Sunday, 30 June 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 94

22.05.2024


കാലൊന്നുമെല്ലെ പിണച്ചും,കളേബരം

നേരിയതായിചെരിച്ചുമല്ലോ

ശ്രീലകേ മന്ദഹസിച്ചുനിന്നീടുന്നു 

ശ്രീകൃഷ്ണനുണ്ണി,മിടുക്കനായി


പൊന്നുതോറ്റീടും തളയുണ്ട്,കയ്യിലോ 

ചിഞ്ചിലുംപാടും വളയുമുണ്ട് 

കുഞ്ഞരമേലതാ പുത്തനാംകിങ്ങിണി 

പൊന്മണിഞാത്താൽകുണുങ്ങിടുന്നു 


കോണകമുണ്ടേ,മറഞ്ഞുകാണാം,അര-

ഞ്ഞാണമണികളാലൊന്നുമൂടി

കോമളബാലഗളത്തിൽവളയമാം 

മാലയിണങ്ങിക്കിടന്നീടുന്നു


മാറത്തൊരുമാങ്ങാമാലയോടൊത്തൊരു ഗോപീതിലകവും തൊട്ടുകാണ്മൂ 

ആരണ്യമാലയുംചാർത്തിയിട്ടുണ്ടല്ലോ

ഗോകുലമോഹനനെന്തുചന്തം!


കേയൂരമുണ്ടിരുതോളിലും,ചേരുമ്പോൽ 

ഗോപീതിലകമണിഞ്ഞിട്ടുണ്ട് 

മാലേയംചേരുന്ന തൂമുഖേകാണുന്നു 

ഫാലക്കുറിയും തിളക്കമോടെ 


പൊന്നുകിരീടത്തിൽചുറ്റിക്കാണാകുന്നു 

നന്മുടിമാലകൾഭംഗിയോടെ

കണ്ണനുണ്ണിക്കലങ്കാരമായ്,കാണുന്നു

വൃന്ദയും,തെച്ചിയുംചേർന്നമാല 


പുഞ്ചിരിതഞ്ചുംചൊടിയിലിരുകയ്യാൽ

പുല്ലാങ്കുഴലൊന്നുചേർത്തുവെച്ച്

മംഗളഗീതമുതിർക്കുവാനാണല്ലോ 

നന്ദകുമാരനൊരുങ്ങിനില്പൂ 


കുഷ്ണാഹരേജയ കൃഷാണാഹരേജയ 

കുഷ്ണാഹരേകൃഷ്ണ നന്ദസൂനോ 

കൃഷ്ണാഹരേജയ കുഷാണാഹരേജയ 

കുഷ്ണാഹരേ വാസുദേവകൃഷ്ണാ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment