Saturday 27 July 2013

യശോദ

തള്ളതൻ കുഞ്ഞി പ്പകർപ്പെന്നപോൽ കരിം-
പുള്ളി വെണ്മേനിയിൽ മിന്നുംകിടാത്തനേ 
തുള്ളും മനസ്സുമായ്,നീ വന്ന നാൾ തൊട്ടു 
നിന്നെ ലാളിക്കുവാൻ വെമ്പും യശോദ ഞാൻ 

നല്ലിളം പുല്ലും പഴത്തോലു,മുപ്പിട്ട 
കഞ്ഞിയിൽ ചാലിച്ചൊ,രെള്ളുപിണ്ണാക്കുമായ് 
എന്നും തൊഴുത്തിൽ വന്നെത്തുമ്പൊഴെന്തിനാ-
യിണ്ടലിൽ നാളെയെച്ചൊല്ലിത്തപിപ്പു ഞാൻ!

അമ്മയല്ലെന്നാലു.മോർപ്പു, വരുംകാല-
മെന്തായി മാറും വളർന്നൊരാ വേളയിൽ 
ഇല്ല നീ പോകില്ല പാടത്തു പൂട്ടുവാൻ 
യന്ത്രക്കലപ്പകളെമ്പാടുമാകയാൽ 

പെട്ടിശ്ശകടവും പിക്കപ്പു,ടിപ്പറും 
നെട്ടോട്ടമായ്‌ നിരത്തെങ്ങും നിരക്കയാൽ 
കട്ട കടവണ്ടി യോട്ടുവാൻ ,പൌരുഷം-
തട്ടിയുടച്ചു തളർത്തില്ല മാനുഷർ 

പുത്തൻ തലമുറക്കായ്‌ വിത്തുകാളയായ്
നിർത്തില്ല നിൻ ജനുസ്സത്ര പോരായ്‌കയാൽ 
വ്യർത്ഥമാണെങ്കിലും ചിന്തിച്ചു തേങ്ങുന്നു 
തപ്ത ഹൃദന്ത വൈവശ്യങ്ങളോടെ ഞാൻ 

നാളെ നീയെന്തായിടും,ഹാ !കഴിഞ്ഞൊരാ -
നാളുകൾ പേക്കിനാ,വെന്നപോൽ മാഞ്ഞിടും 
നേരും നെറിയും കളഞ്ഞുള്ള മർത്ത്യന്ടെ-
യൂണുമേശയ്ക്ക,ലങ്കാരമായ് മാറിടും !

***************

11 comments:

  1. നാളെ നീയെന്തായിടും,ഹാ !കഴിഞ്ഞൊരാ -
    നാളുകൾ പേക്കിനാ,വെന്നപോൽ മാഞ്ഞിടും

    ആശങ്ക ഒട്ടും അസ്ഥാനത്തല്ല...നല്ല വരികള്‍...:)

    ReplyDelete
  2. moorikkuttikal undaayaal sankadam aanu.avaye valartthaan buddhimuttu,panikkaarkku kshaamamulla ikkaalatthu!

    ReplyDelete
  3. നാളെയെന്താവും.....!!


    ഭാര്യവീട് കുട്ടിക്കാനം കഴിഞ്ഞ് ഏലപ്പാറയിലാണ്.
    20 വര്‍ഷം മുമ്പ് അങ്ങോട്ടുള്ള യാത്രയില്‍ തമിഴ് നാട്ടില്‍ നിന്ന് ലോറികളില്‍ കുത്തിനിറച്ച് കൊണ്ടുവരുന്ന കാലികളുടെ ദൈന്യരൂപം കണ്ട് അന്നുമുതല്‍ മാംസാഹാരം നിര്‍ത്തി ഞാന്‍.

    കവിത വളരെ നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. Kaanumpol sakadam thonnum.abhipraayam ezhuthi ariyichathil santhosham!njaan "puthran" enna oru kavitha post cheythittundu,kanduvo?

      Delete
  4. വ്യർത്ഥമാണെങ്കിലും ചിന്തിച്ചു തേങ്ങുന്നു
    തപ്ത ഹൃദന്ത വൈവശ്യങ്ങളോടെ ഞാൻ
    പലപ്പോഴും ഇങ്ങനെയൊരു അവസ്ഥയാണ് .

    ReplyDelete
  5. നന്നായിട്ടുണ്ട് . ഇനിയും എഴുതുക...

    ReplyDelete
  6. കവിതകളെല്ലാംതന്നെ താളനിബദ്ധം. ചൊല്ലാന്‍ തോന്നുന്നു...

    ReplyDelete
  7. പുത്തൻ തലമുറക്കായ്‌ വിത്തുകാളയായ്
    നിർത്തില്ല നിൻ ജനുസ്സത്ര പോരായ്‌കയാൽ
    വ്യർത്ഥമാണെങ്കിലും ചിന്തിച്ചു തേങ്ങുന്നു
    തപ്ത ഹൃദന്ത വൈവശ്യങ്ങളോടെ ഞാൻ


    വളരെ നനഞ്യി എഴുതിയിരിക്കുന്നു ആശംസകള്‍

    ReplyDelete