Sunday, 30 June 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 90

18.05.2024


ചന്ദനംകൊണ്ടൊരുപീഠം,അതി-

ലുണ്ണികയറിനിൽക്കുന്നു 

ഉണ്ണിപ്പദങ്ങളിലല്ലോ,തള

മിന്നിത്തിളങ്ങുന്നകാണ്മൂ 


കിങ്ങിണിയുണ്ടുമണികൾ,ഞാന്നു-

തുള്ളിക്കളിക്കുന്നപോലെ 

പട്ടുകൗപീനംനിവർത്തി,കുട്ടൻ-

കക്കാടു,നന്നായിചാർത്തി


കുമ്പമേൽ ഗോപീതിലകം,തിരു-

നെഞ്ചത്തുമൊന്നുകാണുന്നു 

തോളിലുംകാണുന്നുണ്ടല്ലോ,ഇന്ന്

ഗോപീതിലകത്തിൻമേളം!


കൈവള,തോൾവളയെല്ലാം ധരി-

ച്ചിമ്പമായ്നിൽക്കുന്നു കൃഷ്ണൻ

കർണ്ണപുഷ്പങ്ങളണിഞ്ഞും,ഫാലേ 

വർണ്ണത്തൊടുകുറിതൊട്ടും


ചന്തമേറുന്നകിരീടേ,നല്ല

കുന്തളമാലയണിഞ്ഞും 

താമരപ്പൂവുകൊണ്ടല്ലോ,ചന്തം-

ചേരുന്നതോരണമാല


രണ്ടുവനമാലയുണ്ട്,മാറിൽ

മഞ്ജുളകെട്ടിയതാണോ

ശ്രീലകദീപപ്രകാശേ,കാണാം 

ഗോവിന്ദമന്ദസ്മിതങ്ങൾ


മുപ്പാദമുള്ളപീഠത്തിൽ,കേറി 

തൃക്കരംരണ്ടുമുയർത്തി 

തൂങ്ങുമുറിയീന്നുവെണ്ണ,കവർ-

ന്നീടുന്നനില്പല്ലോ കണ്ണൻ!


കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ ഹരേ

കൃഷ്ണാജയകൃഷ്ണ കൃഷ്ണാ

കൃഷ്ണാമുകിൽവർണ്ണ കൃഷ്ണാ ഹരേ

സച്ചിദാനന്ദഗോപാലാ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment