Monday, 10 February 2014

നിഷ്കളങ്കതയുടെ ബാല്യം


അന്നൊരു പുലർകാലം 
ഞാനുണർന്നെണീറ്റപ്പോ-
ളമ്മയെ കാണുന്നില്ലെ -
ന്നങ്ങിങ്ങു തേടീടവേ 
ചെമ്മെ വന്നെടുത്തെന്നെ 
വാരിപ്പുണർന്നെൻ ധാത്രി
അമ്മു സങ്കടപ്പെടാ-
തോതീടാ മൊരുകൂട്ടം.

അമ്മ പോയിരിക്കുന്നു
 കുഞ്ഞിന്നു കാണാൻ വാങ്ങി-
ക്കൊണ്ടുവന്നീടാനൊരു 
കുഞ്ഞനീത്തിക്കുട്ടിയെ 
കുഞ്ഞിമോളേടത്തി പോൽ
വളർന്നു വലുതായാൽ 
കുഞ്ഞോമനയ്ക്കോ കൂടെ-
ക്കളിക്കാനാളാകില്ലേ

ആയതൻ പുന്നാരച്ചൊൽ 
കേട്ടവാറെന്നുള്ളത്തി-
ലായിരം കിനാപ്പൂക്ക-
ളൊന്നൊന്നായ് വിടർന്നുപോയ് 
ആരെല്ലാമായി,പ്പങ്കു-
വയ്ക്കണമിസ്സന്തോഷ-
മോടിഞാൻ മുറ്റത്തേയ്ക്കെ-
ന്നൂഞ്ഞാലിലാടീടാനായ്‌ 

"മഞ്ഞക്കിളീ നീ കേട്ടു-
കൊൾകെനിക്കായെന്നമ്മ 
കുഞ്ഞനീത്തിയെ കൊണ്ടു-
തന്നിടും കളിക്കാനായ് 
അണ്ണാറക്കണ്ണാ കാട്ടി-
ത്തന്നിടാം നിനക്കു ഞാ-
നമ്മണിക്കിടാവിനെ
കണ്ടു നീ കൊതിക്കല്ലെ 
അമ്മിഞ്ഞയുണ്ടീടുമാ 
പൈതലിന്നരികിലായ് 
കണ്ണിമയ്ക്കാതെ കാത്തു 
നോക്കി ഞാനിരുന്നീടും 
കണ്ണെഴുതിക്കും കുഞ്ഞി-
ക്കവിളിൽ പൊട്ടും കുത്തും 
കുഞ്ഞുകുപ്പായം ചാർത്തും 
കുഞ്ഞുമെയ് നോവിക്കാതെ 
കഞ്ഞിയും ചോറും വെച്ചു 
കളിക്കും ഞങ്ങൾ കുഞ്ഞി-
പ്പെണ്ണവളോടിച്ചാടി 
നടക്കാൻ തുടങ്ങിയാൽ 
തുമ്പപ്പൂതോറും പാറി 
തേൻ കുടിച്ചീടും നീല-
ത്തുമ്പീ നീ കേൾക്കുന്നില്ലേ-
യെൻ കൊച്ചു സ്വകാര്യങ്ങൾ"

നന്മനോരാജ്യംകണ്ടു 
മൂന്നുനാൾ കഴിഞ്ഞു ഞാ-
നങ്കണ്‍ വാടിയിൽ നിന്നു 
വന്നൊരു വൈകുന്നേരം 
മെല്ലെ വന്നെന്നെ ചേർത്തു-
പുൽകിയെൻ മുത്തശ്യമ്മ 
ചൊല്ലി "നീ വരൂ വേഗം 
കുഞ്ഞിനെ കാണേണ്ടായോ 
അമ്മതൻ ചാരത്തല്ലോ 
ചായുറങ്ങുന്നൂ നിന്ടെ 
കുഞ്ഞന്യേൻ നല്ലോരുണ്ണി 
ചെന്നൊന്നു നോക്കൂ കുട്ടീ 
അമ്മിണീ നിന്നെക്കാട്ടാൻ 
കാത്തിരിക്കയാണമ്മ
കണ്മണീ കുഞ്ഞിക്കാലാ-
ലോടിയേ പോയീടാവൂ"

ഇമ്മട്ടു പിതാമഹി 
ലാളിച്ചു ചൊൽകെ തെറ്റെ-
ന്നെന്മനമിടിഞ്ഞുപോയ് 
കണ്ണുകൾ നിറഞ്ഞുപോയ് 
"ഇല്ല ഞാൻ കാണുന്നില്ല 
വേണ്ടെനിക്കനിയനെ"
ചുണ്ടും പിളുത്തിക്കൊണ്ടു 
ഞാനേങ്ങിക്കരഞ്ഞു പോയ്‌ 
"നിത്യവു,മങ്കണ്‍ വാടി 
തന്നിൽ വന്നെത്തും ചില-
ദുഷ്ടന്മാർ താന്തോന്നിക-
ളാരെയും കൂട്ടാക്കാത്തോർ 
എത്രയും കുറുമ്പന്മാ-
രാമ്പിള്ളേ,രവരെന്നെ 
കുത്തിടും മാന്തും മുടി-
പ്പിന്നൂരിപ്പൊട്ടിച്ചീടും 
എന്തിനായെനിക്കമ്മ 
വാങ്ങിക്കൊണ്ടുവന്നതി-
ക്കുഞ്ഞനെ!കിട്ടാനില്ലേ 
പെണ്‍കിടാവിനെ കഷ്ടം !
എന്നോടിത്തിരുമാലി 
പോരടിക്കില്ലേ നാളെ 
കൊണ്ടുപോയ് കളഞ്ഞോട്ടെ 
മിണ്ടില്ല ഞാനല്ലെങ്കിൽ "

കുഞ്ഞുവാശിയും കുട്ടി-
ക്കിണുക്കും കേട്ടിട്ടെന്ടെ 
കുന്തളം മിനുക്കിക്കൊ-
ണ്ടോതിയെൻ മുത്തശ്യമ്മ 
"എന്തുനീ പിണങ്ങുന്നോ 
കരച്ചിൽ നിർത്തില്ലേ കേ-
ളന്തമില്ലാതോരോന്നും 
ചിന്തിച്ചു തുടങ്ങാമോ?
ആണുങ്ങളെല്ലാം കാട്ടു-
കുറുമ്പന്മാരാണെന്ന-
പോഴത്തം നിന്നോടാരാ-
ണീവിധം ധരിപ്പിച്ചു !
പാവയും പട്ടിൻകുപ്പാ-
യങ്ങളും പഴങ്ങളും 
വാങ്ങി തന്നീടും പിതാ-
വാണെന്നോ ദുഷ്ടൻ കാവേ?
അക്ഷരം പഠിപ്പിക്കാൻ 
സല്ക്കഥ ചൊല്ലിത്തരാൻ 
മുത്തശ്ശനല്ലേ,നിന്നോ-
ടെന്തൊന്നു കുറ്റം ചെയ്തു?
കൂട്ടത്തിൽ നിന്നെ ചേർത്തു-
കൊണ്ടാടുമങ്ങേല്ലത്തെ-
യേട്ടന്മാർ റൌഡിക്കൂട്ട-
മാണെന്നു നീയോർക്കുന്നോ?
അമ്മതൻ ചാരേ ചേർന്നു-
കിടന്നു മയങ്ങീടും 
കുഞ്ഞുണ്ണി നിനക്കെന്നും 
കൂട്ടുകാരനായ് മാറും 
നന്നവൻ വരും നിന്ടെ 
പിന്നാലെ 'യോപ്പോളേ'യെ-
ന്നിമ്പമായ് വിളിച്ചീടും 
നീയന്നു വിളി കേൾക്കും"

ഈ വിധം മുത്തശ്യമ്മ 
സാന്ത്വനിപ്പിക്കെ ചുണ്ട-
ത്തോരാതെയുണർന്നൊരു 
സുസ്മിതം കണ്ണീരോടെ 
മാതൃസ്നേഹത്തിന്നുണ്മ
കൊണ്ടാവാം ചെന്നൂ ഞാനാ-
സൂതികാ ഗൃഹത്തിന്ടെ 
വാതുക്കലതിവേഗം 

അമ്മതന്നരികത്തു 
കണ്ണുകൾ ചിമ്മിക്കൊണ്ടും 
പിഞ്ചിളം കുഞ്ഞിക്കൈകൾ 
രണ്ടും ചുരുട്ടിക്കൊണ്ടും 
ഒന്നും നിനയ്ക്കാതുറ-
ങ്ങീടുമുണ്ണിതൻ നെറ്റി-
തന്നിൽ ഞാൻ നൽകീ സ്നേഹ-
മോടെയെന്നുപഹാരം .

***************

      

2 comments:

 1. ആണുങ്ങളെല്ലാം കാട്ടു-
  കുറുമ്പന്മാരാണെന്ന-
  പോഴത്തം നിന്നോടാരാ-
  ണീവിധം ധരിപ്പിച്ചു !

  അതുതന്നെ. മുത്തശ്ശിയമ്മയ്ക്ക് ഒരു സല്യൂട്ട്

  നല്ല കവിത

  ReplyDelete
 2. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം,അജിത്‌.

  ReplyDelete