻ പശ്ചിമോത്തരേ

വിശ്രുതമാമായുള്ളൊരീ ഗ്രാമം

വത്സനാടെന്നല്ലോനാമം വിസ്മയങ്ങളേറെക്കേമം

ഒത്തുചേർന്നുപാടാംനമ്മൾ-

ക്കൊട്ടുനേരം മങ്കമാരേ

തട്ടകത്തെ പാലിച്ചുംകൊണ്ടമ്പലങ്കാവിൽ

ദുർഗ്ഗവാഴുമമ്പലംകാണാം

ഭക്തയാംകുറൂരമ്മയ്ക്ക് പുത്രഭാവേനവന്നിട്ട്

മുക്തിനൽകി പ്രസാദിച്ച കൃഷ്ണമന്ദിരവുംകാണാം

നൂറ്റിയെട്ടുശൈവാലയത്തിൽ ഗണിച്ചിട്ടുള്ളതാം

ക്ഷേത്രമതും കണ്ടുവന്ദിക്കാം

വർഷക്കാലമണഞ്ഞെന്നാൽ ഹൃദ്യമാംജലാശയങ്ങൾ

പുഷ്പവൃന്ദം വിടർത്തുന്ന

 വശ്യമായ കാഴ്ചകാണാം

വൃഷ്ടിതീർന്നാൽ വെള്ളംവറ്റിച്ചൂ ജൈവക്കൃഷിക്കായ്

വിത്തിടുന്നോരുത്സവം കാണാം

പീലിനീർത്തിനൃത്തമാടി 

മോദമേകും മയൂരങ്ങൾ

കേരവൃക്ഷപത്രങ്ങളിൽ രാവുറങ്ങുന്നതുംകാണാം

ദേശദേശാന്തരങ്ങളീന്നും പറവക്കൂട്ടം

തീറ്റതേടിയെത്തീടുന്നതും

ചിത്രമാണാക്കുന്നിന്നോരംതൊട്ടു,നവതി പ്രായത്തിൽ

കൊച്ചുവിദ്യാലയമൊന്നു നിൽക്കുന്നതുംകണ്ടീടാം

വായനശാലയുമുണ്ടല്ലോ വിജ്ഞാനദാഹം

ചേരുവോർക്കുസംവദിച്ചീടാൻ

നാഴികയ്ക്കുനാലെന്നോണം നാലുചക്രവാഹനങ്ങൾ

നീലകണ്ഠപുരി,ചേരാനോടുന്നതും നേരായ്കാണാം

കച്ചവടസ്ഥാപനങ്ങളും ലഘുവായുള്ള

ഭക്ഷണശാലകളും കാണാം

അംഗനമാർ നയിക്കുന്ന സംഘങ്ങളോടൊത്തുചേർന്ന

അംഗൻവാടികളുംകാണാം

കുഞ്ഞുങ്ങളെ ലാളിച്ചീടാം

ശക്തരായ് സ്വാശ്രയംനേടീടാ,നബലകൾതൻ

ശക്തിസംരംഭങ്ങളും കാണാം

കീർത്തികേട്ടൊരടാട്ടിന്റെ നേട്ടങ്ങളെപാടീടുവാൻ

ഊറ്റമില്ലെൻ നാവിന്നയ്യോ

മാപ്പുനൽകെൻതോഴിമാരേ

നാടിതിൽവസിച്ചീടുവാനായ് ഭാഗ്യംചെയതോരാം 

നാളികലോചനമാരേ നാം.( തൃശ്ശിവപുരിയാം..)

ഗിരിജ ചെമ്മങ്ങാട്ട്

Monday 18 September 2023

 ഓണാഘോഷം 

വിദ്യാലയത്തിൻമുന്നിലെ-

ത്രവർഷത്തിൻശേഷം

മുത്തശ്ശിമാരായുള്ള

കുട്ടികളെത്തിച്ചേർന്നു

ഉത്സാഹത്തിമർപ്പിനാ-

ലന്യോന്യം വിശേഷങ്ങ-

ളെത്രയുംമോദംപൂണ്ടും

ചിരിച്ചുമാരായുന്നു

ചിങ്ങമാസത്തിൽ മൂലം

നാളിലായിരുന്നല്ലോ

നമ്മുടെ,യോണാഘോഷം

പൂർവ്വസ്നേഹസംഗമം

അന്നതിവീര്യത്തോടെ

ക്കേറിയപടവുക-

ളിന്നൊരുകരുതലാൽ

മെല്ലെത്താണ്ടിഞാൻ,പക്ഷേ

പൂക്കളം തിളങ്ങുമ,ദ്ധ്യാപന- 

മുറിതന്നി-

ലോർക്കാതെയൊരുനാളി-

ലെത്തിയ സന്തോഷത്തിൽ

ഓർത്തുപോയ്,ഗതകാല-

മീഭിത്തിയറിഞ്ഞതാം

നേർത്ത നിശ്വാസങ്ങളു-

മടക്കിച്ചിരികളും

വേദിയിൽ,അല്പംമാത്ര-

മുള്ളൊരെൻ കവിത്വത്തെ

യാദരിക്കുവാൻ കൂട്ടു-

കാരികൾ വട്ടംകൂട്ടെ

താണുപോയല്ലോ,താനെ-

യെൻശിരസ്സെന്താണാവോ

നാണമോ,ആനന്ദപ്പൂ-

ങ്കണ്ണുനീർ മറയ്ക്കാനോ? 

പണ്ടെന്നോ പാടിക്കേട്ടു-

മറന്ന ഗീതങ്ങളെ

കർണ്ണപീയൂഷംപോലെ-

യാസ്വദിച്ചെല്ലാവരും

തങ്ങൾ തൻ പ്രായംമറ-

ന്നമ്മൂമ്മാരേകിയ-

കുമ്മിയി,ലെൻപാദവു-

മറിയാതുണർന്നെന്നോ?

മധുരാദരാൽനീട്ടി-

ത്തന്ന,പാനപാത്രത്തിൻ

മധുരം നുണഞ്ഞുഞാ-

നെത്ര സന്തോഷത്തോടെ

സഖിതൻ കയ്യുംപിടി-

ച്ചോരോമുക്കുമൂലയു-

മിടറും മനസ്സുമായ്

തിരഞ്ഞൂ മന്ദംമന്ദം

ഇനിയും കാണാം വരും-

കൊല്ലമെന്നെല്ലാവരും

പിരിയാൻവയ്യെന്നായി

മെല്ലവേ വിടചൊല്കേ

ഹൃദയേ നമിച്ചൂ,ഞാ-

നീവാണീസുമന്ദിര-

മലിവോടുയർത്തിയൊ-

രാ പുണ്യ:ശ്രീമാൻതന്നെ

നാട്ടിലെ കിടാങ്ങൾ നാ-

ലക്ഷരം പഠിച്ചീടാൻ

നാട്ടാർക്കും ഗൃഹത്തിന്നും

നല്ലവരായ് തീർന്നീടാൻ

നേട്ടം നാടിനേകീടാൻ

ചെയ്തൊരാൾ,കനിവിന്റെ-

മൂർത്തീഭാവമെൻ പിതാ-

മഹിതൻ പിതൃവ്യനാം 

       ***************

ഗിരിജ ചെമ്മങ്ങാട്ട് 

സി.എൻ.എൻ.സ്കൂളിന്റെ സ്ഥാപകൻ ചിറ്റൂർ വലിയ നാരായണൻ നമ്പൂതിരിപ്പാട് എന്റെ മുത്തശ്ശ്യമ്മയുടെ അപ്ഫനാണ്.

Monday 4 September 2023

 നനുത്ത ശിക്ഷ 


ഉച്ചയ്ക്കു ചോറുണ്ടിട്ടു 

പാത്രംമോറുവാനെന്നും

തിക്കിത്തിരക്കുണ്ടാവും 

കിണറ്റിൻകരയിങ്കൽ

കുട്ടികൾ ഞങ്ങൾ ചിലർ പോകാറുണ്ടടുത്തുള്ള

വീട്ടിൽവെച്ചുണ്ണാൻ ചോറ്റു-

പാത്രവും കയ്യിൽത്തൂക്കി

ഊണെല്ലാംകഴിഞ്ഞിട്ടു

പോരാൻനേരമാണല്ലോ

കൂടെയുള്ളവൾക്കുള്ളിൽ വന്നൊരുദുരാഗ്രഹം

തൂങ്ങിനിൽക്കുന്നൂ 

വള്ളിനാരകക്കൊമ്പിൽ

നാലുനാരങ്ങ!കാൺകേ,യെത്തി--

പ്പൊട്ടിക്കാൻതോന്നിപ്പോയി

ഏതിനുമൊപ്പംനിൽക്കും

 മറ്റവൾ പിന്താങ്ങവേ

പേടിയായെനിക്കല്പം 

പാടില്ലയെന്നായ്ത്തോന്നി

ഓതീടുമെല്ലാരോടുമെന്നു-

ഞാൻമെല്ലെച്ചൊല്ലേ

വാദിച്ചുനില്പായ് കുറ്റം-

ചെയ്യുവാൻ മുതിർന്നവൾ

ഇല്ലില്ല,ചെയ്യാൻപാടില്ല-

ന്യന്റെ മുതലൊന്നും

കൊള്ളില്ല കവർന്നീടാ-

നെന്നുഞാൻ തർക്കിക്കവേ

" എങ്കിൽനീയറിഞ്ഞീടും 

ബെല്ലടിച്ചീടുന്നേരം

നിന്നെക്കൂട്ടാതോടീടു" 

മെന്നഭീഷണിയായി

ഒന്നിനോക്കണംപോന്നോർ-

ക്കൊപ്പമോടിയെത്തീടാൻ

കുഞ്ഞുകാലിനാൽ 

പാവമന്നെനിക്കാവില്ലല്ലോ

എന്നല്ല,വെട്ടോഴിയി-

ലെത്ര നായ്ക്കളുണ്ടാകാം

പയ്യുക,ളലഞ്ഞുമേ-

ഞ്ഞീടുന്ന കൂറ്റന്മാരും

നീറുന്ന മനസ്സുമായ്

നില്ക്കവേ മടിക്കാതെ

തൂങ്ങിനിന്നീടും മുഴു-

നാരങ്ങ പൊട്ടിച്ചവൾ

വാതിലുംതുറന്നെത്തി

വീട്ടുകാരിയാരംഗം

കാണവേ,തിടുക്കത്തിൽ

ഞങ്ങളോ പേടിച്ചോടി

ഉച്ചബെല്ലടിക്കുന്ന 

നേരത്തങ്ങെത്തീ,വാർത്ത

വിദ്യാലയത്തിൻ കാര്യാ-

ലയത്തിൽ തെരുക്കനെ

മുറ്റുന്നരോഷത്തോടെ

ഞങ്ങളെ വിളിപ്പിച്ചാൾ

കർക്കശസ്വഭാവിനി-

യായുള്ളൊരദ്ധ്യാപിക

ആരാണീ ചീത്തക്കാര്യം

ചെയ്തതെന്നെന്നോടായി-

ട്ടാരാഞ്ഞനേരം കൂട്ടു-

കാരികൾ മൊഴിഞ്ഞല്ലോ

" നേരാണു,ഞങ്ങൾ വേണ്ടെ-

ന്നെത്ര ചൊല്ലിയതാണാ

നേരത്തും കുറ്റംചെയ്ത-

തിവളെ"ന്നെന്നെച്ചൂണ്ടി

ഭീതയായ് കണ്ണീർവാർത്തു-

നിൽക്കവേ,പാവാടയ്ക്കു

താഴെയായവർക്കേകി

ചൂരലാൽ മൂന്നാലെണ്ണം

വേദനിച്ചവർ കയ്യാൽ

മെല്ലെത്തലോടുന്നേരം

ഞാനുമെന്നൂഴംകാത്തു

നില്ക്കയായ് കണ്ണുംപൂട്ടി

ചൂരൽചുഴറ്റീടുന്ന

നാദംകേട്ടുവെന്നാലും

നോവെനിക്കറിഞ്ഞീല

തൂവലാണെന്നേ തോന്നി

പീലികൊണ്ടാണന്നമ്മ

കണ്ണനെയടിയ്ക്കാറെ-

"ന്നായ",ചൊല്ലാറുള്ളതാ

നേരം ഞാനോർത്തേനിന്നു

നാണിച്ചു വരി ചേർന്നു

പോരവേ തിരിഞ്ഞൊന്നു

പാളിനോക്കി,ഞാനപ്പോൾ

നേരാണുകണ്ടൂ ഹൃദ്യം

ലോലമായ് ശിരസ്സൊന്നു

ചെരിച്ചൂ മന്ദസ്മിതം

തൂകുമാ,മുഖമിന്നു-

മുള്ളിൽഞാൻ കണ്ടീടുന്നു.

             *******************

ഈ വരികൾ  എല്ലാ അദ്ധ്യാപകർക്കും ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.

ഗിരിജ ചെമ്മങ്ങാട്ട്