Tuesday, 19 August 2025

 സ്തംഭനം.....


തോരാത്തമഴയാണെന്നും
റോഡോകുത്തിപ്പൊളിച്ചതും
വാടകയ്ക്കുവരുന്നില്ലെ-
ന്നോതീടുംടാക്സിയോട്ടുവോർ

സ്ഥിതിയിങ്ങനെയാണെന്നാൽ
സമരംചെയ്യുമെങ്ങളും
സർവ്വീസുബസ്സുകാരെ,ന്നാ-
ലവരിൽ,പഴിചാർത്തിടാ

കടതുറന്നുവച്ചാലും
കച്ചോടംമോശമാകയാൽ
താഴുവീണിടുമല്ലോ,ഹാ!
പീടികയ്ക്കുമതേവിധി!

ഊരിങ്ങനെചമഞ്ഞീടി-
ലേവരും,വീടൊതുങ്ങിടും
കോവിഡിൻകാലമെന്നോണ-
മായിടാം ദൈവനാടിനി...

ഗിരിജ ചെമ്മങ്ങാട്ട്.



Monday, 18 August 2025

 കർണ്ണവേധം


ഏഴാംതരത്തിൽപഠിക്കുമ്പൊഴാണെൻ
കാതുകുത്താനുള്ളയോഗംപിറന്നു
നോവെനിക്കല്പം,കടുത്തുവെന്നാലും
തൂങ്ങുന്നു'റിങ്ങൊ'രുജോടി,കർണ്ണത്തിൽ

പിറ്റേന്നുകാലത്തുവിദ്യാലയത്തിൽ
ഒട്ടുഗർവ്വോടെഞാനങ്ങുചെന്നെത്തീ
ക്ലാസിൽവച്ചേറ്റംകരുത്തുള്ളകുട്ടി,
സൂത്രത്തിലെന്നെയെടുത്തൊന്നുപൊക്കി

കൂട്ടർക്കുകാട്ടിക്കൊടുക്കുവാനായീ-
ട്ടേറ്റംരസിച്ചവൾ ചുറ്റിക്കറങ്ങി
വാട്സാപ്പിലീചിത്രമിന്നുകണ്ടപ്പോ-ളോർത്തുപോയല്ലോ,പഴങ്കാലമൊക്കെ

ഗിരിജ ചെമ്മങ്ങാട്ട്

Saturday, 16 August 2025

 ആണ്ടി....


ഉത്തരേന്ത്യയിൽജോലി-
ചെയ്യുന്നമകനൊത്തു-
പാർക്കുവാൻനാട്ടിൽനിന്നു-
മമ്മ,വന്നൊരുകാലം
പുത്തനാമനുഭവ-
മോരോന്നായറിഞ്ഞേറ്റം
വിസ്മയംപൂണ്ടിട്ടോരോ-
കാര്യങ്ങൾതിരക്കയായ്

പുത്രന്റെസുഹൃത്തൊരാ-
ളുണ്ടായാളൊരുദിനം
പത്നീസമേതംവന്നാ-
നമ്മയെ കണ്ടീടുവാൻ
മക്കളുംവന്നൂകൂടെ-
യുണ്ണികളിരുവരാ-
ണുത്സുകംകളിയ്ക്കയായ്
വീട്ടിലെ പിള്ളേരുമായ്

നേരംപോയ് വിരുന്നുകാ-
രെല്ലാരുംമടങ്ങവേ
മാതാവിൻചിത്തേ,മെല്ലെ
വന്നുചേർന്നൊരുശങ്ക
ആയത്തിലടുത്തേയ്ക്കു-
വിളിച്ചൂ,വധുവോട-
ങ്ങാരാഞ്ഞാളുള്ളിൽവന്ന-
സംശയം,സ്വകാര്യമായ്

"കുട്ടികൾകളിക്കുമ്പോ-
ളെപ്പോഴുംകേൾക്കുന്നൂ,ഞാ-
നുച്ചത്തിലവർ,"ആണ്ടീ"-
യെന്നാരെവിളിക്കുന്നു
മുറ്റംതൂക്കുവാനെത്തും
പെണ്ണിന്റെപേരാണെന്നോ"
പുത്രഭാര്യതൻ,മന-
സ്സയ്യോ,ചിരിച്ചേപോയി....

ഗിരിജ ചെമ്മങ്ങാട്ട്



 ബന്ധനം...


അടയുണ്ടാക്കാനരി,പൊടിയാക്കും
ഉരലിൽകേറിയിരിയ്ക്കാമോ?
അതുകൊണ്ടാണോമാതാവുടനെ
കയറാലിങ്ങനെ ബന്ധിച്ചൂ.....🩷💙

ഗിരിജ ചെമ്മങ്ങാട്ട്.

Tuesday, 12 August 2025

 ഒരു കറിക്കുറിപ്പ്...


ഇരിമ്പകത്തിൻപുളിയെന്നുകേട്ടാൽ
ചുളിഞ്ഞിടുംനെറ്റിചിലർക്കുപണ്ടേ
കറിയ്ക്കുചേരും,*ജലപുഷ്പമൊത്തെ-ന്നറച്ചിടുന്നൂ,ബത!യോഗ്യരായോർ

പരിപ്പു,വേവിച്ചതിൽകുമ്പളങ്ങ
നുറുക്കുചേർക്കാം'പുളി'യോടുകൂടി
കുറച്ചുനേരത്തിനൊരാവികേറ്റാം
അരയ്ക്കണംജീരകമൊത്തുതേങ്ങ

കറിക്കുപാകത്തിനുവേണമുപ്പു-
മെരിയ്ക്കുവേണ്ടും മുളകുംമറക്കാ
അരപ്പുചേർത്തല്പമിളക്കിടേണം
ഗുണങ്ങളെല്ലാമൊരുമിച്ചുചേരാൻ


തിളച്ചുവെന്താൽതവിചൂടുകേറ്റി-
ത്തുളിച്ചിടാം *കേരജതൈലമല്പം
മണംപരത്തുംകറിവേപ്പുപത്രം
കുറച്ചുമാത്രംകടുകും,വറക്കാം

വിശന്നിരിയ്ക്കുമ്പൊഴുതങ്ങു,ചെന്നു-
വിളമ്പണംചോറൊടുചേർത്തുകൂട്ടാൻ
രുചിയ്ക്കൊരല്പം കടുമാങ്ങയാകാ- മൊരിറ്റുതൈരും,ശുഭസദ്യപിന്നെ....

                      **********
*ജലപുഷ്പം=മത്സ്യം

ഗിരിജ ചെമ്മങ്ങാട്ട്







Thursday, 7 August 2025

 നായേടെ വാല്


വ്യാഴവട്ടങ്ങൾകുഴലതിലിട്ടാലും
നീരാത്ത നായതൻവാലുപോലെ
ബോധമില്ലാത്തനരന്റെസ്വഭാവമെ-
ന്നേവരുംഭാഷിയ്ക്ക,കേൾക്കയാലോ
ഡോബർമാൻ,റോട്ട് വീലറെന്നീജനുസ്സിലെ
ശ്വാനവീരന്മാരങ്ങൊത്തുകൂടി
കേറിച്ചെന്നല്ലോമൃഗാസ്പത്രിയൊന്നിലായ്
"വാലുമുറിച്ചീടാനായിക്കൊണ്ട്"....?

ഗിരിജ ചെമ്മങ്ങാട്ട്

ഡോബർമാൻ,റോട്ട് വീലർ എന്ന ജനുസ്സിലുള്ളവയുടെ വാല് മുറിക്കാറുണ്ട്.ഇപ്പോൾ നിയമംവഴി നിരോധിച്ചു.