Sunday, 30 June 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 97

25.05.2024


ശ്രീലകത്തിന്നുകണ്ടീടുന്നുകണ്ണനെ

രാധാസമേതനായല്ലോ

ഓടക്കുഴലേന്തിപാദംപിണച്ചതാ

മാധവൻ നില്ക്കുന്നുണ്ടല്ലോ


കാൽച്ചിലമ്പുണ്ടുചരണങ്ങളിൽ,കരേ

ചാർത്തിയിട്ടുണ്ടു വളകൾ 

ചെമ്പട്ടുമുണ്ടൊന്നരയിൽഞൊറിഞ്ഞിട്ടു 

ചന്തത്തിൽ ചുറ്റിയിട്ടുണ്ട് 


കിങ്ങിണികെട്ടിയിട്ടുണ്ടു,മാറത്തൊരു 

മുല്ലപ്പൂമൊട്ടിന്റെമാല 

തോളിലുമുണ്ടുവളകൾ,ചെവികളിൽ

പൂവുകളോരോന്നുകാണ്മൂ 


തേജസ്സേറീടും മുഖത്തുതൊട്ടിട്ടുണ്ട് 

ഗോപിക്കുറിയൊന്നുകൃഷ്ണൻ 

പീലിയോടൊപ്പമണിഞ്ഞൂകിരീടത്തിൽ തൂവെള്ളപ്പൂമുടിമാല 


ശോണവർണ്ണപ്പട്ടുചേലയുടുത്തിട്ടും

ആഭരണങ്ങളണിഞ്ഞും 

നാഥന്റെതോളിൽതലചായ്ച്ചു,നിർവൃതി-

യോടല്ലോപെണ്മണിനില്പൂ 


രാധികാസാമീപ്യമോദാൽമുരളിയിൽ

പ്രേമസംഗീതം പൊഴിച്ചും 

പൂവണിച്ചുണ്ടാൽമൃദുസ്മിതംതൂകിയും

കോവിലിൽ നിൽക്കുന്നുശൗരി 


കൃഷ്ണാഹരേകൃഷ്ണ കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണായദുകുലനാഥാ

കൃഷ്ണാഹരേകൃഷ്ണ

കൃഷ്ണാഹരേകൃഷ്ണ

നിത്യാനുരാഗസമ്പൂർണ്ണാ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment