ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 14729.01.2025
ഫണിതന്റെവിടർന്നപടത്തിനുമേൽ
നടമാടുകയാണിഹനന്ദസുതൻ
തളയുണ്ടു,പദങ്ങളിൽകങ്കണമോ
വിലസുന്നുമിനുങ്ങിയപാണികളിൽ
അരയിൽ കസവാടയതിന്മുകളിൽ
ചിലുചിഞ്ചിലമെന്നൊരുകിങ്ങിണിയും
തിരുമാറിലണിഞ്ഞൊരുമാലകളൊ-
ത്തതിമോഹനമാ,വനമാലയതും
ഭുജഭംഗിവളർത്തിടുമംഗദവും
ശ്രവണേയഴകാർന്നസുമങ്ങളതും
നിടിലത്തിലണിഞ്ഞൊരുഗോപിയതും
നിറുകിൽമകുടത്തിലെപീലികളും
തിരുഹസ്തമതൊന്നതിൽവംശിയുമാ
മറുകയ്യതിൽ പന്നഗലാംഗുലവും
അധരത്തിലുണർന്നൊരുപുഞ്ചിരിയും
മിഴികൾക്കരുളുന്നമൃതിൻമധുരം
ധരയിന്നുനിറഞ്ഞുകവിഞ്ഞിടുമീ
വിഷവായുവിതിൻകെടുതിക്കറുതി
കനിവോടരുളീടുവതിന്നുജവാൽ
വരികിങ്ങു,ജനാർദ്ദന!രക്ഷക!നീ...
ഹരിനാമ,മഹോനിശമുരുവിടുവാൻ
ഹരിപാദമണഞ്ഞുനമിച്ചിടുവാൻ
ഹരിഭക്തിമനസ്സുനിറഞ്ഞിടുവാൻ
ഹരി,യെന്നുമിവൾക്കുവരംതരണേ...
ഗിരിജ ചെമ്മങ്ങാട്ട്
*വംശി=ഓടക്കുഴൽ