Wednesday 27 March 2024

 

കുഞ്ഞിപ്പേടി

നാലമ്പലത്തിന്റെയങ്ങേത്തലയ്ക്കൽനി-
ന്നേങ്ങിക്കരച്ചിലിൻ നാദമെന്തേ
കോവിലിൻ വാതിലച്ചൂ തിരുമേനി
നേരെയങ്ങോട്ടേയ്ക്കു ചെന്നുവേഗം

തോളോടുചേർന്നുവളർന്നകാർകൂന്തലും
കാതിലെകുഞ്ഞിക്കടുക്കനുമായ്
കോടിപ്പുതുമ,മാറാത്തോരുടുപ്പുമായ്
കേഴുകയാണൊരു കുഞ്ഞുപൈതൽ
കണ്ണിൽമനോജ്ഞമെഴുതിയ കണ്മഷി
കണ്ണീരോടൊപ്പമൊഴുകീട്ടുണ്ട്
കണ്ണുംതിരുമ്മിക്കരയുകമൂലമായ്
കയ്യിലുമയ്യോപുരണ്ടിട്ടുണ്ട്

"ബാലികയെന്തേകരയുന്നിതൊറ്റയ്ക്കു
വാരിയത്തേയ്ക്കുഞാൻ കൊണ്ടുപോണോ"
ഏവമാനമ്പൂരിചോദിക്കേ,കണ്മണി
തേങ്ങലടക്കി മൊഴിഞ്ഞുമെല്ലെ

" ഏതോ,വലുതായകൊമ്പന്റെ മോളിലെൻ
തേവരാം' താത്താവു' കേറിപ്പോയി
പേടിയാകുന്നെനിയ്ക്കാരുരക്ഷിച്ചിടും
കൂരിരുട്ടിൽ കള്ളനെത്തിടുമ്പോൾ"

കുഞ്ഞിന്റെയാശങ്കകാൺകവേ ഭക്തനാ-
മുർവ്വീസുരനും മിഴിനിറഞ്ഞു
മോളിലായുത്തരത്തിൽകുറുകീടുന്ന
പ്രാവുകൾമാത്രംചിറകടിച്ചു.

ഗിരിജ ചെമ്മങ്ങാട്ട്





Sunday 24 March 2024

 പെരുവനം പൂരം


പെരുമയേറുന്ന പൂരംകാണാനായ്

മനമാം പുഷ്പകമേറിഞാൻ

പെരുവനമതിൽക്കെട്ടിൽവന്നെത്തി

ശിവശംഭോ ശംഭോശിവശംഭോ


വിഷഹാരിയാകും കടലായിൽദേവി

നിറപഞ്ചാരിയായ് വന്നെത്തി

പെരുമനത്തപ്പദർശനംചെയ്തു

തൊടുകുളത്തിൽചെന്നാറാടി


രവിപോകുന്നേരമാറാട്ടുപുഴ

മരുവും ശാസ്താവു വന്നെത്തി

ഇരുപുറവുംമൂന്നാനകളോടെ

നടയിറങ്ങയായ് പാണ്ടിയിൽ

അഭിമുഖമായി ചാത്തക്കുടത്ത-

ങ്ങരുളും ശാസ്താവും ,തൊട്ടിപ്പാൾ-

ഭഗവതിയും നിരന്നുനിൽക്കുന്നു

കരിവീരർതന്റെ മേലേറി


ഇരവുനീളുന്നനേരത്താണല്ലോ

വലയാധീശ്വരി വന്നെത്തി

അരികിൽ *ശാസ്താവുമുണ്ടു,മന്ദമായ്

നടകേറിയെഴുന്നള്ളുന്നു


ഒടുവിൽ മേളക്കലാശത്തിൽ കാണാം

ചെറുതാംമാലപ്പടക്കങ്ങൾ

ചെരിയും തീവെട്ടിപ്പന്തങ്ങളാലെ

തിരികൊളുത്തുന്നുദേശക്കാർ


മതിലകത്തപ്പോൾ ദേവീദേവന്മാർ

നിരയൊത്തു നില്ക്കുന്നുണ്ടല്ലോ

അറിയുന്നല്ലോ,വിളക്കാചാരമെ-

ന്നൊരുചടങ്ങാണു ,കാണുന്നു 


നടപടിഞ്ഞാറെഴുന്നള്ളീ,ചേർപ്പിൽ 

ഭഗവതി പഞ്ചവാദ്യമായ്

പുലരാൻകാലമിറങ്ങാനയ്യുന്നിൽ

ഭഗവതിയുമായ് ചേരുന്നു


തരുണഭാസ്ക്കരകിരണങ്ങളാലെ 

മിഴിമയക്കുന്നകോപ്പുമായ്

അഴകിലേഴാനച്ചന്തത്തിൽ ദേവി-

യണയുമ്പോൾ പൂരംപൂർണ്ണമായ്


ഗിരിജ ചെമ്മങ്ങാട്ട് 













Friday 15 March 2024

 

കിണർവല

വെട്ടുകല്ലുകൾചെത്തിപ്പടുത്തിട്ടു
വൃത്തിയോടെ മിനുക്കിയകൂപത്തിൻ
സർപ്പവൃത്തവരിയിൽ പകൽവന്നു
സ്വസ്ഥരായിരിക്കുന്നിണപ്രാവുകൾ

ആരോവന്നു,വിത്തിട്ടുവളർത്തിയ
പാറകച്ചെടി,നൽകുംതണലിനാൽ
ശീതളത്തെല്ലറിഞ്ഞുമോദച്ചിങ്ങു
മേവുകയാണു,പ്രേമികളായിതാ

കൊക്കുരുമ്മിയും,തൂവൽമിനുക്കിയും
ഹൃത്തിൽ,ഗർവ്വുകളൊട്ടുതീണ്ടാതെയും
ശുദ്ധനിർമ്മലം പ്രേമംപകർന്നുമാ-
യെത്രനാളായ് വസിക്കുന്നിതുത്സുകം

രാവുപോയ് ഇളംവെയ്ലുംകഴിഞ്ഞിട്ടു
ദേവഭാസ്കരനുച്ചിയിലെത്തവേ
ചൂടുമാറ്റുവാനെത്തിയിന്നും,കഷ്ട-
മീ,കിണറിന്നരമതിലിങ്കലായ്

കാണുകയായിതെന്തൊരു,ദുർവ്വിധി!
നീലനൂൽവല,രുപത്തിലായി,ഹാ!
തൂവൽനീർത്തിപ്പറന്നിറങ്ങീടുവാ-
നാവുകില്ലീ,മിഥുനത്തിനിന്നിമേൽ

അന്യനുള്ളസൗഭാഗ്യസുഖങ്ങളിൽ
കണ്ണുകേടുള്ള,നീചർക്കുമാത്രമേ
കണ്ണിലൊട്ടും രുധിരമില്ലാതുള്ള
കല്മഷങ്ങളൊരുക്കുവാനായിടൂ

തമ്മിൽത്തമ്മിലായ് കുറ്റപ്പെടുത്തിയും
എന്റെ,ഞാനെ,ന്നഹങ്കാരമോടെയും
ഉള്ളിലൊട്ടും,പ്രണയംകിളിർക്കാത്ത
ദുർമനസ്സിനേ,ചെയ്യുവാനായിടൂ
                  ******************
ഗിരിജ ചെമ്മങ്ങാട്ട്
















Thursday 7 March 2024

 സ്ത്രീപിഡനം ഇങ്ങനേയും


ഉത്തരേന്ത്യയിൽ വർഷങ്ങൾമുമ്പുഞാൻ

ഉദ്യോഗാർത്ഥം വസിക്കൂന്ന വേളയിൽ

തൊട്ടവീട്ടിൽനിന്നോടിയെത്താറുണ്ടു

കുട്ടിയെൻ സുതർക്കൊപ്പം കളിക്കുവാൻ 


ക്രൂരയാകും പിശാചിനിയിൽപ്പോലും

മാതൃഭാവമുണർത്തുവാൻ പോന്നൊര-

ക്കോമളയാം കുരുന്നിനെനോക്കിനി-

ന്നേറെ പുത്രീസുകൃതമറിഞ്ഞുഞാൻ


ഹന്ത! പെണ്ണായ് പിറന്നതുമൂലമായ്

സ്വന്തമെന്നോർത്തതില്ലതിൻ വീട്ടുകാർ

ചന്തമുള്ളൊരക്കുഞ്ഞിനെ,ലാളിച്ച-

തില്ല താടകയായുള്ള ദാദിമാ


നല്ലഭക്ഷണം നല്കാനോ പട്ടിന്റെ

കുഞ്ഞുടുപ്പുകൾ തുന്നിയിടീക്കാനോ

സ്തന്യമാവോളമൂട്ടാനോ നിന്നില്ല

നൊന്തുപെറ്റുള്ളൊരമ്മയാം പൂതന


കാലമങ്ങനെ പോകവേ കൈശോരി

ബാലപീഡബാധിച്ചു കിടപ്പിലായ്

രോഗശാന്തിക്കു വൈദ്യരെക്കാട്ടുവാ-

നേതുമേ തുനിഞ്ഞില്ല പിതാവു,ഹാ!


ചോരതുപ്പിയും,ഛർദ്ദിച്ചുമേങ്ങിയു-

മോമനക്കുഞ്ഞു പേർത്തുമവശയായ്

സ്നേഹലാളനയേകാത്തിടംവിട്ടു

നാകലോകത്തിലേയ്ക്കന്ത്യയാത്രയായ്


ദു:ഖിതരായ് ചമഞ്ഞു കണ്ണിർവാർത്തു

കൊച്ചുതോഴിക്കുവേണ്ടിയെന്നുണ്ണികൾ

ചിത്തഭാരം വഹിയാഞ്ഞു താപാഗ്നി

കത്തുമീയുള്ളിലേറെക്കരഞ്ഞുഞാൻ


വർഷമൊന്നുകഴിഞ്ഞയൽക്കാരിക്കു

ഗർഭമൊമ്പതുമാസം തികയവേ

കഷ്ടമേ,വിധി ! യെന്നല്ലേ ചൊല്ലാവൂ

പെറ്റു,പെണ്ണിനെത്തന്നെയെന്തിങ്ങനെ


അമ്മചെയ്തോരപരാധശിക്ഷയോ

" കുഞ്ഞുനിമ്മി" പുനർജ്ജന്മമാർന്നതോ

മന്ദിരത്തിലലതല്ലി,ശോകങ്ങ-

ളന്ത്യമാർക്കോ ഭവിച്ചതുപോലവേ


ജാതയായ കുമാരിക്കുചേർന്നുള്ള

ഭാഗധേയങ്ങളെന്തെന്നറിഞ്ഞിടാൻ

ആയതില്ല,ജോലിസ്ഥലംവിട്ടു നാ-

ളേറുംമുമ്പിങ്ങു നാട്ടിലേയ്ക്കെത്തി ഞാൻ


ഗിരിജ ചെമ്മങ്ങാട്ട് 

( കണ്ണാടി കാണുമ്പോൾ എന്ന കവിതാസമാഹാരത്തിൽ നിന്ന് 

ഇന്ന് അന്താരാഷ്ട്രവനിതാദിനം




 

ഇത്തിൾക്കണ്ണി

"ഇത്തിൾക്കണ്ണിനീ,"യെന്നെന്നെയെല്ലാരും
കുറ്റവാളിപോൽ മാറ്റിനിർത്തീടുന്നു
വെട്ടിവീഴ്ത്തുന്നു,തീയിട്ടുനീറ്റുന്നു
കഷ്ട!മാരാണറിയുന്നുവേദന

പച്ചത്തൊപ്പിയും,പച്ചച്ചെരിപ്പുമായ്
പൊട്ടിവീണീടുമെന്റെമുകുളങ്ങൾ
കുട്ടികളോടിവന്നെടുത്തങ്ങനെ
മുത്തിയമ്മയ്ക്കുരൂപംകൊടുക്കിലും

ഉത്തുംഗം വളർന്നീടുന്നമാവുകൾ
ചക്കയേറെയും പൊട്ടുന്ന പ്ലാവുകൾ
ദുഷ്ടമർത്ത്യർതൻ കോടാലിമാനസം
വെട്ടിമാറ്റിനിൽപ്പല്ലോപറമ്പുകൾ

ഏതിടത്തൊന്നുവീഴുമെൻവിത്തുകൾ
ഏവരേകു,മെനിക്കല്പഭക്ഷണം
ഞാനെൻവംശനിലനില്പിനായ് ചെറു-
പൂമരക്കൊമ്പിലെങ്കിലും കേറട്ടെ

ഗിരിജ ചെമ്മങ്ങാട്ട്
ഒരു നന്മമനസ്സിനോട് കടപ്പാട്