Sunday, 30 June 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 95

23.05.2024


ഊണുകഴിഞ്ഞുപൊന്നൂഞ്ഞാലിലാടുവാ-

നാണിന്നുകണ്ണനുഭാവം

തൂളുന്നമാരികണ്ടേറെമോദിച്ചാണു

ശ്രീലകേനില്പൂ ഗോവിന്ദൻ


വീതിയിലുള്ളതളയുണ്ടു,പാണിയിൽ 

നീലക്കല്ലുവളയുണ്ട് 

ചോന്നപട്ടൊന്നുഞൊറിഞ്ഞുടുത്തിട്ടുണ്ട് 

മൂന്നുവയസ്സുള്ള കൃഷ്ണൻ 


കിങ്ങിണിയുണ്ടതാ,മാറത്തുമിന്നുന്നു 

മുല്ലമൊട്ടിന്മണിമാല 

തങ്കപ്പതക്കത്തിന്മാലയോടൊത്തൊരു 

*വൃന്ദപ്പൂമാലയും കാണാം


ഗോപീതിലകങ്ങളല്ലോഭുജങ്ങളിൽ

ഗോവിന്ദനുണ്ണിയണിഞ്ഞു 

കാതിപ്പൂവല്ലിന്നുകർണ്ണതടത്തിലും

ഗോപീതിലകം വരഞ്ഞു 


ചന്ദനംകൊണ്ടുമെനഞ്ഞമുഖബിംബേ 

സ്വർണ്ണത്തൊടുകുറികാണാം 

പൊന്നിങ്കിരീടത്തിലുണ്ടുമയിൽപ്പീലി 

ചന്തംനിറഞ്ഞുകാണുന്നു 


കുന്തളമാല്യങ്ങളോടും,വിതാനമാ-

യഞ്ചുപൂമാല്യങ്ങളോടും 

പൊന്നരക്കെട്ടിലാ*വംശിതിരുകിയും

കണ്ണനെകണ്ടുവണങ്ങാം 


കൃഷ്ണാഹരേകൃഷ്ണ കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാമുകിൽവർണ്ണ കൃഷ്ണാ

കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാഹരേജയ കൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട് 

*വൃന്ദ=തുളസി

*വംശി=ഓടക്കുഴൽ

No comments:

Post a Comment