Friday, 25 April 2014

അന്തിക്കൊയ്ത്ത്

 പാടത്തുന്നവസാനക്കറ്റ,
വേച്ചും കൊണ്ടാണു 
പാറുട്ടിയെത്തീടുന്നു
 മൂന്നാലു ചുരുട്ടുമായ് 
കാലത്തിൻ മാറ്റം കൊയ്യാ-
നാളില്ല പൊയ്പ്പോയുള്ള -
കാലത്തു കൊയ്യാൻ കിട്ടാ-
തെത്ര പേർ മടങ്ങിപ്പോയ്

കല്യാണി മനപ്പണി
 വിട്ടിട്ടു നാളേറെയായ് 
രണ്ടാണു മക്കൾ ഗൾഫിൽ
 കൊയ്ത്തിനി മഹാമോശം 
ഉണ്ടൊരു മകൾ ടൌണിൽ
 കമ്പ്യൂട്ടർ പഠിക്കുന്നു 
കൊള്ളാവും ബന്ധം വന്നാൽ
പൊന്നുമായയച്ചിടും  

കണ്ടത്തിൻ ഗന്ധം സ്വപ്നം 
കണ്ടുറങ്ങുവാൻ മാത്രം 
കണ്ടന്നു യോഗം മുന്നേ-
യില്ലത്തെയടിയാളൻ 
മുണ്ടിയോ കിടപ്പായി 
വാർപ്പിന്ടെ പണിക്കാരൻ 
കുഞ്ചാത്തൻ,കളത്രമോ
വീട്ടുവേലകൾ ചെയ്‌വൂ 

ഉണ്ടുരണ്ടുപേർ പേര-
ക്കിടാങ്ങൾ ചെക്കൻ പെട്ടി-
വണ്ടിയാണോടിക്കുന്നു
നില്ലില്ലാതോട്ടം കിട്ടും 
പെണ്ണവൾ തുണി ഷോപ്പിൽ
    ചെയ്യുന്നു "പുടമുറി "
കൊയ്യാനും മെതിക്കാനും 
കുഞ്ഞിലേ ശീലിച്ചില്ല 

പണ്ടത്തെ പാരമ്പര്യ-
ക്കൊയ്ത്തുകാരന്യം വന്നു
കണ്ടത്തിന്നുടയോന്മാർ 
തന്നത്താൻ മാഴ്കീടുന്നു 
തണ്ടോടെ പഴുത്തുള്ള 
"പൊന്മണി"മുറ്റത്തെത്തി-
ക്കണ്ടില്ല യെന്നോർത്തുള്ളിൽ 
കുണ്ഠിതം ചേർത്തീടുന്നു 

കൊച്ചുമേരിയും റോസാ-
ക്കുട്ടിയും മീനാക്ഷിയും 
പുത്തൻ കൊയ്ത്തു ശൈലി തൻ 
വക്താക്കൾ പെണ്‍ നേതാക്കൾ 
കൊത്തിടും കതിർ വൈക്കോൽ 
മുക്കാലും കണ്ടങ്ങളി-
ലിട്ടിടും മേയാനെത്തും 
പൈക്കൾക്കു ഭക്ഷ്യോത്സവം 

എത്തിടും മറുനാട്ടിൽ 
നിന്നേറെ കൊയ്യാളന്മാ-
രൊട്ടേറെ ഡിമാൻഡുമായ് 
താഴ്ത്തിക്കൊയ്യുമെന്നാലും 
കിട്ടണം വെറും കാപ്പി 
കാലത്ത്,വെയിൽ മൂത്താ-
ലെത്തണം കറിയോടെ 
ചപ്പാത്തി ചായയ്ക്കൊപ്പം 
ഉച്ചക്ക് ചോറാണിഷ്ടം
സാമ്പാറും നിർബന്ധമാ-
ണച്ചാറ് മോരുണ്ടെങ്കിൽ 
ശാപ്പാട് കെങ്കേമമാം
മൊത്തണം പാലില്ലാത്ത 
ചായയെന്നാലും കടി-
മുട്ടാതെ വേണം മുറു-
ക്കെങ്കിലും വൈകുന്നേരം

മേലാകെ ചേറാണെണ്ണ-
സോപ്പുകൾ വേണം കുളി-
ച്ചീറൻ മാറിയാൽ ചൂടോ-
ടത്താഴം വിളമ്പേണം 
മാറി മാറിയീ നാട്ടു-
കാരാലും കൊയ്ത്തും തേടി 
നാടോടി വന്നോരാലും 
കൊയ്യിച്ചു വശം കെട്ടു 

പുഞ്ചയെന്നാലും പണി 
ചെയ്യാതെ തരിശിട്ടു 
നിന്ദിച്ചിടാമോ പൂർവ-
സമ്പത്തീ കേദാരത്തെ 
നെഞ്ചത്തു കയ്യും വച്ചു 
തമ്പുരാൻ സത്യം ചെയ്‌വൂ 
"പഞ്ചാബിൽ നിന്നെത്തീടും 
ഹാർവെസ്റ്റെർ, വരും കൊല്ലം".

********************     

     

Saturday, 5 April 2014

പൂരം

ഉത്സവം കൊട്ടിക്കൊടിനിവർന്നാൽ 
ഉത്സുകമെന്മന,മാർത്തു തുള്ളും  
അച്ഛന്ടെ കൈകളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിലേയ്ക്കെത്തി  നോക്കും

പൂരപ്പറമ്പിലേക്കന്തിവെട്ടം- 
മാഞ്ഞാൽ പകലുണ്ടു യാത്രയാകും 
ഓണത്തി,നേട്ട,നെടുത്തുതന്ന 
നീലപ്പാവാടയും ചുറ്റി മെല്ലെ 

മുത്തു തലേക്കെട്ടണിഞ്ഞു നിൽക്കും 
മത്തേഭ വീരരെ കണ്ടു നിൽക്കും 
തിക്കുതിരക്കുകൾ വന്നിടുമ്പോൾ 
അച്ഛന്ടെ കാലോടു ചേർന്നുനിൽക്കും

പൊൻ കോല ഭംഗിയോടുത്തു ചേരും 
പൊന്നിൻ തിടമ്പു തൊഴുതു നിൽക്കും 
വെണ്മയോലും ചാമരങ്ങൾ മുത്ത-
ശ്ശ്യമ്മതൻ കൂന്തലെന്നോർത്തു നിൽക്കും 

ആലവട്ടത്തിന്ടെ പീലിച്ചന്തം
തീവെട്ടി വെട്ടത്തിൽ നോക്കി നിൽക്കും 
ലോലാക്കു,പട്ടിൻ കുടയ്ക്കു ചുറ്റും 
ആലോലമാടുന്ന കാഴ്ച കാണും


പൂക്കുന്നമിട്ടിൽ മിഴി വിടർത്തും 
ചീറ്റുവാണത്തിന്നു കാതുപൊത്തും
പഞ്ചാരിമേളക്കൊഴുപ്പിനൊത്തു
ചാഞ്ചാടുന്നോരിൽ കുതുകം കൊള്ളും 

കൊച്ചു സാമാനങ്ങൾ വിൽക്കുവോരായ്‌
കുപ്പിവളയ്ക്കു വിലകൾ പേശും 
അച്ഛന്ടെ കയ്യും പിടിച്ചന്നു ഞാ-
നുത്സവം കാണും വെളുക്കുവോളം

പിന്നെ ഞാൻ ബാല്യം പിറകിലിട്ടു 
പെണ്ണായ് വളർന്നു യുവത്വമാർന്നു 
പെണ്ണായ് വളർന്നതിൻ പിന്നിലിന്നീ-
യന്തർജ്ജനമാ,യകത്തൊളിച്ചു

പ്രാരാബ്ധക്കാരിയായ് മാറിയപ്പോൾ 
പൂരപ്പറമ്പെനിക്കന്യമായി 
പേരും പെരുമയുമൊത്തനാട്ടു-
പൂരങ്ങളെല്ലാം കിനാവിലായി 

പിന്നെയും പൂരങ്ങൾ വന്നുപോകെ 
ഉണ്ണി പിറന്നെന്നി,ലുത്സവം പോൽ 
ഉണ്ണിമെയ് താരുണ്യം ചേർന്നുണർന്നു 
സുന്ദര പൌരുഷ ഭാവമാർന്നു 

അച്ഛനോടൊപ്പമുയർന്നൊരുണ്ണി 
അച്ഛനെക്കാളു മുയർന്നൊരുണ്ണി
അച്ഛനെപ്പോലെ കരുത്തനുണ്ണി 
അച്ഛനേക്കാളും കരുത്തനുണ്ണി 

' ഇന്നാണ് പൂരം 'ചിരിച്ചു കൊണ്ടെ -
ന്നുണ്ണി യെന്നന്തികേ വന്നുനിന്നു 
' അമ്മ പോരുന്നുവോ പൂരം കാണാൻ 
കൊണ്ടുപോകാം ഞാൻ മുഷിഞ്ഞിടാതെ '

കുട്ടന്ടെ കയ്യും പിടിച്ചുകൊണ്ടി-
ന്നുത്സവക്കാഴ്ചകൾ കണ്ടുനില്ക്കെ 
അച്ഛന്ടെ കൈളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിൽ ഞാൻ വീണ്ടുമെത്തി !


******************************