Tuesday 5 December 2023

 പൊത്തുള്ള ചെരിപ്പ്


അന്നൊരു വൈകുന്നേരം സ്കൂളുവിട്ടുഞാൻമെല്ലെ-

യില്ലത്തേയ്ക്കാമോദിച്ചു

വന്നെത്തിച്ചേർന്നീടവേ

കുഞ്ഞനീത്തിവന്നെന്നെ

പുണർന്നാൾ,കിതച്ചുകൊ-

ണ്ടൊ, "ന്നുനിന്നാലും ചൊല്ലാ-

മേടത്തീ,യകം പൂകാ..


തെല്ലുനേരംമുമ്പാണു

ഞാനുമിക്കുഞ്ഞാഞ്ഞിയു-

മുമ്മറത്തിരുന്നിട്ടി-

ങ്ങോരോന്നു ചൊല്ലീടുമ്പോൾ

വന്നിടുന്നൊരാൾ വേഷം

കാലുറയിട്ടുംകൊണ്ടാ-

ണെന്നെനോക്കിയിട്ടായാ-

ളുറക്കെച്ചിരിക്കുന്നു


പെട്ടിയുണ്ടൊരുകയ്യിൽ

നിശ്ചയം ! കണ്ടിട്ടൊരു

കുട്ടി പിടുത്തക്കാരൻ!

ഞാനങ്ങു,ഭയന്നേപോയ്

കെട്ടിപ്പിടിച്ചൂ,ചെന്ന-

ക്കുഞ്ഞാഞ്ഞിതന്നെ,ക്കര-

ഞ്ഞൊത്തിരിനേരംകണ്ണും-

പൂട്ടിനില്പായീകഷ്ടം


കാലിലെ പൊത്തുള്ളൊര-

ച്ചെരിപ്പുമഴിച്ചിട്ടു

പോയല്ലോ പുറത്താള-

വാതിൽപ്പാളികൾനീക്കി

തെക്കിണിപ്പടിയിന്മേൽ

കേറിയിരിപ്പാണിപ്പോ-

ളച്ഛനമ്മമാർനില്ക്കേ

തെല്ലുകൂസലെന്നിയേ


മീശയുംപിരിച്ചിട്ടു-

തൂണുംചാരിയാണല്ലോ

ഓട്ടക്കണ്ണിനാൽനോക്കേ

കാണുമ്പോൾ ഭയംതോന്നും

ഭീതിയാണെനിക്കങ്ങു

കേറിച്ചെല്ലുവാനയ്യോ

പോകേണ്ടെന്നി"യ്യേത്തി"യും

സോദരി കൈകൾ കൂപ്പി


ഈവിധം കനീയസി

ചൊല്ലവേ,കുഞ്ഞാഞ്ഞിയൊ-

ന്നൂറിച്ചിരിച്ചുംകൊണ്ടു

 മെല്ലെപ്പറഞ്ഞൂ കാര്യം

പേടിക്കവേണ്ടോമനേ

ചെന്നാലുമകത്തേയ്ക്ക-

ങ്ങാരെന്നറിഞ്ഞോ,നിങ്ങൾ

വാസ്വട്ടനല്ലേ ,വന്നൂ...!

            ********

ഗിരിജ ചെമ്മങ്ങാട്ട്  

കനീയസി =അനുജത്തി

No comments:

Post a Comment