Thursday, 15 March 2012

അമ്മ കരയുന്നു

എത്ര നേരമായീയഴിക്കൂട്ടില്‍
കാത്തിരിപ്പൂ നിമിഷങ്ങളെണ്ണി
എത്തിയില്ലെനിക്കന്പോടെയേകാന്‍    ,
അപ്പവും പാലുമായെന്ടെയമ്മ
സ്നേഹമോടെന്‍ ശിരസ്സില്‍ തലോടാന്‍ 
ശ്യാമരോമങ്ങള്‍ ചീകിയൊതുക്കാന്‍
പേരുചൊല്ലി വിളിച്ചുലാളിക്കാന്‍ 
ചാരെയെത്തിയില്ലിന്നെന്ടെയമ്മ.
അങ്ങകത്തുനിന്നേങ്ങലടികള്‍ 
നെഞ്ഞുകീറുമാറിങ്ങു കേള്‍ക്കുന്നു 
അമ്മതേങ്ങിക്കരയുന്നുവെന്നോ 
വിങ്ങുമെന്‍ മനമാകുലമാര്‍ന്നു
ഇന്നലെരാവിലാരോ കനിവാല്‍
തെല്ലുചോറെന്ടെ മുന്നിലായ് തന്നു 
അമ്മയുണ്ണാതുറങ്ങാതെ മാഴ്കെ 
ഉണ്ണുവാനെനിക്കാവതുണ്ടാമോ

ചുറ്റുവട്ടത്തെയാളുകള്‍ വന്നീ-
മുറ്റമേറീ വിഷണ്ണരായ് നില്‍ക്കെ 
ഊറ്റമോടെ കുരച്ചുചാടാതെ 
മാറ്റുമങ്ങി ഞാന്‍ മൂകനായ്‌ നില്പൂ

കഷ്ട,മമ്മക്കുചിത്തം ഭ്രമിച്ചോ 
ഉറ്റവര്‍ക്കുവിപത്തുഭവിച്ചോ 
ഒട്ടുതോരാത്ത കണ്ണുനീരെന്തേ 
ദു:ഖഭാവത്തിനാധാരമെന്തേ

കൂടിനില്‍ക്കും മനുഷ്യരെ നിങ്ങള്‍ 
കൂടിന്‍ വാതിലൊന്നുതുറന്നെങ്കില്‍ 
ഓടിച്ചെന്നാ തണുത്ത പാദത്തില്‍ 
താടി ചേര്‍ത്തു കിതച്ചു നിന്നേനെ

എന്ടെ സാമീപ്യമമ്മക്കുനല്കും 
തെല്ലുസാന്ത്വനമെന്നറിയുന്നേന്‍ 
ഇല്ല,ബാലിശമെന്ടെ മോഹങ്ങള്‍ 
പുല്ലുപോലെ വലിച്ചെറിയുന്നേന്‍ 

എന്തുവൈചിത്ര്യ,മീമര്‍ത്യലോകം 
തല്ലിയേല്പിച്ചു,പണ്ടേ നിയമം 
'നന്ദിയുള്ളവര്‍ നിങ്ങളെന്നാലും 
ഉമ്മറത്തോളമേ വന്നിടാവൂ'

********************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)                    

Sunday, 11 March 2012

കണ്ണാടി കാണുമ്പോള്‍

കൌമാരം യുവത്വത്തെ
 കൈമാടി വിളിക്കുന്ന
കാലം നീ കളിക്കൂട്ടു
കാരിയായിണങ്ങിയോള്‍
കാലപ്പഴക്കം കൊണ്ടു
മൂല പൊട്ടിയ നിന്ടെ 
കോലത്തെക്കണ്ടെന്നുള്ളം
 കാതരമായീടുന്നു   
കൊച്ചു കണ്ണാടീ നമ്മള്‍
 പണ്ടെത്ര കാലം തമ്മില്‍ 
കൊച്ചുവര്‍ത്തമാനങ്ങ-
ളന്യോന്യം പറഞ്ഞില്ല !
കൊച്ചുമോഹങ്ങള്‍ കൊച്ചു
സ്വപ്നങ്ങള്‍ രഹസ്യങ്ങള്‍ 
കൊച്ചുനോവുകള്‍ നമ്മള്‍
 നമ്മളില്‍ പകര്‍ന്നില്ല ! 
കാലം കടന്നേപോയി
 മാറിവന്നീടും ഋതു-
കാലങ്ങള്‍ വീണ്ടും വീണ്ടും
 വൃത്തത്തില്‍ ചരിക്കവേ 
മാറിപ്പോയ്‌ ഞാനും വിധി-
 വൈപരീത്യങ്ങള്‍ വന്നെന്‍ 
മേലെത്ര പ്രഹരങ്ങള്‍
 ഒന്നൊന്നായ് ഏല്പിക്കവേ  
കേഴുകയില്ലെന്നാലും
 ഞാനെന്നെ വെറുത്തൊരു
വ്യാഴ വട്ടമായ് നിന്നെ
 കണ്ണാടീ നോക്കാറില്ല 
തോഴി നീ പിണങ്ങിയി-
ട്ടുണ്ടാകാം,മൂലയ്ക്കലായ് 
മൂകയായിരുന്നെന്നെ-
യോര്‍ത്തുതേങ്ങിയിട്ടുണ്ടാം 
പിന്നെന്നോ ഹൃദയത്തിന്‍
 വാതുക്കലൊരു ശീത-
മന്ദമാരുതന്‍ സ്നേഹ-
സന്ദേശമായെത്തവേ 
ഉള്ളം കുളിര്‍ത്തൂ നവ-
കാമനയുണര്‍ന്നുഞാന്‍ 
നിന്നെയോര്‍ത്തുപോയടു-
ത്തെത്തുവാന്‍ കൊതിച്ചുപോയ് 
മാറാല തട്ടീവസ്ത്ര-
ത്തുമ്പിനാല്‍ പൊടി മാറ്റി-
യോമനേ,നിൻ ആനന -
മെന്‍ നേര്‍ക്കുതിരിക്കവേ 
ഞാനൊന്നുനടുങ്ങിപ്പോയ്!
കാണ്മതെന്നെത്തന്നെയോ!
നേരംപോക്കിനായെന്നോ-
ടസത്യം കാണിക്കയോ?
അല്ല,നേരിനെ മാത്രം
 ചൊല്ലുന്ന ചങ്ങാതിയെ-
ന്നെല്ലാരും ഘോഷിപ്പതു
 പാഴ്വാക്കാണെന്നോര്‍ക്കാമോ 
അല്ലല്‍ നിറഞ്ഞുള്ളൊരാ 
പോയകാലമെന്‍ മുഖം-
തെല്ലൊന്നുരൂപംമാറ്റി-
യില്ലെന്നുവന്നീടാമോ?
ശോകത്തീപ്പേമാരികള്‍
 പെയ്തെന്ടെ ശിരസ്സിന്ടെ 
ശ്യാമ വര്‍ണ്ണങ്ങള്‍ കുത്തി-
യൊ ലിച്ചു,നിറംമങ്ങി 
ഹേമവര്‍ണ്ണത്തെ ചേര്‍ത്തു,
കറുപ്പോ മിഴിച്ചോട്ടില്‍ 
കൂരിരുട്ടുപോലടി-
ഞ്ഞെന്നുഞാന്‍ കാണുന്നേരം 
നെഞ്ചിടിപ്പേറീടുന്നു
ചുണ്ടുകള്‍ വിതുമ്പുന്നൂ
ചഞ്ചലമാം ചിത്തത്തില്‍
 ദൈന്യതചേക്കേറുന്നു 
തഞ്ചത്തില്‍ യുവത്വത്തെ-
ബ്ബന്ധിക്കാനൊരുസൂത്ര-
മന്ത്രത്തിനായ് ഞാന്‍ പത്ര-
ത്താളുകള്‍ തപ്പീടുന്നു 
എന്തിന്നും പ്രതിവിധി-
യുണ്ടെന്നുവാഴ്ത്തും പല-
തന്ത്രങ്ങള്‍ തിരയുമ്പോ-
ളുള്‍വിളിയൊന്നെത്തുന്നു
എന്തിനായ് നവൌഷധം
 തേടി,ഞാനലയുന്നി-
തെന്‍ നര,യ്ക്കടുക്കള-
ച്ചെമ്പിലെകരിപോരും 
പിന്നെയും കിട്ടീടുന്നു
വെളിപാടുകള്‍,നര-
വന്നണഞ്ഞെന്നാല്‍തന്നെ
യെന്തിനായ്പേടിക്കുന്നു 
അറിയുന്നു,നീ,യല്ലാ-
താരുകാണുവാനാണീ-
യിരുളില്‍ പെട്ടേപോയോ-
രെന്‍ പാവം നരത്തല
-------------
(കണ്ണാടി കാണുമ്പോള്‍ എന്ന
 കവിതാ സമാഹാരത്തിൽ  നിന്ന്.)                           

Thursday, 8 March 2012

മണലിപ്പുഴയോട്

മണലുവാരിപ്പോയ് നിന്‍ തീരങ്ങളെങ്കിലും
മണലിപ്പുഴേ നിന്നെ,യെന്നു,മോര്‍ക്കുന്നു ഞാന്‍ 
കടലിലേ,ക്കൊഴുകുവാ,നായുന്ന നിന്‍ ഹൃദയ-
മധുര,മോഹങ്ങളെ തൊട്ടറിയുന്നുഞാന്‍ 
പുഴയെന്നാല്‍ പേരാറും,പെരിയാറുമാണെന്ന 
നിനവുള്ളില്‍ നിറയുന്ന നൂറുനൂറാളുകള്‍ 
ചെറുതോടെന്നായ് നിന്നെ കളിയാക്കുമ്പോള്‍ പൊട്ടി-
ച്ചിതറുമോളങ്ങളാല്‍ കരയുന്നതെന്തിനായ്
ആരെന്തുമേതും പറഞ്ഞോട്ടെയെന്‍ ബാല-
കാല,കൌതൂഹല,വേളയില്‍ തോഴി നീ 
പൂപോല്‍ വിടര്‍ന്ന കൌമാര,വര്‍ണ്ണങ്ങള്‍ക്കു-
കാളീന്ദി,സങ്കല്പ ചാരുത ചാര്‍ത്തി നീ
എത്ര ഗ്രീഷ്മങ്ങളില്‍ ശീതളിമയാലെത്ര-
തപ്ത,കണ്ഠങ്ങള്‍ക്കു ദാഹനീരായി നീ 
എത്ര പാഴ് തരിശുകളെ നിന്‍ സ്നേഹധാരയാല്‍ 
പച്ചത്തുരുത്തുകളാക്കും പ്രവാഹിനി
കുറുമാലിപ്പുഴയെന്ന സഖി,യൊത്തു ചേരുവാന്‍ 
ധൃതിപൂണ്ടു,പാലക്കടവില്‍ ചെന്നണയവേ
പുതുപുഴയായ് നിങ്ങള്‍ ഒഴുകവേ കാണാത്ത-
കരകള്‍ക്കു,കരളുകളില്‍ കുളിരുകോരീടവേ
മീനമാസത്തിലെ പൂരനാളില്‍ ഞങ്ങള്‍ 
മേളപ്പറമ്പില്‍ രസിച്ചാ,ര്‍ത്തു,നില്‍ക്കവേ 
നീലവര്‍ണന്‍ തന്ടെ പ്രേയസികളോടൊത്തു-
നീരാടുവാന്‍ നിന്ടെ തീരത്തു,നില്കവേ 
ആയിരം പാപങ്ങള്‍ തന്‍ ചെളി മാറാപ്പു-
തൂങ്ങുന്ന തോളിന്ടെ ഭാരമകറ്റുവാന്‍ 
ദൂരെനിന്നോടിയെത്താറുണ്ടു,ഞങ്ങള്‍ ഒ-
ത്താറാടുവാന്‍ ദേവഗംഗയും യമുനയും
ചെറുപുഴയെങ്കിലും പഴമക്കാര്‍ പറയാറു-
ണ്ടൊരു ദിവ്യ സുദിനത്തില്‍ ദുരിത സംഹാരിണീ 
ഉയരുന്നു,നീ കാശിയേക്കാളു,മെന്തിനീ-
യപകര്‍ഷ,ബോധത്തി,നടിമയാകുന്നിനി?
മണലുവാരിപ്പോയ് നിന്ടെ തീരങ്ങളെങ്കിലും 
മണലിപ്പുഴേ നിന്നെ,യെന്നു,മോര്‍ക്കുന്നു,ഞാന്‍ 

**********
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.)
(മണലിപ്പുഴയിലാണ് പീച്ചി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.മീനമാസത്തിലെ പൂരം നാളില്‍ തൃപ്രയാര്‍ തേവരോടുകൂടി ആറാടുവാന്‍ ഗംഗയും യമുനയും വരുന്നു എന്നാണ് ഭക്തജന സങ്കല്പം.)   

                    

   

Tuesday, 6 March 2012

തലവേദന

കണ്ണില്‍ ചെറുനോവായ്  ചെന്നിയില്‍ വിങ്ങലായ് 
മണ്ടക്കുപിന്നിലിടിയായ് 
എന്തുപെരും നോവിതെന്തു തലനോവി-
തെന്ടെ ശിരസ്സുപൊളിഞ്ഞോ ? 

മണ്ണടിച്ചീടും ഘട ഘട വണ്ടിയെന്‍ 
പിന്നിലായേങ്ങി വരുന്നോ?
അഞ്ചാറു ചെണ്ടകള്‍ താളപ്പിഴകളില്‍ 
നില്ലാതെ കൊട്ടുകയാണോ?

നല്ലിളം പഞ്ഞിയാല്‍ തീര്‍ത്ത തലയിണ 
കല്ലുകൊണ്ടെന്നു തോന്നുന്നോ?
നന്നായ് കറങ്ങുന്ന വൈദ്യുതപ്പങ്കയില്‍-
നിന്നും ചുടുകാറ്റുവന്നോ?

മണ്ട തലോടിയാല്‍ മായില്ലെഴുത്തുകള്‍ 
മണ്ടത്തമാരുപറഞ്ഞു 
മണ്ടനോവാലെ തലോടിയെന്‍ സൌഭാഗ്യ-
മണ്ടവരകള്‍ മറഞ്ഞു

ശയ്യയില്‍ കൈകുത്തി കയ്യില്‍ തലകുത്തി 
വയ്യെന്നവശയായ് മാഴ്കെ 
*പയ്യില്ല ദാഹവുമില്ലെന്നുദരത്തില്‍
തിയ്യാളി നില്‍ക്കുന്നതെന്തേ?

ഒക്കാനമാണോ വരുന്നതീപഞ്ചാര-
പ്പാല്‍പ്പായസത്തിനെയോര്‍ക്കെ 
ഏറ്റം മധുരിച്ച നല്പലഹാരങ്ങ-
ളാര്‍ക്കിനിയെന്നുഖേദിച്ചേ

പല്ലിറുമ്മിച്ചെവി പൊത്തിക്കിടക്കവേ 
ഉല്ലാസയാത്ര വെറുത്തെ 
കല്യാണങ്ങള്‍ക്കുകൂടാനും പരമ്പര-
കണ്ടിരിക്കാനും മടുത്തെ

പൊന്നിന്‍ കൈച്ചങ്ങല കെട്ടാനും മിന്നുന്ന 
ചുന്നിപ്പുടവ ചുറ്റാനും 
ഒന്നിനും മോഹമില്ലാതെ തളര്‍ന്നു ഞാന്‍
 കണ്ണുമടച്ചുകിടക്കെ

നോവുമുറക്കവും ചേര്‍ത്തുമെടഞ്ഞൊരു-
ഞാണില്ക്കളി ഞാന്‍ തുടരെ  
കാലൊന്നിടറിസ്സുഷുപ്തിതന്‍ ഗര്‍ത്തത്തില്‍
നേരേത്തലകുത്തി വീണു.
***********
ഓടക്കുഴലിന്ടെ മന്ദ്രസ്വനം കേട്ടെന്‍ 
കാതും മിഴിയുമുണര്‍ന്നു.
 വേണുവല്ലേറെക്കുളിരോടെ മച്ചീന്നു-
തൂങ്ങിക്കറങ്ങുന്നു പങ്ക

മത്തടിച്ചാര്‍ക്കെ മയക്കുവെടിയേറ്റു
സുപ്തി പൂണ്ടേറെക്കഴിയെ
പുത്തനുനര്‍വുമായ്‌ കണ്തുറന്നീടുന്നൊ-
രുത്തുംഗനാനയെപ്പോലെ 

ചിത്തം തെളിഞ്ഞു ഞാന്‍ മുന്പെന്നപോലൊരു-
പച്ച മനുഷ്യത്തിയായി 
മോഹമുണര്‍ന്നൂകിനാവുകള്‍ പൂത്തുല-
ഞ്ഞാകുലഭാവമകന്നു

ത്യാജ്യഭാവം വിട്ടു നാവുണർന്നേറെ ‍നല്‍
ഭോജ്യങ്ങൾക്കായിക്കൊതിച്ചു
കൂട്ടരോടൊത്തു മേളിക്കാന്‍ സവാരിക്കു-
കൂട്ടമായ്‌ പോകാനുറച്ചു

പിറ്റേന്നു വേളിക്കുടുക്കാന്‍ കസവിന്ടെ
സെറ്റുമുണ്ടിസ്തിരിയിട്ടു 
മാറ്റാര്‍ന്ന പൊന്നില്‍ പണിതുള്ള പണ്ടങ്ങ-
ളേറ്റമൊരുക്കൂട്ടി വെച്ചു.

**********
( പയ്യില്ല ....പൈ ഇല്ല ...വിശപ്പില്ല )

(കണ്ണാടികാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തിൽനിന്ന്.)                      


                   .കണ്ണില്‍ ചെറുനോവായ് ചെന്നിയില്‍  വിങ്ങലായ്