വ്യാമോഹം.....
പത്രാസോടെയിളിക്കേണ്ടാ
നാളികേരക്കിടാത്ത നീ...
വരുന്നനാളി,ക്കേദാരം
വീണ്ടും "കേര"ളമായിടാം...
ഗിരിജ ചെമ്മങ്ങാട്ട്
ചന്ദ്രനിലെ ഭൂമി...
പറമ്പിൽ പണിചെയ്തീടാ-
നാളില്ലാത്തൊരുവേളയിൽ
ചന്ദ്രനിൽച്ചെന്നുനീയെന്തേ-
യഞ്ചേക്കർ വാങ്ങി സോദരാ....?
(കോട്ടയടത്തുകാരനൊരാൾ ചന്ദ്രനിൽ അഞ്ചേക്കർ ഭൂമി വാങ്ങിയത്രെ...!!)
ഗിരിജ ചെമ്മങ്ങാട്ട്
പശു....
എല്ലുംതൊലിയുമായെന്തേ
വാഴുന്നൂ സൗരഭേയി,നീ
പുല്ലുംവെള്ളവുമൊന്നുംനിൻ
മേലാളർ തന്നതില്ലയോ?
കണ്ണനെ മുതുകിൽകേറ്റി
വൃന്ദാവനമണഞ്ഞിടിൽ
തിണ്ണംനൽകിടുമേ പുല്ലും
കാളീന്ദീജലവും മുദാ...
ഗിരിജ ചെമ്മങ്ങാട്ട്.
കളിവഞ്ചി...
തോണിയൊന്നുതുഴഞ്ഞിടാനൊരുമോഹമുണ്ടുമനസ്സിലെൻ
ഗേഹമിന്നൊരുകായലിന്റെകരയ്ക്കതായതുകാരണം
തോഴരൊത്തുകളിച്ചകാലമതോർത്തുപുഞ്ചിരിതൂകുവാ-
നാകുമെന്നതുമാത്രമാണിനിയെന്നറിഞ്ഞുവസിച്ചിടാം...
ഗിരിജ ചെമ്മങ്ങാട്ട്
കിളിക്കൂട്
രണ്ടാണ്ടുമുമ്പീകുളപ്പുരമച്ചിലായ്
രണ്ടുനാരായണപ്പൂങ്കിളികൾ
മണ്ണിനാൽകൂടൊന്നുതീർത്തു,പകുതിയിൽ
പിന്നെന്തേവന്നില്ല,യെന്തുമൂലം?
വേണ്ടാതറപ്പണി,കട്ടിളവയ്ക്കണ്ട
വേണ്ടാ സിമന്റും മണലുമൊന്നും
ലോണെടുക്കേണ്ടാ,പണിക്കാരെനോക്കണ്ട
പാവങ്ങളെന്തേമടിച്ചുപിന്നെ?
നാലുനാൾമുമ്പവരെത്തി,വീണ്ടുംചെറു-
കൂടുപണിപൂർത്തിയാക്കിമെല്ലെ
പാലുകാച്ചീടുവാനെന്നെത്തുമെന്നോർത്തു-
കാവലിരിക്കയാണിങ്ങുഞാനും....
ഗിരിജ ചെമ്മങ്ങാട്ട്
പടന്നപ്പുല്ല്.
ഐസ്ഫ്രൂട്ടാണെന്നുഭാവിച്ചു
പണ്ടുനിന്നെനുണഞ്ഞുഞാൻ
മരുന്നെന്നുവിചാരിച്ചു കണ്ണിൽധാരയുമിട്ടുഞാൻ...
ഗിരിജ ചെമ്മങ്ങാട്ട്
ഹരേ....കൃഷ്ണാ...7
ഉച്ചപ്പൂജയ്ക്കു നീ ചാർത്തു-
മലങ്കാരങ്ങൾ നിത്യവും
ഹൃദ്യമായ് വിവരിച്ചീടും
ഭക്തനായുള്ളൊരാളഹോ!
ശ്രീകുമാരാഖ്യനെക്കണ്ണാ
സ്നേഹത്തോടതിമോദമായ്
ചേതസ്സിൽചേർക്കണേ,തെല്ലു-
മാമയംനല്കിടാതെനീ...
ഗിരിജ ചെമ്മങ്ങാട്ട്
ഹരേ...കൃഷ്ണാ...6
വിശപ്പുഭാവിച്ചു,കുബേരഗർവ്വ-
മൊടുക്കിയോനാം ഗണനാഥനിപ്പോൾ
വിശന്നകണ്ണന്നരികത്തു,വാരി-
ക്കൊടുക്കയോ,നെന്മിനിയുണ്ണിയെപ്പോൽ!
ഗിരിജ ചെമ്മങ്ങാട്ട്