Thursday, 7 June 2012

പത്തുരൂപ

സ്വര്‍ഗ്ഭൂമിയായ് ലോകമെണ്ണുന്ന 
പുഷ്പ രാജ്യത്തു ജീവിത-
വൃത്തി തേടി,യിരുപതാണ്ടുമുന്‍-
പെത്തി ദൈവേച്ഛയാലെ ഞാന്‍ 

 സ്വപ്ന സുന്ദര വര്‍ണ്ണ മോഹന-
ദൃശ്യ സമ്പന്നയെങ്കിലും
ഹൃദ്യ ഭൂമിതന്‍ മക്കള്‍ ദാരിദ്ര്യ-  
ദു:ഖിതരായിരുന്നുപോല്‍ 

കൊച്ചുകുഞ്ഞിനെ തോളിലിട്ടന്നൊ-
രുച്ച നേരത്തു മത് ഗൃഹേ 
ഒച്ച വെയ്ക്കാതെ ശങ്കയോടെ വ-
ന്നെത്തിനോക്കുന്നൊരമ്മയെ
മുറ്റുമാതിഥ്യഭാവമോടെ-
ത്തടുക്കില്‍,വൈകാതിരുത്തി ഞാന്‍ 
വീട്ടുകാര്യങ്ങള്‍ പേര്‍‍ത്തുമാരാഞ്ഞു
കൂട്ടുകാരിയോടെന്നപോല്‍ 
മെല്ലെ സൌഹൃദ ഭാഷണങ്ങളാല്‍  
തെല്ലു ധൈര്യം പകർന്നവൾ  
അല്ലല്‍ പൂണ്ടോതി, 'ദീദി'യെന്‍ മകന്‍
നല്ലപോല്‍ ദീനപീഡിതന്‍
ചില്ലറത്തുട്ടുപോലുമെന്‍ കയ്യി-
ലില്ലൊരല്പം മരുന്നിനായ് 
ഇല്ല വീട്ടുകാരന്നു വേലയി-
ന്നില്ല റൊട്ടിക്കുപാധികള്‍ 
ഹൃത്തിലുണ്ടുകാരുണ്യമെങ്കില്‍ നീ 
പത്തുരൂപ നല്കീടുമോ 
ഒത്തു കിട്ടുകില്‍ നേരുപോല്‍ കട-
മൊട്ടു വൈകാതെ വീട്ടിടാം 
ബുദ്ധിമുട്ടുകളേറെയുണ്ടെന്നി-
രിക്കിലും പണം നല്‍കി ഞാന്‍ 
അച്ഛനൊ ത്തു സമൃദ്ധിയില്‍ വാണ 
സ്വച്ഛബാല്യത്തെയോര്‍ക്കവേ 

വത്സരമൊന്നു തീര്‍ന്നു മുന്‍പെന്ന-
മട്ടകലേക്കു പോകുവാന്‍-
കിട്ടി വീണ്ടും നിയോഗമാ-
നാടുവിട്ടു പോരേണ്ട നേരമായ് 
കെട്ടു ഭാണ്ഡങ്ങള്‍ പേറി വണ്ടിക്കു-
കാത്തു നില്‍ക്കുന്ന വേളയില്‍ 
എത്തി വേര്‍ത്തും വ്യഥയൊതുക്കിയും 
സത്യമുള്ളോരാ പെണ്‍കൊടി 
വൃത്തി ഹീനമാം ചേല തന്‍ തുമ്പില്‍ 
ഭദ്ര മായിപ്പൊതിഞ്ഞൊരാ-
പ്പത്തു രൂപ തന്‍ നോട്ടെടുത്തവ-
ളൊട്ടു നാണിച്ചു നീട്ടിനാള്‍
ബുദ്ധിമുട്ടുകളേറെയുള്ളതെന്‍
ബുദ്ധികേടായ് ഭവിക്കയാല്‍ 
കുറ്റബോധത്തൊടെങ്കിലും പണ-
മേറ്റുവാങ്ങാന്‍ തുനിഞ്ഞു ഞാന്‍ 

************

എത്ര വര്‍ഷങ്ങള്‍ പോയ്‌ മറഞ്ഞു പി-
ന്നെത്ര ജീവിതം കണ്ടു ഞാന്‍
ലക്ഷ്മി തന്‍ മടിത്തട്ടിലാണിന്നു
കത്തു,മൈശ്വര്യ ദീപമായ് 
എത്ര സൌഭാഗ്യ മുണ്ടു,ചുറ്റിലു-
മെത്ര സന്തോഷമെങ്കിലും 
വ്യര്‍ത്ഥമായ് നൊന്തുപോകയാണെന്തി-
തര്‍ത്ഥമില്ലാത്ത ചിന്തയാല്‍ 
സ്വര്‍ഗഭൂമിയായ് ലോകമുള്‍ക്കൊണ്ട 
പുഷ്പ രാജ്യത്തിനിന്നിതാ 
യുദ്ധഭൂമിയായ്‌ മാറുവാനുള്ള 
ദുര്‍ഗതിക്കുള്ള യോഗമായ് 
പുത്രനെ,ത്തോളി,ലേറ്റി വന്നൊര-
പ്പട്ടിണിക്കാരി തന്‍ സ്ഥിതി-
യ്ക്കെത്ര മാറ്റങ്ങള്‍ വന്നുവോ മകന്‍ 
രക്ഷകനായ് വളര്‍ന്നുവോ 
തത്ര,യാതങ്ക വാദി തന്‍ തോക്കില്‍ 
നിശ്ചലനായി വീണുവോ 
നിശ്ചയം വരാതി,ങ്ങിരിപ്പു,മാ-
പ്പല്‍പ്പമേകു നീ സോദരീ 

***************

(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)  

  
   ‍ 
    ‍

   

1 comment: