അതിഥി
അന്യഗൃഹത്തിലതിഥിയെത്തീടവേ-
യെല്ലാർക്കുമന്നവൻ "താര"മാകും
രണ്ടുനാൾപോകിലോ മാറീടുമദ്ദേഹ-
മെന്തൊരു'ഭാര'മിതെന്നമട്ടിൽ
നാലുനാൾചെന്നെന്നുവച്ചാൽപതുക്കവേ
'കീട'മായീടുമേ,ശങ്കവേണ്ട
ഏറെപ്പഴകവേ വെണ്ണയും നാറിടും
കേറിവന്നോനുമതേവിധത്തിൽ
ദേവനെപ്പോലാം*ഗൃഹാഗതനെന്നത-
ന്നോലയിലാരോ കുറിച്ചതത്രെ!
ഓർക്കേണമെന്നുംവിരുന്നുപോംനേരമീ-
വാക്കുകൾ,മൂത്തവർചൊല്ലതെന്നായ്...🤭😅😂
ഗിരിജ ചെമ്മങ്ങാട്ട്
(അതിഥിയും വെണ്ണയും പഴകുന്തോറും അഴുകും)
*ഗൃഹാഗതൻ=അതിഥി
ബർത്ത്ഡേ ഗിഫ്റ്റ്...
കുട്ടന്റെ ജന്മനാളിങ്ങു-
വന്നെത്തീപൊടിപൂരമായ്
വർണ്ണചിത്രങ്ങളോടൊപ്പം
ബലൂണുകളുമേറെയാം
പേരുകൊത്തിയകേയ്ക്കെത്തി
തിരിയഞ്ചുമതുംശരി
സമ്മാനപ്പൊതിയുംകൊണ്ടു
വന്നെത്തീകൂട്ടുകാരഹോ!
മൂർച്ചയില്ലാത്തപ്ലാസ്റ്റിക്കിൻ-
കത്തിയാലതിമോദമായ്
മുറിച്ചൂ കേയ്ക്കു,മറ്റുള്ളോർ
പാടീയാശംസ,തല്‍ക്ഷണം
അമ്മയ്ക്കുമച്ഛനും പിന്നെ
വന്നോർക്കുംകേയ്ക്കുനല്കയായ്
തിരിച്ചും വാങ്ങിനാൻമെല്ലെ-
യതല്ലോപതിവെപ്പൊഴും
ലഘുഭക്ഷണമെല്ലാരും
കഴിച്ചൂരുചിയോടുടൻ
പിരിയാൻകാലമായപ്പോൾ
കൈകൊടുത്തുകുലുക്കയായ്
വിരുന്നുവന്നോർപോയപ്പോ-
ളെടുത്തൂ ഗിഫ്റ്റുപായ്ക്കുകൾ
തുറന്നുനോക്കീ,തോഷത്താ-
ലോതീ,അച്ഛനൊടിങ്ങനെ
"പത്തുസമ്മാനമുണ്ടച്ഛാ
കാണാൻഭംഗിയെഴുന്നതായ്
കാറും,തീവണ്ടിയും,ബൈക്കും
റോബോട്ടും,ലോറിയൊന്നതും"
എല്ലാംനോക്കിരസിക്കുമ്പോൾ
വന്നൂ,കുട്ടനൊരൈഡിയ
"അടുത്തകൊല്ലമാവട്ടെ
നൂറുപേരെ വിളിച്ചിടാം!! "
🤭😅😂
ഗിരിജ ചെമ്മങ്ങാട്ട്