Friday, 13 December 2013

ഭാഗ്യലക്ഷ്മി

നീ ഭാഗ്യലക്ഷ്മി തൊഴുത്തിന്ടെ നെയ്‌വിള -
ക്കീ ഗേഹ വൃദ്ധിക്കു നിത്യലക്ഷ്മി 
നീ ക്ഷീര വൃഷ്ടി പറമ്പിൻ വെളിച്ചമീ 
മാനുഷീധാത്രീ വളർത്തു പുത്രി 

കന്നായിരുന്ന നീയമ്മതൻ ചാരത്തു നിന്നും 
കുനികുത്തിയങ്ങുമിങ്ങും 
പുല്ലുനാമ്പോരോന്നു തിന്നും മറന്നങ്ങു 
മണ്ടുന്ന കണ്ടുമെൻ കണ്‍കുളിർത്തു 

പിന്നെ നീ പയ്യായ് വളർന്നു മദിയാർന്നു 
പൊൻകുടമൊന്നിനെ നൊന്തുപെറ്റു 
അന്നതെൻ സൌഭാഗ്യമെന്നോർത്തു ലാളിച്ചു 
നിൻ പാലനത്തിന്നു മാറ്റുചേർത്തു 

നിൻ പാൽ കറന്നു വിറ്റെൻ മുണ്ടുപെട്ടിയിൽ 
ടിന്നളുക്കിൻ കനം കൂടിവന്നു 
നിൻ നറും വെണ്ണ ചേർത്തുണ്ടെന്ടെ യോമന -
ക്കണ്ണനാമുണ്ണിക്കു മെയ് വളർന്നു 

രണ്ടുനാൾ മുൻപാണു കാലത്തു മൊന്തയും 
വെള്ളവും കൊണ്ടു നിൻ ചാരെയെത്തീ
എന്തുനീ തെറ്റെ,ന്നെണീട്ടില്ല !അകിടുണർ -
ന്നെന്തെ മാധുര്യം ചുരത്തിയില്ല !

എന്തോ പിണഞ്ഞു നിനക്കെന്നു കണ്ടുള്ളു -
മന്ദിച്ചു കണ്ണുനീർ വാർത്തു നിന്നു 
അന്തികേ ഞാനെന്തു ചെയ്യേണ്ടുവെന്നോർത്തു 
നിൻ ശോകഭാവങ്ങൾ നോക്കിനിന്നു 

ഏറും തരത്തിലായൌഷധങ്ങൾ കൂർത്ത -
സൂചിയാൽ കേറ്റീ തളർന്ന നിന്നിൽ 
നീയൊന്നെണീറ്റില്ല  നാലുപേർ തണ്ടിട്ടു -
താങ്ങിയെന്നാലതും വ്യർത്ഥമായ്പോയ്‌ 

ആരോ പറഞ്ഞറിഞ്ഞാണെന്നുതോന്നുന്ന -
താരാച്ചാരാന്മാർ മണത്തു വന്നു 
ചോരയും നീരും വികാരവും ചേർന്ന നിൻ 
ദേഹമാംസത്തിൽ കൊതിച്ചു നിന്നു 

ചില്ലറക്കാശെണ്ണി മേടിച്ചു പുത്രിതൻ 
കൊല്ലാക്കൊലയ്ക്കമ്മ കൈപൊക്കുമോ 
പുല്ലുതിന്നുന്നൊരി,സ്സാധുവിൻ ജീവനു -
മില്ലയോ മൃത്യുവിൽ ഭീതിയെന്നോ 

പാവം !തൊഴുത്തിൽ കിടപ്പു ദീനാർത്തയായ് 
കാണുവാനാവില്ല ,യെന്നൊടുക്കം
പാപമാണെന്നറിഞ്ഞിട്ടും ,ദയാവധ -
പാതകത്തിന്നായനുജ്ഞയേകി 

നീ ഭാഗ്യലക്ഷ്മി ,തൊഴുത്തിൻ വിളക്കണ -
ച്ചീ ഭാഗ്യഹീനക്കിരുട്ടു നൽകീ 
നീയാർന്നു മുക്തി പറമ്പിന്ടെയറ്റത്തു 
നീറുമീ യമ്മക്കു മാപ്പു നല്കി 

************************************        
Girija Chemmangatt
(കേരളത്തിലെ ക്ഷീരോല്പാദനത്തെ പ്രതികൂലമായി ബാധിച്ച ഒരു ദുരന്തമാണ് കന്നുകാലികളിലെ കുളമ്പുരോഗം .രോഗം ബാധിച്ച്, കുറെ മൃഗങ്ങള്‍ അവശരാകുകയും ജീവഹാനി സംഭവിക്കുകയും ചെയ്തു .നിസ്സഹായരായ ഈ മിണ്ടാപ്രാണികള്‍ക്കും,അവരെ പരിപാലിച്ച് ,ഉപജീവനമാര്‍ഗം കണ്ടെത്തിയ ഹതഭാഗ്യരായ ഗോപാലകര്‍ക്കുമായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു .) 

Monday, 2 December 2013

കണ്ണന്ടെ കണ്ണൻ

കണ്ണന്ടെ പൊൻ തിടമ്പേ റ്റുവാൻ ഭാഗ്യങ്ങൾ 
കൊല്ലങ്ങളായ് ചെയ്ത കണ്ണൻ 
കണ്ണന്ടെ യാനപ്പറമ്പിൽ വെച്ചേറ്റവും 
സന്മാനോഭാവനിക്കണ്ണൻ 

 വെള്ളവിരിപ്പിലിരുത്തി മേൽശാന്തി, നിൻ 
ചെല്ലപ്പേരിട്ടു വിളിച്ചു 
അന്നുതൊട്ടുത്സവ വേള തന്നോട്ടത്തി-
ലൊന്നാമതായി ഞാനോടി 

(പെണ്ണൊരാളോടി ജയിച്ചെന്ന വാർത്ത ഞാൻ 
പണ്ടെന്നോ കേട്ടു മറന്നു 
അന്നതെൻ കൃത്യതവിട്ട മദകാല-
ബന്ധനം മൂലമായ് വന്നു )

കുട്ടിക്കുറുമ്പുകളേറെയും ചെയ്തൊരെ-
ന്നിഷ്ട ദൈവത്തിൻ നടയ്ക്കൽ 
കുട്ടിത്ത മാർന്നുള്ള കൊമ്പനെത്തന്നൊരാൾ 
പട്ടാഭിഷിക്ത സമ്പന്ന 

കൂട്ടത്തിലേറ്റ മിളയവ നെന്നോർത്തു 
ചേട്ടന്ടെ സ്നേഹവായ്പേകി 
കൂട്ടാമവരജസിദ്ധി ഞങ്ങൾക്കേറ്റം 
നേട്ടമാണെന്നായ്‌ കരുതി 

ഉത്സവനാളിൽ വരിചേർത്തു ഞങ്ങളെ 
നിർത്തി മെയ്‌ച്ചങ്ങല കെട്ടി 
മത്സരം കാണുവാൻ ഭക്തജനങ്ങളു -
മുത്സുകരായി വന്നെത്തി 

ഓടുമ്പോളിമ്പ മുതിർക്കാൻ മണിയുമായ് 
പാരമ്പര്യക്കാരുമെത്തി 
പാളിച്ച മാറ്റുവാൻ പോലീസുകാരുമി-
ക്കോവിലിൻ ചുറ്റുമായെത്തി 

ഓട്ടം തുടങ്ങി ഞാനൊന്നാമതാകുവാ-
നേറ്റം കുതിച്ചു മുന്നേറെ  
കാട്ടിയെൻ പാലകൻ,കാൽകൊണ്ടൊരാജ്ഞയെ-
ന്തോട്ടം, പിടുന്നെന്നു നിർത്താൻ!

നിന്ന ഞാൻ ചുറ്റിലും നോക്കവേ കാണുന്നു 
മുന്നിലാണോടുന്നു കുഞ്ഞൻ !
പിന്നാലെയാരും വരുന്നില്ല,പാവങ്ങൾ!
മന്ദയാനം നടത്തുന്നു !

കൊച്ചു കുറുമ്പൻ ചടുലമായോടി യ-
ങ്ങെത്തിക്കൊടിമരം തൊട്ടു 
ചുറ്റിലും കാണികളാർപ്പിട്ടു,ഞങ്ങളോ 
വിഡ്ഢികളെന്നായ് പിരിഞ്ഞു 

വന്നിതാ, ശോകവൃത്താന്തം പണമാണു
ഞങ്ങളോടിച്ചതി കാട്ടി 
പൊങ്ങു മധികാരഗർവാണു കാപട്യ-
മുള്ളൊരീ നാടകം കെട്ടി 

വെള്ളയണിഞ്ഞു വണങ്ങുവാനെത്തുന്ന
കള്ളപ്പരിഷക്കു മുന്നിൽ 
കള്ളച്ചിരിയുമായ്‌ നിൽപവൻ,പാൽവെണ്ണ -
ക്കള്ളനിന്നെന്തേ പിണഞ്ഞു? 

മഞ്ഞപ്പവൻ പൊൻ തിളക്കങ്ങൾ പാക്കനാർ 
നഞ്ഞെന്നു ചൊല്ലിയെന്നാലും 
മഞ്ഞപ്പട്ടാട ചുറ്റുന്നവൻ തൻ കണ്ണും 
മഞ്ഞളിച്ചെന്നായറിഞ്ഞേൻ.

***************
(വർഷങ്ങൾക്കുമുൻപ് ജയലളിത ഗുരുവായൂരപ്പന് നടയിരുത്തിയ ആനക്കുട്ടി,ആനയോട്ടത്തിൽ ജേതാവായപ്പോൾ ഉണ്ടായ വിവാദത്തെ അടിസ്ഥാനമാക്കി എഴുതിയത്.  
പെണ്ണൊരാളോടി ജയിച്ചെന്ന വാർത്ത ......ഗൌരി ആന ഒന്നാമതായി ഓടിവന്ന കഥ  ഓർക്കുന്നു.ശാന്തസ്വഭാവിയായകണ്ണൻ  )     
'