Friday, 8 May 2020

ഇരട്ടമധുരം

ഉണ്ടെനിയ്ക്കു യമന്മാരായ്* 
രണ്ടുപേർ കുഞ്ഞുസോദരർ
 മുന്നംവന്നോനന്യേൻ പിന്നെ
 മെല്ലെ വന്നവൻ കുഞ്ഞന്യേൻ 

കയ്യും കാലും വളർന്നീടാ-
നെണ്ണ തേച്ചു കുളുർക്കനെ 
കുഞ്ചിയമ്മ തലോടുന്ന-
കണ്ടു മോദിച്ചിരുന്നു ഞാൻ 

*ചിറ്റശ്ശ്യമ്മയ്ക്കു ചേർന്നുള്ള 
കൂട്ടുകാരി,യടുത്തനാൾ 
പെറ്റെന്നറിഞ്ഞു കണ്ടീടാ-
നിച്ചമ്മയൊത്തു പോയിഞാൻ 

പേറ്റുശയ്യയിൽ മാതാവോ-
ടൊത്തുറങ്ങും കുരുന്നിനെ 
കണ്ടമാത്രയിലുള്ളത്തിൽ
വന്നുചേർന്നൊരു സംശയം 

ഒട്ടു ശങ്കിച്ചുതോണ്ടീട്ടു 
ചോദിച്ചൂ ഞാൻ പതുക്കനെ 
*"ഇച്ചമ്മേ ചൊല്ലു ,കണ്ടില്ല!
മറ്റേക്കുട്ടിയതെങ്ങുപോയ്? "    
                                                                 
                                                                   *******
                                                                                           യമന്മാർ = ഇരട്ടകൾ
                                                                ചിറ്റശ്ശ്യമ്മ ( ഇച്ചമ്മ) =അച്ഛൻടെ അനിയത്തി

Sunday, 3 May 2020

ലോക്ക് ഡൌൺ

എത്രയും സൗഖ്യത്തോടെ വാഴുന്നു ഞാനിന്നിഷ്ട-
ഭക്ഷണം നിത്യം കൃത്യമായ്ത്തന്നെയെത്തീടുന്നു 
വിശ്രമം തണൽമരച്ചോട്ടിൽ രാത്രികൾ സുഖ -
നിദ്രയിലാരും തട്ടിയുണർത്താൻ വന്നീടില്ല 

ഉത്സവങ്ങളോ പൂരം വേലകളൊന്നും പാടി-
ല്ലൊട്ടുമാൾക്കൂട്ടങ്ങളുമാഘോഷങ്ങളുമില്ല 
തിക്കുംതിരക്കിൽ നിന്നിടേണ്ട ചെണ്ടകൾ ചെവി-
പൊട്ടിക്കില്ല,മിട്ടിൻടെവെട്ടം കൺചിമ്മിക്കില്ല 

മസ്തകംതോട്ടിത്തുമ്പാൽകുത്തിപ്പൊക്കില്ലാ,രാവിൽ 
കത്തുന്ന തീവെട്ടികളുറക്കം കെടുത്തില്ല 
പിറ്റേന്നു നെറ്റിപ്പട്ടമഴിച്ചു വീണ്ടുംപുത്ത-
നുത്സവപ്പറമ്പിലേയ്ക്കാട്ടിത്തെളിച്ചീടില്ല 

ഒട്ടുമേ തണ്ണീർ ദാഹംമാറ്റുവാൻ നൽകീടാതെ 
വാട്ടില്ല മദംവറ്റാൻ പട്ടിണിയിട്ടീടില്ല  
ലോക്ക് ഡൗൺ നേടിത്തന്നു സൗഭാഗ്യം ഗജങ്ങൾക്കു-
മൂക്കുവായ് മൂടിക്കെട്ടി മാനുഷർ നിൽക്കുമ്പോഴും

എത്രയുമാശ്വാമാണിക്കാലമെന്നാലുമെൻ
ചിത്തത്തിൽവീണ്ടുംമിഥ്യയാമൊരു മോഹം ബാക്കി
കിട്ടാമുന്തിരിയാണീയാഗ്രഹ,മമരത്തിൻ
കെട്ടൊന്നാരാനും വന്നു പൊട്ടിച്ചു കളഞ്ഞെങ്കിൽ* 

  **************   
                                                        * ബ്രെയ്ക്ക് ദ  ചെയ്ൻ 

Saturday, 15 September 2018

പുഴ വീണ്ടും പുഴയായപ്പോൾ

മഴതോർന്നു വെയിൽവന്നു മലവെള്ളം കടലിലേ-
യ്ക്കൊഴുകിയീ നദി വീണ്ടും പഴയപോലായ് 
പ്രളയങ്ങൾ വന്നുപോയെന്നൊന്നുമറിയാതെ -
യൊഴുകുന്നു പുഴ വീണ്ടുമതിശാന്തയായ് 

മണൽവാരി മണലൂറ്റി നിലയിളക്കുഴികളോ 
പുതുമണൽ വന്നേറെ സമനിലയായ് 
പൊരിവേനൽവറുതിയിൽ ചമയും തുരുത്തുകൾ 
പടുമുളയോടങ്ങൊലിച്ചതാപോയ് 

അരികുകളതിമോഹമോടെ കവർന്നത-
ങ്ങധികാരമോടെ തിരിച്ചെടുത്തു 
പലതരം മാലിന്യമിട്ടതെല്ലാം തെല്ലു-
പരിഹാസമോടെ തിരിച്ചുതന്നു 

                 *************

ഒരുരാവിൽ ഞാനുമെൻ കൂട്ടുകാരുംചേർന്നു 
മണലിൽ മലർന്നു മാനംനോക്കവെ 
അകലെ നൂറായിരം താരകപ്പൂക്കൾതൻ 
മിഴിചിമ്മലുംകണ്ടു കരൾനിറയ്ക്കേ 
പുഴതൻടെയങ്ങേക്കരയ്ക്കലായാൾക്കൂട്ട-
മിടയിലായ് കേൾക്കുന്നൊരാർത്തനാദം 
അരികിലായോളത്തിലാടുന്ന തോണിയിൽ 
കഥയറിഞ്ഞീടുവാൻ ചെന്നുഞങ്ങൾ 
സഭകൂടിനിൽക്കുവോരെങ്ങളെകണ്ടളവി-
ലെവിടെയോ മിന്നൽപോൽ പോയ്മറഞ്ഞു 
മണലിൽ കിടന്നൊരാളുരുളുന്നു നോവുമായ് 
ചുടുചോരയങ്ങിങ്ങു ചിതറിവീണു 
പിടയുന്ന പ്രാണൻടെയരികിലേയ്ക്കായവേ 
പതറാത്ത ഞങ്ങൾ തരിച്ചുനിന്നു 
പതിതൻടെ ചാരത്തു വരിയായൊരഞ്ചാറു 
മണൽനിറച്ചാക്കുണ്ടു വഴിതടഞ്ഞു 

                       ***************** 

Sunday, 26 August 2018

പുഴ വഴിമാറിയപ്പോൾ

തെളിനീരിലൊഴുകുന്ന പുഴയോരംചേർന്നേറെ -
യഴകാർന്നോരോടിട്ട ഭവനമുണ്ട് 
ചെറുതാണെന്നാകിലുമതിമോദമീ വീട്ടി-
ലുടയോരുമൊത്തു ഞാൻ പാർത്തിടുന്നു 

പടികടന്നെത്തിയാലോടിക്കളിക്കുവാ-
നൊരുമുറ്റമൊന്നതിൻ നടുവിലായി 
പകലോൻ മടങ്ങവേ തിരികൊണ്ടുവെച്ചിടാ-
നരിയോരു തുളസിത്തറയുമുണ്ട് 

അരികുചേർന്നരുമയായ് ചെറുമുല്ല പിച്ചകം 
പനിനീർപ്പൂവല്ലികൾ ചേമന്തികൾ 
നിരയൊത്തുനിൽക്കുന്നു മിഴികൾക്കു പൂരമായ് 
നിറവോടെയഴകാർന്ന പൂവാടിയും 

അമൃതുപോൽ തെളിനീരു കോരിക്കുടിക്കുവാൻ 
തുടിയുണ്ട് മതിലുള്ള കിണറുമുണ്ട് 
തൊടിതൻ കിഴക്കാണു പൂവാലി മകളൊത്തു 
നറുപുല്ലു നുണയുന്ന ചെറുതൊഴുത്ത് 

പുരയിടത്തിൻ തെക്കുഭാഗത്തു നിൽക്കുന്നു 
പുളിമരം ചക്കരത്തേൻവരിക്ക 
അരികിലായ് വേനലിൽ മധുഫലം നൽകുന്ന 
ചെറുനാട്ടുമാവുണ്ടു തണൽവിരിപ്പു 

വഴിനടന്നെത്തവേ ചുടുദാഹമാറ്റിടാൻ 
മധുരക്കുളിർ തരും ചെന്തെങ്ങതാ 
പലതരം സുഖമൊത്തുചേരുന്ന വീടുഞാ-
നൊരു നാകമെന്നായറിഞ്ഞിടുന്നു 

                          *************  

ഒരുരാവിൽ മഴതൻടെ താരാട്ടുകേട്ടുഞാൻ 
കുളിരോടെ മൂടിപ്പുതച്ചുറങ്ങേ 
അരികത്തു വന്നമ്മ തൊട്ടുണർത്തിച്ചൊല്ലി 
" മലവെള്ളം പുഴകവിഞ്ഞൊഴുകിയെത്തി 
മതികെട്ടുറങ്ങാതെയകലേയ്ക്കു പോയിടാം "
ഇറയത്തു ചെന്നവാറൊന്നുഞെട്ടി
ഗതിയില്ലാതൊഴുകുന്ന ചെളിവെള്ളം നാലുപാ-
ടൊരു തോണിയിൽ ഞാൻ വലിഞ്ഞു കേറി 

പലനാളു പോകവേ മഴതോർന്നു പുരതൻടെ
നിലയെന്തു നോക്കുവാൻ ചെന്നുഞങ്ങൾ 
എവിടെയെൻ കുഞ്ഞുവീ,ടെവിടെയെൻ കളിമുറ്റ-
മെവിടെയെൻ മലർവാടി തുളസിത്തറ 
എവിടെയാണാ കുഞ്ഞു വെള്ളരിപ്പൂവുക-
ളെവിടെയക്കിണറെങ്ങുചെറുതൊഴുത്തും 
അയവിറക്കീടുന്ന പൂവാലി മകളൊത്തു 
പ്രളയപ്പരപ്പിലൂടൊഴുകിയെന്നോ 
 പുളിയും വരിക്കയും ചെന്തെങ്ങു തേന്മാവും 
കടപൊട്ടി പലപാടലച്ചുവീണോ 
പുരനിന്ന തറയെങ്ങു മുറികല്ലു,മോടിൻടെ 
പൊടികളും ചേർന്ന മൺകൂനയായോ 

കളകളം പാടുന്ന ചെറുപുഴയ്ക്കെന്താണു 
വഴിമാറിയൊഴുകേണ മെന്നുതോന്നി 
ഒരുനാളുമിടയാത്തസൗമ്യയാം യമുനയെ-
ന്തൊരു മദഗജമായ്‌ കലമ്പിയെത്തി 

                   ***************** 
  


Friday, 15 September 2017

ബലിക്കാക്ക

സഖാക്കളോടൊത്തുപറക്കുമ്പോള്‍ കൂട്ടം-
പിഴച്ചുവന്നെത്തി നഗരവാനത്തില്‍ 
പരിഭ്രമിച്ചുപോയ്, മനുഷ്യരുമൊപ്പം
പെരുത്തവാഹനത്തിരക്കും കണ്ടഞാന്‍

പരിചിതമല്ലാതുയരുമൊച്ചകള്‍
നിരന്തരംകേട്ടു പതറിപ്പോയിഞാന്‍ 
പൊരുത്തപ്പെട്ടുപിന്നതുമായ് വേഗത്തില്‍ 
വിശപ്പും ദാഹവും വയറെരിക്കവേ 

പശിമാറ്റാനെന്തുതരപ്പെടുമെന്നായ്
നിനച്ചലയവേ, വഴിവക്കില്‍കണ്ടു
ജനമൊളിഞ്ഞുവന്നെറിഞ്ഞമാലിന്യ-
മലതന്‍ചാരത്തായൊരു നായക്കൂട്ടം

ഇടംകണ്ണിട്ടൊന്നുപറന്നിറങ്ങവേ,  
വിവിധമായ്കണ്ടു വിശിഷ്ടഭോജ്യങ്ങള്‍
വട,ദോശ,പൊറോട്ടതന്‍കഷണങ്ങള്‍,  
ബിരിയാണി,മാംസക്കറിതന്‍ശിഷ്ടങ്ങള്‍ 
രസിച്ചു,മൃഷ്ടാന്നമശിച്ചു,തുഷ്ടനാ-
യൊരുപുരപ്പുറത്തിരുന്നുറങ്ങിഞാന്‍
പലനാളങ്ങനെ പറന്നുചുറ്റി ഞാന്‍ 
പലേടത്തുംചെന്നു,പലതുംതിന്നുഞാന്‍ 

ഇവിടെയിങ്ങനെ സുഖമായ് വാഴുമ്പോള്‍ 
വരേണമോ നാട്ടിന്‍പുറത്തു വീണ്ടും ഞാന്‍ ?
ഒരുതരിയുപ്പോ,മുളകോചേര്‍ക്കാത്ത 
പകുതിവെന്തൊരാ-ബലിച്ചോറുണ്ണുവാന്‍ ?

*********    

Monday, 28 August 2017

റേഷന്‍കാര്‍ഡ്

റേഷന്‍കാര്‍ഡു കൊടുക്കുന്ന 
ക്യൂവില്‍ നില്‍ക്കുകയാണു ഞാന്‍ 
നൂറുപേരതിലും മേലായ്
നില്പൂ മുന്‍പിലപേക്ഷകര്‍

തൊട്ടുപിന്‍പില്‍ മൊബൈല്‍ഫോണില്‍ 
തോണ്ടിനോക്കുന്ന സുന്ദരി 
മട്ടുംഭാവവു മേതാണ്ടു
മടുത്തിട്ടൊരുമാതിരി, 

നിന്നു,കാലുകഴയ്ക്കുന്നു
വരിമുന്നോട്ടുനീങ്ങിലും 
വന്നൊടുക്കമെനിക്കൂഴം
ഞാനപ്പോള്‍ കൃതകൃത്യയായ് 

നൂറുരൂപ, പഴങ്കാര്‍ഡില്‍
വെച്ചു വേഗംകൊടുത്തവാര്‍ 
ഒപ്പിട്ടുവാങ്ങി പുത്തന്‍കാര്‍-
ഡതുമായ് വിരമിക്കവേ 

പിന്നില്‍നിന്നുനിലത്തെന്തോ 
വീണപോലൊരു കമ്പനം 
ഞെട്ടിത്തിരിഞ്ഞുപോയ്‌,കണ്ടി-
ട്ടന്തംവിട്ടങ്ങുനിന്നുപോയ് 

വെട്ടിയിട്ടമരംപോലെന്‍ 
വയ്യേനിന്നമനോഹരി 
ബോധമറ്റുകിടക്കുന്ന
കണ്ടെത്തീചുറ്റുമാളുകള്‍ 

തൊട്ടുപേരുവിളിച്ചിട്ടും 
വെള്ളമിറ്റിച്ചുവീഴ്ത്തിലും 
മിഴിയൊന്നുതുറന്നീലാ 
വൈവശ്യംചേര്‍ന്നപെണ്‍കൊടി 

ആംബുലന്‍സിന്നുപോകേണോ
ബന്ധുക്കളെ വിളിക്കണോ 
എന്തെന്തുചെയ്യുമെന്നോര്‍ത്തി-
ട്ടെല്ലാരുംകൂടിനില്‍ക്കവേ 

സുന്ദരിക്കുട്ടിതന്‍ചാര-
ത്തെത്തി,ക്കുനിഞ്ഞിരുന്നുഞാന്‍ 
കൈകളുംമുഖവുംസ്നേഹ-
വായ്പോടെ ,ത്തഴുകീടവേ

ഒരുമാത്ര,ഞാന്‍ ശങ്കിച്ചൂ 
താഴത്തെന്തോകിടപ്പതായ് 
വഴുതിപ്പോയ്കയ്യില്‍നിന്നാ 
റേഷന്‍കാര്‍ഡാണുനിശ്ചയം 

ഒന്നാംപേജില്‍പതിഞ്ഞുള്ള 
ചിത്രംകാണ്‍കെ,യറിഞ്ഞുഞാന്‍ 
തരുണീമണിമോഹിച്ചു
വീണീടാനുള്ളകാരണം 

"മോഹിനീരൂപവുംവിട്ടു-
വന്നതാടകയെന്നപോല്‍
ഗോപമന്ദിരവാതുക്കല്‍ 
നിന്നപൂതനയെന്നപോല്‍"
എത്രയുംഭംഗിചേര്‍ന്നേറെ-
ശ്ശോഭവാച്ചീടുമാനനം 
ഇത്രഭീകരമായ് "ചെയ്ത"
ചാതുര്യത്തെ നമിച്ചിടാം

*************************

Sunday, 27 March 2016

മുത്തിയുടെ മക്കൾ

കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിക്ക് 
മക്കൾ മൂന്നാണെന്ന് കേൾപ്പൂ 
മൂത്തതും താഴെപ്പിറന്നതും മങ്കമാർ 
കൂട്ടത്തിൽ മദ്ധ്യമൻ പുത്രൻ 

നാടു കണ്ടീടാനൊരുമ്പെട്ടു മൂവരും 
വീടുകൾ തേടിക്കരേറും 
നാലാളു കാണില്ല നാട്ടാരുമോർക്കില്ല 
മൂന്നുപേർ കൂട്ടിന്ടെ ദൗത്യം 

കൊച്ചനിയത്തിയാണല്ലോ വിരുന്നിനാ-
യെത്തും ഭവനത്തിലാദ്യം 
ഒട്ടേറെ നാളുകൾ വീട്ടുകാരൊത്തവൾ 
കൊട്ടും കളിയുമായ് വാഴും 

പെങ്ങളായ് ചേർന്നു മോദിക്കാൻ തിരക്കിട്ടു
പിന്നാലെയെത്തീടുമേട്ടൻ 
ആണൊരുത്തൻ വന്നു കേറിയാൽ മേളമായ് 
കാണേണ്ട പൂരങ്ങൾ തന്നെ 

എങ്ങെന്ടെ കുഞ്ഞാങ്ങളയു,മനീത്തിയു-
മെന്നാർത്തയായ് ചേച്ചിയെത്തും 
മൂത്തവൾ കൂടിക്കടന്നാൽ കഥയൊക്കെ
മാറ്റും ' ജഗ പൊക ' യാക്കും 

കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിതൻ 
മക്കളാരെന്നു ചൊല്ലാമോ?
' തോറ്റു ,സുല്ലിട്ടു ; കടം കുടിച്ചെന്നൊക്കെ-
യേറ്റെങ്കിലുത്തരം നൽകാം 

കൊച്ചടി വെച്ചണഞ്ഞീടുന്നവൾ ഭാഗ്യ-
ലക്ഷ്മീ ഭഗവതിയല്ലോ 
പിന്നാലെ വന്നു കേറീടുന്ന സോദരൻ 
' ശുംഭ ' നഹങ്കാരമല്ലോ 
ചേട്ടാഭഗവതിയാണു മൂന്നാമതായ് 
വീട്ടിലേയ്ക്കോടിയെത്തുന്നു 
നാട്ടിലെന്നാളും നടപ്പതാണൊക്കെയും
കൂട്ടരേ,പൊയ്യല്ല ; സത്യം !

**************************

( ഒരു പഴമൊഴിയോട് കടപ്പാട്.)