ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 99
27.05.2024
പിഞ്ചുകയ്യാലെ വലതുകാൽമെല്ലവേ
ചെഞ്ചോരിവായോടണച്ചുകൊണ്ട്
തള്ളവിരലുണ്ടുമേവും കിശോരനെ
കണ്ടീടുന്നല്ലോ,കളഭംചാർത്തി
താഴത്തുതൂക്കിയിട്ടീടുന്നകാലിലും
വായോടുചേർത്ത ചരണത്തിലും
ഓമനപ്പാദസരങ്ങൾകിലുങ്ങുന്നു
പൂവൽക്കരങ്ങളിൽ കാപ്പുകളും
പൊന്നരഞ്ഞാണമണിഞ്ഞതിന്മീതെയാ-
ചെമ്പട്ടുകോണമുടുത്തിട്ടുണ്ട്
കുഞ്ഞിക്കഴുത്തിൽ വളയമാല,പിന്നെ
നന്നേച്ചെറിയൊരു സ്വർണ്ണമാല
മാലകൾക്കല്ലോനടുവിലായ്നല്ലൊരു
ഗോപിക്കുറിയതും തൊട്ടിട്ടുണ്ട്
ഓമനക്കുട്ടന്റെ മാറിലണിഞ്ഞല്ലോ
കാണുന്നു കാനനപുഷ്പമാല
തോളത്തുമുണ്ടല്ലോഗോപീതിലകങ്ങൾ
കേയൂരഭംഗിക്കുമാറ്റുകൂടാൻ
കാണാംചെവിപ്പൂ,നിടിലത്തിലകവും
കാർമേഘവർണ്ണനണിഞ്ഞിട്ടുണ്ട്
പീലികളെല്ലാംകളഭംകൊണ്ടാണല്ലോ
ഓതിക്കനിന്നുമെനഞ്ഞുകാണ്മു
മൂന്നുമനോരമ്യഹാരങ്ങളാണല്ലോ
നീലച്ചുരുൾമുടിയോടുചേർന്ന്
ശ്രീലകത്തിന്നുവിതാനമായ്മാല്യങ്ങൾ
താമര,തെച്ചി,തുളസിപ്പൂവാൽ
കാൽവിരലുണ്ടുചിരിക്കുന്നകണ്ണനോ
ശോഭിച്ചീടുന്നുനെയ്ദീപത്താലെ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ കൃഷ്ണാഹരേ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ കൃഷ്ണാഹരേ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment