Sunday 27 March 2016

മുത്തിയുടെ മക്കൾ

കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിക്ക് 
മക്കൾ മൂന്നാണെന്ന് കേൾപ്പൂ 
മൂത്തതും താഴെപ്പിറന്നതും മങ്കമാർ 
കൂട്ടത്തിൽ മദ്ധ്യമൻ പുത്രൻ 

നാടു കണ്ടീടാനൊരുമ്പെട്ടു മൂവരും 
വീടുകൾ തേടിക്കരേറും 
നാലാളു കാണില്ല നാട്ടാരുമോർക്കില്ല 
മൂന്നുപേർ കൂട്ടിന്ടെ ദൗത്യം 

കൊച്ചനിയത്തിയാണല്ലോ വിരുന്നിനാ-
യെത്തും ഭവനത്തിലാദ്യം 
ഒട്ടേറെ നാളുകൾ വീട്ടുകാരൊത്തവൾ 
കൊട്ടും കളിയുമായ് വാഴും 

പെങ്ങളായ് ചേർന്നു മോദിക്കാൻ തിരക്കിട്ടു
പിന്നാലെയെത്തീടുമേട്ടൻ 
ആണൊരുത്തൻ വന്നു കേറിയാൽ മേളമായ് 
കാണേണ്ട പൂരങ്ങൾ തന്നെ 

എങ്ങെന്ടെ കുഞ്ഞാങ്ങളയു,മനീത്തിയു-
മെന്നാർത്തയായ് ചേച്ചിയെത്തും 
മൂത്തവൾ കൂടിക്കടന്നാൽ കഥയൊക്കെ
മാറ്റും ' ജഗ പൊക ' യാക്കും 

കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിതൻ 
മക്കളാരെന്നു ചൊല്ലാമോ?
' തോറ്റു ,സുല്ലിട്ടു ; കടം കുടിച്ചെന്നൊക്കെ-
യേറ്റെങ്കിലുത്തരം നൽകാം 

കൊച്ചടി വെച്ചണഞ്ഞീടുന്നവൾ ഭാഗ്യ-
ലക്ഷ്മീ ഭഗവതിയല്ലോ 
പിന്നാലെ വന്നു കേറീടുന്ന സോദരൻ 
' ശുംഭ ' നഹങ്കാരമല്ലോ 
ചേട്ടാഭഗവതിയാണു മൂന്നാമതായ് 
വീട്ടിലേയ്ക്കോടിയെത്തുന്നു 
നാട്ടിലെന്നാളും നടപ്പതാണൊക്കെയും
കൂട്ടരേ,പൊയ്യല്ല ; സത്യം !

**************************

( ഒരു പഴമൊഴിയോട് കടപ്പാട്.)       

  

4 comments:

  1. ഈ കഥ കേട്ടിട്ടുണ്ട്. എന്നാലും കവിതയായി വായിച്ചപ്പോൾ ഒന്നൂടെ നന്നായി

    ReplyDelete
  2. നാട്ടിലെന്നാളും നടപ്പതാണൊക്കെയും
    കൂട്ടരേ,പൊയ്യല്ല ; സത്യം !

    കവിത ഇഷ്ടായി...

    ReplyDelete