ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 100
വിഹഗവാഹനനായിട്ടാണിന്ന്
ഗുരുവായൂർപുരമന്ദിരേ
മരുവുന്നൂ,നാരായണരൂപംപൂണ്ടും
കളഭത്താലെമെനഞ്ഞിട്ടും
*വൈനതേയന്റെ ചിറകിൻതാഴെയായ്
നൂപുരംചേർന്നപാദങ്ങൾ
പാണിരണ്ടിലും മിന്നിക്കാണുന്നു
ഹേമകങ്കണം മോടിയായ്
*കന്ധരത്തിലണിഞ്ഞുകാണുന്നു
അഞ്ചുഗോപീതിലകങ്ങൾ
പൊന്നിൽതീർത്തവളയമാലയും
വന്യമാലയും കാണുന്നു
തോളിലുമുണ്ടുഗോപിപ്പൊട്ടുകൾ
മേഘവർണ്ണനുചേരുന്നു
കാണുന്നുചെവിപ്പൂക്കളും,മുഖേ
തൂനെറ്റിക്കുറികാന്തിയും
പൊൻകിരീടത്തിലല്ലോകാണുന്നൂ
നന്മുടിമാലമൂന്നെണ്ണെം
പന്നഗശായിതന്നലങ്കാരം
എണ്ണിത്തീരാത്തപൂക്കളാൽ
തൃക്കൈരണ്ടിലും ശംഖുചക്രങ്ങൾ
മറ്റേക്കൈകളഭയമാം
മുദ്രയും,വരദാനമുദ്രയും
ചേർത്തുനില്പു മഹാപ്രഭു
കൃഷ്ണകൃഷ്ണ,മുകുന്ദമാധവ
കൃഷ്ണ,വൈകുണ്ഠനായകാ
കൃഷ്ണകൃഷ്ണ,കരുണാസാഗര
കൃഷ്ണ!വിശ്വത്തിൻരക്ഷകാ!
ഗിരിജ ചെമ്മങ്ങാട്ട്
*വൈനതേയൻ=വിനതയുടെമകൻ,ഗരുഡൻ
*കന്ധരം=കഴുത്ത്
No comments:
Post a Comment