Monday 19 February 2024

 ( സീതാദു:ഖം ആശാനും,ഊർമ്മിളാദു:ഖം പള്ളത്തുരാമനുംഅവതരിപ്പിച്ചിട്ടുണ്ട്.അടുത്തുകാണുന്നുണ്ടെങ്കിലും ഒരുമിച്ച് ജീവിക്കാൻ യോഗമില്ലാത്ത ഭരതപത്നി മാണ്ഡവിയുടെ മനസ്സ് ആരുമറിഞ്ഞതായി കണ്ടില്ല.ഒരു മഹാകാവ്യം എഴുതാനൊന്നും എനിക്ക് കഴിവില്ല.ഒരു ചെറിയ ശ്രമം മാത്രം)


മാണ്ഡവി


നഗരിക്കുപുറത്തുയർന്നൊരാ

പുതുതായുള്ളൊരുപർണ്ണശാലയിൽ

വ്യഥയാർന്നുവസിച്ചിടുന്നൊരെൻ

പതിയെക്കാൺവതിനായൊരുങ്ങിഞാൻ


രഥമഞ്ചമതിൽവലത്തുചേർ-

ന്നമരുന്നൂ,രഘുരാമനംബയാൾ

ചെറിയമ്മയുമുണ്ടിടത്തിതാ

കരുണാർദ്രം തുണയായിവന്നുടൻ


മുളചീന്തിമെടഞ്ഞവാതിലി-

ന്നിരുഭാഗത്തുനിവർന്നുനില്പവർ

ഭടർ,ഭവ്യതയോടെ മാറിയ-

ങ്ങകമേറാൻ ,തൊഴുകയ്യുമായഹോ


കുടിലിൽ,തറമേൽവിരിച്ചൊരാ

ചെറുപുൽപ്പായയിൽചമ്രമിട്ടതാ

ഭരതൻ,മമജീവനാഥനാ-

ണുപവിഷ്ടൻ,മരവസ്ത്രധാരിയായ്


വിനയത്തൊടെണീറ്റിതമ്മമാ,-

രുടജേ,തേരിലണഞ്ഞുകാൺകയാൽ

തനുനീർത്തിനമസ്ക്കരിച്ചുനൽ-

ച്ചെറുപീഠത്തിലിരുത്തി ഭക്തിയിൽ


മൃദുഭാഷയിൽ ചോദ്യമായ് ക്ഷണം

സുഖവുംക്ഷേമവുമമ്മമാരുമായ്

അരികത്തമരുന്നപത്നിയിൽ

മിഴിയൊന്നങ്ങുതിരിച്ചതില്ലപോൽ

കഠിനവ്രതഭംഗമാവുമെ-

ന്നറിവാർന്നോ,ബഹുദീക്ഷചര്യയിൽ

നിറനേത്രദലങ്ങൾകാണുവാ-

നരുതാഞ്ഞോ,ഹൃദയം നുറുങ്ങയോ


വനവാസിചമഞ്ഞൊരഗ്രജൻ

കനിവാൽനൽകിയപാദുകങ്ങളെ

വിധിപൂജകൾചെയ്തയോദ്ധ്യയെ-

പ്പരിപാലിക്കുകയാണുമൽപ്രിയൻ


വ്രതഭംഗിയെഴുന്ന ദേഹവും

ജടചേർന്നിമ്പമിയന്നകേശവും

കൊതിപൂണ്ടവിലോചനങ്ങളാ-

ലകമേ,ചേർത്തു മുകർന്നുഞാൻവൃഥാ


പിരിയുംപൊഴുതോർത്തുനിന്നുഞാൻ

ഹതഭാഗ്യംപെടുമെന്നനീത്തിയെ

അറിയാതൊരുമാത്രയെന്മനം

ചലനംനിന്നതുപോലുറഞ്ഞുവോ

ഒരുവാരമൊരിക്കൽകാന്തനെൻ

നയനങ്ങൾക്കുഭവിഷ്യനെങ്കിലോ

വിരഹാർത്ത,മദീയസോദരി!

പ്രിയയാമൂർമ്മിള ,യെത്ര ദു:ഖിത!

                ***********

ഗിരിജ ചെമ്മങ്ങാട്ട്