Saturday, 27 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 113

27.07.2024

കണ്ടിടുന്നു ഗുരുവായുരെത്തിയാൽ
കണ്ണനിന്നുരഘുരാമരൂപിയായ്
ഉണ്ടുകയ്യിലൊരുസ്വർണ്ണ*സായകം
വില്ലുമുണ്ടു,മറുപാണിതന്നിലും

ശോണവർണ്ണമഴകൊത്തപട്ടിനാൽ
ചേലൊടൊത്ത,രയിലങ്ങുചുറ്റിയും
മീതെ,ചന്തമിയലുന്ന കിങ്ങിണി
മോദമോടലസമായ്,കിലുങ്ങിയും

മാറിലുണ്ടു,നവഹേമമാലയും
ചേണെഴുന്ന,പുതുവന്യമാലയും
മേനിയിൽ,കനകഭൂഷണങ്ങളും
മൗലിമേലഴകിലായ് കിരീടവും

സുന്ദരന്റെയരികത്തുകാണ്മതാ
തങ്കവർണ്ണമുടലാർന്ന,ജാനകി
വർണ്ണമാലയിരുകൈകളിൽധരി-
ച്ചല്ലി!നമ്രമുഖിയായിനില്പതാ !

വെണ്മയേറുമൊരുപട്ടുചേലയാ-
ണു,ണ്ടുമാറിലൊരു,പച്ചകഞ്ചുകം
കണ്ടിടുന്നു,പലവർണ്ണഭൂഷകൾ
പല്ലവാംഗിയുടെ,യാസ്പദത്തിലും

രാമചന്ദ്രനിത!നില്പു,കോവിലിൽ
സീതയൊത്തു,മൃദുഹാസഭാവനായ്
ഓടിയെത്തി,നടയിൽതൊഴുന്നവർ-
ക്കേകുവാനഭയമെന്നുമെപ്പൊഴും

ഗിരിജ ചെമ്മങ്ങാട്ട്
* സായകം=അമ്പ്

Friday, 26 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 112

26.07.2024

കണ്ണ,നിന്റെവർണ്ണനയ്ക്കുകാത്തിരുന്നുനേരമോ
തെല്ലകന്നുപോയി,ചിത്തമോദവുംതകർന്നുപോയ്
പിന്നെയെന്റെകൂട്ടുകാരിയിമ്പമോടയക്കവേ
തിങ്ങിവന്നുമാനസേ,കുറിക്കുവാനിതക്ഷണം

പിഞ്ചുകയ്യിലൊന്നുവേണുവുണ്ടിടത്തുകയ്യിലോ
ഉന്നതനായുള്ളമഹാമേരുവാണുകാണ്മതും
പൊന്നുഭൂഷണങ്ങൾ,വൃന്ദമാലയുംധരിച്ചു നീ
വന്നുനില്ക്കയാണുവായുമന്ദിരത്തിലിന്നുഹാ!

കുന്നിലുംകരുത്തനായഭീമകായപർവ്വതം
കുഞ്ഞുകയ്യിനാലുയർത്തിനിന്നതല്ലി!മാധവാ
കുന്നിടിഞ്ഞുമണ്ണിലാണ്ടൊര*ർജ്ജുനന്റെവാഹനം
വന്നുപൊക്കിടാനൊരുങ്ങിടാത്തതെന്തു കേശവാ?
കൃഷ്ണ,കൃഷ്ണ,നന്ദഗോപപുത്ര,യശോദാത്മജാ!
കൃഷ്ണ,യദുനാഥ,മധുസൂദനാ,മുരാന്തകാ !
കൃഷ്ണ,മധുകൈടഭവിമർദ്ദനാ,നിരാമയാ!
മുക്തിയേക, ഭക്തരിലലിവുചേർന്നകേശവാ!

ഗിരിജ ചെമ്മങ്ങാട്ട്

*കർണ്ണാടകയിൽ മലയിടിഞ്ഞ് കാണാതായ വാഹനം

Thursday, 25 July 2024

 ശ്രീഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 111 

25.07.2024


ഇരുകൈകളിൽ ശംഖുചക്രവും

മറുകൈകളിൽ ഗദ,*കുന്ദവും

നലമോടെധരിച്ചുനില്പതാ

പ്രഭുവിഷ്ണുവിധത്തിൽമാധവൻ


തളയുണ്ടു,കരത്തിൽകാപ്പുകൾ 

കസവാടയുമുണ്ടരയ്ക്കുമേൽ 

ചിലുചഞ്ചലമോടതിന്നുമേൽ

മണികിങ്ങിണി ഞാന്നുകാണ്മതാ 


തിരുനെഞ്ചിലണിഞ്ഞതില്ലയോ 

പതകങ്ങളൊടൊത്തമാലയും  വനമല്ലികമൊട്ടുമാലയും

വനമാലയുമെത്ര!ചന്തമായ് 


ശ്രവണങ്ങളിൽ പുഷ്പഭംഗിയും

ഭുജകാന്തിയിലംഗദങ്ങളും 

നിടിലത്തിലെ സ്വർണ്ണഗോപിയും 

മുടിമാലയണിഞ്ഞമൗലിയും


നടതന്നിലണഞ്ഞ ഭക്തരിൽ

കനിവോടഭയത്തെയേകുവാൻ

മൃദുഹാസവുമായി കേശവൻ

നിലകൊള്ളുകയാണു മന്ദിരേ !


ഗിരിജ ചെമ്മങ്ങാട്ട് 

*കുന്ദം=താമര,മുല്ല

Monday, 22 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 110

22.07.2024

കുഞ്ഞുപദമൊന്നു നലമോടഥപിണച്ചും
ചെഞ്ചൊടിയിലങ്ങു,ചെറുവേണുവതുചേർത്തും
ഇന്നുഗുരുവായുപുരി,പൊൻകളഭമാർന്നാ
കണ്ണനിതനില്പു ! മധുഗാനമതുതീർക്കാൻ

കുഞ്ഞുതളകാണ്മു,ചരണത്തിലതിഭംഗ്യാ കങ്കണവുമുണ്ടു,ചെറുപാണികളിലാഹാ !
നെഞ്ചിലഴകോടെ,വിലസുന്നുവനമാല
പൊന്നുമണിമാലകളുമുണ്ടു,ചിതമോടെ

കിങ്ങിണിയൊടൊത്തു,ചെറുകോണകവുമുണ്ട്
ചന്തമിയലും,കനകതോൾവളയുമുണ്ട്
കർണ്ണമതിലോ,കുസുമകാന്തിയതുമുണ്ട്
ചന്ദനമുഖത്തിലൊരു,പൊൻകുറിയുമുണ്ട്

പീലിമകുടത്തിൽ,മുടിമാലകളുമുണ്ട്
മോടിപകരുന്ന പലമാലകളുമുണ്ട്
ഓടിയണയുന്ന ജനവൃന്ദനിരനോക്കി ബാലനിത,നിന്നു,ചിരിതൂകിടുകയല്ലോ

ഗിരിജ  ചെമ്മങ്ങാട്ട്

Saturday, 20 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 109

20.07.2024

അമ്പാടിതന്നിലെയുമ്മറത്തെന്നപോൽ
ചമ്രംപടിഞ്ഞിരിക്കുന്നുകണ്ണൻ
വെണ്ണയുമായിപ്പോൾവന്നീടുമേയമ്മ-
യെന്നുള്ളഭാവേന ശ്രീലകത്ത്

മഞ്ജീരമുണ്ടുപാദങ്ങളിൽ,ബാഹുക്കൾ
രണ്ടിലും കാണുന്നു കങ്കണങ്ങൾ
കിങ്ങിണികെട്ടിയകുമ്പയ്ക്കുതാഴെയായ് നന്നായുടുത്തുള്ള കോണകവും

മാറത്തു,കുന്ദമുകുളത്തിന്മാലയും
കാനനമാലയുമിട്ടിട്ടുണ്ട്
തോളത്തുകാപ്പുകളോടൊത്തുകാണുന്നുപൂവിതളാലുളള പൊട്ടൊരെണ്ണം

മാലേയംചാർത്തിയതൂനെറ്റിമേലുണ്ട്
മാധവനുണ്ണിക്കു സ്വർണ്ണഗോപി
പീലിക്കിരിടേ മുടിമാലകാണുന്നു
മൂന്നുമയില്പീലിയൊത്തുചേർന്ന്

കുഞ്ഞുതുടമേലെ വേണുവലങ്കയ്യാ-
ലൊന്നമർത്തിക്കൊണ്ടും,പുഞ്ചിരിച്ചും
തന്നിടംകയ്യാ,മറുതുടമേലെവെ-
ച്ചല്ലോ കിശോരനിരുന്നിടുന്നു !

കൃഷ്ണാ,മുകുന്ദാ,ജനാർദ്ദനാ,മാധവാ
ഭക്തർക്കൊരാശ്രയമായ ദേവാ
കൃഷ്ണാ,ജനാർദ്ദന,കേശവാ,ഗോവിന്ദ!
നിത്യാ,നിരാമയാ,കൈതൊഴുന്നേൻ !

ഗിരിജ ചെമ്മങ്ങാട്ട്



 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 108

19.07.2024

രാമായണമാസമാകയാലോ
ശ്രീരാമചന്ദ്രനായിന്നുകണ്ണൻ
ശ്രീലകത്തല്ലോവിളങ്ങിടുന്നു
ശോണനിറപ്പട്ടുചേലചുറ്റി

കാലിലുണ്ടല്ലോ കനകത്തള
പാണിയിൽകാപ്പുണ്ടു ചന്തമോടെ
ചേലമേലല്ലോ മണിക്കിങ്ങിണി
ചേരുന്നു തങ്കത്തിളക്കമോടെ

മാറത്തു മല്ലികമൊട്ടുമാല
മാങ്ങമാലാ,നൽപതക്കമാല
മാലകൾ പോരെന്നുതോന്നിയിട്ടോ
ഓതിക്കൻ ചാർത്തി വളയമാല

കാതിലോ രണ്ടെണ്ണമുണ്ടുകാണാം
സൂനാഭരണങ്ങൾ ഭംഗിയോടെ
തോളിലും കങ്കണമുണ്ടുചേലിൽ
ഗോപിയും നെറ്റിയിൽ തൊട്ടുകാണ്മു

മൗലിയിൽ തങ്കക്കിരീടമുണ്ട്
നന്മുടിമാലയണിഞ്ഞതുണ്ട്
രാജാവിൻരൂപത്തിലാകയാലാം
പീലികളൊന്നുമേ കാണുന്നില്ല

മുന്നിൽ തറയോടുചേർന്നുഭക്ത്യാ
കുമ്പിട്ടിരിക്കുന്നു രാമഭക്തൻ-
അഞ്ജനാപുത്രനുമുണ്ടുകാണാം
വന്ദിക്കയാണുകരങ്ങൾകൂപ്പി

വില്ലൊന്നിടംകയ്യിൽ ചേർത്തുവെച്ചും
പൊന്നിൻശരം വലംകയ്യിൽവെച്ചും
മന്നിലെ തിന്മകളെയ്തുനീക്കാൻ
വന്നുനില്പൂ രാമചന്ദ്രനായി

രാമരാമാ ഹരേ രാമരാമാ
രാമരാമാ ജയ രാമരാമാ
രാമരാമാ ഹരേ രാമരാമാ
ജാനകീവല്ലഭാ രാമരാമാ

ഗിരിജ ചെമ്മങ്ങാട്ട്


Friday, 19 July 2024

 ദശപുഷ്പമാല


ഇലക്കീറിലിരിക്കുന്ന കറുകക്കൂട്ടത്തിൽനിന്നും

മിടുക്കികൾ മൂന്നുപേരെന്നരികിലെത്തി

ഇലക്കഷ്ണം വാട്ടിക്കീറി,ച്ചുരുട്ടിനൂലാക്കിമെല്ലെ

ദശപുഷ്പമാലകെട്ടൂ ഞങ്ങളെച്ചേർത്ത്

ചിരിച്ചുകൊണ്ടവരെഞാ,നോമനിച്ചുനൂലിൽചേർക്കെ

വരുന്നുമൂന്നുപേർവീണ്ടും ചെറൂളയൊത്ത്

നിറഞ്ഞുള്ളൊരാമോദത്താലവരെയുംകോർക്കെ പൂവ്വാം-

കുരുന്നില കൃഷ്ണക്രാന്തീസമേതമെത്തി

മുരാരിയെസ്മരിച്ചുഞാനവരേയുംകൂടെക്കൂട്ടെ

വരുന്നു മുക്കുറ്റി മുയൽച്ചെവിയുമൊത്ത്

നിലപ്പന കയ്യുന്നിയാംതോഴിയുമായ്,നാണത്തോടെ-

യടുത്തുവന്നപ്പോ,ളൻപുചേർത്തുവെച്ചൂഞാൻ

ഉഴിഞ്ഞതിരുതാളിമാരെവിടെപ്പോയെളിച്ചെന്നോ

തിരഞ്ഞപ്പോൾ മടിച്ചെന്റെയരികിൽവന്നൂ

കൊറോണക്കാലമെന്നാലു,മകലങ്ങൾ പാലിയ്ക്കേണ്ട

മഴയത്തുനിൽക്കുംനിങ്ങൾ ശുചിത്വമുള്ളോർ

കഥയെല്ലാംകണ്ടുനിൽക്കേ കറുകനാമ്പുകൾമൂവ-

രൊരുമയോടടുത്തെന്റെ വിരലിൽ തൊട്ടു 

ദശപുഷ്പമാല ചമച്ചിലയിൽപൊതിഞ്ഞൂനാളെ

പുലർച്ചയ്ക്കു കുളിച്ചുവന്നെടുത്തുചൂടാൻ

                        ***********

ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 107

18.07.2024

ഉരലുംവലിച്ചുകൊണ്ടോടിവരുന്നപോൽ
തളയിട്ട കാലുമായ് കണ്ണൻ
ഗുരുവായുവൂരിലെ ശ്രീലകത്തിന്നതാ
കളഭാലണിഞ്ഞുനില്ക്കുന്നു

പുതുകാപ്പുമിന്നുന്ന വലതുകരമതിൽ
നവനീതമുണ്ടു,കാണുന്നു
അരുമയാം മുരളികയാണിടംകയ്യിലോ
നവനീതകൃഷ്ണനണിഞ്ഞു

അരയിലണിഞ്ഞുകാണുന്നുണ്ടുകിങ്ങിണി
അതിനോടുചേർന്നുള്ള കോണം
കയറൊന്നുകാണുന്നു,കുമ്പമേലമ്മയോ
അരികത്തെയുരിലിൽ തളച്ചു!

തളിരൊത്തമാറിലുണ്ടല്ലോതിളങ്ങുന്നു
അരിമുല്ലമൊട്ടിന്റെ മാല
മൃദുലമാംകണ്ഠത്തിലല്ലോമിനുങ്ങുന്നു
വളയരൂപംപൂണ്ടമാല

നടുവിൽധരിച്ചതായ്കാണ്മൂപതക്കവും
വനമാലയോടൊത്തുചേലിൽ
അതുപോലെയോരോപതക്കങ്ങൾതോളിലും
അഴകായ് വരഞ്ഞു കാണുന്നു

നിടിലത്തിലിന്നു,മണിഞ്ഞുകാണുന്നുണ്ടുകനകതിലകവും നന്നായ്
കളഭക്കിരീടത്തിലുണ്ടേ മയില്പീലി
അതിനൊത്തുചേരുന്നഹാരം

ഉരലെങ്കിലെന്തേ,യെനിക്കിന്നുപുല്ലെന്ന
നിനവിൽ കളിക്കുന്നപോലെ
ഉലകംനമിക്കുന്നകേശവൻമന്ദിരേ
ചിരിതൂകിനില്പതായ് കാണ്മു!

ജയജയകൃഷ്ണാ ജനാർദ്ദനാ മാധവാ
ജയജയകൃഷ്ണ ഗോവിന്ദാ
ജയജയ വേണുഗോപാലാ രമാകാന്ത
ജയജയ കൃഷ്ണാ മുകുന്ദാ

ഗിരിജ ചെമ്മങ്ങാട്ട്









Thursday, 18 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 106

17.07.2024

അഞ്ജനക്കല്ലിന്റെ വിഗ്രഹത്തിൽ
കണ്ടില്ലയെന്തേ,കളഭഭംഗി
പൊന്മുഖംകാണുന്നുചന്ദനത്തിൽ
മന്ദഹസിക്കുന്ന ഭാവമോടെ

പീതാംബരച്ചേലയൊന്നുചുറ്റി
മീതെമരതക്കച്ചകെട്ടി
ഓടക്കുഴലും ധരിച്ചുകൊണ്ട്
ബാലഗോപാലൻ വിളങ്ങിടുന്നു

മാറത്തരിമുല്ലമൊട്ടുമാല
മീതെരസാലഫലത്തിന്മാല
കാണാം ഗളത്തിൽ വളയമാല
കാനനപ്പൂവിന്റെയുണ്ടമാല

മാലേയമോഹന,മാനനത്തിൽ
ഗോപിക്കുറിയൊന്നു കാണ്മു ഭംഗ്യാ
പീലിക്കിരീടേവിളങ്ങുന്നുണ്ട്
താമരപ്പൂവിന്റെ കേശമാല

മേലെയലങ്കാരമാലയല്ലോ
തൂങ്ങിനിൽക്കുന്നുണ്ട് മോടിയോടെ
ശ്രീലകേ നെയ്ദീപകാന്തിയോടെ
മാധവനുണ്ണി വിളങ്ങിടുന്നു

എന്തേ കളഭാലലങ്കരിക്കാൻ
പൊന്നുണ്ണിയിന്നു വഴങ്ങിയില്ല!
നന്ദകുമാരന്റെ ലീലയെല്ലാം
മന്നിലുള്ളോർക്കോ തിരിഞ്ഞിടുന്നു !

കൃഷ്ണാഹരേജയ,കൃഷ്ണകൃഷ്ണാ !
കൃഷ്ണാഹരേജയ,ശ്യാമവർണ്ണാ !
കൃഷ്ണാഹരേജയ,കൃഷ്ണകൃഷ്ണാ !
കൃഷ്ണാഹരേജയ,സുന്ദരാംഗ !

ഗിരിജ ചെമ്മങ്ങാട്ട് 

Tuesday, 16 July 2024

 ശ്രീ ഗൂരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന (105)

16.07.2024


വെണ്ണവലംകയ്യിലുണ്ടു,വേണുവിടംകയ്യിലും

വെൺചുമരിൽ,ചാരിനിൽക്കയാണുകണ്ണനിന്നതാ

പൊന്നുതളമിന്നിടുന്ന,പാദമോപിണച്ചുമാ

ചെഞ്ചൊടിയിൽ,മന്ദഹാസമോടെവന്നുനില്പതാ 


കിങ്ങിണിയും,കാണ്മതുണ്ടതിന്നുതാഴെകോണകം 

ഭംഗിയോടണിഞ്ഞുകാണ്മു,സുന്ദരന്റെ വിഗ്രഹം 

മുല്ലമൊട്ടുമാലയുണ്ടു,കൂടെവന്യമാലയും 

കങ്കണവും,തോൾവളയുംചന്തമോടണിഞ്ഞതാ


കാതിലുണ്ടുസൂനവും,മിനുത്തനെറ്റിമേലതാ 

ഗോപിയും,വരച്ചുബാലരൂപനിന്നുനില്പതാ 

പൊന്മകുടേ,മാലയുണ്ടതിന്നുമേൽവിതാനമായ് 

വൃന്ദയും,വെളുത്തപൂവുമൊത്തുനല്ലമാലകൾ


നെയ് വിളക്കുനൽകിടുന്ന,ശോഭയിൽമുരാന്തകൻ 

മന്ദിരേ,യനുഗ്രഹിപ്പതിന്നു,വന്നുനില്പതാ 

കൃഷ്ണ,കൃഷ്ണ,വാസുദേവ,കൃഷ്ണഗോപബാലകാ 

വൃഷ്ണിവംശനാഥ,പദം കൂപ്പിടുന്നു ഞാനിതാ !


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 104

15.07.2024

കളഭകാന്തിയിൽ കാണ്മുകണ്ണനെ
ഗുരുപുരിയിലെ തിരുനടചെന്നാൽ
വലതുകയ്യിലായ് വെണ്ണയുരുളയും
ഇടതുകയ്യിലോ കനകവേണുവും

തളകളിട്ടൊരാ ചരണശോഭയും
വളയണിഞ്ഞൊരാ കുഞ്ഞുകൈകളും
അരയിൽമിന്നിടും കിങ്ങിണിമേലെ
ചുളിവുനീർന്നൊരാ പട്ടുകോണവും

അരിമണിയൊക്കും മൊട്ടുമാലയും
നനുകഴുത്തിലെ വളയമാലയും
ഇടയിലുള്ളൊരാ പൊൻപതക്കവും
ഇരുചെവിയിലെ കുസുമഭംഗിയും

നിടിലഗോപിയും നെറുകമേലെയായ്
നിറവുകാട്ടിടും പീലിവൃന്ദവും
തിരുമുടിമേലെ സുരഭിമാലയും
വിവിധകാന്തിയിൽ മോടിമാലയും

അരുമമേനിയിൽതുളസിമാലയും
കമലലോചനൻ ചാർത്തിനില്പതാ
വിനയരൂപനാ,യിന്നുകണ്ണനെ
വിരുതുചേർന്നൊരാ,ളിന്നൊരുക്കിയോ


നടയിലെത്തിടാം കണ്ടുതൊഴുതിടാം
നയനമോഹനാ കൃഷ്ണകേശവാ
അരികിലെത്തിടാം കൺനിറച്ചിടാം
*ദധിജചോരനെ ശ്യാമവർണ്ണനെ

ഗിരിജ ചെമ്മങ്ങാട്ട്

*ദധിജം=വെണ്ണ

Sunday, 14 July 2024

 ചിരിക്കിളുന്നുകൾ


1, ജോലിക്കാരിയൊരാളമ്മ
പരിശീലവേളയാൽ
വിദേശത്തേയ്ക്കുപോന്നേരം
വിഷാദഗ്രസ്തനായ് മകൻ

" അമ്മപോകേണ്ട"കുട്ടന്നു
സങ്കടം!കൺനിറഞ്ഞുപോയ്
" പോയതില്ലെങ്കിൽ ബോസെന്നെ
ജോലിയിൽനിന്നു നീക്കിടും

കുട്ടനെന്തുസുഖം രാവിൽ
അച്ഛനൊത്തുകിടന്നിടാം
പോരെങ്കിലെത്തിടുംനിന്റെ -
യച്ഛന്റെയച്ഛനമ്മമാർ

പാവമാണമ്മ!യങ്ങെത്തെ-
യാരെച്ചേർത്തുകിടന്നിടും? "
മാതാവിങ്ങനെയോതീടേ
ആലോചനയിലാണ്ടവൻ

"അമ്മ നോവേണ്ടയുണ്ടല്ലോ
അങ്കിളൊന്നവിടെച്ചിരം
വരാൻപറയു,ഫോണില്ലേ "
ചിരിച്ചാളുള്ളിലമ്മയും
            ****************
2, വീഡിയോക്കോളുചെയ്യുമ്പോ-
ളുണ്ണിനോക്കാതിരിക്കവേ
മുത്തശ്ശിയമ്മ ചോദിച്ചൂ
" കുട്ടനിന്നെന്തുപറ്റിയോ?"
കളിക്കാറൊന്നുരുട്ടീട്ടു
തെല്ലുഗൗരവമോടവൻ
" എനിക്കു പിരിയഡ്സാണെ-"
ന്നോതീ,യുത്തരമക്ഷണം !!!
                *******
ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 103

14.07.2024


വിഷംനിറഞ്ഞതാണുവെള്ളമെന്നുതെല്ലറിഞ്ഞിടാ-

തിറങ്ങിദാഹമാറ്റി ഗോപബാലരും പശുക്കളും 

മരിച്ചുവീണുവെന്നുകണ്ടുകോപമോടെമാധവൻ 

ഭയംമറന്നുകേറിയുഗ്രനായനാഗമേനിയിൽ


കുരുന്നുപാദമൊന്നമർത്തിവെച്ചുപത്തിമേലതാ 

തുടങ്ങിടുന്നുനൃത്തമ,ത്തളക്കിലുക്കമോടുടൻ

നനുത്തകൈകളിൽചിരിച്ചുപാടിടുന്നുകങ്കണം 

കഴുത്തിൽപൊന്നുമാല,വന്യമാലയും പതക്കവും 


ഭുജത്തിലുണ്ടുകാപ്പു,നല്ലപൂക്കളുംചെവിക്കുമേൽ 

നിറന്നുകാണ്മു,നെറ്റിയിൽസുവർണ്ണഗോപിയൊന്നതാ 

മണിക്കിരീടമുണ്ടുശോഭചേരുമാറുപീലികൾ 

തെളിഞ്ഞിടുന്നു നെയ് വിളക്കുനൽകിടുന്നകാന്തിയിൽ 


ക്ഷിതിക്കുവേണ്ടനല്ലനീരുനൽകിടുംപ്രവാഹിനീ-

ജലത്തിലൊക്കെ കാളകൂടമിട്ടിടുന്നുഭീകരർ 

വലത്തുകയ്യിൽപൊന്നുവേണു,സർപ്പവാലിടത്തിലും 

ധരിച്ചു,ധർമ്മനൃത്തമാടി,ശുദ്ധിചെയ്ക!മാധവാ!


ഗിരിജ ചെമ്മങ്ങാട്ട്

Friday, 12 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 102

12.07.2024

ഗുരുവായൂർ ശ്രീലകേ ചെന്നുവന്ദിക്കുമ്പോൾ
നരസിംഹമൂർത്തിയെകാണാം
ഭയമേകുംരൂപത്തിലാണിന്നുമാധവൻ
സടനീർത്തിഗംഭീരഭാവേ

അസുരരാജാവിൻസഭയിലായുമ്മറ-
പ്പടിമേലിരിക്കുകയല്ലോ
മടിയിൽ ഹിരണ്യകശിപുവിന്നാസ്പദം
രുധിരത്താലല്ലോചുവന്നു

ഇരുകയ്യാൽകൂർത്തനഖരങ്ങൾകൊണ്ടല്ലോ
ദിതിവംശനാഥവക്ഷസ്സിൽ
അതിവേഗമാഴ്ത്തുന്നുപിന്നെയുംപിന്നെയും
അലറിച്ചിരിച്ചുകൊണ്ടങ്ങ്
പടിമേലിരിക്കുന്നപാദത്തിൽകാണുന്ന
തളകളുംകൂടെച്ചിരിച്ചോ
അരയിൽ കസവിന്റെ പട്ടിലുമുണ്ടല്ലോ
അവശനാം ദൈത്യന്റെ രക്തം

വധകർമ്മംചെയ്യുംകരങ്ങളെക്കൂടാതെ-
യിരുകരങ്ങൾകൂടെക്കാണാം
വളകളു,മംഗദശോഭയുംചേർന്നു,നൽ
തിരുശംഖുചക്രങ്ങൾ ഭംഗ്യാ

ചെവിയിൽ പ്രസൂനവും നിടിലത്തിൽ ഗോപിയും
തിരുമുടിമാലയും ചാർത്തി
അവനിവാഴുംദുഷ്ടദൈത്യരെക്കൊല്ലുവാ-
നവതരിക്കേണേമുരാരേ

ജയജയകൃഷ്ണാ മുകുന്ദാ ജനാർദ്ദന
ജയജയവൈകുണ്ഠനാഥാ
ജയജയനരസിംഹമൂർത്തേ!മഹാപ്രഭോ
ജയജയഭൂലോകനാഥാ

ഗിരിജ ചെമ്മങ്ങാട്ട്


Thursday, 11 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 101

11.07.2024


നാലു തൃക്കൈകളിൽ ശംഖു-

ചക്രങ്ങൾ സ്വർണ്ണശോഭയിൽ

ചന്ദനംകൊണ്ടു തീർത്തുള്ള

ഗദയും,ജലപുഷ്പവും 

നാരായണന്റെ രൂപത്തി-

ലിന്നുചാർത്തീ മുകുന്ദനെ 

ചാതുര്യത്തോടെയോതിക്കൻ 

ശ്രീലകത്തതിരമ്യമായ് 


ഭക്തരെന്നും വണങ്ങീടും

തൃപ്പദങ്ങളിൽ പൊൻതള

മഞ്ഞക്കസവുപട്ടിന്മേൽ 

മിന്നുന്നൂപൊന്നുകിങ്ങിണി


മാറത്തുമുല്ലമൊട്ടിന്റെ

മാലയുണ്ടു തെളിഞ്ഞതാ

ചാരുരൂപന്റെ കണ്ഠത്തിൽ

ചേരും വളയമാല്യവും


മാലകൾക്കുനടുക്കിന്നു 

കാണാം കനകഗോപിയും

നാലുകൈകളിലുണ്ടല്ലോ 

കേയൂരം കങ്കണങ്ങളും 


കർണ്ണത്തിൽ പൂവണിഞ്ഞിട്ടും

മന്ദഹാസം വിടർത്തിയും 

ചന്ദനത്തിരുനെറ്റിമേൽ 

സ്വർണ്ണക്കുറി തിളങ്ങിയും


മാറത്തു*സുരഭീഹാരം

ചേതോഹരനണിഞ്ഞു,ഹാ

മുടിക്കെട്ടിലുമുണ്ടല്ലോ 

തുളസിപ്പൂമാല ചന്തമായ്


താമരപ്പൂവിനാലല്ലോ

തൂങ്ങുംമാല വിതാനമായ് 

ശ്രീലകേ നെയ് വിളക്കത്തു

കാണാംവൈകുണ്ഠവൈഭവം !!


കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണാ!

കൃഷ്ണ!കൃഷ്ണ!ജനാർദ്ദനാ!

കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണാ!

കൃഷ്ണ!നാരായണാ!ഹരേ!


ഗിരിജ ചെമ്മങ്ങാട്ട്.


*സുരഭി=തുളസി

Friday, 5 July 2024

 *പ്രജാപതിയുടെ കൈപ്പിഴ


ശാരദാനായകനുണ്ടായൊരാഗ്രഹം 

വീരപുരുഷനുജന്മമേകാൻ 

വീരതയ്ക്കായേറചേരുവചേർത്തിട്ടു 

പൂരുഷമാതൃകയൊന്നുതീർത്തു 


ചാരുതപോരാഞ്ഞുപിന്നെയുംപിന്നെയും

മേനിയിൽകൈവേലചെയ്തിടുമ്പോൾ 

നാരദമാമുനിവീണയുമായതാ 

താണുവണങ്ങീവിധാതാവിനെ 


ഒട്ടൊന്നുഞെട്ടലുണ്ടായോ*വിരിഞ്ചന്റെ 

ശ്രദ്ധയൊരല്പംപിഴച്ചുപോയോ 

വീരനെന്നോർത്തുമെനഞ്ഞു,ഹാ!കഷ്ടമേ

മാനിനീരൂപമായ്മാറിയല്ലോ 


സൃഷ്ടികളൊന്നുംവൃഥാവിലായീടൊലെ-

ന്നെത്രയുംമോഹിച്ചു ബ്രഹ്മദേവൻ 

ഉത്തമയാം നാരിതൻജന്മപാത്രത്തിൽ 

സത്തിനെമോദമായ്ചേർത്തുവെച്ചു 


പൂരമെന്നുള്ളനാളൊന്നിൽപിറന്നവൾ 

പൂരുഷിയായിവളർന്നുപിന്നെ 

മാനുഷിയെങ്കിലും വീരവനിതയായ്

ഭൂമിയിലിന്നും തിളങ്ങിനില്പൂ!

            

                *************

ഗിരിജ ചെമ്മങ്ങാട്ട് 


* പ്രജാപതി,വിരിഞ്ചൻ = ബ്രഹ്മാവ്

 ശ്രീഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 1

17.2.24

കൊമ്പനാനയുടെ മേലിരിപ്പുനൽ

നന്ദസൂനുമൃദുഹാസമോടതാ

വെണ്ണയുണ്ടഥവലത്തുകയ്യിലോ

പൊന്നുവേണുവുമിടത്തുകയ്യിലും


തങ്കഭൂഷകളണിഞ്ഞിടയ്ക്കുനൽ

വന്യമാലയുമണിഞ്ഞുഭംഗിയിൽ

ചന്തമോടെ കളഭത്തിലാണുഹാ

സുന്ദരാകൃതിമെനഞ്ഞുകാൺമതാ


പദ്മനാഭഗജകണ്ഠമേറിയ-

പ്പദ്മനാഭനുടെവേണുകാൺകവേ

പദ്മനാഭനെയൊതുക്കിനിർത്തുമ-

ക്കൊച്ചുകോലതു,നിനച്ചുകൂപ്പിഞാൻ

കൃഷ്ണകൃഷ്ണഗുരുവായുരേശ്വരാ !

കൃഷ്ണകൃഷ്ണമധുസൂദനാഹരേ !

കൃഷ്ണകൃഷ്ണമണിവർണ്ണമാധവാ!

കൃഷ്ണപാലയമാം ജനാർദ്ദനാ!


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാരവർണ്ണന 2

19.2.24


തൃപ്പദങ്ങൾ പിണച്ചുവെച്ചുംവേണു

സുസ്മിതാധരേചേർത്തുംദയാർദ്രനായ്

കൃഷ്ണനുണ്ണിവാഴുന്നൂമരുത്പുരേ

ഭക്തരിൽവരമെന്നുമരുളുവാൻ


പീലിമേലഴകോടണിഞ്ഞുള്ളതാം

ഹാരഭംഗിയും കാതിലെപ്പൂക്കളും

മാറിലെപ്പൊന്നുമാല്യമായ്ച്ചേർന്നുള്ള

പൂവുകൾകോർത്തുചേണാർന്നമാലയും


ഓതിക്കൻകളഭത്താൽരചിച്ചൊരാ

ബാലഗോപാലരൂപത്തെക്കാണുവാൻ

യോഗമുള്ളവർക്കെന്നുംഭവിക്കട്ടെ

മാരുതപുരേശൻതന്നനുഗ്രഹം

കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർദ്ദനാ!

കൃഷ്ണകൃഷ്ണാമുരാന്തകാ മാധവാ!

കൃഷ്ണവാതാലയേശനാരായണാ!

കൃഷ്ണഗോകുലബാലാതൊഴുന്നുഞാൻ!


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 3

20.2.24


കലശമാടിയിട്ടുച്ചയൂണുംകഴിഞ്ഞൂ

സുഖദഭാവത്തിൽചമ്രംപടിഞ്ഞിരിപ്പൂ

തൊഴുതിടാൻതോന്നുമച്ചരണങ്ങളിലായ്

നയനമോഹനം പൊൻതളമിന്നിമിന്നി


അരയിലുണ്ടുനൽക്കിങ്ങിണിചന്തമോടെ

അരിയൊരുമാങ്ങമാലയാമാറിടത്തിൽ

ഇരുകരത്തിലുംകൈവള,തോളിലുണ്ടേ

കനകനിർമ്മിതംതോൾവളഭംഗിയോടെ


വലതുകയ്യിലായ് വെണ്ണകാണുന്നതുണ്ടേ

ഇടതുകയ്യിലായ് നാദമേകുന്നവേണു

നിടിലഭംഗിയിൽചേർന്നൊരസ്സ്വർണ്ണഗോപി

നിറുകയിൽമൂന്നുപീലികൾകൺമയക്കും

തിരുമുടിമാല,തെച്ചിതൃത്താവുമല്ലോ

ഇരുചെവിയിലുംപൂക്കളുമുണ്ടുഭംഗ്യാ

ചൊടിയിണയിൽതൂമന്ദഹാസംനിറഞ്ഞും

നളിനലോചനൻ ശ്രീലകം വാണിരിപ്പൂ


ജയജയകൃഷ്ണമാധവാഗോപബാലാ !

ജയജയമധുസൂദനാലോകനാഥാ !

ജയജയനന്ദസൂനോമുരാരേഹരേ !

ജയജയരമാവല്ലഭാഭൂമികാന്താ!

ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 4

21.2.24


ആനയോട്ടത്തിന്നൊരുങ്ങുന്നപോലവേ

ഗോപാലകൃഷ്ണനെയിന്നുകാണ്മൂ

വേണു,ഭുജമൂലമൊന്നിൽ വിളങ്ങുന്നു

കാരമരത്തിന്റെ കോലെന്നപോൽ


ഗോപീകണ്ണന്റെ ചെവിയാൽ മറഞ്ഞതോ

പാദദ്വയങ്ങളെ കണ്ടതില്ല

കോണകംകിങ്ങിണികൈവളതോൾവള

കാണുന്നു ഭംഗിയായ് വിഗ്രഹത്തിൽ


സ്വർണ്ണത്തിൻമാലയൊന്നുണ്ടൂ

കഴുത്തിലായ്,

മന്ദാരവും,തെച്ചിപ്പൂവുമായി

നന്നായിച്ചേർത്തേതോമഞ്ജുളകോർത്തതാ-

മുണ്ടപ്പൂമാലയും കാണ്മുമാറിൽ

ഇമ്പമേറീടുംചെവിപ്പൂക്കൾ,നെറ്റിയിൽ

കൺമയക്കീടുന്ന പൊൻഗോപിയും

കയ്യിൽനവനീതമുണ്ടിടയ്ക്കുണ്ണുവാൻ

കണ്ണനുദരം വിശന്നിടുമ്പോൾ


ഉത്സവനാളുവന്നെത്തുമെന്നോർത്തിട്ടു

കൃഷ്ണനുമുള്ളത്തിലുത്സാഹമായ്

കൃഷ്ണഭക്തർക്കുമാഹ്ലാദമായ് ഭൂവിലെ

വിഷ്ണുലോകത്തിൽവന്നെത്തുവാനായ്.

കൃഷ്ണഗോവിന്ദാമുരാരേജഗത്പതേ !

കൃഷ്ണായദുകുലഗോപബാലാ !

കൃഷ്ണാമുകിൽവർണ്ണാനന്ദകുമാരകാ !

ഭക്തിയാൽനിന്നെ നമിപ്പൂഞങ്ങൾ !!


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന  5

22.2.24


 പൊന്നൂഞ്ഞാലാടിയിരിക്കുന്നപോലല്ലോ

പൊന്നുണ്ണിക്കണ്ണനണിഞ്ഞൊരുങ്ങീ

പൊന്നിൻതളകളുമാടുന്നു,ചന്ദനം-

കൊണ്ടുമെനഞ്ഞുള്ളതൃപ്പടിമേൽ


രണ്ടുവയസ്സുതികഞ്ഞുള്ളപൈതലി-

ന്നമ്മയശോദപൊൻവള്ളികളാൽ

ചന്തത്തിൽകെട്ടിയൊരൂയലിൽമന്ദമായ്

സന്തോഷത്തോടെയങ്ങാടീടുന്നു


കൈവളയുണ്ടു,ഭുജങ്ങളിൽകാണുന്നു

കോൾമയിർകൊള്ളിക്കുംതോൾവളകൾ

കുഞ്ഞിക്കഴുത്തിൽ മിനുങ്ങിക്കാണുന്നുണ്ടു

സ്വർണ്ണത്തിൽതീർത്തൊരുകുഞ്ഞുമാല


കിങ്ങിണിയുണ്ടതിൽനന്നായുടുത്തുള്ള

ചെമ്പട്ടുകോണകം കാണുന്നുണ്ട്

കർണ്ണസൂനങ്ങളും സ്വർണ്ണത്തിൻഗോപിയും

പൊന്നിൻകിരീടവും കാണുന്നുണ്ട്


തെച്ചിപ്പൂവോടുംതുളസിക്കഴുത്തോടും

ദർഭയിൽകോർത്തവിതാനമാല

താമരപ്പൂക്കളുംവെൺപൂക്കളുംചേർത്തു

മോടിയിലല്ലോനെറുകമാല


മുന്നൂലംനമ്പൂരിയാണിന്നുകൃഷ്ണനു

സന്തോഷത്തോടുച്ചപ്പൂജചെയ്തു

നന്നായ്കളഭംകൊണ്ടല്ലോ,പഴയവു-

മിമ്മട്ടുകൈശോരവേഷംതീർത്തു


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കുഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 6

23.2.24


പൂപോൽമിനുത്തതാംതൃപ്പദംഭംഗിയായ്

താമരപ്പൂവിൽ,പിണച്ചുനിൽപ്പൂ

വേണുവായിക്കുവാനെന്നുള്ളഭാവേന

വേണുഗോപാലനായിന്നുകണ്ണൻ


കാണുന്നുപൊൻതള,കിങ്ങിണിമേലതാ

കോമളമായൊരുകോണകവും

ഹാരമൊന്നുണ്ടുകഴുത്തിലും,പൂക്കളാൽ

മോഹനമാക്കിയമാലയൊന്നും


വെള്ളമന്ദാരവുംചോന്നതെച്ചിപ്പൂവും

ചന്തത്തിൽകോർത്തുള്ളൊരുണ്ടമാല

ഉണ്ണിതൻമാറിൽവിശേഷമായ്കാണുന്നു

കണ്ണിന്നുസായൂജ്യമെന്നപോലെ


കൈവള,തോൾവള,കാതിലെപ്പൂവുകൾ

കാണുമ്പോൾ മാനസം കുമ്പിടുന്നൂ

ഫാലേതിളങ്ങുന്നു പൊൻഗോപി,തന്നിരു-

തോളിലും കാണുന്നു മോടിയായി


പീലിമേലുണ്ടതാ നന്മുടിമാലകൾ

താമരപ്പൂവാൽ വിതാനമാല

താമരക്കണ്ണനീരൂപത്തിലാണുപോൽ

ശ്രീലകംതന്നിൽ വിളങ്ങിടുന്നു


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 7

24.2.24


നന്ദകുമാരനിരിപ്പു,ശ്രീകോവിലിൽ

സുന്ദരകൈശോരരൂപത്തിലായ്

കുഞ്ഞുകാലൊന്നുമടക്കിയും,മറ്റേതു

തെല്ലൊന്നുനീർത്തിയുംവെച്ചുകൊണ്ട്


കാൽത്തളമിന്നുംചരണങ്ങൾകാണുന്നു

നേർത്തോര,രക്കെട്ടിൽ കിങ്ങിണിയും

പട്ടുകോണം ഭംഗിചേർന്നണിഞ്ഞിട്ടുണ്ടു

കൊച്ചുമിടുക്കൻചിരിച്ചിരിപ്പൂ


ഉത്സവം കാണാൻ തിടുക്കമാർന്നോ,മാമ-

മൊട്ടുമുണ്ടില്ലേ വിശക്കുകില്ലേ?

കൊച്ചുകുടവയർവീർത്തില്ല,യെങ്കിലു-

മെപ്പോഴും തൃക്കയ്യിൽ വെണ്ണയില്ലേ


കുഞ്ഞിച്ചെവികളിൽ സ്വർണ്ണത്തിൻഗോപിയും

കുഞ്ഞുപൊട്ടും കൂടെമിന്നിനിൽപ്പൂ

നെറ്റിമേലും ഗോപിചേർന്നതിലകവും

കൃഷ്ണവർണ്ണൻ ചന്തമോടണിഞ്ഞു


പീലികൾ പൊന്നിൻ കിരീടം മുടിമാല

മേലെയായ്,കാണുംവിതാനമാല

കാണാം,നറുനെയ് വിളക്കിൻ പ്രകാശത്തിൽ

കോമളബാലനെ കൺനിറയ്ക്കാം


ഉത്സാഹമോടങ്ങിരിക്കുമക്കണ്ണനോ

കൊച്ചുകുമാരന്റെരൂപമെന്നാൽ

ഉത്സവം ഞാനേ നടത്തുന്നുവെന്നുള്ളൊ-

രുഗ്രനാം കാർന്നവർ ഭാവമത്രേ...!!


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്.

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 8

25.2.24


ഉത്സവമഞ്ചാംദിവസത്തിലാണിന്നു

കൃഷ്ണദേവാലയമെത്രരമ്യം

ഉച്ചനിവേദ്യമുണ്ടിട്ടു നവനീത-

കൃഷ്ണനോ ശ്രീലകത്തങ്ങുനിൽപ്പൂ


പൊൻതളചേരുന്നപാദങ്ങൾ, കോണകം

കിങ്ങിണിയിൽ ചേർന്നുടുത്തുകൊണ്ടും

തെല്ലു" പരോശ"ദേഹത്തിൽ

മഹേഷോയ്ക്കൻ

ചന്തത്തിൽചെയ്തൂ കളഭത്തിനാൽ


കണ്ഠത്തിൽചേർന്നു വിളങ്ങിക്കാണാകുന്നു 

സുന്ദരമാകും വളയമാല

കുഞ്ഞുമാറിൽ നല്ല ശോഭയിലല്ലയോ

നന്നു,മിന്നുന്നൊരു മാങ്ങമാല


പച്ചത്തുളസിയും ചോന്നുള്ളതെച്ചിയും

ശുഭ്രമന്ദാരവും ചേർത്തുനന്നായ്

മേലെത്തിരുമുടിമാലയും കാണുന്നു

മാറിലും ഭംഗിയിൽ കണ്ടിടുന്നു


ഫാലത്തിൽ ഗോപിയും കർണ്ണത്തിൽസൂനവും

പീലിക്കിരീടവും കൺമയക്കും

ഓടക്കുഴലുംപിടിച്ചാണുനിൽക്കുന്നു

വേണുഗോപാലനായിന്നുകണ്ണൻ


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 9

26.2.24


ഊഞ്ഞാൽ പടിയിൽ കയറിനിൽക്കുന്നപോ-

ലാണിന്നു,കണ്ണൻ വിളങ്ങിനിൽപ്പൂ

കാലിലുണ്ടല്ലോതളക,ളരയിലോ

വീതിയിലുള്ളൊരുപൊന്നരഞ്ഞാൺ


പട്ടുകോണംനീർത്തി കുമ്പമേൽകാണുന്നു

പുത്തനാംവേണുവോ കുഞ്ഞരയിൽ

കൊച്ചുകൈരണ്ടുമാ പൊൻവള്ളിയിൽചേർത്തു

കൃഷ്ണ,നാടാനെന്നപോലെനിൽപ്പൂ


പൊൻമാലപോരാഞ്ഞുകാണുന്നുമാറിലായ്

വെൺപൂ,തുളസിപ്പൂചേർന്നമാല

കൈവളപാണിയിൽ,തോൾവളതോളിലും

ഭംഗിയത്രയ്ക്കുണ്ടു,നോക്കിനിന്നാൽ


കർണ്ണസൂനംവെച്ചു,ഗോപിയുംചാർത്തീട്ടു

മന്ദസ്മിത്തോടെ നില്പുകണ്ണൻ

പീലിക്കിരീടത്തിൻമേലെയായ് കാണുന്നു

താമരുപ്പൂചേർന്നൊരുണ്ടമാല


കാണാമലങ്കാരമായ് നല്ലമാലകൾ

വേറെയുംതെച്ചിത്തുളസിചേർന്ന്

ചാരത്തുചെന്നൊന്നു വെറ്റിലക്കെട്ടിടാൻ മോഹിച്ചുപോകയാണിന്നുചിത്തം.


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട് 


വെറ്റിലക്കെട്ട് ഇടുക=കുട്ടികളെ ഊഞ്ഞാലാട്ടുമ്പോൾ മുതിർന്നവർക്ക് തോന്നുന്ന ഒരു കുസൃതി.

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 10

27.2.24


 കാളിയമർദ്ദനഭാവത്തിലാണിന്നു

ശ്യാമമനോഹരരൂപംതീർത്തു

കക്കാട്ടെയോതിക്കനാണല്ലോകണ്ണന്റെ

നട്ടുവവേഷമൊരുക്കിവെച്ചു


മൂന്നുതലയുള്ളപാമ്പിന്റെ പത്തിമേൽ

കോമളപാദമമർത്തിവെച്ചും

ചേണാർന്നിടതുകാൽമെല്ലവേ പൊക്കിയും

ആടുന്നുനൃത്തമെന്നുള്ളഭാവേ


പൊന്നരതന്നിലായ് മിന്നുന്നുവീതിയിൽ

പൊന്നരഞ്ഞാണമോ കിങ്ങിണിയോ

ചന്തംനിറഞ്ഞൊരാ കണ്ഠത്തിൽ കാണുന്നു 

സ്വർണ്ണനിറത്തിൽ വളയമാല


അഞ്ചുഗോപീതിലകങ്ങളാലോതിക്കൻ

തഞ്ചത്തിൽചെയ്തൊരുവർണ്ണമാല

കർണ്ണദ്വയത്തിൽ ചെവിപ്പൂക്കൾനെറ്റിയിൽ

കണ്ണഞ്ചിച്ചീടും തിലകക്കുറി


മാറിലും നന്മുടിക്കെട്ടിലുംകാണുന്നു

ചേലോടെയീരണ്ടാമുണ്ടമാല

മേലേയലങ്കാരമായതാകാണുന്നു

താമരപ്പൂക്കളാൽതീർത്തമാല


ഓടക്കുഴൽ നെഞ്ചിൽ ചേർത്തുവെച്ചങ്ങനെ

തൂമന്ദഹാസം പൊഴിച്ചുകൊണ്ടും

കാളിയഗർവ്വം കളഞ്ഞൊരുഭാവത്തിൽ

കോമളബാലൻനടനംചെയ് വൂ


കാളിയമർദ്ദനരൂപംവണങ്ങീട്ടു

മോദംനിറയ്ക്കണംമാനസേ,നാം

കാകോളമെല്ലാംകളഞ്ഞിട്ടുനമ്മളും

പാവനചിത്തരായ് മാറിടേണം.

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 11

28.2.24


തിരുവുത്സവത്തിൻ ലഹരിയാണല്ലോ

ഗുരുവായുപുരിയണഞ്ഞാൽകാണുന്നു

കളഭംചാർത്തിയു,മമൃതേത്തുംചെയ്തു

പ്രഭുനാരായണൻ വിളങ്ങിനിൽക്കുന്നു


ചരണങ്ങളിൽ നൽ തളകൾ കാണുന്നു 

അരയിലോപട്ടിൻപുടവയുംകാണ്മു

പുടവമേൽപൊന്നിൽതിളങ്ങുംകിങ്ങിണി

തിരുമാറിൽ മിന്നുന്നൊരു  മാങ്ങാമാല


കഴുത്തിൽചേർന്നൊരു വളയമാലയും

പതക്കവും കണ്ണുകുളിർക്കുംപോലവേ

ചെവിത്തട്ടിൽസ്വർണ്ണനിറത്തിൻപൂക്കളും

തിരുനെറ്റിമേലോ കനകഗോപിയും


കരങ്ങൾനാലിലും കളഭത്താൽതീർത്ത

തിരുശംഖുചക്രംഗദകൾകാണുന്നു

ഒരുതൃക്കയ്യിലായ് സരോജവുമുണ്ടേ

ചൊടികളിൽപൂക്കുംമൃദുസ്മിതങ്ങളും


തിരുമുടിമാലതെളിഞ്ഞുകാണുന്നു

വിതാനമാലയും നിറയെക്കാണുന്നു

വിരിഞ്ഞമാറിലും തുളസിതെച്ചിയാൽ

പിരിച്ചുചേർത്തൊരുവലിയമാലയും


കിരീടവുംതീർത്തുകളഭത്തിൽരമ്യം

അഴകൊക്കുംവണ്ണം യുവാവാംമേൽശാന്തി

നടയിൽചെന്നങ്ങുതൊഴുതിടുന്നേരം

മഹാവിഷ്ണുരൂപം തെളിഞ്ഞുകാണാകും


ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ 

ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ 

ഹരേകൃഷ്ണാകൃഷ്ണാ 

ഹരേകൃഷ്ണാകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 12

29.2.24


കാളീന്ദീനദിവാഴുംസർപ്പത്തിൻ

മേലെയാണിന്നുനന്ദജൻ

കൃഷ്ണോതിക്കൻ കളഭത്തിൽതീർത്തു

കൃഷ്ണനുണ്ണിതൻ വിഗ്രഹം


കൊച്ചുകാലൊന്നുപത്തിമേൽവെച്ചും

മറ്റേക്കാലൊന്നുപൊക്കിയും

തൃത്തളരണ്ടുംകാണുമ്പോലല്ലോ

നൃത്തമാടുവാൻ നിൽക്കുന്നു


പട്ടുകോണകം കിങ്ങിണിമേലേ

ഒട്ടിനിൽക്കുന്നു കുമ്പയിൽ

മാങ്ങമാലയാമാറിൽകാണുന്നു

ചേലിൽ,പൂമാലകൂടാതെ


കൈവളകളുംതോൾവളകളും

പൊന്നുടലിൽ തിളങ്ങുന്നു

വേണുവുണ്ടുവലംകയ്യിൽ,സർപ്പ-

വാലുകാണുന്നിടംകയ്യിൽ


മൂന്നുപീലികൾകാണുന്നൂമീതെ

മോഹനമുടിമാലകൾ

മേലെക്കാണാം വിതാനമാലകൾ

താമര,തെച്ചിപ്പൂക്കളാൽ


പള്ളിവേട്ടയ്ക്കുപോകണം,രാവി-

ലെന്നൊരുത്സാഹമോടല്ലോ

പന്നഗശായിനിൽക്കയാണിന്നു

പന്നഗമദംതീർത്തപോൽ


ഹരേകൃഷ്ണാ കൃഷ്ണ

ഹരേകൃഷ്ണാ കൃഷ്ണ 

ഹരേകൃഷ്ണാ കൃഷ്ണ 

ഹരേകൃഷ്ണാ കൃഷ്ണ

ഹരേകൃഷ്ണാ കൃഷ്ണ

ഹരേകൃഷ്ണാ,കൃഷ്ണ

ഹരേകൃഷ്ണാ,കൃഷ്ണ 

ഹരേകൃഷ്ണാ,കൃഷ്ണ 



ഗിരിജ ചെമ്മങ്ങാട്ട്

Thursday, 4 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ പന്തീരടിപ്പൂജാലങ്കാരവർണ്ണന 13

01.03.2024


ആനതൻപുറത്താണിന്നുകാർവർണ്ണൻ

ആറാട്ടിന്നായൊരുങ്ങിവന്നീടുന്നു

വേണു,തൻവലംകയ്യിലുമുണ്ടല്ലോ

ചേരുന്നുണ്ടിടംകയ്യിൽതിടമ്പതാ


രണ്ടുപാദങ്ങളങ്ങോട്ടുമിങ്ങോട്ടും

ചന്തമായ് കവച്ചാണിരിക്കുന്നുപോൽ

പൊൻതളകൾതിളങ്ങുന്ന,രയിലോ

പൊന്നുപട്ടിൻകസവുടയാടയും


ആടമേലതാകാണുന്നുകിങ്ങിണി

മാറിൽചേലിൽ പുലിനഖമാലയും

ഗണ്ഡത്തിൽ ചേർന്നുകാണ്മൂ വളയത്തിൻ

സുന്ദരാകൃതിയുള്ളൊരു മാലയും


കർണ്ണപുഷ്പവും,തോൾവള,കങ്കണം

ചന്തമോടിന്നണിഞ്ഞതാമാധവൻ

നെറ്റിയിൽതിലകക്കുറികാണുന്നു

നൽക്കിരീടവുമുണ്ടുനെറുകയിൽ


പീലിമേൽ മുടിമാലയും മേലെയായ്

താമരയാലലങ്കാരമാലയും

ഗോപബാലനിരിപ്പു കീഴ്ശാന്തിപോൽ

ഗോപീകണ്ണന്റെ,മോളിലാറാട്ടിനായ്


കൃഷ്ണകൃഷ്ണാ,ഹരേകൃഷ്ണമാധവാ 

കൃഷ്ണകൃഷ്ണാ,ഹരേകൃഷ്ണകേശവാ 

കൃഷ്ണകൃഷ്ണാ,മധുസൂദനാഹരേ 

കൃഷ്ണകൃഷ്ണാ,മധുവൈരി!പാഹിമാം


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 14

02.03.2024


ഉത്സവം ഭംഗിയായ് തീർന്ന സന്തോഷത്തിൽ

കൃഷ്ണകുമാരകനങ്ങിരിപ്പൂ

തൃപ്പദങ്ങൾ മെല്ലെയൊന്നുമടക്കിയും

തൃക്കൈകൾ രണ്ടും തുടമേൽവെച്ചും


കാണാം തളകളും കങ്കണം കിങ്ങിണി

കാണാമിരുതോളിൽ പൊൻവളകൾ

കോണകം നന്നായുടുത്തിട്ടും കാണുന്നു

ഗോവിന്ദനെന്നും കളഭകാന്തി


മാറിലണിഞ്ഞൊരു പൊന്മണിമാലയായ്

ചേരുന്നൂ നല്ലതാമുണ്ടമാല

കാണാംചെവികളിൽ കർണ്ണാഭരണങ്ങൾ

പൂവിനാൽതീർത്തതാണെന്തുഭംഗി


ചന്ദനച്ചാർത്തിൽ വിളങ്ങുന്നനെറ്റിമേൽ

ചന്തത്തിൽ തൊട്ടുള്ള സ്വർണ്ണഗോപി

നന്ദകുമാരകൻതന്റെ ശിരസ്സിലായ്

മഞ്ഞൾനിറത്തിൽ കളഭപ്പീലി


താമരകൊണ്ടും വെളുത്തപുഷ്പംകൊണ്ടും

ചേലൊത്തി,രുമുടിമാലയുണ്ട്

പാകത്തിൽ നന്നായ് പിരിച്ചുള്ളമാലകൾ

മോളിലലങ്കാരമായുമുണ്ട്


ഉത്സവമെല്ലാമനർത്ഥങ്ങൾകൂടാതെ-

യെത്രയും നന്നായെന്നാശ്വസിച്ചും

വിശ്രമഭാവത്തിലാണുചുമർചാരി

കൃഷ്ണനിരിപ്പു,ശ്രീമന്ദിരത്തിൽ


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 15

03.03.2024


 മുട്ടുകുത്തിനിൽക്കുന്നൊരാ കണ്ണനുണ്ണിതന്റെരൂപം

പൊട്ടക്കുഴിഭവദാസോതിക്കൻചമച്ചു

പൊട്ടക്കുഴി ശ്രീനാഥനാം മേൽശാന്തിയാണല്ലോനന്നാ-

യുച്ചപ്പൂജയാൽ നിവേദ്യാമൃതംനേദിച്ചു


കാൽത്തളയും കിങ്ങിണിയും കൈവളയും,കാതിൽപ്പൂവും

മാർത്തടത്തിൽമുല്ലമൊട്ടുമാലയും ചാർത്തി

ചന്ദനത്താൽമെനഞ്ഞുള്ളതിരുമുഖം നെറ്റിയിലെ

വർണ്ണഗോപിയാലാഹാഹാ തെളിഞ്ഞുകാണ്മൂ


പീലിത്തിരുമുടിഹാരം മേലേയലങ്കാരഹാരം

കോമള,നിന്നണിഞ്ഞല്ലോമന്ദാരഹാരം

താമരമാല്യമുണ്ടല്ലോ,തെച്ചിപ്പൂമാല്യവുംപോരാ

വാരിയത്തെക്കുട്ടിതീർത്ത തുളസിമാല്യം


അമ്മയശോദകാണാതെ മൺകുടംചെരിച്ചുവെച്ചു

വെണ്ണവാരിക്കഴിക്കുന്നു

കുഞ്ഞുഗോപാലൻ

വെണ്ണമന്ദമുണ്ണുംനേരം,താഴത്തേയ്ക്കങ്ങൊഴുകുന്നു 

മന്ദസ്മിതാധരത്തീന്നു,മിറ്റുവീഴുന്നു.

നാരായണാനാരായണാനാരായണാനാരായണാ നാരായണാനാരായണാ രാധാഗോവിന്ദാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 16

04.03.2024


താമരപ്പൂവിലായ്നില്ക്കുമ്പോലെ

ഗോപകുമാരനെകാണുന്നുണ്ട്

ഓടക്കുഴലുണ്ടിടംകയ്യിലോ 

കാണാംവരമുദ്ര മറ്റേക്കയ്യിൽ 


പൊൻതളകിങ്ങിണിപട്ടുകോണം 

ചന്തത്തിലുള്ളപതക്കമാല

മുല്ലപ്പൂമൊട്ടിന്റെ സ്വർണ്ണമാല 

കുഞ്ഞിക്കഴുത്തിൽവളയമാല 


കാണാംചെവിപ്പൂക്കൾസ്വർണ്ണഗോപി 

മാലേയംചാർത്തിയപൊൻനെറ്റിയിൽ

പീലിക്കീരീടംകളഭത്താലെ

ദേവേശൻനമ്പൂരിനന്നായ് തീർത്തു

മുന്നൂലമർപ്പിച്ചപൂജയാലെ 

നന്നായമൃതേത്തുചെയ്തുകൃഷ്ണൻ 

നന്ത്യാർവട്ടം,തെച്ചി,താമരയാൽ 

ഉണ്ടപ്പൂമാലയണിഞ്ഞുനിൽപ്പൂ 


മണ്ഡപത്തിങ്കലായ്നാലുകൊട്ട 

തിങ്ങിനിറഞ്ഞല്ലോ താമരപ്പൂ 

താമരക്കണ്ണനുചാർത്തിടാനായ് 

ആരോവിനീതനായ് വെച്ചതാവാം 


കോവിലിൽപൊന്മുടിമാലചാർത്തി 

ചേലിലലങ്കാരമാലയോടെ 

പാണിയനുഗ്രഹമുദ്രയാലെ 

വേണുവിളിപ്പോനെ കണ്ടിടുന്നു 


കൃഷ്ണാഹരേജയകൃഷ്ണാഹരേ 

കൃഷ്ണാഹരേജയകൃഷ്ണാഹരേ 

കൃഷ്ണാഹരേജയകൃഷ്ണാഹരേ 

വായുപുരേശ്വരാകുമ്പിടുന്നേൻ 


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 17

05.03.2024


മത്സ്യാവതാരസ്വരൂപംകൊണ്ടോ

തൃച്ചരണങ്ങളെ കാണുന്നില്ല

താഴേന്നുസ്വർണ്ണശല്ക്കങ്ങളാലെ

മോടിയിൽ കാണാമരയ്ക്കുതാഴെ


കിങ്ങിണി,കൈവള,തോൾവളകൾ

ഇന്ദിരാനാഥനണിഞ്ഞുകാണാം

ചന്തമേറീടുമുരസ്സിൽ,മിന്നും

പൊന്നിൻപതക്കത്തിൻ മാലകാണാം


ശംഖുചക്രങ്ങളങ്ങേന്തിയല്ലോ

രണ്ടുകരങ്ങളും കാണാകുന്നു

കർണ്ണങ്ങൾപൂക്കളാലഞ്ചിടുന്നു

ചന്ദനനെറ്റിയിൽവർണ്ണഗോപി


മേലെക്കളഭക്കിരീടത്തിന്മേൽ

മോടിയിൽചേർന്നു,ണ്ടമാലയുണ്ട്

വെള്ളമന്ദാരവുംതൃത്താവുമായ്

ഭംഗിയിൽതീർത്തതായ് കാണാകുന്നു


കാണാംമുകളിൽവിതാനമാല

താമര,തെച്ചി,തുളസിപ്പൂവാൽ

മീനാവതാരത്തിൽനിന്നീടുന്ന

നാരായണരൂപംകൈവണങ്ങാം


നാരാരണാഹരേനാരായണാ

നാരായണാഹരേനാരായണാ

നാരായണാഹരേനാരായണാ

വായുപുരേശ്വരാകൈവണങ്ങാം


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 18

06.03.2024


പൂർണ്ണത്രയീശന്റെ രൂപത്തിൽകക്കാട്ടെ

ഓതിക്കൻ,കണ്ണന്റെ രൂപംതീർത്തു

ഉച്ചപ്പൂജയ്ക്കെല്ലാം കൃത്യമായ്ചെയ്തല്ലോ

 ഉത്സാഹത്തോടെ ,മനോജോതിക്കൻ


മുന്നം,വലത്തുകാലൊന്നുമടക്കിയും

മെല്ലേയിടത്തുകാൽ താഴേയ്ക്കിട്ടും

പന്നഗപീഠസ്ഥനായതുപോലല്ലോ

ഇന്ദിരാനാഥനെ കണ്ടിടുന്നു


കാണുന്നു ,തൃക്കയ്യാമൊന്നിൽവരമുദ്ര

ത്രാണനമുദ്ര,മറുകയ്യിലും

മന്ദസ്മിതത്തോട,നുഗ്രഹഭാവത്തിൽ

സുന്ദരരൂപനിരിക്കുന്നുണ്ട്


പൊന്നിൻവളകളും,കിങ്ങിണി,തോൾവള

കണ്ഠത്തിൽകാണാം വളയമാല 

നെഞ്ചത്തു നന്നായ് തിളങ്ങിക്കാണാകുന്നു

സ്വർണ്ണപ്പതക്കത്തിൻ രത്നമാല


കാണാം കളഭക്കിരീടത്തിൽചേലൊത്ത

മാലകൾരണ്ടെണ്ണംവെള്ളപ്പൂവാൽ

മാറിൽചുവന്നുള്ളതെച്ചിയും തൃത്താവും

 നീലക്കാർവർണ്ണനുമാല്യമായി


കാണാംശിരസ്സിന്നുമേലേയലങ്കാര-

മാലകൾമൂന്നുണ്ട് തെച്ചിപ്പൂവും,

താമരപ്പൂക്കളും,മന്ദാരപ്പൂക്കളും

ചേലൊത്തുതീർത്തതാണെന്തുചന്തം!


ആദിശേഷന്റെ ഫണങ്ങൾ കുടയാക്കി

ക്ഷേമാഭയങ്ങളെനൽകിക്കൊണ്ട്

ശ്രീലകത്തിന്നുവിളങ്ങുന്നമൂർത്തിയെ

താണുതൊഴുതീടാംഭക്തിയോടെ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

രുക്മിണീവല്ലഭാ കുമ്പിടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 19

07.03.2024


കൂർമ്മാവതാരത്തിൻരൂപത്തിലാണല്ലോ

ശ്രീനാഥൻ ചന്ദനരൂപംതീർത്തു

ആമക്കവചത്തിൻമേലെ,ചുവന്നുള്ള

കോടിക്കസവിന്റെ പട്ടും ചാർത്തി


താഴെയായ്ക്കാണ്മൂ കമഠത്തിൻരൂപത്തിൽ

നാരായണാകൃതി,മേലോട്ടേയ്ക്കും

കേയൂരം കൈവള,കിങ്ങിണി,മാലകൾ

പാലാഴീവാസനണിഞ്ഞുനിൽപ്പൂ


ശംഖുചക്രങ്ങൾ വിളങ്ങുന്നു കൈകളിൽ

മന്ദഹാസാമൃതം,ചെഞ്ചുണ്ടിലും

കുമ്പിടുന്നോർക്കു,സന്തോഷംനൽകാനായി

മന്ദിരംതന്നിൽ നിറഞ്ഞുനിൽപ്പൂ


കാതിൽചെവിപ്പൂക്കൾ,ഫാലേപൊന്നിൻഗോപി

കോമളഗാത്രത്തിൽ പൂമാലകൾ

പീലിക്കിരീടേ മുടിമാല ,പോരാഞ്ഞു

മേലെയുംകാണ്മൂ വിതാനമാല


വെള്ളത്തിലാണ്ടുള്ള മന്ദരപർവ്വതം

പൊന്തിച്ചുനിർത്തിയകർമ്മംപോലെ

പാപത്തിലാണ്ടോരെ,യുദ്ധരിച്ചീടുവാൻ

മാധവൻ വൈകാതെ വന്നീടണേ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

മുക്തിപ്രദായകാ കൈതൊഴുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട് 

കമഠം=ആമ. കേയൂരം=തോൾവള

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 20

08.03.2024


ചമ്രംപടിഞ്ഞിട്ടിരിക്കുന്നരൂപത്തിൽ

കണ്ണനെമേൽശാന്തിയിന്നൊരുക്കി

പൊന്നിൻതളയുണ്ട്,കോണകം കുമ്പമേൽ

കിങ്ങിണിചേർന്നിട്ടുകാണുന്നുണ്ട്


കൈവള,തോൾവള,കർണ്ണസൂനങ്ങളും

പൂമാല,പൊന്മാലയെല്ലാം കാണാം

പീലിത്തിരുമുടിമാല,യലങ്കാര-

മാലകൾ ശ്രീലകത്തിന്നുകാണാം


ദർഭപ്പുല്ലിന്നഗ്രം കൈകളിൽചേർത്തു,ശ്രീ-

രുദ്രമന്ത്രംജപംചെയ്തുകൊണ്ടും

രുദ്രന്നു,ധാരചെയ്തീടുന്നഭാവത്തിൽ

ഉത്തമപൂരുഷനിന്നിരിപ്പൂ


ധാരക്കിടാരത്തിൽനിന്നും,പവിത്രമാം

ധാരോദകം ശിവലിംഗത്തിന്മേൽ

ധാരയായ് വീഴുന്നകാൺകേ,മന്ദസ്മിത-

ലോലൻ മുരാന്തകനിന്നിരിപ്പൂ


കാളകൂടമശിച്ചേകനായ്നിൽക്കുന്ന

മാരാരിതന്നുടെ ബാധമാറാൻ

ധാരാജലംകൊണ്ടഭിഷേകർമ്മങ്ങൾ

മാധവൻ ചെയ്കയാണെന്നുതോന്നും


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയാ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

വൃഷ്ണീവംശേശ്വരാ കൈതൊഴുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട് 

ശിവനെ പ്രസാദിപ്പിക്കാൻ ഉരുവിടുന്ന മന്ത്രമാണ് ശ്രീരുദ്രം

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 21

09.03.2024


വരാഹമൂർത്തീചമയത്തിലാണി-

ന്നൊരുക്കി,ശ്രീനാഥ്,കളഭത്തിനാലെ

വലത്തുകാലൊന്നുമടക്കി,താഴേ-

യ്ക്കിടത്തുകാൽമെല്ലെനിവർത്തിയിട്ടും,


പദങ്ങളിൽകാൽത്തളകണ്ടിടുന്നൂ

കരങ്ങളിൽ കങ്കണമുണ്ടുകാണ്മൂ

അരയ്ക്കു,വെള്ളിക്കസവിന്റെപട്ടും

ധരിച്ചിരിപ്പൂ,ധരണീമണാളൻ


കഴുത്തിൽനന്നായൊരുസ്വർണ്ണമാല

വെളുത്തപൂവാലൊരു വന്യമാല

വിരിഞ്ഞമാറിൽ പുതുശോഭയോടെ

പരന്ന കണ്ഠാഭരണങ്ങൾകാണാം


കിരീടവും,പീലികളാലൊരുക്കി

ചമച്ചതല്ലോകളഭത്തിനാലെ

നിറന്നുകാണാംമുടിമാലമേലായ്

നിറങ്ങളാൽചേർന്ന വിതാനമാല


ഇടത്തുകൈതൃത്തുടമേലെവെച്ചും

വലത്തുകയ്യാൽ ധരയെപ്പിടിച്ചും

ഇരിക്കയാം രക്ഷകഭാവമോടെ

മരുത്പുരേ,പാൽക്കടലിന്റെ നാഥൻ


യുഗങ്ങൾ മുമ്പാണസുരന്റെകണ്ഠം

മുറിച്ചു ഭൂദേവിയെവീണ്ടെടുത്തോൻ

ഭരിക്കയാണിന്നുമതേഗണങ്ങൾ

വധിക്ക!മക്കൾക്കഭയത്തെ നൽക!


നമിച്ചിടുന്നൂതവപാദമെന്നും

ജപിച്ചിടുന്നൂതവനാമമെന്നും

ഉഴന്നിടുന്നൂ,ഭവസാഗരത്തിൽ

തുഴഞ്ഞുകേറാൻ,കരമേകിടേണേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 22

10.03.2024


ഏട്ടന്റെതോളത്തുകേറിയമട്ടിലായ്

മേൽശാന്തിയിന്നു കളഭം ചാർത്തി

പൊന്നിൻകലപ്പവലംകയ്യിൽ,കണ്ണന്റെ

കുഞ്ഞുകാൽ രാമന്റെ മറ്റേക്കയ്യിൽ


നല്ലോരുമാലയണിഞ്ഞൂബലരാമൻ

കുഞ്ഞനിയന്നേറെ പൂമാലകൾ

കാൽത്തള,കൈവള,കിങ്ങിണി കാതിൽപ്പൂ

കോട്ടംകൂടാതൊത്തു കാണുന്നുണ്ട്


പൊന്നുറിതന്നിലടച്ചുവെച്ചുള്ളൊരാ

വെണ്ണക്കലത്തിന്നടപ്പുമാറ്റി

വെണ്ണയുണ്ണുന്നൂ,മണിവർണ്ണ,നേട്ടനും

സന്തോഷത്തോടങ്ങു നൽകുന്നുണ്ട്


കിങ്ങിണിമേൽക്കാണാ,മോടക്കുഴലതാ

മണ്ണിൽവീഴാതെ തിരുകീട്ടുണ്ട്

അമ്മകാണില്ലെന്നഭാവം,നവനീത-

ക്കള്ളന്റെ കണ്ണിൽ തിളങ്ങുന്നുണ്ട്


കാണാം കളഭത്തിൻപീലിക്കിരീടത്തിൽ

നാനാവർണ്ണത്തിലായുണ്ടമാല

കാണാമലങ്കാരമാലകൾ മൂന്നെണ്ണം

താമര ,തെച്ചിപ്പൂ,നന്ത്യാർവട്ടം


*സീരിതൻതോളത്തുകേറിയിരുന്നിട്ട്

വാരിക്കഴിക്കുന്നു,വെണ്ണ വീണ്ടും

സാഹോദര്യം,ഭൂവിലെന്നുംനിലനിൽക്കാൻ

മാതൃകകാണിക്കയാണു കൃഷ്ണൻ


കൃഷ്ണാഹരേജയ കൃഷണാഹരേജയ

കൃഷ്ണാഹരേജയരാമഭദ്രാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേബലരാമഭദ്രാ 


ഗിരിജ ചെമ്മങ്ങാട്ട് 

സീരി = ബലരാമൻ

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 23

12.03.2024


വാമനമൂർത്തിയായ് മേൽശാന്തി ശ്രീനാഥൻ

നാരായണനെ മെനഞ്ഞെടുത്തു

ഓലക്കുട,വലംകയ്യിൽ കമണ്ഡലു

കാണുന്നിടംകയ്യിൽ ചന്തമോടെ


പൊൻതളമിന്നുംപദങ്ങളിൽഭസ്മത്തിൻ

മുമ്മൂന്നൂനൽക്കുറി കണ്ടിടുന്നു

നെഞ്ചിലും തോളിലും നെറ്റിമേലുംകൂടി-

യുണ്ടുകാണുന്നൂ  *വിഭൂതിക്കുറി


കിങ്ങിണിക്കുകുമ്പമേൽതറ്റുടുത്തിട്ടുണ്ട്

വെള്ളിക്കസവിന്റെ കുഞ്ഞുവസ്ത്രം

കങ്കണം കേയൂരം സ്വർണ്ണഹാരങ്ങളും

*കുഞ്ഞോനിച്ചുണ്ണി,യണിഞ്ഞിട്ടുണ്ട്


പീലിക്കിരീടമിന്നില്ല,നെറുകമേൽ

മാടിക്കെട്ടീടുംകുടുമയല്ലോ

കാണാംപൂമാലരണ്ടെണ്ണം ,* ശിഖയിലും

കാണാമലങ്കാരമായിമൂന്നും


കാതിൽ സ്വർണ്ണപ്പൊട്ട്,നെറ്റിയിൽ ഗോപിയും

മാറിൽവെളുത്തുള്ളപൂണുനൂലും

കാണാം,*വടൂവേഷധാരിയായ് കണ്ണനെ

വായുപുരത്തിലെ ശ്രീകോവിലിൽ


പാടീപുരാണങ്ങൾ, ദൈത്യരാജാവിനെ

വാഴിച്ചുവല്ലോസുതലത്തിലായ്

വാഴുവാൻവീണ്ടുമനുഗ്രഹിച്ചീടണ-

മീഭൂമിയിപ്പോൾ നരകതുല്യം


നാരായണാഹരേ നാരായണാഹരേ

നാരായണാ,കശ്യപാത്മജാതാ

നാരായണാഹരേ നാരായണാഹരേ

മാതാവ,ദിതിതൻഭാഗ്യപുത്രാ


ഗിരിജ ചെമ്മങ്ങാട്ട്


വിഭൂതി = ഭസ്മം

കുഞ്ഞോനിച്ചുണ്ണി = ഉപനയനം കഴിഞ്ഞ ചെറിയ ഉണ്ണി

ശിഖ = കുടുമ

വടു = ബ്രഹ്മചാരി

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 24

13.03.2024


കാളീന്ദീതീരത്തെ കായാവിൻകൊമ്പത്തു

കേറിയിരിക്കുന്നുഗോപബാലൻ

സ്നാനത്തിനായിട്ടുഗോപനാരീജനം

ചേലകൾമാറിയനേരംനോക്കി


ഏറ്റംമിനുത്തോരുകൊമ്പത്തുകാലുകൾ

തൂക്കിയിട്ടാണങ്ങിരിപ്പു,കൃഷ്ണൻ

കാൽത്തളയുണ്ടു,കൈരണ്ടിലുംകങ്കണം

നേർത്തൊരുപുഞ്ചിരിചെഞ്ചുണ്ടിലും


ഓതിക്കൻ,ചാരുവായ് തീർത്തമരത്തിന്റെ

ഓരോരോകൊമ്പത്തുംകാണുന്നുണ്ട്

നാനാനിറംചേർന്നപൂവുകൾപോലല്ലോ

ആയാർനാരീവസ്ത്രം,തൂങ്ങി നിൽപ്പൂ


ഞാനൊന്നുമേതുമറിഞ്ഞതേയില്ലെന്നു

ദേവകിനന്ദനൻ ഭാവിക്കുന്നൂ

വേണുവിരുകയ്യാൽചുണ്ടത്തുചേർത്തിട്ടു

നാദംമധുരമായൂതുന്നുണ്ട്


കേയൂരം,കാതിൽപ്പൂ,മാറത്തുപൊൻമാല്യം

മാലേയപ്പൂമുഖേ,സ്വർണ്ണഗോപി

ചേലിൽതിളങ്ങും കളഭക്കിരീടത്തിൽ

മൂന്നാണുപീലികൾ നന്നുനന്നേ


താമരതെച്ചികൾചേർന്നുകാണുന്നുണ്ട്

ചാരുവായ് പൂമാല,തന്മുടിമേൽ

മേലെയലങ്കാരമാലയുംകാണുന്നു

മാലയാൽ മേനിയും ശോഭിക്കുന്നു


ഗോപീവസനം കവർന്നീടും,രൂപത്തിൽ

കേമമായ് നമ്പൂരിയിന്നുതീർത്തു

കായാമ്പൂവർണ്ണനും,കൗമാരക്കേളിയും

ശ്രീലകത്തിന്നു വിളങ്ങിക്കാണ്മൂ


കൃഷ്ണാഹരേജയാ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയാ മേഘവർണ്ണാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയാ

ഭക്തഗോപീനാരിക്കുറ്റതോഴാ


ഗിരിജ ചെമ്മങ്ങാട്ട് 

ആയാർനാരി=ഗോപസ്ത്രീ

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 25

14.03.2024


ചമ്രംപടിഞ്ഞിരുന്നീടുന്ന കണ്ണനെ

നന്നായിമേൽശാന്തി,യിന്നൊരുക്കി

പൊന്നിൻതളയിട്ടും പൊന്നരഞ്ഞാണത്തിൽ

കുഞ്ഞു*കുടപ്പനും ചാർത്തിക്കൊണ്ട്


കൈവള,തോൾവള,കാതിൽചെവിപ്പൂക്കൾ

രണ്ടെണ്ണം വീതമായ് കണ്ടിടുന്നു

കുഞ്ഞിളംമാറിലായ് സ്വർണ്ണത്തിൻമാലകൾ

ഉണ്ടപ്പൂമാലയ്ക്കു ചേരുംമട്ടിൽ


ചന്ദനംചാർത്തിയ നെറ്റിത്തടംതന്നിൽ

മിന്നിത്തിളങ്ങുന്നു സ്വർണ്ണഗോപി

വർണ്ണക്കളഭക്കിരീടത്തിൽ കാണുന്നു

പൊന്മയിൽപ്പീലികൾ ചന്തമോടെ


വെള്ളപ്പൂക്കൾകൊണ്ടുതീർത്തുള്ള ഹാരങ്ങൾ

തന്മുടിമാലയായ് കാണുന്നുണ്ട്

പോരെങ്കിലത്രയും കാണുന്നുമാലകൾ

മോളില,ലങ്കാരമോടെയുണ്ട്


കുഞ്ഞിപ്പദങ്ങൾ പടിഞ്ഞങ്ങിരിക്കുന്ന

പൊന്നുണ്ണിക്കണ്ണന്നരികിലായി

വെള്ളിക്കുടമൊന്നിരിക്കുന്നു,കൈകളാൽ

മന്ദംതിരയുന്നതെന്തിനാവോ


ചെഞ്ചൊടിപ്പുഞ്ചിരിയാലല്ലോ,മെല്ലവേ

അന്തണനാമത്തെ വായിക്കുന്നു

വന്നീടാൻപോകുന്ന മേൽശാന്തിയാരെന്നായ്

നന്ദകുമാരകൻ മന്ത്രിക്കുന്നു


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയാ നീലവർണ്ണാ

കൃഷ്ണാഹരേജയാ കൃഷ്ണാഹരേജയ

മുക്തിപ്രദായകാ കൈതൊഴുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

കുടപ്പൻ = അരഞ്ഞാണത്തിൽലിടുന്ന 

വാഴക്കുടപ്പന്റെ മാതൃകയിലുള്ള ഒരു മണി.

Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 26

15.03.2024


വൈകുണ്ഠനാഥന്റെ,യാദ്യാവതാരത്തിൻ

രൂപത്തിലാണു മഹേഷോതിക്കൻ

ഏറെയും മെച്ചമായ് തീർത്തു കളഭത്താൽ

വേദങ്ങൾ രക്ഷിച്ച തമ്പുരാനെ


മീനത്തിൻഭാവമോ കാണുന്നുകാൽക്കലായ്

മോഹനം സ്വർണ്ണശല്ക്കങ്ങളായി

തേജസ്സിൽ മേലോട്ടായ് നാരായണരൂപം

കാണാം മിഴികൾക്കു മുക്തിനൽകാൻ


കിങ്ങിണിയുണ്ട് കളഭപ്പൊന്മേനിയിൽ

കൈവള തോൾവള കാണുന്നുണ്ട്

കാതിലെപ്പൂക്കളും മാറത്തെമാലയും

മോടിയിൽ ദേവനണിഞ്ഞിട്ടുണ്ട്


ചന്ദനച്ചാർത്തിൽ തിളങ്ങുന്ന നെറ്റിമേൽ

സ്വർണ്ണത്തിലകം തെളിഞ്ഞിട്ടുണ്ട്

മന്ദഹാസം തൂകിനിൽക്കുന്നു മാധവൻ

പൊന്നിൻകിരീടവും ചൂടിക്കൊണ്ട്


നാലഞ്ചുപൂമാല തോരണമായ് കാണ്മൂ

താമരപ്പൂവാൽ മുടിമാലയും

ദേഹത്തുമുണ്ടല്ലോ കാനനമാലകൾ

കോവിൽനിറഞ്ഞല്ലോ നില്പു ! കൃഷ്ണൻ


ചന്ദനംകൊണ്ടു നിർമ്മിച്ചഗദയുണ്ട്

സ്വർണ്ണത്തിൻ ശംഖുചക്രങ്ങളുണ്ട്

നാലുതൃക്കയ്യൊന്നിൽ താമരപ്പൂവുമായ്

പീതാംബരനല്ലോ നില്പൂ മുന്നിൽ


ഇന്നീ,ഭുവനമസുരന്മാ,രാലല്ലോ

ദുർന്നിമിത്തങ്ങൾ ഭവിച്ചിടുന്നൂ

ചിന്തകൂടാതങ്ങു മത്സ്യവേഷത്തിൽവ-

ന്നൂർവ്വീകീടങ്ങളെ സംഹരിക്ക !


നാരായണാ ഹരേ നാരായണാ ഹരേ

നാരായണാഹരേ നാരായണാ

നാരായണാ ഹരേ നാരായണാ ഹരേ

വേദസംരക്ഷകാ കുമ്പിടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 27

16.03.2024


ശ്രീലകത്തിന്നുകാണുന്നുണ്ടു കണ്ണനെ

രേണുകാജാതൻ ഭൃഗുരാമരൂപനായ്

ശ്രീപീഠത്തിന്മേൽ വലംകാൽമടക്കിയും

താഴേയ്ക്കിടത്തുകാൽ തൂക്കിയുമങ്ങനെ


ഊരുവിലല്ലോ മഴുവൊന്നു,തൃക്കരം

നേരായ് മുറുക്കിപ്പിടിച്ചതുപോലവേ

കാണുന്നു കാലിൽത്തളകളും,പട്ടുമു-

ണ്ടാണു,ചുറ്റീട്ടുണ്ടരയിൽ കസവിനാൽ


കൈകളിൽകങ്കണം,മാറിൽപൂമാലകൾ

മിന്നുംകഴുത്തോടുചേർന്നൊരുമാലയും

പുഞ്ചിരിപ്പൂമുഖം തന്നിലെഗ്ഗോപിയും

ചന്തമായ് കെട്ടിയ കൊച്ചുകുടുമയും


കാണാമലങ്കാരമാലകൾ മേലെയായ്

കാണാം ജടയിലും മൂന്നാലുമാലകൾ

മാറിലെ പൂമാലയോടൊത്തുകാണുന്നു

രാമന്നുചേരുന്ന നീലക്കൽമാലയും


ഏറെയും രൂക്ഷമായുള്ളഭാവത്തിലായ്

കാണും,പരശുരാമൻതന്റെവിഗ്രഹം

കോമളരൂപത്തിൽ നന്നായ് ചമച്ചൊരാ

ശ്രീനാഥനെത്രയും ഭാഗ്യവാൻ തന്നെയാം


ഏകാധിപത്യം തികഞ്ഞ രാജാക്കളെ

വേരോടറുത്തോരു ഭാർഗ്ഗവരാമനായ്

ഭുമിയിൽ വീണ്ടുമവതരിച്ചീടുവാൻ

വേഗമൊരുങ്ങണേ വൈകുണ്ഠനായകാ


നാരായണാഹരേ നാരായണാഹരേ

നാരായണാഹരേ ശത്രുസംഹാരകാ

നാരായണാഹരേ നാരായണാഹരേ

നാരായണാഹരേ മിത്രസംരക്ഷകാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 28

17.03.2024


രഘുവരനായ് കളഭംചാർത്തി

വിരുതാൽ മേൽശാന്തിയൊരുക്കി

ഗുണമേറും ശ്രീലകമതിലായ്

ഗുരുവായുപുരേശൻ തന്നെ


ചെറുപാണിയിൽ നല്ലൊരുവില്ലും

മറുപാണിയിൽ നല്ലോരമ്പും

മനുവംശകുമാരകനായി

അസുരാ,രിയതാ നിൽക്കുന്നു


ചരണങ്ങളിൽ പൊൻതളകാണാം

കൈവളകൾ തോൾവള കാണാം

ചെമ്പട്ടുമുറുക്കിയൊര,രയിൽ

കിങ്ങിണിയും നന്നായ് കാണാം


മുടിമേലൊരു രാജകീരീടം

അഴകൊത്തൊരു പൂവിൻഹാരം

നറുവെള്ളപ്പൂവുകൊരുത്തൊരു

നവഹാരമതൊന്നുംകാണാം


തിരുനെറ്റിയിൽ ഗോപിക്കുറിയും

തിരുമാറിൽ പൊന്മാലകളും

മധുരപ്പൂഞ്ചെഞ്ചൊടിതഴുകും

മൃദുഹാസവുമായിക്കാണ്മൂ


ജനപീഡനമേറിയഭൂവിൽ

വരു,ഞങ്ങളെ രക്ഷിപ്പാനായ്

കനിവോടഭയംനൽകണമേ

തവചരണം കൂപ്പീടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 29

18.03.2024


കക്കാട്ടെ കുട്ടനാമോതിക്കൻ മെച്ചത്തിൽ

കൃഷ്ണരൂപത്തിൽ കളഭം ചാർത്തി 

നിൽക്കയാണോടക്കുഴൽ വലംകയ്യിലും

മറ്റേക്കൈ പൊന്നരക്കെട്ടിലുമായ്


കാൽത്തള മിന്നുന്ന പാദങ്ങൾ കാണുമ്പോൾ

ചേർത്തുവന്ദിക്കേണമെന്നുതോന്നും

പൊന്നരഞ്ഞാണത്തിൽ ചേരുന്ന കോണകം

കണ്ണിന്നു കൗതുകമായിത്തോന്നും


കൃഷ്ണപ്രസാദാണു പൊന്നുണ്ണിക്കണ്ണന്റെ

ഉച്ചനിവേദ്യത്തിൻ പൂജചെയ്തു

കൃത്യമായോരോവിഭവങ്ങളാലിന്നു

തൃപ്തിവരുത്തി മന്ത്രങ്ങൾ ചൊല്ലി


പാൽപ്പായസം,തേങ്ങാപ്പാലിൽകുറുക്കിയൊ-

രേത്തപ്പഴത്തിൻ പ്രഥമനുമായ്

നേദ്യച്ചോർ,വെണ്ണയും ചേർന്നോരമൃതേത്താൽ

വീർത്തകുഞ്ഞിക്കുമ്പ,യ്ക്കെന്തുഭംഗി!


കങ്കണം കാണുന്നു കേയൂരവും,മാറി-

ലഞ്ചുഗോപീതിലകത്തിൻമാല

വെള്ളപ്പൂ,തെച്ചിപ്പൂ ധാരാളമായ്തീർത്തൊ-

രുണ്ടമാലയ്ക്കേറെ മോടികൂട്ടാൻ


മാലേയനിർമ്മിതപ്പൂമുഖംതന്നിലായ്

ഗോപിക്കുറിയൊന്നു കാണാകുന്നു

പീലിക്കിരീടത്തിൽ കാണാം മുടിമാല

കാണാം വിതാനമാ,യത്ര മാല


നെയ് വിളക്കേകും പ്രകാശത്തിൽ ശ്രീലകേ

മന്ദഹസിക്കുന്നു കൊണ്ടൽവർണ്ണൻ

വന്ദിക്കും ഭക്തരിൽ കാരുണ്യപീയൂഷ-

മെന്നുമേകീടാനൊരുങ്ങുമ്പോലെ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ മോഹനാംഗാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

സച്ചിതാനന്ദാ ,മുകുന്ദാ കൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട് 

മാലേയം = ചന്ദനം

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 30

19.03.2024


ഗജേന്ദ്രമോക്ഷത്തിൻ കഥാസന്ദർഭത്തെ

കളഭത്താൽനന്നായ് മെനഞ്ഞിന്നോതിക്കൻ

കളഭംകൊണ്ടുള്ള ഗരുഡന്മേലേറി

തെളിഞ്ഞുകാണുന്നു ധരണീനാഥനെ


തൊഴുന്നതുമ്പിയിൽ സരസിജവുമായ്

വണങ്ങീട്ടങ്ങനെ തെളിഞ്ഞൊരാനയും 

കളഭത്താൽത്തന്നെ വരച്ചുനന്നായി

*കളഭം തന്നെയും കരവിരുതോടെ


വലതു കയ്യിലായ് സുദർശനചക്രം

തിരിയുന്നൂ,നക്രവധംകഴിഞ്ഞപോൽ

ഇടത്തേക്കയ്യിൽ,നെഞ്ചിനോടുചേർത്തതാം

ഗജരാജസമർപ്പിതമാം താമര


വിരിഞ്ഞമാറിടം വിളങ്ങിക്കാണുന്നു

കനകമാല്യവും വനമാല്യവുമായ്

ചെവിപ്പൂക്കൾ കാണാം ,മിനുത്തനെറ്റിയിൽ

തെളിഞ്ഞുചാർത്തിയ സുവർണ്ണഗോപിയും


മയിൽപ്പീലികൊണ്ടു മിനുക്കിത്തീർത്തതാം

മണിക്കിരീടവും തെളിഞ്ഞു കാണുന്നു

മുടിയിൽ പൂമാല പലനിറത്തിലായ-

ലങ്കാരമായും നിറഞ്ഞു മാലകൾ


കഠിനദു:ഖമാം മുതലവായിൽനി-

ന്നവനി,ജാതരെ കനിഞ്ഞുരക്ഷിക്കാൻ

വരണം,*വൈനതേയ വാഹനമേറി

മുരാന്തകാ,സ്വാമിൻ! പ്രഭുനാരായണാ


ഹരേ നാരായണാ ഹരേ നാരായണാ

ഹരേനാരായണാ പതിതരക്ഷകാ

ഹരേനാരായണാ ഹരേനാരായണാ

ഹരേനാരായണാ അബലപാലകാ


ഗിരിജ ചെമ്മങ്ങാട്ട് 

കളഭം = ആനയുടെ മറ്റൊരുപദം

വൈനതേയൻ = വിനതയുടെ പുത്രൻ,ഗരുഡൻ

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 31

20.03.2024


 മുട്ടുകാലിൽ നിവർന്നുനിൽക്കുന്നു

കൃഷ്ണോതിക്കന്റെ കുഞ്ഞുണ്ണി

ഉച്ചനൈവേദ്യം മന്ത്രത്താൽചെയ്തു

കക്കാട്ടെ മനുവോതിക്കൻ


കാൽത്തളയുണ്ട് കൈവളകളും

മാർത്തടത്തിൽ പൊന്മാലയും

നേർത്തകണ്ഠേ,വളയമാലയും

ചാർത്തിനിൽക്കുന്നു കൈശോരൻ


രണ്ടുകയ്യാൽ നവനീതക്കുടം

കുമ്പമേൽ ചേർത്തുകാണുന്നു

വെണ്ണയുണ്ടീടാം മാതാവുച്ചയ്ക്കു,

കണ്ണടയ്ക്കുമ്പോളെന്നപോൽ


കാതിൽപ്പൂവും,തിരുനെറ്റിതന്നിൽ

ഗോപിയും,കണ്ടുനിൽക്കുമ്പോൾ

ഓടിച്ചെന്നു മുകർന്നീടാൻതോന്നും

ദേവകീപുത്രൻ കണ്ണനെ


പീലിക്കെട്ടിലായ്ചന്ദനത്താലെ

കാണുന്നൂ മുടിമാലകൾ

മേലാപ്പിൽ വിതാനിച്ചുകാണുന്നു

താമര,തെച്ചിമാലകൾ


വെണ്ണയുണ്ണുവാൻതോന്നവേ,വായിൽ-

നിന്നുവീണീടും തുള്ളികൾ

വന്യമാലയിൽ മുത്തുപോലല്ലോ

നന്നു,ശോഭിച്ചുകാണുന്നു


കള്ളപ്പുഞ്ചിരിതൂകിനിൽക്കുന്ന

കണ്ണനെയൊന്നുകൂപ്പീടാൻ

ചെല്ലേണം ഗുരുവായൂരിൽ വേഗ-

മല്ലെങ്കിലിതു ചൊല്ലേണം


കൃഷ്ണ കൃഷ്ണ മുകുന്ദ മാധവ

കൃഷ്ണ ദ്വാരകാനായകാ

കൃഷ്ണകൃഷ്ണ യശോദാനന്ദന

കൃഷ്ണ കൃഷ്ണ വണങ്ങുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 32

21.03.2024


കൃഷ്ണൻ നമ്പൂരിയാണല്ലോ ,ഉണ്ണി-

ക്കൃഷ്ണനുകളഭംചാർത്തി

തൃച്ചരണം പിണച്ചാണങ്ങനെ

നിൽക്കുന്നു ശ്രീലകത്തിന്ന്

പൊൻതളയുണ്ടു കാൽകളിൽ,രണ്ടു

കങ്കണങ്ങളാ കൈകളിൽ

കിങ്ങിണിയോടുചേർന്നമട്ടിലായ്

ചെമ്പട്ടുകോണം കാണുന്നു

മാറിലുണ്ടു പുലിനഖത്തിന്റെ

മാലയും മണിമാലയും

ചോന്നതാമരപ്പൂ,പതക്കമായ്

നീലത്തൃത്താവിൻ മാലയും

ചാരുകർണ്ണത്തിൽ പൂക്കളുംരണ്ടു-

തോളിലായ് *അംഗദങ്ങളും

ഫാലത്തിൽ സ്വർണ്ണഗോപിയുമായി

മായാമോഹനൻ നിൽക്കുന്നു

കാണുന്നൂ,കളഭക്കിരീടത്തിൽ

മാലേയപ്പീലി മൂന്നെണ്ണം

ചേരുന്നൂ,മുടിമാലകൾമൂന്നും

താമര,തെച്ചി,തൃത്താവാൽ

മോടിയിൽ പലമാലകളുണ്ട്

ചാരുരൂപ,നലങ്കാരം

ദീപനാളത്തിൽ ശോഭിച്ചേകാണാം

കോമളമായ വിഗ്രഹം

തൃക്കരങ്ങളാൽ വേണുമെല്ലവേ

സുസ്മിതാധരേചേർത്തിട്ട്

ദു:ഖമെല്ലാമകറ്റും മട്ടിലായ്

ശബ്ദപീയൂഷമേകുന്നു

കൃഷ്ണ ! കൃഷ്ണ ! മുകുന്ദ കേശവ

കൃഷ്ണ ! വേണുഗോപാലകാ

കൃഷ്ണ ! കൃഷ്ണ ! മുകുന്ദ മാധവ

കൃഷ്ണ ! ഗോവർദ്ധനോദ്ധരാ !

ഗിരിജ ചെമ്മങ്ങാട്ട് 

* അംഗദം= തോൾവള

*

 ശ്രി ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 33

22.03.2024


ചന്ദനംകൊണ്ടുള്ളൊരാലിലയിൽ

നന്ദകിശോരൻകിടക്കുന്നുണ്ട്

കുഞ്ഞിടംകാലൊന്നുപൊക്കിയിട്ടായ്

നന്നായിന്നോതിക്കൻതീർത്തുരൂപം


രണ്ടുകയ്യാലെ വലത്തുപാദം

ചുണ്ടത്തുചേർക്കുവാൻഭാവിക്കുന്നു

തള്ളവിരലങ്ങുവായിലിട്ട്

മെല്ലെക്കുടിക്കുവാനെന്നുതോന്നും


പൊന്നുണ്ണിക്കണ്ണന്നിളംപാദങ്ങൾ

പൊന്നിൻതളകളാൽ മിന്നീടുന്നു

കൈവള കാണുന്നു,കാതിൽപ്പൂവും

മാറത്തുമന്ദാരപ്പൂമാലയും


കോണകമെന്തേയുടുത്തിട്ടില്ല

മാതായശോദമറന്നതാവാം

ഫാലത്തിലെന്നാലോ,കാണാംഗോപി

പീലിയുമുണ്ടു മൂടിക്കെട്ടിലും


കാണുന്നുണ്ടല്ലോമുടിമാലകൾ

ആരാവാം ഭംഗിയിൽ കെട്ടിത്തന്നു

മോടിയ്ക്കും മാലകൾ കാണുന്നുണ്ട് 

വാരിയത്തുള്ളവർ ഭാഗ്യമുള്ളോർ


പൊക്കിവെച്ചുള്ളൊരാ പാദത്താലെ

ഭക്തർക്കനുഗ്രഹമേകുമ്പോലെ

കായാമ്പൂവർണ്ണൻ കിടക്കുന്നുണ്

ഭൂവിലെ വൈകുണ്ഠശ്രീകോവിലിൽ


കൃഷ്ണാ ഹരേജയ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ ശ്യാമരൂപാ

കൃഷ്യണാഹരേജയ കൃഷ്ണാഹരേ

കൃഷ്ണാഹരേജയ കോമളാംഗാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 34

23.03.2024


മേൽശാന്തി ശ്രീനാഥനല്ലോ ഇന്ന്

കേശവപൂജയ്ക്കൊരുങ്ങി

ആദ്യമേ ചന്ദനംചാർത്തീ മുഖം

ശേഷം കളഭത്താൽ മേനി


രാമന്റെ രൂപത്തിലാണേ ഇന്ന്

ഗോപകുമാരനൊരുങ്ങി

ഓടക്കുഴലല്ലാ കയ്യിൽ ചെറു-

തായിട്ടുതീർത്ത കലപ്പ


ഏട്ടനെപ്പോലെ വലുതായ് ഞാനെ-

ന്നൂറ്റംകൊണ്ടീടുന്ന ഭാവം

കോണകമല്ല കസവാൽ മേന്മ

ചേരുന്ന പട്ടാണുചുറ്റി


കാൽത്തളകാണാ,മരയിൽ പൊന്നിൽ

തീർത്തുള്ള കിങ്ങിണി കാണാം

നേർത്തഭുജങ്ങളിലല്ലോ ഭംഗി-

ചേർക്കുന്ന കേയൂരം കാണാം


കർണ്ണത്തിലുണ്ടുരണ്ടെണ്ണം വീതം

ചന്തത്തിൽതീർത്ത സുമങ്ങൾ

നെറ്റിയിൽകാണുന്നു ഗോപി,മുടി-

ക്കെട്ടിലോനന്മയിൽപ്പീലി


താമരപ്പൂക്കളാൽ തീർത്ത,തിരു-

മാലകൾകാണുന്നു ചേലിൽ

മേലെയലങ്കാരമാല കണ്ണി-

ന്നാനന്ദം വേണമോ മേലിൽ


മാറത്തുമന്ദാരമാല,തെച്ചി-

പ്പൂവുംതുളസിയുംചേർന്ന്

കേരളകർഷകനായി,കണ്ണൻ

ശ്രീലകേ നിന്നുചിരിപ്പൂ

 

കൃഷ്ണാ ഹരേരാമകൃഷ്ണാ ഹരേ 

കൃഷ്ണാ ബലരാമകൃഷ്ണ

കൃഷ്ണാ ഹരേ ബലരാമാ ഹരേ

 കൃഷ്ണാ കൃഷീവലരാമാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 35

24.03.2024


പശുപാലനായിട്ടാണു 

ഗുരുവായൂർ മന്ദിരത്തിൽ

ശിശുപാലവൈരിതന്നെ-

യൊരുക്കിക്കാണ്മൂ

വലത്തുകാൽപിണച്ചിട്ടു-

മിടത്തുകാലൂന്നിയിട്ടു-

മിടയ,ക്കിശോരനേപ്പോൽ മുരാരിനിൽപ്പൂ


തളരണ്ടുമുണ്ടുകാലിൽ 

വളകളുമുണ്ടുകയ്യിൽ

അരയിൽ ഞൊറിഞ്ഞുടുത്ത കസവുമുണ്ടും

ഇരുകൈകളാലേ വേണു 

അരുമയായ്ചുണ്ടിൽചേർത്തു

ചിരിയോടെ മധുനാദംപൊഴിക്കുന്നുണ്ട്


പശുക്കിടാവൊന്നുനിൽപ്പൂ

തിരുമെയ്യിൽ ചാരിക്കൊണ്ട്

മുരളീസംഗീതംകേട്ടു നിർവൃതിക്കൊണ്ട്

മൃദുമാറിൽ മാങ്ങാമാല പതക്കംചേർന്നൊരുമാല

തുളസിപ്പൂപിരിച്ചതാ,മുണ്ടപ്പൂമാല


ചെവികളിൽ കണ്ടിടുന്നു

 കുസുമഗോപികൾ നന്നായ്

ലലാടത്തിലുംകാണുന്നു സുവർണ്ണഗോപി

മുടിയിൽ പീലികൾമൂന്നു-

മതായ്ച്ചേർന്നമാല്യങ്ങളും

അലങ്കാരത്തിനായ് കാണാം സരോജമാല്യം


പശുപാലനായിനിന്നു

ചിരിക്കുന്ന ഗോപബാലൻ

പശുവെപ്പോൽ ഭക്തന്മാരെ

നയിച്ചീടുക!

മനസ്സിലെ കാകോളങ്ങ-

 ളമൃതമായ് മാറ്റിത്തന്നീ-

മഹീലോകം നാകമാക്കാനനുഗ്രഹിക്ക!


ഹരേ കൃഷ്ണ നാരായണാ

ജയകൃഷ്ണ നാരായണാ

വസുദേവാത്മജാ കൃഷ്ണാ വണങ്ങിടുന്നേൻ

ഹരേകൃഷ്ണ നാരായണാ

ജയകൃഷ്ണ നാരായണാ

ജയ നന്ദഗോപപുത്രാ തൊഴുതിടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 36

25.03.2024


മുട്ടിലിഴയുന്നൊരുണ്ണിയെയാണിന്നു

മെച്ചമായ് ചെയ്തുസതീശോതിക്കൻ

ഉച്ചപ്പൂജയ്ക്കുനിവേദിക്കാൻവന്നതോ

അഷ്ടമൂർത്തീനാമനായവിപ്രൻ


കുഞ്ഞുവലംകയ്യുയർത്തിപ്പിടിച്ചതിൽ

വെണ്ണയുരുളയൊന്നുണ്ടുകാണ്മു

തന്നിടംകയ്യിലായോടക്കുഴലുണ്ടു

മെല്ലെ നിലത്തോടുചേർന്നമട്ടിൽ


ഊണുകഴിക്കുമ്പോൾ പായസമായെന്നോ

കോണകമെന്തേയുടുത്തിട്ടില്ല

മാതാവുവേറൊന്നെടുക്കുവാൻപോയപ്പോൾ

വാതുക്കലെത്തിയോ കൊണ്ടൽവർണ്ണൻ


വെണ്ണയുംവേണുവുമേന്തുംകരങ്ങളിൽ

സ്വർണ്ണവളകൾതിളങ്ങുന്നുണ്ട്

കിങ്ങിണിയുണ്ട്,കുനുനെഞ്ചിൽകല്ലുള്ള-

പുള്ളിപ്പുലീനഖമോതിരവും


*അംസവലയങ്ങൾ ചേർന്നൊരാ തോളുക-

ളൊന്നുതലോടുവാൻ തോന്നിപ്പോകും

കർണ്ണത്തിൽമിന്നുന്ന ഗോപീതിലകങ്ങൾ

കണ്ടുനിന്നീടുവാൻ തോന്നിപ്പോകും


പീലിത്തിരുമുടിക്കെട്ടും നിടിലത്തിൽ

ഗോപിത്തിലകവും കാണുന്നേരം

ദീനവ്യഥകളുമാധിയുമെല്ലാമേ

ചേതസ്സിങ്കൽനിന്നകന്നേപോകും


ദീനരിലുന്മേഷംചേർക്കുവാൻ പോന്നുള്ള

മോഹനപ്പുഞ്ചിരിചെയ്തുകൊണ്ട്

ഗോപഗൃഹപ്പുറത്താളത്തിലെന്നപോൽ

മായാകുമാരകൻനിന്നീടുന്നു


കൃഷ്ണാ ഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ പങ്കജാക്ഷാ !

കൃഷ്ണാഹരേ ജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേ മഴ മേഘവർണ്ണാ !


ഗിരിജ ചെമ്മങ്ങാട്ട് 

* അംസവലയം = തോൾവള

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 37

26.03.2024


കൽക്കിതൻരൂപത്തിലാണിന്നു മേൽശാന്തി

കൃഷ്ണനെ നന്നായ് കളഭംചാർത്തി

അശ്വത്തിൻമേലല്ലോ കേറിയിരിക്കുന്നു

കൊച്ചുപടയാളിയെന്നമട്ടിൽ


തന്നിടംകയ്യിൽ കുതിരക്കടിഞ്ഞാണും

മിന്നുന്നവാൾ വലംതൃക്കയ്യിലും

കുഞ്ഞിത്തളകളും കിങ്ങിണിച്ചന്തവും

പൊന്നിൻകസവൊത്തചോന്നപട്ടും


കങ്കണം തോൾവള, മാറിൽ പതക്കങ്ങൾ-

 ചന്തത്തിൽ ചേർത്തുള്ള സ്വർണ്ണമാല

കർണ്ണപുടങ്ങളിൽ വർണ്ണപുഷ്പങ്ങളും

ചന്ദനനെറ്റിയിൽ ഗോപിപ്പൊട്ടും


മഞ്ഞക്കളഭക്കിരീടത്തിൽ പീലികൾ 

വെള്ളമന്ദാരമുടിമാലകൾ

മേലാപ്പിൽകാണുന്നു മൂന്നാലുമാലകൾ

താമരക്കണ്ണന്നലങ്കാരമായ്


ശ്രീലകത്തിന്നൊരു യോദ്ധാവിൻവേഷത്തിൽ

കാലപുരുഷൻ വിളങ്ങിനിൽപ്പു

ലോകക്കൊടുംപാപിക്കൂട്ടത്തെക്കൊല്ലുവാൻ

വാളുമായ് വാജിപ്പുറത്തുകേറി


കൃഷ്ണനാരായണ കൃഷ്ണനാരായണാ

ശത്രുസംഹാരകാ കൈതൊഴുന്നേൻ

കൃഷ്ണനാരായണാ കൃഷ്ണനാരായണാ

മിത്രസംരക്ഷകാ കുമ്പിടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 38

27.03.2024


സ്വർണ്ണത്തിന്നൂഞ്ഞാൽപ്പടിയിലിരിക്കയാ-

ണിന്നു,ശ്രീകോവിലിൽ കണ്ണനുണ്ണി

എന്തുനന്നായിക്കളഭത്തിൽചാർത്തി ഹാ!

മുന്നൂലമില്ലം മഹേഷോതിക്കൻ


ഉച്ചപ്പൂജയ്ക്കായൊരുങ്ങിവന്നെത്തിയാ

വിപ്രവര്യൻ ഭവദാസോതിക്കൻ

മാമൂൺകഴിഞ്ഞിന്നീ,യൂഞ്ഞാലിലാടണം

മാതാവിനോടല്ലോ കൊഞ്ചികൃഷ്ണൻ


തൂക്കിയിട്ടീടുന്ന പാദങ്ങളിൽ തള-

യേറ്റം തിളങ്ങീട്ടു കാണാകുന്നു

കൈവളയുണ്ടു,തോളത്തുകേയൂരവും

ഭംഗിയോടൊത്തതാ കാണാകുന്നു


കിങ്ങിണിമേലുണ്ടു കൗപീനം പട്ടിന്റെ

ചെന്നിറനൂലിനാൽനെയ്തതാണ്

കണ്ഠത്തിൽകാണാം വളയത്തിൻമാലയും

കുഞ്ഞുനെഞ്ചത്തതാ മാങ്ങമാല


കർണ്ണത്തിലുണ്ടു ചെവിപ്പൂക്കൾ,ചന്ദനം-

കൊണ്ടുള്ള നെറ്റിമേൽ സ്വർണ്ണഗോപി

പീലിക്കിരീടത്തിൽ ചേണാർന്നുകാണുന്നു

നീലത്തൃത്താവിന്റെയുണ്ടമാല


കാണാംവിതാനമായേറെയുംമാലകൾ

കോമളബാലനലങ്കാരമായ്

ശ്രീലകനെയ് വിളക്കേകും വെളിച്ചത്തിൽ

ലോകത്തെ നോക്കിച്ചിരിപ്പു ബാലൻ


മാതാവുമെല്ലെവന്നൂഞ്ഞാലിലാട്ടവേ

പേടിയാണെന്നുനടിച്ചുകൊണ്ടേ

ഊഞ്ഞാൽക്കയറുംമുറുക്കിപ്പിടിച്ചാണു

ഗീതോപദേശകനിന്നിരിപ്പൂ


കൃഷ്ണാ ഹരേജയ കൃഷ്ണാ ഹരേജയ

കൃഷ്ണാ ഗോപാലകർക്കുറ്റതോഴാ

കൃഷ്ണാ ഹരേജയ കൃഷ്ണാ ഹരേജയ

കൃഷ്ണാ മാതാക്കൾതന്നേകപുത്രാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 39

28.03.2024


വെള്ളിയൂഞ്ഞാൽപ്പടിമേലാണിരിക്കുന്നു

വൃന്ദാവനത്തിലെ കാമരൂപൻ

തൻവലംകയ്യാലെ,യൂഞ്ഞാലുവള്ളിയും

മെയ്യോടുചേർത്തല്ലോ,രാധയേയും


മൂന്നുലോകങ്ങളടിയാലളന്നതാം

നൂപുരംചേർന്നൊരാ പാദങ്ങളും

പീതാംബരപ്പട്ടു,ടയാടചേർന്നൊരാ

മോഹനമാമ,രക്കെട്ടും കാണാം


കൈവള,മാറിൽപതക്കമാല,ചെവി-

ക്കിമ്പമിണക്കുന്ന സ്വർണ്ണ ഗോപി

ചന്ദനച്ചാർത്തിൽ തിരുമുഖനെറ്റിയിൽ

ചന്തം തികഞ്ഞതാം പൊൻതിലകം


കാണാം കളഭക്കിരീടത്തിൽ ചന്ദനാൽ

നേരായ് മെനഞ്ഞ മയിൽപ്പീലികൾ

താമരമാലയൊന്നുണ്ടു കാണുന്നതാ

മേലെക്കിരീടത്തിൽ ഭംഗിയോടെ


മാധവനോടൊത്തുചേർന്നിരുന്നീടുന്ന

രാധതൻരൂപവുമെന്തഴകാം

ശോണവർണ്ണപ്പട്ടുചേലയാൽ,സൗന്ദര്യ-

ധാമമായ് കാണുന്നു ഗോപിയേയും


ചെഞ്ചേലയോടിണങ്ങീടുന്നകഞ്ചുകം

നന്നായണിഞ്ഞുള്ളരാധമന്ദം മിന്നും,രജതപ്പടിചേർന്നൊരൂഞ്ഞാലിൻ-

വള്ളിയിൽകൈവെച്ചു ചേർന്നിരിപ്പു


നിസ്വാർത്ഥരാഗമെന്താണെന്നുരാധയും

കൃഷ്ണനും പണ്ടേയറിവായ് തന്നു

ഇപ്പൊഴുമെപ്പൊഴുംകാണിച്ചിടേണമേ

സത്യത്തെയെന്നും പ്രണയരൂപാ


കൃഷ്ണാ ഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ രാധാകൃഷ്ണാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാ രാധാദേവീജീവനാഥാ !


ഗിരിജ ചെമ്മങ്ങാട്ട്

Tuesday, 2 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 40

29.03.2024


അനന്തശായിയായ് കളഭത്താൽചാർത്തി

പ്രഭുശ്രീനാഥനെ ദ്വിജനാം ശ്രീനാഥൻ

മടങ്ങിമൂന്നായിക്കിടപ്പുപന്നഗം

വിടർത്തിതന്നഞ്ചുപടങ്ങൾ മേലെയും


നിവർത്തിവെച്ചൊരാ ചരണങ്ങൾരണ്ടു-

മണിഞ്ഞതായ്ക്കാണാം കനകമഞ്ജീരം

അരയിൽചോന്നുള്ള കസവുടയാട

നിറഞ്ഞമാറിലുണ്ടൊരുമാങ്ങാമാല


ഉദരത്തിൽ പൊക്കിൾക്കുഴിയിൽനിന്നൊരു

മിനുത്തതാമരലതയുംകാണുന്നു

ലതതന്നറ്റത്തായ് സരസിജമുണ്ട്

സരോജേ,നാന്മുഖനിരിക്കുന്നുമുണ്ട്


വലംകയ്യിലുമുണ്ടൊരുതാമരപ്പൂ

ഇടംകയ്യിൽക്കാണാമൊരുഗദപ്പിടി

ചെവിപ്പൂക്കൾ,നെറ്റിത്തടത്തിൽപൊൻഗോപി

കിരീടപ്പീലിമേൽ തുളസിമാലയും


അലങ്കാരമായിട്ടനേകം മാലകൾ

വിരിനെഞ്ചിൽവെള്ളക്കുസുമമാലയും

നിറചിരിയാലെ വിടർന്നചുണ്ടുകൾ

അബലഭക്തരിലമൃതമേകുമ്പോൽ


വലത്തുകയ്യിലെ സരോജത്തിൻതാഴെ

ശിവലിംഗമൊന്നുതെളിഞ്ഞുകാണുന്നു

രമാകാന്തൻ ഭക്ത്യാ,ലുമാമണാളനെ

സുമത്താലർച്ചന,നിവർത്തിക്കുംപോലെ


അനന്തപദ്മനാഭനായ് ഗുരുവായൂർ 

വിളങ്ങിടുന്നൊരാ പ്രഭു നാരായണൻ

നരകകൃത്യങ്ങൾ നടനമാടുന്ന

ധരയെ,വൈകുണ്ഠസമാനമാക്കണേ!


ഹരേനാരായണാ ഹരേനാരായണാ ഹരേനാരായണാ മുരാന്തകാ ദേവാ ഹരേനാരായണാ ഹരേനാരായണാ 

അഹങ്കാരഹരാ ഭവദു:ഖാന്തകാ

 

ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 41

30.03.2024


ശ്രീലകത്തിന്നുകാണാമുണ്ണിയെ

ആലിലക്കൃഷ്ണനെന്നപോൽ

ശ്രീയെഴുംമുഖം ചന്ദനത്താലെ

ശ്രീനാഥൻ ചാർത്തി ചന്തത്തിൽ


പൊന്നിളംവലംകയ്യാൽ,കാൽവിരൽ

കുഞ്ഞുവായിലേയ്ക്കാക്കിയും

തന്നിടംകയ്യിൽ വേണുവുമായി

പല്ലവാംഗൻ കിടക്കുന്നു


രണ്ടുകാലിലും കാണുന്നൂതള

പൊന്നരയിലരഞ്ഞാണും

കോണകമില്ലൊരാണ്ടുചെന്നാലേ

മോടിയായുടുപ്പിക്കാവൂ!


കൈവളയുണ്ടൊ,ഴുക്കൻമോതിരം

കാണുന്നുണ്ണിക്കഴുത്തിലും

ചേലെഴുന്ന തുളസിപ്പൂമാല

ചേരുന്നൂകുഞ്ഞുമാറിലും


കുഞ്ഞിക്കർണ്ണങ്ങൾ ശോഭിക്കുന്നുണ്ട്

കുഞ്ഞിപ്പൂക്കളണിഞ്ഞപ്പോൾ

ചന്ദനത്തിരുനെറ്റിയിന്മേലും

സ്വർണ്ണപ്പൊട്ടുതിളങ്ങുന്നു


മഞ്ഞൾവർണ്ണമകുടത്തിൽകാണ്മൂ

ചന്ദനപ്പീലി മൂന്നെണ്ണം

വെള്ളപ്പൂക്കൾചിരിക്കുംമാലകൾ

ഉണ്ണിക്കൃഷ്ണനലങ്കാരം


മാതാവിൻസ്തന്യമുണ്ണുമ്പോലല്ലോ

പാദാംഗുലത്തെയുണ്ണുന്നു

പാലിൻമാധുര്യം തോല്ക്കുമ്പോലല്ലോ

പേവലാംഗൻ ചിരിക്കുന്നു


കൃഷ്ണ കൃഷ്ണ മുകുന്ദ മാധവ

കൃഷ്ണ ഗോവിന്ദ ഗോവിന്ദാ

കൃഷ്ണ കൃഷ്ണ മുകുന്ദ ഗോവിന്ദ

കൃഷ്ണ ഗോവിന്ദ മാധവാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 42

31.03.2024


ശ്രീലകത്തിന്നുചതുർബാഹുരൂപനായ്

ശ്രീനാഥൻ വിഷ്ണുരൂപംചമച്ചു

കാലിൽതളയുണ്ടരയിലോകിങ്ങിണി

ശോണനിറപ്പട്ടിൻ മേലെയുണ്ട്


വെള്ളക്കസവിന്റെ മുണ്ടൊരെണ്ണം പട്ടു-

മുണ്ടിൻമുകളിൽമുറുക്കിക്കെട്ടി

മന്ദസ്മിതത്തോടെ നാരായണപ്രഭു

മണ്ഡപംനോക്കി നിറഞ്ഞുനിൽപ്പൂ


നാലുതൃക്കയ്യിലും കങ്കണങ്ങൾ ,നാലു-

തോളിലും തോൾവള കാണാനുണ്ട്

കാതിലെപ്പൂക്കളും നെറ്റിക്കുറികളും

പാലാഴിനാഥനണിഞ്ഞുകാണ്മൂ


മാറി,ലരിമണിമാലകൂടാതുണ്ടു,

മാങ്ങാമാല പൂപ്പതക്കമാല

പീതവർണ്ണത്തെച്ചിപ്പൂവും തുളസിയും

ധാരാളമായ്ചേർത്തൊരുണ്ടമാല


മഞ്ഞക്കളഭക്കിരീടത്തിലുണ്ടതാ

വെള്ളത്തെച്ചിപ്പൂവാൽതീർത്തമാല

താമരപ്പൂക്കളാലാണിന്നുകാണുന്നു

താമരാക്ഷന്നു വിതാനമാല


നാലുകരങ്ങളിൽ ശംഖുചക്രംഗദ

താമരപ്പൂവും തിളങ്ങിടുന്നു

നീലവർണ്ണൻ വന്നുനിൽക്കുന്നുശ്രീലകേ

ലോകരെയെല്ലാമനുഗ്രഹിക്കാൻ


സ്വാമിതൻപാദേ നമസ്ക്കരിക്കുന്നപോൽ

ശ്രീനാഥൻ തന്നെത്താൻ ചാർത്തിയാഹാ!

ചാരത്തുവെള്ളിക്കുടമുണ്ട് താക്കോലും

കാണുന്നു കൂട്ടമായ് തൃപ്പദത്തിൽ


കൃഷ്ണാ ഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാമുരാരേ വൈകുണ്ഠവാസാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയാ

ലക്ഷീദേവീപതേ വിഷ്ണുദേവാ


ഗിരിജ ചെമ്മങ്ങാട്ട് 

ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി മാറുന്ന ദിവസമാണ്.

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 43

01.04.2024


ഭവദാസോതിക്കൻ മത്സ്യരൂപത്തിൽ

ഭഗവാനെ ചാർത്തി കളഭത്താൽ

മധുസൂദനനാം പുതിയമേൽശാന്തി 

മധുവൈരീപൂജ ചെയ്തുപോൽ


അരതൻതാഴെയായ് മീനരൂപിക്കു

കസവുശല്ക്കങ്ങൾ കാണുന്നു

ഉദരത്തിന്മീതെ വിഷ്ണുരൂപമായ്

അവനീനാഥൻ വിളങ്ങുന്നു


വളകൾ മിന്നുന്നു തോൾവളകളും

ഗദ ചക്രം ശംഖും ചന്ദനാൽ

അരവിന്ദവുംവിളങ്ങുന്നങ്ങനെ-

യരവിന്ദാക്ഷന്റെ കൈകളിൽ


തിരുമാറിൽ മുല്ലമാലയും പിന്നെ-

യൊരുനല്ല മാങ്ങാമാലയും

തിരുകണ്ഠത്തിൽ വളയമാലയും

വനപുഷ്പങ്ങൾതൻമാലയും


ചെവിയിൽപൂവുണ്ട് നെറ്റിമേൽമൂന്നു-

തിലകങ്ങളും തെളിഞ്ഞുണ്ട്

മകുടത്തിന്മേൽ തുളസിപ്പൂക്കളാൽ

മുടിമാലയുണ്ടിന്നഴകോടെ


കമലവും തെച്ചിപ്പൂവും ചേർന്നുള്ള

വിവിധമാലകൾകാണുന്നു

കമലലോചന,നിന്നലങ്കാരം

നിലവിളക്കിന്റെ വെട്ടത്തിൽ


അധരത്തിൽ നറുംചിരിയുമായല്ലോ

കരുണൻനിൽക്കുന്നു ശ്രീലകേ

മകരമത്സ്യത്തിൻ വേഷത്തിൽ ഭക്തർ-

ക്കഭയംനൽകുന്ന ഭാവത്തിൽ


ഹരിനാരായണ ഹരിനാരായണ

ഹരിനാരായണാ ലോകേശാ

ഹരിനാരായണ ഹരിനാരായണ 

അസുരകൈടഭമർദ്ദനാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 44

02.04.2024


കക്കാട്ടെ വാസുദേവോതിക്കനാണിന്നു

കൃഷ്ണനുണ്ണിക്കുകളഭംചാർത്തി

മേൽശാന്തിയാണല്ലോകണ്ണനാമുണ്ണിക്കു

പാൽപ്പായസംകൊണ്ടു പൂജനൽകി


കാൽത്തളയുണ്ടരഞ്ഞാണവുമുണ്ടതിൽ

നീർത്തിയുടുത്ത കൗപീനമുണ്ട്

കൈകളിൽ കങ്കണം ,തോൾകളിൽകേയുര-

മുണ്ടേ,സുവർണ്ണപ്പതക്കങ്ങളും


നെഞ്ചിൽപലവനമാലകളോടൊത്തു

മല്ലികമൊട്ടിന്റെസ്വർണ്ണമാല

കർണ്ണസൂനങ്ങളും ചന്ദനംചാർത്തിയ

പൊൻവദനത്തിലെ സ്വർണ്ണപ്പൊട്ടും


പീലിത്തിരുമുടിയ്ക്കാഭകൂട്ടീടുന്നു

താമരപ്പൂകൊണ്ടുകോർത്തമാല

മോളിലലങ്കാരമായിട്ടുകാണുന്നു

മുന്നാലുപൂക്കളാൽ തീർത്തമാല


ഓടക്കുഴലിരുകയ്യാൽപിടിച്ചിട്ടു

രാഗമേതിൽതുടങ്ങീടുമെന്നായ്

ഏവം മനോരാജ്യമായങ്ങുനിൽക്കുന്നു

ശ്രീലകേയമ്പാടിക്കണ്ണനിന്ന്


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ വാസുദേവാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ നന്ദബാലാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 45

03.04.2024


കൃഷ്ണനുശുദ്ധിയുമുച്ചനിവേദ്യവും

കൃഷ്ണനാം തന്ത്രിയാണിന്നുചെയ്തു

ഭക്തനാംശാന്തിമധുസൂദന,നുണ്ണി-

ക്കൃഷ്ണനുനന്നായ് കളഭംചാർത്തി


കാലിൽതളകളും കിങ്ങിണിക്കുമ്പമേൽ

കോണവുമായി,ത്തടിച്ചൊരുണ്ണി

ശ്രീലകത്തങ്ങു ചിരിച്ചരുളീടുന്നു

താമരമാലയണിഞ്ഞുംകൊണ്ട്


മാറിൽകാണുന്നൊരുമാങ്ങാമാല,പോരാ-

തായിരംമൊട്ടുള്ളമുല്ലമാല

പാണിയിൽമിന്നിത്തിളങ്ങും വളകളും

തോളത്തുരണ്ടിലും തോൾവളയും


കാതിലെപ്പൂക്കളും ഫാലക്കുറികളും

മാലേയശോഭിത,മാനനവും

പീലിക്കളഭക്കിരീടവുംചേർന്നുള്ള.

ഗോകുലബാലനിന്നെന്തുഭംഗി!


താമര തെച്ചിത്തുളസികൾചേർന്നുള്ള

പൂമാലകാണാം തിരുമുടിയിൽ

കാണാം പലവർണ്ണമായുണ്ടമാലകൾ

പ്രേമസ്വരൂപനലങ്കാരമായ്


തൃക്കരമൊന്നാൽ,മുരളിയുംതോളിൽവെ-

ച്ചുത്സുകം മന്ദഹാസംപൊഴിച്ച്

ഭക്തരെയെല്ലാമനുഗ്രഹിച്ചീടുന്ന

മട്ടിൽ,തിടുക്കമോടിന്നുകണ്ണൻ


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ ശ്യാമളാംഗാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാ നിരാമയാ കൈതൊഴുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 46

04.04.2024


ചെറിയൊരുണ്ണിയായ് ഭഗവാനെക്കാണാം

പഴയംനന്ദന്റെ വിരുതിനാൽ

മധുവാംമേൽശാന്തിപ്പൂജനൈവേദ്യം

മതിയാവോളം ഭുജിച്ചപോൽ


അരിയൊരു ബാലൻ കേറിനിൽക്കുന്നു

ചെറുപാമ്പിന്മേലെ കളിപോലെ

ചെറുതളയുണ്ടുകുഞ്ഞിപ്പാദത്തിൽ

ചെറുകങ്കണങ്ങൾ കൈകളിൽ


അരയിൽ കിങ്ങിണിമേലെനന്നായി-

ട്ടൊരുചെമ്പട്ടിന്റെ കോണകം

കുനുതോളുകളിൽ കാണാംകേയൂരം

ചെവികളിൽനല്ലപൂക്കളും


മൃദുമാറത്തൊരു മാങ്ങാമാലയും

നനുകണ്ഠേയൊരുമാലയും

വെളുവെളുത്തമന്ദാരപ്പൂവൊത്തി-

ട്ടഴകേറും ചെന്താർമാലയും


മണമേറും ചന്ദനത്താൽ ചാർത്തിയ

മുഖപദ്മേ സ്വർണ്ണഗോപിയും

തിരുമകുടത്തിൽ പീലിയും,മേലെ

മുടിമാലകളും കാണുന്നു


വലതുകയ്യിലോ,മുരളിയും പിന്നെ-

യിടതിൽ സർപ്പത്തിൻ വാലുമായ്

കളികളാണെല്ലാമെന്നഭാവത്തിൽ

ചിരിയുമായ് കണ്ണൻ നിൽക്കുന്നു


ഹരേകൃഷ്ണാകൃഷ്ണാ ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ ശ്രീധരാ

ഹരേകൃഷ്ണാകൃഷ്ണാ 

ഹരേകൃഷ്ണാകൃഷ്ണാ

ഹരേകൃഷ്ണാകൃഷ്ണാ മാധവാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 47

05.04.2024


കാൽവിരലുണ്ടുകളിക്കും കുമാരനെ

ചേലിൽകളഭത്താൽ തീർത്തുനന്ദോതിക്കൻ

തൂങ്ങിക്കിടക്കുന്ന കാലിൽ തളകാണാം

വായോടുചേർന്നുള്ളകാലിലും കണ്ടിടാം


കിങ്ങിണിയുണ്ടരയിൽ പട്ടുകോണകം

ഭംഗിയിലാരാണുടുപ്പിച്ചു കണ്ണനെ

കുഞ്ഞിക്കഴുത്തിൽ വളയത്തിൻ മാലയും

കുഞ്ഞുമാറത്തതാ മുല്ലപ്പൂമാലയും


കുഞ്ഞിക്കാൽവായിൽവെച്ചീടുംകരങ്ങളിൽ

കങ്കണങ്ങൾസ്വർണ്ണവർണ്ണത്താൽമിന്നുന്നു

കാതിൽപ്പൂവുണ്ട്,തോളത്തുവളകളു-

മോമനക്കുട്ടനുചേലുനൽകീടുന്നു


ചന്ദനംചാർത്തിയ കുഞ്ഞുമുഖത്തതാ

പൊന്നിൻ ഗോപിക്കുറി നന്നായിക്കാണുന്നു

പീലിക്കിരീടത്തിൽ ചാർത്തിക്കാണാകുന്നു

താമര,തെച്ചി,വെള്ളപ്പൂവിൻമാലകൾ


കണ്ടാൽതടിച്ചുരുണ്ടുള്ളൊരാകൃഷ്ണനെ

കണ്ടീടാമിന്നുശ്രീകോവിൽനിറഞ്ഞതാ

കുഞ്ഞുറക്കംവിട്ടുണർന്നപ്പോൾ കാൽവിരൽ

വെണ്ണയെന്നോർത്തുനുണയുന്നപോലവേ


കൃഷ്ണാഹരേജയാ കൃഷ്ണാഹരേജയ

കൃഷ്ണാഹരേ നന്ദഗോപബാലാഹരേ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാ കാർവർണ്ണാ മധുസൂദനാ ഹരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 48

06.04.2024


ശംഖുചക്രഗദാപദ്മ-

മേന്തിനിൽക്കുന്നവിഷ്ണുവെ

കണ്ടീടാമിന്നുനാംചെന്നാൽ

ഗുരുവായൂരിലെശ്രീലകേ


ചന്ദനംകൊണ്ടുചാർത്തിച്ച-

തോതിക്കൻ,ഗദ ശംഖുകൾ

സ്വർണ്ണത്തിൽതീർത്ത ചക്രം,പി-

ന്നൊന്നിൽ ചോന്ന സരോജവും


കാലിൽ തളകൾകാണുന്നു

നാലുകൈകളിൽ കങ്കണം

അരയിൽ കസവിൻമുണ്ടു-

മതിന്മേലാണുകിങ്ങിണി


വിരിമാറിലണിഞ്ഞിട്ടു-

ണ്ടൊരു പൊന്മാങ്ങമാലയും

കഴുത്തിൽ വളയംപോലെ

മിനുത്തുള്ളൊരുമാലയും


ചെവിപ്പൂക്കൾ,കേയൂരങ്ങൾ

മുഖത്തെ സ്വർണ്ണഗോപിയും

പീലിക്കിരീടത്തിന്മേലെ

ചേലൊത്തുമുടിമാലയും


പലപുഷ്പങ്ങൾചേർത്തുള്ള

മാലയിന്നുവിതാനമായ്

കാണുന്നു,തിരുവക്ഷസ്സിൽ

തെച്ചിപ്പൂവുണ്ടമാലയും


നാലുബാഹുക്കളോടേയും

ശ്രീതാവുംചിരിയോടെയും

ശ്രീകോവിലിൽ നിൽക്കുന്നു

ദീനർക്കഭയമേകുവാൻ


കൃഷ്ണകൃഷ്ണമഹാരാജാ

കൃഷ്ണവൈകുണ്ഠനായകാ

കൃഷ്ണകൃഷ്ണ ചതുർബ്ബാഹോ

നിത്യംമേ,നൽകയാശ്രയം.


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 49

07.04.2024


വായുപുരത്തിൻഗേഹത്തിൽ ചെന്നാൽ

കാണാമൊരുകുഞ്ഞിക്കൃഷ്ണൻ

കാലൊന്നുമെല്ലെച്ചെരിച്ചും തള

കാണുന്നപോലെപ്പിണച്ചും


കോണകം ചാർത്തിയിട്ടുണ്ട് കുമ്പ-

മേലൊരു കിങ്ങിണിയുണ്ട്

കാതിൽപ്പൂവുണ്ടുചെവിയിൽ ചേലി-

ലോമൽക്കുടക്കുണുക്കാണോ


മാറിൽ ചിലമാലകാണാം പിന്നെ

വേറെക്കഴുത്തിലും കാണാം

വെള്ളമന്ദാരത്തിൻപൂവാൽ തീർത്തൊ-

രുണ്ടപ്പൂമാലയും കാണാം


തങ്കവളകൾകിലുങ്ങും കൈകൾ

രണ്ടിലുമായൊരുവേണു

പുഞ്ചിരിച്ചുണ്ടത്തുചേർത്തു നാദം

തഞ്ചത്തിലൂതുന്നകാണാം


ചന്ദനംചാർത്തുംമുഖരം പൊന്നിൻ 

മിന്നുന്നഗോപിയിൽകാണാം

പീലിക്കിരീടത്തിൻമേലെ കാണാ-

മേറെ പ്രിയംചേർന്നമാല


മേലെയലങ്കാരമാല ക്കീഴിൽ

ദീപത്തിൻപുണ്യപ്രഭയിൽ

രണ്ടുവയസ്സായൊരുണ്ണി വേണു-

മന്ദംവായിക്കുന്നകാണാം


കൃഷ്ണാഹരേജയ കൃഷ്ണാ

കൃഷ്ണാഹരേജയ കൃഷ്ണാ

കൃഷ്ണാമുകിൽവർണ്ണ കൃഷ്ണാ

കൃഷ്ണാഗോവിന്ദഗോപാലാ


ഗിരിജ ചെമ്മങ്ങാട്ട്

Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 50

08.04.2024


മടുപ്പുകൂടാതെഭവത്സ്വരൂപം

പടുത്തുമുന്നൂലഭവോയ്ക്കനിന്ന്

അടുത്തിരുന്നാമധുസൂദനൻതാൻ

കൊടുത്തുമദ്ധ്യാഹ്നനിവേദ്യമപ്പോൾ


തിളങ്ങിടുംസ്വർണ്ണപ്പടിയുള്ളൊരൂഞ്ഞാ-

ലതിന്റെസ്വർണ്ണക്കയറിൽപ്പിടിച്ച്

പറന്നുമേലോട്ടുയരാൻകൊതിച്ചാ-

ണിരിപ്പു,കണ്ണൻചിരിയോടെയിന്ന്


ഇരുന്നുതാഴേയ്ക്കഥതൂക്കിയിട്ട-

പ്പദങ്ങൾ സ്വർണ്ണത്തളകൾതെളിഞ്ഞും

കുരുന്നുതൃക്കൈകളിൽകങ്കണങ്ങൾ

നിറന്നുകാണുന്നൊരുമങ്ങലെന്യേ


അരയ്ക്കുമേലേ,യതിഭംഗിയോടേ-

യണിഞ്ഞുകാണാമൊരുപൊന്നരഞ്ഞാൺ

അതിന്റെമേലായൊരുകോണമുണ്ടേ

 നിവർത്തിയാണമ്മയുടുത്തുതന്നു


പതക്കമുണ്ടായൊരുമാല,പിന്നെ-

ക്കുരുന്നുനെഞ്ചത്തൊരുമാങ്ങമാല

*കളിമ്പനേറ്റംപ്രിയമുള്ളതൃത്താ-

ക്കഴുത്തിനാൽകെട്ടിയൊരുണ്ടമാല


കിളുന്നുതോളിൽവളകൾ,ചെവിപ്പൂ-

പതിച്ചുകാണുന്നിരുകർണ്ണഭൂഷ

മുഖത്തുമന്ദസ്മിതമൊത്തുകാണാം

വിരിഞ്ഞനെറ്റിക്കുറിസ്വർണ്ണവർണ്ണേ


ശിരസ്സിൽ മഞ്ഞക്കളഭക്കിരീടേ

നിറഞ്ഞുകാണാം മുടിമാലയൊന്ന്

വിതാനമായ്മാലകൾനാലുപോരേ

മുരാരിയെന്നും വനമാലിയല്ലേ !


പെരുത്തഭക്ത്യാലൊരു ശ്രീകുമാര-

ദ്വിജൻ നമുക്കേകിന ദിവ്യരൂപം

നമിച്ചുകൂപ്പാമൊരുശങ്കകൂടാ-

തിരന്നിടാം ദേവനെഴുന്നപാദം


വിരാട്സ്വരൂപാ വിജയന്റെതോഴാ

വിളിക്കെ,ഭക്തർക്കഭയപ്രദാനാ

വരുന്നുഞങ്ങൾഗുരുവായുരിങ്കൽ

കൃപാകടാക്ഷങ്ങൾ ചൊരിഞ്ഞിടേണേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 51

09.04.2024


ഏട്ടനായബലരാമനെപ്പിടി-

ച്ചൂറ്റമോടെയൊരുകുട്ടിയാനപോൽ

മുട്ടിൽനിർത്തിവിരുതോടെയേറിമേ-

ലെത്തി,നർത്തനവിധത്തിൽകേശവൻ


തന്നിടത്തുതൂങ്ങീടുമുറിയിൽവെ-

ച്ചുള്ളമൺകുടമതീന്നുതഞ്ചമായ്

വെണ്ണയാർത്തിയൊടെവാരിവാരിയി-

ട്ടണ്ണനേകിയവനോൻഭുജിക്കയും


രാമനോവലതുകയ്യിൽവെണ്ണയും

താങ്ങിനായിടതുകൈനിലത്തുമായ്

സോദരന്റെമൃദുമേനിവീണിടാ-

തേകനായിബലമോടെനില്പതാ


അണ്ണനെന്നബലവാന്റെമേനിയിൽ

പൊന്നുഭൂഷകളണിഞ്ഞുകാണ്മതാ

കണ്ണനുംതളകൾ,കങ്കണങ്ങളും

മുല്ലമൊട്ടുമണിമാലയോടുമേ


കിങ്ങിണിക്കുമേൽകോണകം,മുരളി-

യുണ്ടുതന്നരയിൽകുത്തിവെച്ചപോൽ

വെള്ളമുണ്ടു കസവിൽപൊതിഞ്ഞതാ-

ണിന്നുസോദരനുടുത്തുനില്പതും


കർണ്ണമോരോന്നിൽരണ്ടുപൂവുകളു-

മുണ്ടുചേലൊടെ,പതിച്ചുചേർത്തതായ്  മുന്നെവന്നൊരു*മുതിർന്നശാന്തിയാ-

ണിന്നുഗോകുലനുചാർത്തിചന്ദനം


മഞ്ജുളാനനമതിൽ പ്രകാശമായ്

കണ്ടിടുന്നൊരുസുവർണ്ണഗോപിയും

മിന്നിടുന്നകളഭക്കിരീടവും

സുന്ദരാകൃതിയിലുള്ളപീലിയും


ഭക്തനായമധുവിന്റെപൂജയിൽ

തൃപ്തനാണനുജനെങ്കിലുംസദാ

ഒത്തുചേർന്നിടുകയാണുകേളിയിൽ

തുഷ്ടനായവിധമിന്നിതഗ്രജൻ


കൃഷ്ണകൃഷ്ണമണിവർണ്ണമാധവാ

കൃഷ്ണകൃഷ്ണബലരാമസോദരാ

കൃഷ്ണകൃഷ്ണനവനീതതസ്ക്കരാ

കൃഷ്ണകൃഷ്ണഗുരുവായുരേശ്വരാ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 52

10.04.2024


കണ്ണനോകളഭത്തിൽമെനഞ്ഞാ-

ണുണ്ണിയായ്ഗുരുഗേഹമതിങ്കൽ

കുഞ്ഞുകൈ,നവനീതസമേതം

കുഞ്ഞുവേണുവുമുണ്ടൊരുകയ്യിൽ


കാലിൽപൊൻതളകാണുവതുണ്ടേ

ഓമനക്കൈവളകളുമുണ്ടേ

ശ്യാമവർണ്ണക്കസവുടയാട

ശ്യാമസുന്ദരനിന്നണിയുന്നു


കാതിലെപ്പൂ,തോൾവളകളുമേ

കാണുവേൻ,കടുപച്ചനിറത്തിൽ

നീലവർണ്ണപതക്കത്താലൊരു

മാലയുണ്ടത്തിരുമാറിലാഹാ!


പൊന്മുഖത്തതിമോഹനമായി

പൊന്നുതൊടുകുറി കാണാകുന്നു

ചന്ദനത്തിരുപീലികൾകാണാം

സ്വർണ്ണകളഭകിരീടത്തിന്മേൽ


കണ്മയക്കുംമുടിമാലകളും

എണ്ണമറ്റവിതാനങ്ങളുമായ്

വെണ്ണയുണ്ടുചിരിക്കുംഭഗവാൻ

വന്നുനില്പൂശ്രീലകമതിലായ്


കൃഷ്ണകൃഷ്ണമുകുന്ദമുരാരേ

ഭക്തവത്സല!പാതകവൈരേ

കൃഷ്ണ കൃഷ്ണ ജനാർദ്ദന കൃഷ്ണാ

കൃഷ്ണ ദു:ഖനിവാരണ ശൗരേ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 53

11.04.2024


ധന്വന്തരമൂർത്തിരൂപത്തിലാണല്ലോ

കണ്ണനെയോതിക്കനിന്നൊരുക്കി

മഞ്ഞക്കളഭപ്പദങ്ങളിൽ പൊൻതള

മിന്നുന്നുതൃക്കയ്യിൽകങ്കണങ്ങൾ


മഞ്ഞപ്പുടവ ഞൊറിഞ്ഞുടുത്തിട്ടുണ്ടു

കിങ്ങിണികെട്ടിയിട്ടുണ്ടതിന്മേൽ

തോൾവള,കാതിൽപ്പൂ ,കാണുന്നുനെറ്റിയിൽ

ഗോപിക്കുറിയൊന്നുഭംഗിയോടെ


നന്നായ് നെറുകിൽ തെളിഞ്ഞുകണ്ടീടുന്നു

പൊന്നിൻമകുടമതിന്റെമേലെ

വെള്ളനന്ത്യാർവട്ടംകൊണ്ടുമുടിമാല

ചന്തത്തിലാരാണുകെട്ടിയിന്ന്!


മേലെവിതാനമായ് താമരമാലകൾ

കാണുന്നു ശ്രീലകം മോടികൂട്ടാൻ

മാറിൽവനമാലകുടാതെ കൃഷ്ണനു

മുന്നാലുമാലകൾ സ്വർണ്ണവർണ്ണേ


നാലുകരങ്ങളാണൊന്നിൽസുദർശനം

കാണുന്നുമറ്റതിൽ ശംഖവുമായ്

കാണാമമൃതകുംഭ,മിടംകയ്യിലോ

കാണാം* ജളൂക വലംകയ്യിലും


ലോകംപടർന്നുകണ്ടീടുന്നരോഗങ്ങ-

ളേതും,ശമിപ്പാനമൃതവുമായ്

ലോകനന്മയ്ക്കായിമന്ദഹാസത്തൊടീ

ശ്രീലകേ നിൽക്കുന്നു നാരായണൻ


* അച്യുതാനന്തഗോവിന്ദ നാരായണാ

അച്യുതാനന്തഗോവിന്ദാഹരേ

അച്യുതാനന്തഗോവിന്ദനാരായണാ 

അച്യുതാ ഔഷധകുംഭധാരേ


ഗിരിജ ചെമ്മങ്ങാട്ട് 

* ജളൂക = അട്ട.ആയൂർവ്വേദത്തിലെ ഒരു ചികിത്സാവിധിയാണ് അട്ടയെക്കൊണ്ട് അശുദ്ധരക്തം കുടിപ്പിക്കൽ

"അച്യുതാനന്തഗോവിന്ദാ " എന്ന മന്ത്രം ജപിച്ചിട്ടാണ് സാധാരണ മരുന്നുകഴിക്കാറുള്ളത്.

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 54

12.04.2024


മേൽശാന്തിയാകും മധുസൂദന,നുണ്ണി-

ക്കേശവനമ്മയായ് മാമംനൽകി

കക്കാട്ടെയോതിക്കനായസതീശനി-

ക്കുട്ടനുനന്നായ് കളഭംചാർത്തി


ഊഞ്ഞാലിൽകേറിയിരിക്കുന്നപോലാണീ

മാധവരൂപമെഴുതിക്കാണ്മൂ

ഓടക്കുഴലരക്കെട്ടിൽ തിരുകിയു-

മോമൽക്കയ്യൂഞ്ഞാൽക്കയർപിടിച്ചും


താഴേയ്ക്കായ് തൂങ്ങിക്കിടക്കും പദങ്ങളിൽ

കാണുന്നു പൊൻതള മിന്നിമിന്നി

കിങ്ങിണിമേലല്ലോ ചെമ്പട്ടുകോണകം

ഭംഗിയിലാരാണുടുപ്പിച്ചിന്ന്


ഊഞ്ഞാലുവള്ളി മുറുക്കിപ്പിടിച്ചുള്ള

പാണികൾശോഭിപ്പൂ കൈവളയാൽ

മാറിൽമാകന്ദപ്പഴത്തിന്റെമാലയു-

ണ്ടേതാനും വെള്ളപ്പൂമാലയ്ക്കൊപ്പം


തോളത്തുകേയൂരം,കാതിൽചെവിപ്പൂക്കൾ

കാണാമാനെറ്റിയിൽ സ്വർണ്ണഗോപി

കാണാം കനകക്കിരീടേമുടിമാല

താമര,തെച്ചിപ്പൂചേർന്നുനന്നായ്


മേലേതുളസിപ്പൂമാലകൾ കാണുന്നു

കോമളനുണ്ണിയ്ക്കലങ്കാരമായ്

ഓടിയെത്തീടു,മെന്നമ്മയിന്നൂഞ്ഞാലി-

ലാടിയ്ക്കാനെന്നോർത്തിരിപ്പുകണ്ണൻ


കൃഷ്ണാഹരേജയ കൃഷ്ണാഹരേ ജയ

കൃഷ്ണാഹരേ വസുദേവസൂനോ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേ നന്ദഗോപസൂനോ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 55

13.04.2024


പഴയംസുമേഷാണ്  പൊന്നുണ്ണിക്കണ്ണന് 

കളഭച്ചാർത്താൽദിവ്യരൂപംനൽകി

മധുസൂദനനാകുംമേൽശാന്തിനമ്പൂരി 

മധുവൈരിക്കുച്ചനിവേദ്യമേകി 


തളകളണിഞ്ഞിട്ടുകാണുന്നുപാദങ്ങൾ 

അരയിൽകസവിന്റെ പട്ടുമുണ്ട് 

അതിനുമേലായൊരുരണ്ടാംമുണ്ടുംകാണാം 

കളഭനിറത്തിൽമുറുക്കിക്കൊണ്ട്


തിരുമാറത്തുണ്ടൊരുമാങ്ങാമാലപിന്നെ- 

യതിനോടുചേർന്നൊരുവളയമാല

നറുനന്ത്യാർവട്ടവുംതെച്ചിപ്പൂവുംചേർത്തി-ട്ടഴകോടെകെട്ടിയൊരുണ്ടമാല


തോൾവളകാണുന്നു നെറ്റിയിൽ ഗോപിപ്പൂ

കാണുന്നൂ കണ്ണിനമൃതംപോലെ 

പീലിക്കിരീടത്തിൽകാണുന്നു,താമര-

പ്പൂവാലെകെട്ടിയകേശമാല 


മേലെയലങ്കാരമായ്ക്കാണാംമാലകൾ 

നാലഞ്ചുപൂക്കളാൽവേറെവേറെ

കായാമ്പൂവർണ്ണൻചിരിതൂകിനിൽക്കുന്നു കോവിലിലെല്ലാർക്കുംകൈവണങ്ങാൻ 


ഞാനുംവലുതായിന്നേട്ടനെപ്പോലായെ-

ന്നേവംവിചാരിച്ചുനില്പാണെന്നാൽ 

ഓടക്കുഴലൊരുകയ്യിലും തൂവെണ്ണ 

ചേരുന്നുണ്ടല്ലോമറുകയ്യിലും


കൃഷ്ണാ ഹരേജയാ കൃഷ്ണാഹരേജയ

കൃഷ്ണാ മുകിൽവർണ്ണാവാസുദേവാ 

കൃഷ്ണാഹരേജയകൃഷ്ണാഹരേജയ 

ഭക്തർക്കുവാത്സല്യമേകുംദേവാ 


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 56


14.04.2024


വിഷുസദ്യയുണ്ടിട്ടു ശ്രീലകേനിൽക്കുന്നു 

ഗുരുവായൂരുണ്ണിക്കുമാരനിന്ന്

ഒരുപാദമൊന്നുപിണച്ചിട്ടും മറ്റേക്കാൽ തറയിലായ് 

മന്ദംചവിട്ടിയിട്ടും 


കാൽത്തളയുണ്ടല്ലോകാണുന്നുകാൽകളിൽ

ചാർത്തിയക്കിങ്ങിണി പൊന്നരയിൽ 

പട്ടുകോണം നീർത്തിക്കിങ്ങിണിമേലുടു-ത്തെത്രയുംമോടിയിൽനില്പൂ കൃഷ്ണൻ 



കൈവളയുണ്ടുഭുജങ്ങളിൽ തോൾവള 

കർണ്ണങ്ങളിൽചേരുംവർണ്ണപ്പൂക്കൾ 

മാറത്തെ മാങ്ങാമാലയ്ക്കൊപ്പംചേർന്നിട്ടു 

കാണുന്നുവെള്ളമന്ദാരമാല 


കാണാംകിശോരന്റെനെറ്റിത്തടത്തിലാ- 

യോതിക്കൻ ചന്തത്തിൽ തൊട്ടഗോപി 

പീലിക്കിരീടത്തിൽ ചാർത്തിയിട്ടുണ്ടല്ലോ 

താമരപ്പൂവിന്റെകേശമാല 


മോടികൂട്ടീടുന്നമാലകൾ നാലെണ്ണം 

കാണുന്നൂകണ്ണനലങ്കാരമായ് 

ദീപപ്രകാശത്തിൽനിൽക്കുന്നൂമാധവൻ

വായുപുരത്തുള്ള കോവിലിങ്കൽ 


രണ്ടുതൃക്കൈകളുംവേണുവിൽ ചേർത്തിട്ടാ-

ണിമ്പത്തിൽനാദമുതിർക്കുമിപ്പോൾ 

വന്നുകൊൾകെല്ലാരുമെന്നുള്ള ഭാവത്തിൽ 

മണ്ഡപംനോക്കീട്ടുനിൽക്കയാണ് 


കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ 

ഗോപബാലാ 

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ 

കൃഷ്ണാഹരേഗോപബാലകൃഷ്ണാ 


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 57

15.04.202


വിഷ്ണുവിന്നാദ്യാവതാരത്തിൻരൂപമാം 

മത്സ്യാകൃതിയിൽ സുമേഷോതിക്കൻ 

കൃഷ്ണരൂപത്തെ കളഭത്തിൽചാർത്തിയി-

ന്നുച്ചപ്പൂജയ്ക്കായലങ്കാരത്തിൽ 


പൊന്നരക്കിങ്ങിണിയിൽനിന്നുതാഴെയായ് 

വർണ്ണമത്സ്യംവാലിളക്കുമ്പോലെ 

സ്വർണ്ണക്കസവിന്റെ ശൽക്കങ്ങൾ നന്നായി-

ട്ടുണ്ണിയോതിക്കൻ ചമച്ചുകാണ്മൂ 


കൈവള ചേരുന്ന നാലുതൃക്കൈകളി-

ലുണ്ടുകളഭത്തിൻ ശംഖുചക്രം 

ചന്ദനംചാലിച്ചുതീർത്ത ഗദ,മറു-

കയ്യിൽ സരസിജമല്ലോ കാണ്മൂ 

മാറത്തു മുല്ലമുകുളത്തിൻ ഹാരവും

ചാരുകണ്ഠത്തിലൊരുമാല്യവും

മാലകൾക്കൊത്തുനടുക്കൊരുഗോപിയും

നീലക്കാർവർണ്ണനണിഞ്ഞുകാണ്മൂ 


ചാർത്തീഭുജങ്ങളിൽ കേയൂരം,കർണ്ണത്തിൽ-

നേർത്ത ചെവിപ്പൂക്കൾ,നെറ്റിമേലോ-

കാപ്പവൻവട്ടത്തിൽ സ്വർണ്ണത്തിലകവും 

ചേർത്തുനാരായണസ്വാമിനില്പൂ 


മഞ്ഞക്കളഭക്കിരീടത്തിൻകാന്തിക്കായ് 

നന്ത്യാർവട്ടത്തിന്റെ മാലയോടും 

കണ്ണിനുവെട്ടമരുളിക്കുളിർപ്പിക്കും 

മന്ദാരപ്പൂവാംവിതാനത്തോടും 

വെള്ളത്തെച്ചിപ്പൂ,തുളസിക്കഴുത്തൊപ്പം 

മിന്നുന്ന മാറത്തെമാലയോടും 

മന്ദഹാസാമൃതംതൂകിനിന്നീടുന്നു 

സമ്മോദിച്ചെന്നായ് മധൂപൂജയാൽ 


നാരായണാ ഹരേ നാരായണാഹരേ

നാരായണാവേദസംരക്ഷകാ

നാരായണഹരേ നാരായണാഹരേ 

പാലാഴിവാഴുന്ന ദേവദേവാ 


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 58

16.04.2024


മുന്നൂലം ഹരിയോതിക്കൻ 

ഗുരുവായൂർകോവിൽക്കുള്ളിൽ

മഞ്ഞക്കളഭത്തിൽചാർത്തി 

പൊന്നുണ്ണിക്കണ്ണനെയിന്ന്


കാലിൽ തള കാണാകുന്നു 

കൈകളിലും പൊൻവള കാണ്മൂ 

കുഞ്ഞരയിൽകാണുന്നുണ്ട് 

കിങ്ങിണിമേൽപട്ടിൻകോണം


മുല്ലപ്പൂപല്ലവമാല്യം 

നെഞ്ചത്തുണ്ടല്ലോകാണ്മൂ

കണ്ഠത്തിൽചേർന്നുകിടപ്പൂ 

പൊന്നിൻവളയത്തിൻമാല്യം 


തോൾവളകൾകാണുന്നുണ്ട് 

കാണുന്നുചെവിയിൽപൂക്കൾ 

ഫാലത്തിൽകുറിയുംകാണാം 

മാധവനിന്നെന്തൊരുഭംഗി !


തുളസിക്കഴുത്താൽ കെട്ടി

ചന്തംതികഞ്ഞൊരുമാല

ദേവന്റെമുടിമേൽക്കാണാം 

മോടിയ്ക്കായ് മേലെയുമുണ്ട് 


നവനീതംകാണാമൊന്നിൽ 

മുരളികയോമറ്റേക്കയ്യിൽ 

മധുവിൻനൈവേദ്യംവാങ്ങി

മൃദുമന്ദസ്മേരത്തോടെ 


കൃഷ്ണാഹരെ നന്ദകുമാരാ 

കൃഷ്ണാഹരെ ഗോപകുമാരാ

കൃഷണാ മധുസൂദനദേവാ 

കൃഷ്ണാ ഭവഭാരവിനാശാ 


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 59

17.04.2024


മുന്നൂലംഹരി,കണ്ണനിന്നുകളഭംചാർത്തീരസംചേർന്നപോൽ 

പൊന്നിൻകാൽത്തള,കങ്കണങ്ങ,ളരയിൽ ചേരുന്നനൽക്കിങ്ങിണി 

കുഞ്ഞിക്കോണകമുണ്ടുപട്ട്,ചുളിനീർത്തീട്ടങ്ങുടുപ്പിച്ചുമാ-

ണുണ്ണിത്തോൾവളമേലെയായ് ചിതമൊടേ കാണുന്നുപൊട്ടൊന്നതാ 


കാണുന്നുണ്ടുചെവിക്കുഭൂഷണമതോസൂനങ്ങളാൽനിർമ്മിതം 

കാണുന്നൂനിടിലത്തിൽസ്വർണ്ണതിലകംപീലിക്കിരീടംശിഖേ

ഹാരംതെച്ചിയുമുണ്ടുചോപ്പു,തുളസിപ്പൂവുംപിരിച്ചാണതാ

കാണുന്നൂമുടിമേലെ,മോടിയുളവാകുംമട്ടിലായ് മാലകൾ


കുഞ്ഞിക്കൈകളിൽവേണുവേന്തിമധുരാലാപംതുടങ്ങീടുവാൻ 

ചുണ്ടിൽച്ചേർത്തതിമോഹനംചിരിയുമായ് നിൽക്കുന്നുശ്രീകോവിലിൽ 

വന്നീടൂപ്രിയഭക്തരേ,മമമനംകാണാൻകൊതിക്കുന്നിതാ 

നിങ്ങൾക്കെൻമുരളീരവത്തിനമൃതംനിത്യം ലഭിച്ചീടുവാൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 60

18.04.2024


കൃഷ്ണോതിക്കനാണിന്നു

കൃഷ്ണനുണ്ണിയെഭംഗിയായ്

ഒരുക്കീ കളഭത്താലെ 

ചതുർബ്ബാഹുക്കൾചേർന്നു,ഹാ!


ഉച്ചനൈവേദ്യപൂജയ്ക്കോ 

മേൽശാന്തി മധുസൂദനൻ 

ദിവ്യമന്ത്രങ്ങൾ ചൊല്ലീട്ടു 

നേദിച്ചൂ,വേണ്ടപോലെയായ് 


കാലിൽ തളകൾമിന്നുന്നൂ

ചെമ്പട്ടാണുധരിച്ചതും

പട്ടിന്മേലൊരുമേൽമുണ്ടും

കെട്ടിനിൽക്കുന്നുകേശവൻ 


മാറത്തുണ്ടുപതക്കത്തിൻ 

മാലയും മാങ്ങമാലയും

തെച്ചിപ്പൂതുളസിപ്പൂക്ക-

ളൊപ്പംകെട്ടിയമാലയും 


രണ്ടുകൈകളിലുണ്ടല്ലോ 

കളഭത്താൽചക്രശംഖുകൾ 

ഗദയോചന്ദനത്താലെ 

ചാർത്തീ,കയ്യിൽ സരോജവും 


ചെവിപ്പൂവുണ്ടുകർണ്ണത്തിൽ 

കേയൂരങ്ങൾ ഭുജങ്ങളിൽ

മാലേയമുഖരേകാണ്മൂ 

സ്വർണ്ണവർണ്ണ,തൊടുക്കുറി


കളഭത്തിൻ കിരീടത്തിൽ

ചേരുന്നൂ മുടിമാലകൾ 

വിതാനമാല്യമായിട്ടും

കാണാമഞ്ചാറുമാലകൾ 


കരുണാർദ്രസ്മിതത്താലെ 

കനിവിൻ കാതലെന്നപോൽ

ശ്രീലകത്തുവിളങ്ങുന്നൂ

നാരായണമഹാപ്രഭു


കൃഷ്ണകൃഷ്ണ ദയാനന്ദാ 

ഭക്തവത്സല മാധവാ

കൃഷ്ണകൃഷ്ണകൃപാമൂർത്തേ 

രക്ഷയേക!ജഗത്പതേ!


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 61

19.04.2024


ഊണുംകഴിഞ്ഞുപതിവോടെയലങ്കരിച്ചുംകാണേണമിന്നുപുകൾപെറ്റൊരുപൂരമെന്നായ് 

ഭാവിച്ചു,പട്ടുകസവാടഞൊറിഞ്ഞുടുത്ത-

ങ്ങാനയ്ക്കുമേലെയെഴുനള്ളുകയാണുകണ്ണൻ


കാലിൽത്തിളങ്ങുംതള,കൈകളിൽകങ്കണങ്ങൾ

മാറിൽച്ചുവന്നവനപുഷ്പമതിന്റെമാല 

മാകന്ദവൃക്ഷഫലമായൊരുമാല,യെന്നാൽ-

പ്പോരാ,കഴുത്തിനൊടുചേർന്നൊരുസ്വർണ്ണമാല 


തോളത്ത,തംസവലയങ്ങൾതെളിഞ്ഞുകാണ്മൂ

ഫാലത്തിലുംകനകഗോപിതെളിഞ്ഞിടുന്നു

പീലിക്കീരീടമതിലായ് മുടിമാലകാണ്മൂ 

കാണുന്നുഭംഗിപെരുകുംപടിമാല്യവൃന്ദം


ആനപ്പുറത്തുകയറീട്ടൊരുകാലുതാഴേ-യ്ക്കായ് തൂക്കിയും,മറുപദംചെവിയാൽമറച്ചും

ഓമൽക്കരത്തിലൊരുചെങ്കുടചേർത്തുവെച്ചും

പൂരത്തിനായിനടകൊള്ളുകയാണുകൃഷ്ണൻ


മേളപ്പെരുക്കമണയുന്നി,നിവേണ്ടമാന്തം 

പോകാംനമുക്കുഗജനായകവാഹനത്തിൽ

ഓതിക്കനും,മധുവുമൊത്തുപുറപ്പെടാനാ-

യാ,ണിന്നുകോമളനിതാധൃതിപൂണ്ടുനിൽപ്പൂ!


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന62

20.04.2024


പൂരംകഴിഞ്ഞെത്തിയകണ്ണനയ്യോ

കാണുന്നതില്ലിന്നൊരുക്ഷീണനാട്യം

ഓടക്കുഴൽകൈകളലേന്തിനിൽക്കും

ഭാവേവരച്ചു,മനുവെന്നൊരോയ്ക്കൻ


കാലൊന്നുമെല്ലെന്നുപിണച്ചുവേണോ

നേരായ്നിലത്തൊന്നുപടിഞ്ഞുവേണോ

നാദംമനോജ്ഞമതുപാടുവാനാ-

യേതേതുമട്ടെന്നൊരുശങ്കയോടെ


കാണുന്നുകാൽത്തള,യരയ്ക്കുമീതെ-

ക്കാണാമരഞ്ഞാണൊരുകോണമോടെ

കൈരണ്ടിലുംകങ്കണമുണ്ടുകാണ്മൂ

കർണ്ണങ്ങളിൽപൂക്കളുമുണ്ടുഭംഗ്യാ


കാണാംമുഖത്തിന്നൊരുസ്വർണ്ണഗോപി

കാണാംകിരീടത്തിലൊരുണ്ടമാല 

മോടിക്കതായ് കാണ്മു വിതാനമാല

കോവിൽവിളക്കാൽ,നിറയുംപ്രകാശേ



മാറത്തുകാണാംചിലസ്വർണ്ണഹാരം

ചേലിൽക്കൊരുത്തുള്ളൊരുപുഷ്പഹാരം

ഓമൽച്ചൊടിപ്പൂംചിരിയോടെനിൽപ്പൂ

കാണാൻവരുന്നോർക്കഭയത്തെയേകാൻ


ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 63

21.04.2024


കണ്ണനിന്നുഗുരുവായുമന്ദിരേ

മന്ദഹാസമൊടെവന്നുനിൽപ്പതാ

അമ്മയെന്നപോലൂട്ടിയിന്നമൃതു-

മന്ത്രമോടെമധുസൂദനദ്വിജൻ



വന്നുചേർന്നുകളഭംനനച്ചുകൊ-

ണ്ടുണ്ണിതന്നെ*വരയാൻദിവാകരൻ 

രണ്ടുകാൽകളിലുമുണ്ടുകാൽത്തള

കങ്കണങ്ങളിൽ,മിനുങ്ങിപാണികൾ 


കുഞ്ഞുകുമ്പയിലമർന്നപോലെയായ് 

പൊന്നുകിങ്ങിണിതെളിഞ്ഞുകാണ്മതാ 

പട്ടുകോണകമതിന്റെമേലെയായ് 

പറ്റിനീർത്തിയണിയിച്ചതമ്മയോ?


മാറിലുണ്ടൊരുപതക്കമാലയാ

മാങ്ങമാലതികയാത്തമട്ടിലായ് 

തെച്ചിയോടുതുളസിക്കഴുത്തുചേർ-

ത്തെത്രയുംചന്തമാർന്നമാലയും 


തോളിലുണ്ടുവളകൾ,ചെവിയ്ക്കുമേൽ

പൂവിനാലെമെനയുംകടുക്കനും 

നെറ്റിമേൽകനകഗോപിയും,കിരീ-

ടത്തിൽനല്ലമുടിമാലകാണ്മതാ


പൊന്നുവേണുവതിടത്തുകയ്യിലും

വെണ്ണയുർളവലതാംകരത്തിലും

ദീപനാളനിറശോഭയോടതാ

ശ്രീലകത്തുമരുവുന്നുമാധവൻ


കുഷ്ണകൃഷ്ണഹരികേശവാഹരേ 

കൃഷ്ണഗോകുലനിവാസമോഹനാ

കൃഷ്ണകൃഷ്ണമധുസൂദനാഹരേ 

വൃഷ്ണിവംശകുലനായകാഹരേ 


ഗിരിജ ചെമ്മങ്ങാട്ട്