Monday 30 October 2023

 സ്നേഹബന്ധം

വിദ്യാലയത്തീന്നും പോകുന്നുകുട്ടികൾ

വർഷത്തിലെല്ലാം വിനോദയാത്ര

കുട്ടിക്കുമാത്രമില്ലന്നൊട്ടുമുത്സാഹം

പുത്തനുടുപ്പൊന്നു കിട്ടായ്കയാൽ 

അമ്മതന്മുമ്പിൽ വിഷാദിച്ചിരിക്കുന്നു

കുഞ്ഞുമോൾ കണ്ണുനിറച്ചുകൊണ്ടേ

"ശമ്പളംകിട്ടിയില്ലച്ഛനിന്നേവരെ

എന്തമ്മ ചെയ്യേണ്ടു,പൊന്നുമോളേ"

ഉച്ചവെയിലാറി,തിണ്ണമേലപ്പോഴും

കൊച്ചു,കമിഴ്ന്നു കിടന്നിടുന്നു

കച്ചത്തോർത്തൊന്നു,ചുമലിലേയ്ക്കിട്ടമ്മ-

യൊട്ടു,ശങ്കിച്ചിട്ടു യാത്രയായി

നേരമിരുട്ടുന്നു കാണുന്നില്ലമ്മയെ

വേവലാതിപ്പെട്ടിരിപ്പു,ചെല്ലം

ഊറിച്ചിരിയുമായമ്മവന്നെത്തിയി-

ട്ടേകുന്നു,സമ്മാനമങ്ങുമോദാൽ

പത്രക്കടലാസിൽ ഭദ്രം പൊതിഞ്ഞൊര-

പ്പട്ടുടുപ്പും കണ്ടുകൺകുളിർക്കേ

" ഇട്ടുപോയീടണം, ചുക്കിച്ചുളിക്കാതെ-

യിഷ്ടത്താൽ നൽകി നിൻ കൂട്ടുകാരി"

                              ****

കാലമേറെച്ചെന്നു,ഞാനിന്നുചൊല്ലിയെൻ

തോഴിയോടിക്കാര്യം സ്നേഹമോടെ

ആയവൾക്കോർമ്മയില്ലെന്നവളാശ്ചര്യം

കൂറുന്നിതാണല്ലോ സ്നേഹബന്ധം !

                        ********

ഗിരിജ ചെമ്മങ്ങാട്ട്. 






Monday 16 October 2023

 ഏട്ടൻ 


അമ്മതന്നങ്കതടത്തിൽകിടന്നതാ

അമ്മിണിപ്പൊൻകിടാവേങ്ങിടുന്നു

"എന്തെന്റെയമ്മയെനിക്കായിനൽകിയി-

ല്ലിന്നേവരേയ്ക്കുമെൻ കുഞ്ഞേട്ടനെ

രാധയ്ക്കുമുണ്ടെന്റെ തോഴിയായുള്ളൊരാ

ഗീതയ്ക്കുമുണ്ടു രണ്ടാങ്ങളമാർ

ഓടിവന്നെന്നെയൊന്നൂഞ്ഞാലിലാട്ടുവാ-

നാരുമില്ലെന്നവൾ മാഴ്കിടുന്നു"

കുഞ്ഞിൻമൃദുമേനി തൊട്ടുതലോടിയാ-

ണമ്മ മൊഴിഞ്ഞൂ ചിരിച്ചുകൊണ്ടേ

"എന്തിനെൻകണ്ണേ വിതുമ്പുന്നു മൂന്നുപേ-

രില്ലേ,നിനക്കത്രെ,യേട്ടത്തിമാർ

ഏട്ടനെപ്പോലെ കരുത്തരല്ലേ ,നിന്നെ-

യേറ്റമരുമയായ് കാൺവൊരല്ലേ

കേട്ടതായ്പ്പോലും നടിക്കാത്ത കണ്മണി

കേട്ടുവോ മുറ്റത്തെ പാദശബ്ദം

"ചിറ്റമ്മേ നന്നായ് വിശക്കുന്നു",നോക്കവേ

കുട്ടേട്ടനാണതാ വന്നുനില്പൂ

കുട്ടിയെ തന്നിൽനിന്നൻപോടെമാറ്റിയാ-

ക്കുട്ടന്നുചോറു വിളമ്പിയമ്മ

ഏട്ടത്തിമാരെല്ലാമേട്ടന്നുചുറ്റുമാ-

യാർത്തുല്ലസിച്ചുരസിച്ചിടുമ്പോൾ

കേട്ടതേയില്ലെന്നു ഭാവിച്ചു കണ്മണി

വീർത്തമുഖവുമായങ്ങിരിപ്പൂ

" എന്താണാപ്പെണ്ണിന്നു മോങ്ങാനിരിക്കുന്നു

തല്ലുകൊടുത്തുവോ നിങ്ങളാരാൻ?"

തെല്ലു,നേരംപോക്കായേട്ടനാരാഞ്ഞിടേ

മന്ദഹസിച്ചു പറഞ്ഞിതമ്മ

" എന്നോടവൾക്കുപരിഭവം,ഞാനെന്തേ-

യണ്ണനൊരാളെക്കൊടുത്തതില്ല"

എല്ലാരുമൊന്നായ് ചിരിക്കവേ പൊന്മണി-

യുല്ലാസമില്ലാതിരിപ്പുതന്നെ "ദാഹമുണ്ടാ,രാണെനിക്കാദ്യമോടിവ-

ന്നേകിടും വെള്ളം മടിച്ചിടാതെ

ആ മിടുക്കിക്കുഞാനേട്ടനായ് വന്നീടു-

മീവരും ജന്മത്തിലെന്നുസത്യം"

സോദരവാക്കതുകേട്ടനേരം കുഞ്ഞി-

ന്നാനനം പൂപോൽ വിടർന്നുവന്നു

ഓമനിക്കാൻതോന്നുമച്ചെറുകൈകളാ-

ലേകിയന്നേട്ടന്നു പാനപാത്രം. 

                    ********

ഗിരിജ ചെമ്മങ്ങാട്ട്

Sunday 15 October 2023

 

എന്റെ ശ്യാമവർണ്ണൻ


വേളിപ്പെണ്ണായ് ഞാനാണി-
ന്നൊറ്റക്കീയകത്തെന്നെ-
ക്കാണുവാനെല്ലാവരും
നിൽക്കുന്നൂസകൗതുകം
രാവെത്താറായെന്നുള്ളൊ-
രുൾപ്പുളകത്തോടേഞാ-
നോരോരോവിചാരത്താൽ
നാഴികയെണ്ണീടുമ്പോൾ
വന്നെത്തിയെൻചാരത്താ-
യെൻനാഥൻ ,കറുത്തിട്ടാ-
ണെന്നല്ലു,യർന്നിട്ടല്ല
തോളുകൾ,വിരിഞ്ഞതേ-
യല്ല മാറിടം,തിങ്ങി-
നിറഞ്ഞരോമങ്ങളു-
മില്ല,യെന്തെന്നേയൊന്നു
തൊട്ടതുമില്ലെന്നാലു-
മെന്നോടുചൊല്ലീടുന്നൂ
മന്ദമായ് ചിലതെല്ലാ-
മെന്തെന്നുകേൾക്കുന്നില്ല-
യെങ്കിലുമറിഞ്ഞൂ,ഞാ-
നെന്നാലു മാ,നാദത്തി-
ലെന്നോടുകാരുണ്യവു-
മുണ്ടുരാഗവും ബഹു-
മാനത്തിൻ കരുതലും
ആ മുഖമുള്ളിൽച്ചേർക്കാൻ
ഞാൻ കണ്ണൊന്നുയർത്തീടവേ
കാണാതായ്പോയാനെങ്ങോ
ഞാനൊരു കിനാവിലോ
               *******
അജ്ഞാതകർത്തൃകം





Friday 13 October 2023

 വേളി

ഇല്ലത്തു വേളിയാണല്ലോ

പിള്ളേർക്കെല്ലാമൊരുത്സവം

തുള്ളിച്ചാടിക്കളിക്കാനാ-

യെല്ലാരും ചെന്നു "മച്ചിലായ്"

"വേളിക്കളി" കളിച്ചീടാം

നാമി,ന്നെന്നൊരു ബാലകൻ

ആവാമെന്നാർത്തുപാടുന്നു

കൂടെയുള്ള മിടുക്കരും

പെണ്ണേതെന്നുള്ളകാര്യത്തിൽ

സംശയിക്കേണ്ട നിശ്ചയം

തേതിക്കുട്ടിയതാണേറ്റം

കാണാൻ സൗന്ദര്യമുള്ളവൾ

കന്യാദാനം നടത്തീടാൻ

താതൻ ഞാനെന്നു ചൊന്നൊരാൾ

വാൽക്കണ്ണാടിയും മാലേം

നൽകാൻ,ഭദ്ര,യൊരമ്മയായ്

മലർ,വാരിക്കൊടുത്തീടാൻ

വരാം സോദരനായിഞാൻ

*"കുടി" പിടിയ്ക്കാൻ വന്നീടാ

മെന്നു,മാതുലനാണുഞാൻ

ഓതിയ്ക്കനാവാം താനെന്നാ-

യോനിച്ചുണ്ണിയൊരാളഹോ

പാനക്കുടമുഴിഞ്ഞീടാൻ

ദേവസേനയൊരുക്കമായ്

ആയിരത്തിരി കാണിക്കാൻ

നീലാണ്ടൻ വന്നുനിൽക്കയായ്

വേളിയോത്തുമുഴക്കാനായ്

നാലാളെത്തീ,സമർത്ഥരായ്

വേളിക്കാരനെയാരാഞ്ഞി-

ട്ടേവരും നോക്കിനിൽക്കവേ

ഞാനാവാം,തേതിതൻമുന്നി-

ലാവിർഭവിച്ചു,മറ്റൊരാൾ

ശൈശവം വിട്ടുമാറാത്ത

കുസൃതിക്കണ്ണുകൊണ്ടവൾ

മുന്നിൽനിന്നവനെക്കണ്ടു

മെല്ലെ,പുച്ഛത്തൊടോതിനാൾ

"കാക്കക്കറുമ്പനയ്യയ്യേ !

ഞാനില്ലി,ന്നീ,ക്കളിക്കിനി"

ആനനം താഴ്ത്തി നില്പായീ

ശ്യാമവർണ്ണൻ വിവർണ്ണനായ്

" കുട്ട്യോളെല്ലാരുമെത്തീടിൻ

ഉണ്ടിട്ടിനി കളിച്ചിടാം"

അശരീരിയുയർന്നപ്പോൾ

വിരവിൽ പാഞ്ഞു ബാലകർ

                     *****

വർഷങ്ങൾ പലതുംചെന്നു

തേതിക്കുട്ടി വളർന്നുപോയ്

വിവാഹസുദിനം വന്നൂ

വേദി തെക്കിനിയാണുപോൽ

മന്ത്രകോടിയുടുപ്പിച്ചി-

ട്ടമ്മാമി,യന്നൊരുക്കവേ

നാലുമുണ്ടുതെറുത്തിട്ടു

മൂടിയ,പ്പെൺകിടാവിനെ

"ഉത്തരീയം ധരിച്ചാളെ

നോക്കാം" വൈദിക,നോതവേ

ചെറുതാം വിടവിൽക്കൂടാ-

"മുഖദർശന" മൊത്തുവോ !

ആദ്യരാത്രിയിൽ നാണത്തോ-

ടറയിൽ ചെന്നിരുന്നവൾ

ഇരുകയ്യാൽ മുഖംപൊക്കി-

ക്കാന്തൻ ചോദിച്ചു മെല്ലവേ

"പറയൂ,ദേവി,ഞാനിന്നും

നിൻകണ്ണിന്നു കറുമ്പനോ?

അരുതെന്നവൾ വായ്പൊത്തി-

" യങ്ങിപ്പോൾ കാമദേവനാം"😂😂

                  *************

ഗിരിജ ചെമ്മങ്ങാട്ട് 

കുടി പിടിക്കുക = നാലുവലിയമുണ്ടുകൾ തെറുത്ത് ആകെ മൂടിക്കൊണ്ടാണ് വധു വിവാഹവേദിയിൽ വരിക.അവളെ ചേർത്തുപിടിച്ച്  നടക്കാൻ സഹായിക്കുക എന്നത് അമ്മാമന്റെ കർത്തവ്യമാണ്,അവകാശവും.