Wednesday 17 January 2024

 

വർച്ചസ്സ്

ഊഴിയിൽ മാനുഷജന്മമെടുക്കുവാൻ
പോയീടുമിപ്പൊഴീ,യിന്ദുസൂനു
നോവുംമനസ്സുമായ് കണ്ണുനീർവാർക്കുന്നു
താരകാനാഥൻ വിഷാദമോടെ
ഭാരതയുദ്ധ,മനിവാര്യമായെന്ന
നേരറിയുന്നുണ്ടു ദേവവൃന്ദം
നാരായണൻതാനു,മാദ്യമേവന്നിതാ
യാദവനായിപ്പിറന്നുവല്ലോ
ഇന്ദ്രസൂര്യന്മാർ യമധർമ്മരാജനും
കുന്തിക്കു മക്കളെ നൽകിയല്ലോ
ചന്ദ്രന്നുമാത്രമൊഴിഞ്ഞുമാറീടുവാൻ
വയ്യെന്നകാര്യമറിഞ്ഞതല്ലോ
മോഹിച്ചുലാളിച്ചുകൊണ്ടാടിടുംനല്ലൊ-
രോമനപ്പുത്രനെ വിട്ടുനിൽക്കാൻ
വേദനയാണോ,നിശാരാജനിപ്പൊഴും
തേങ്ങലടക്കയാണെന്തുചെയ്യാം
"തെല്ലും വിഷാദിക്കവേണ്ട പതിനാറു
കൊല്ലമേ പുത്രൻ ഭുവിവസിക്കൂ
വന്നീടുമെത്രയുംവേഗമിവിടേയ്ക്കു-"
മെന്നു,നാകേശൻ ചിരിച്ചു ചൊന്നാൻ
വർച്ചസ്സെ,ന്നുള്ളപേരിട്ടുവിളിപ്പോനെ
വക്ഷസ്സിൽ ചേർത്തുപുണർന്നുതാതൻ
മർത്ത്യശിശുവായിവന്നൂകുമാരകൻ
അർജ്ജുനപുത്രനായ് കൃഷ്ണഗേഹേ
സുന്ദരബാലൻ വളർന്നു,പിതാവിന്നു-
മമ്മസുഭദ്രയ്ക്കുമോമനയായ്
വില്ലാളിവീരനായ് ശൂരനായ് കാണ്മോർക്കു
സുന്ദരാകാരനായ് ധീരനായി
കുട്ടന്റെ ഭാവവും രുപവും കണ്ടിട്ടു
പൊക്കത്തിരുന്നു തോഷിച്ചു തിങ്കൾ
(ചിത്രം!മരിക്കാത്ത ദേവകൾക്കുള്ളിലു-
മിത്രമേൽരാഗമെന്താശ്ചര്യമേ!)
വത്സരംപോകവേ യുദ്ധത്തിനായ് കുരു-
ക്ഷേത്രമൊരുങ്ങീ തിടുക്കമോടെ
ജ്യേഷ്ഠാനുജന്മാ,രിരുപക്ഷമായതാ
കേൾക്കുന്നു കൃഷ്ണന്റെ പാഞ്ചജന്യം
ആയിരം യോദ്ധാക്കൾ നാലുചുറ്റുംനിന്നു
പോരിനായ് നിൽക്കയാണെങ്കിലെന്തേ
ചക്രവ്യൂഹത്തിൽ കടന്നാനഭിമന്യു
യുദ്ധവീര്യത്തോടെ ഭീതിയെന്ന്യേ
മുമ്പിലായെത്തും ശിരസ്സുകൾ വേഗേന-
യൊന്നായറുത്തൂ കിരീടീസുതൻ
ആയുധംകൈവിട്ടുപോകേ യുവാവിന്റെ
നേരെവന്നെത്തീ,യധാർമ്മികന്മാർ
വീരർക്കുചേർന്നുള്ള  മൃത്യുവാൽ മാനത്തു
താതനായ് ചേരുവാൻ യാത്രയായി
ദേവകൾ പുഷ്പവർഷത്താൽ ശശാങ്കന്റെ
ജീവന്റെ ജീവനെ സ്വീകരിച്ചു
തന്മുന്നിൽവന്നുനമിക്കും തനൂജനെ
കണ്ണുനിറച്ചങ്ങുകണ്ടനേരം
എന്തോ വലുതായ് കനത്തപോലെത്തിയോ
ചന്ദ്രദേവന്നുള്ളിൽ കുറ്റബോധം
ഭൂമിയിൽ നോവാർന്നിരിക്കുന്നൊരച്ഛനും
മാതാവുമുണ്ടീ,യുവാവിനിപ്പോൾ
തോരാത്ത കണ്ണീരുമായൊരുപെണ്മണി-
യാരുമറിഞ്ഞില്ല,വീണുപോയി !
താനാം,ജനകനെന്നോർത്താത്മജാതന്റെ
കോമളഗാത്രത്തെയോമനിക്കേ
പാപിയാകുന്നുവോ,ഞാനിത്ര സ്വാർത്ഥത
കാണിച്ചുവെന്നതു കഷ്ടമായോ?
                      *********
ഗിരിജ ചെമ്മങ്ങാട്ട്
ചന്ദ്രന്റെ മകൻ വർച്ചസ്സ് ആണ് അഭിമന്യു ആയി ജനിച്ചത്.













Friday 12 January 2024

 

നിന്നരികത്ത്
മൃതിക്കും ജനിക്കും സദാകൂട്ടുനിൽക്കും
മരുന്നിൻമണംമുറ്റുമാസ്പത്രിയിങ്കൽ
മൃതപ്രായയാം നിൻ ജ്വരക്കട്ടിലിൽ ചേർ-
ന്നിരിക്കുന്ന ഞാനെത്ര സൗഭാഗ്യഹീനൻ
മെലിഞ്ഞും ഹിമംപോലെയാറിത്തണുത്തും
ഞരമ്പുന്തിനിൽക്കുന്നൊരിക്കൈ തലോടി
വിളർത്താകെവാടിത്തളർച്ചവാച്ചീടും
മുഖത്തെക്കുഴിഞ്ഞുള്ള നേത്രങ്ങൾ നോക്കി
പതിഞ്ഞേറെ മന്ദം ചലിക്കുന്ന നെഞ്ചി-
ന്നകത്തെന്നെ,യുൾക്കൊണ്ട ചിത്തത്തെ വാഴ്ത്തി
കരഞ്ഞേറെ വീർപ്പിട്ടു ഹൃത്തടം വിങ്ങി-
പ്പിരിഞ്ഞീടുമീയശ്രുബിന്ദുക്കൾ വീഴ്ത്തി

കിനാക്കളും മോഹപ്രതീക്ഷയും വാരി-
പ്പുണർന്നെന്റെമുന്നിൽ നടന്നെത്തിയോൾ,നീ
പ്രിയംകൊണ്ടുമൂടാൻ നിനക്കേറെനൽകാൻ
തുനിഞ്ഞില്ല ഞാനെൻ യുവത്വത്തുടിപ്പാൽ
അഹംബോധമാർന്നുള്ളൊരക്കാലമെല്ലാ-
മഹോ,പാഞ്ഞുഞാനുഗ്രനശ്വംകണക്കേ
മനംതിങ്ങിവിങ്ങിക്കരഞ്ഞുള്ളനിന്നെ-
ത്തിരിഞ്ഞൊന്നുനോക്കാൻ ശ്രമംചെയ്തിടാതെ
നിറുത്താതെയോടിത്തളർന്നപ്പൊഴെന്നോ
തിരിച്ചെത്തി ഞാൻ നിന്മടിത്തട്ടിൽ വീണു
മൃദുപ്രേമസമ്പന്നമീലാളനത്തിൽ
മനസ്സിന്നഹംഭാവമൊക്കെക്കൊഴിഞ്ഞൂ
കൊടുത്തും കവർന്നും പിണങ്ങിച്ചിരിച്ചും
സുഖംചേർന്നരാഗാർദ്രവിശ്രാന്തവേള
വിധിക്കിഷ്ടമാവാഞ്ഞസൂയാലുവായോ
സഖീ,നീയകാലത്തു വാടിക്കൊഴിഞ്ഞോ
മയക്കംമറന്നുള്ള യാമങ്ങളിൽനീ
മുറുക്കെപ്പിടിക്കുന്നിതെന്തിനെൻകൈകൾ
ഭയപ്പെട്ടുപോകുന്നുവോ നിന്നിൽനിന്നാ-
യകന്നീടുമെന്നോർത്തു,മുമ്പെന്നപോലെ
പ്രിയംചേർന്ന,നീയാണു പോകാനൊരുക്കം-
തുടങ്ങുന്നതെന്നുള്ള ദൈവാജ്ഞയോർത്തും
പ്രിയേ,നിന്റെ യാത്രയ്ക്കൊരുക്കങ്ങളേകാൻ
മനംവിങ്ങിനിൽപ്പൂ,നിരാലംബനീഞാൻ
ദിനങ്ങളും  രാവും വിരാമങ്ങൾകുടാ-
തകന്നങ്ങുപോയീടുമെന്നോർത്തിടാതെ
ദിനങ്ങൾക്കുചേർന്നുള്ള കർമ്മങ്ങൾചെയ്യാൻ
മറന്നിങ്ങിരിക്കുന്നു ഞാൻ നിന്റെചാരെ
                   ************************
ഗിരിജ ചെമ്മങ്ങാട്ട്
( അമ്മയാകുന്നു വീണ്ടും എന്ന കവിതാസമാഹാരത്തിൽനിന്ന്)

Monday 1 January 2024

 

സ്ത്രീധനം

വേളിയ്ക്കാലോചനവന്നൂ
ശ്രീദേവിക്കൊന്നു കേമമായ്
ജാതകച്ചേർച്ചനന്നത്രേ
കാണാനോ കാമരൂപനും
വിദ്യാസമ്പന്നനാണല്ലോ
ഉദ്യോഗം നല്ല ലാവണം
അമ്മാത്തുവെച്ചുപണ്ടെന്നോ
കണ്ടിട്ടുണ്ടവൾ നിശ്ചയം!
കാർന്നോമ്മാരുടെ സംസാരം
സ്ത്രീധനക്കാര്യമെത്തവേ
"പത്ത്"കിട്ടീടണം തീർച്ച!
*മുത്തപ്ഫൻ കിറുകൃത്യവാൻ"
" അഞ്ചേനൽകിടുവാനാവൂ"
കന്യതൻ താതനോതവേ
അന്ത:പ്പുരത്തിലുള്ളോർക്കു
മന്ദീഭവിച്ചിതുത്സവം
വൈകീട്ടു " മാറുടുത്തീടാൻ"*
പെൺകിടാവെത്തിനിൽക്കവേ
ഓടിയെത്തീ തുണക്കാരി-
ക്കുട്ടികൾ കൂട്ടുകാരികൾ
"ഓമനേ,ഞങ്ങൾ കേട്ടല്ലോ
വേളി,യാണുവരുന്നുപോൽ
ഏതിടംവരെയായെന്നി-
ന്നോതണം നാണമെന്നിയേ"
തോഴിതൻ വാക്കുകേട്ടപ്പോ-
ളോതീ പെൺകൊടി,ദീനയായ്
" ചോദിച്ചു 'ഞങ്ങൾ' പത്തെന്നാ-
ലാവില്ലെ'ന്നിവർ' കർക്കശം
ഏതാവും,കഥയെന്നാണോ
യോഗംപോലെ നടന്നിടും"
മായാലോകത്തിരിക്കുംപോ-
ലോമൽ,കല്പടവിങ്കലായ്
കല്ലുകെട്ടിത്തിരിച്ചുള്ളൊ-
രങ്ങേക്കടവിൽനിൽക്കവേ
അച്ഛൻ നമ്പൂരി കേട്ടല്ലോ
കഷ്ട!മാത്മജഭാഷിതം
"ഞങ്ങ" ളെന്നിവളോതുന്നൂ
നമ്പൂരീപക്ഷ,മെന്നപോൽ
"ഇവരെ" ന്നെന്നെയും കാണ്മൂ!
ഇനിവേണ്ടൊരു താമസം..
വേഗം *പെൺകൊട തീർപ്പാക്കാ -
*മോതിക്കനെ വരുത്തിടാം
സ്വന്തക്കാരെ വിളിച്ചീടാ-
* മമ്പിക്കാ,യാളെ വിട്ടിടാം.
                    *******
ഗിരിജ ചെമ്മങ്ങാട്ട്
ഒരു സ്നേഹിത പറഞ്ഞുതന്ന നർമ്മകഥ
മുത്തപ്ഫൻ = മുത്തശ്ശന്റെ അനുജൻ
* മാറുടുക്കുക =മേലുകഴുകി വസ്ത്രംമാറുക
*പെൺകൊട = പെൺകുട്ടിയുടെ വിവാഹം
ഓതിക്കൻ =പുരോഹിതൻ
*അമ്പി= പാചകക്കാരൻ