ഗുരുവായൂരപ്പനെ കാണാൻ
മന്നിലെവൈകുണ്ഠവാതിലിലിന്നുഞാൻ
കണ്ണനെ കണ്ടിടാൻ ചെന്നിടട്ടെ
പൊന്നിൻതളമിന്നുമാ,തൃപ്പദങ്ങളെ
കണ്ടുകണ്ടങ്ങുഞാൻ നിന്നിടട്ടെ
കങ്കണമിട്ടകരതലം കൈകളാൽ
മെല്ലെഞാനൊന്നുതഴുകിടട്ടെ
കിങ്ങിണിചേരുന്നകുഞ്ഞരയുംപട്ടു-
മുണ്ടുചേലുംകണ്ടുകുമ്പിടട്ടെ
പൊന്നുമാല്യങ്ങളണിഞ്ഞൊരാമാറിടം
കണ്ണുനിറഞ്ഞൊന്നുകണ്ടിടട്ടെ
തോളിലെ,കാപ്പുംചെവിപ്പൂക്കളുംതിരു-
ഫാലക്കുറികളുംനോക്കിടട്ടെ
മാലേയപൂരിതമാസ്യേവിടരുന്ന
ചാരുഹാസത്തിൽമയങ്ങിടട്ടെ
കാരുണ്യമേറുംമിഴികളുംശോഭിക്കും
പീലിക്കിരീടവും കൂപ്പിടട്ടെ
ശ്രീലകേ,നെയ്നിറദീപപ്രകാശത്തിൽ
കാണുന്നകൃഷ്ണനെകൈതൊഴട്ടെ
വേണുഗാനാമൃതംകേട്ടുമനസ്സിന്റെ നോവുകളെല്ലാം മറന്നിടട്ടെ
മാമകമാനസമാകുംനവനീതം
ചേണാർന്നവായിൽപകർന്നിടട്ടെ
ഗോപാലകൃഷ്ണന്റെകോമളരൂപത്തെ-
യാപാദകേശംവണങ്ങിടട്ടെ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment