Wednesday, 29 October 2014

സൂതികായോഗം

സൂതികാഗേഹം തന്നി-
ലാണു ഞാൻ പഠനത്തിൻ 
ഭാഗമായൊപ്പം ചേർന്ന 
മറ്റു കൂട്ടുകാരുമായ്
ഏറീടുമാശങ്കയു,
മമ്പരപ്പുമായ് നിൽപ്പൂ 
നോവാൽ കരഞ്ഞീടുമി-
പ്പെണ്ണിന്ടെ ചാരത്തായി   

ആദ്യമായ് മാതാവാകാൻ-
പോകുന്നോൾ,ഞാനോ ജന്മ-
ത്താദ്യമായൊരു സൃഷ്ടി-
സാക്ഷ്യത്തിന്നൊരുങ്ങുവോൾ 
ഈറ്റുനോവിനാലാധി-
പ്പെട്ടോൾക്കു ധൈര്യം നൽകാ-
നേറ്റവളൽപ്പം ധൈര്യ-
മുള്ളത്തിൽ നിറയ്ക്കാത്തോ

വേദനയാലാ മുഖം 
വിളർത്തെന്നാലും,നെറ്റി -
മേലവളണിഞ്ഞൊരു 
മാലേയക്കുറിവൃത്തം
ചേണാർന്നു വിളങ്ങുന്നു 
തെല്ലുമേ കോട്ടം തട്ടാ-
തേണാങ്കബിംബം കണ-
ക്കെന്നു ഞാൻ നോക്കിക്കണ്ടു 

"നേരമായ് ഭയംകൂടാ-
തവളെ,സ്സഹായിക്കാൻ 
നേരമായ്"സ്നേഹാർദ്രമാം 
ഗുരു നിർദ്ദേശം കേൾക്കെ 
ഭീതി വിട്ടു ഞാൻ സ്വീക-
രിച്ചിത,ക്കുരുന്നിനെ 
മോദരോമാഞ്ചങ്ങളാ-
ലെന്ടെ കൈകളാൽത്തന്നെ 

ഗർഭഭാരത്തിൽ നിന്നു 
മോചിത,യവൾക്കുഞാ-
നർഭക,തന്നെക്കൊണ്ടു 
കാണിച്ചു സസന്തോഷം
സുസ്മിതം ചേർന്നൂ നവ്യ-
മാതാവിന്നധരത്തിൽ 
സുശ്രവ്യമായി കുഞ്ഞി-
ക്കരച്ചിൽ കർണ്ണങ്ങളിൽ 
***
വർഷങ്ങൾ പോയിട്ടിന്നൊ-
രാതുരാലയത്തിൽ ഞാ-
നുദ്യോഗാർത്‌ഥമായ് ചേർന്നു 
സ്ത്രീ രോഗ വിജ്ഞാനിയായ് 
എത്ര കൈശോരങ്ങളെ 
കൈകളാലെടുത്തു പോ-
ന്നെത്ര ശൈശവങ്ങൾ ത-
ന്നാദ്യരോദനം കേട്ടു !

നോവറിഞ്ഞീടാൻ മാതൃ-
ത്വത്തിൻ നിർവൃതി നേടാൻ
നോവോടെയൊരു നാളി-
ലമ്മയായ്ത്തീർന്നൂ ഞാനും 
സേവനം തുടരുന്നി-
തിപ്പൊഴും കാൽനൂറ്റാണ്ടു 
കാലമായിട്ടും പ്രീതി-
പൂർവമെൻ കർത്തവ്യത്തിൽ 

ഇന്നിപ്പോൾ കാണായെന്ടെ-
യന്തിക ത്തൊരാൾ,ചുണ്ടിൽ 
പുഞ്ചിരി നിറച്ചും കൊ-
ണ്ടെന്നോടു ചോദിക്കയായ് 
"ഒന്നോർക്കാനാമോ ഞങ്ങ-
ളാരെന്നു ചൊല്ലീടാമോ"
തന്മകളൊത്താണെത്തി 
നിൽക്കുന്നീ മാന്യാംഗന


കണ്ടതെന്നാണെന്നു ഞാ-
നോർമ്മിക്കാൻ ശ്രമിക്കവേ
കണ്ടു നെറ്റിമേൽ വൃത്ത-
മൊത്ത ചന്ദനപ്പൊട്ട് 
അന്നൊരു നാൾ ഞാൻ കാണ്‍കെ-
യമ്മയായവളാണീ-
യമ്മയെന്നോർമ്മിക്കവേ 
വിസ്മയം ചേർന്നെന്നുള്ളിൽ

അമ്മതന്നോരം ചേർന്നു 
നിൽക്കുമത്താരുണ്യത്തെ-
യമ്മതൻ വാൽസല്യത്താ-
ലൊട്ടിട നോക്കിക്കണ്ടു 
അന്നെന്ടെ കയ്യിൽ വന്നു-
വീണവൾ വളർന്നിട്ടി-
ന്നമ്മയാകാറായ് !ഓർത്തു -
കുളിർ കോരുന്നൂ ചിത്തം 

സൂതികാഗൃഹം തന്നിൽ 
ചെന്നെത്തി വീണ്ടും വേഗാൽ 
സ്നേഹസാന്ത്വനം ചെയ്തേൻ 
പെറ്റമ്മയെന്നാം വണ്ണം 
ആമോദം നിറഞ്ഞുള്ള 
ഹൃത്തുമാ,യീഭൂവിലേ-
യ്ക്കാനായിച്ചെൻകൈകളാൽ
മറ്റൊരു പെണ്‍കുഞ്ഞിനെ

ഈശ്വരനിയോഗത്തെ-
യോർക്കവേ മോഹിച്ചൂ ഞാ-
നീശ്വരകടാക്ഷമായ് 
ദിവ്യമീ വരം വാങ്ങാൻ 
ചേർക്കണമാരോഗ്യവു-
മായുസ്സുമീക്കുഞ്ഞിന്ടെ 
പേറ്റുനോവുൾക്കൊള്ളാനും 
കുഞ്ഞിനെ കൈക്കൊള്ളാനും 

***************   
       

No comments:

Post a Comment