Wednesday, 14 January 2026

 ബർത്ത്ഡേ ഗിഫ്റ്റ്...


കുട്ടന്റെ ജന്മനാളിങ്ങു-
വന്നെത്തീപൊടിപൂരമായ്
വർണ്ണചിത്രങ്ങളോടൊപ്പം
ബലൂണുകളുമേറെയാം

പേരുകൊത്തിയകേയ്ക്കെത്തി
തിരിയഞ്ചുമതുംശരി
സമ്മാനപ്പൊതിയുംകൊണ്ടു
വന്നെത്തീകൂട്ടുകാരഹോ!

മൂർച്ചയില്ലാത്തപ്ലാസ്റ്റിക്കിൻ-
കത്തിയാലതിമോദമായ്
മുറിച്ചൂ കേയ്ക്കു,മറ്റുള്ളോർ
പാടീയാശംസ,തല്ക്ഷണം

അമ്മയ്ക്കുമച്ഛനും പിന്നെ
വന്നോർക്കുംകേയ്ക്കുനല്കയായ്
തിരിച്ചും വാങ്ങിനാൻമെല്ലെ-
യതല്ലോപതിവെപ്പൊഴും

ലഘുഭക്ഷണമെല്ലാരും
കഴിച്ചൂരുചിയോടുടൻ
പിരിയാൻകാലമായപ്പോൾ
കൈകൊടുത്തുകുലുക്കയായ്

വിരുന്നുവന്നോർപോയപ്പോ-
ളെടുത്തൂ ഗിഫ്റ്റുപായ്ക്കുകൾ
തുറന്നുനോക്കീ,തോഷത്താ-
ലോതീ,അച്ഛനൊടിങ്ങനെ
"പത്തുസമ്മാനമുണ്ടച്ഛാ
കാണാൻഭംഗിയെഴുന്നതായ്
കാറും,തീവണ്ടിയും,ബൈക്കും
റോബോട്ടും,ലോറിയൊന്നതും"

എല്ലാംനോക്കിരസിക്കുമ്പോൾ
വന്നൂ,കുട്ടനൊരൈഡിയ
"അടുത്തകൊല്ലമാവട്ടെ
നൂറുപേരെ വിളിച്ചിടാം!! "
🤭😅😂

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment