Sunday, 30 June 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 91

19.05.2024


കനകപ്പടിയിട്ടൊരൂഞ്ഞാലിലാണിന്ന് 

കമനീയരൂപനിരുന്നിടുന്നു 

പദപദ്മംമിന്നിത്തിളങ്ങുന്നു,തളകളാൽ 

നയനമനോഹരമായിക്കാണ്മു 


അരയിലൊരുസ്വർണ്ണക്കിങ്ങിണിമേലതാ 

പുതിയതായുള്ളൊരുപട്ടുകോണം 

മൃദുകരമതിലല്ലോവളകളും,തോളത്തു

ചരടാലെകെട്ടുന്നതോൾവളയും 


ഒരുമാങ്ങാമാലയുണ്ടല്ലോ,തിരുമാറി-

ലതിനോടുചേർന്നപതക്കമാല 

വളയത്തിന്മാലകഴുത്തിലുമുണ്ടല്ലോ 

വനമാലയൊന്നുമവനണിഞ്ഞു


കാതിലെപ്പൂവുംതിരുനെറ്റിമേലൊരു 

ഗോപീതിലകവും കാണുന്നുണ്ട് 

ഓമനച്ചെഞ്ചൊടിപ്പൂവിലെ സുസ്മിതം

വേറേതോപൂവായി കണ്ടിടുന്നു


പീതക്കളഭക്കിരീടേമയിൽപ്പീലി 

മൂന്നെണ്ണംകാണുന്നു നന്നുനന്നേ 

കാണാംമുടിമാല മൗലിയിൽരണ്ടെണ്ണം 

തോരണമാലയും കാണുന്നുണ്ട് 


ഓടക്കുഴലരക്കെട്ടിൽതിരുകിയു-

മൂഞ്ഞാലുവള്ളിപിടിച്ചുകൊണ്ടും 

ആരാണുവന്നെന്നെയാട്ടിത്തന്നീടുമെ-

ന്നാരാഞ്ഞിരിപ്പാണുകൃഷ്ണനുണ്ണി 


കുഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ ചാരുശീലാ 

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാഹരേജയ ചാരുരൂപാ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment