Sunday 26 August 2018

പുഴ വഴിമാറിയപ്പോൾ

തെളിനീരിലൊഴുകുന്ന പുഴയോരംചേർന്നേറെ -
യഴകാർന്നോരോടിട്ട ഭവനമുണ്ട് 
ചെറുതാണെന്നാകിലുമതിമോദമീ വീട്ടി-
ലുടയോരുമൊത്തു ഞാൻ പാർത്തിടുന്നു 

പടികടന്നെത്തിയാലോടിക്കളിക്കുവാ-
നൊരുമുറ്റമൊന്നതിൻ നടുവിലായി 
പകലോൻ മടങ്ങവേ തിരികൊണ്ടുവെച്ചിടാ-
നരിയോരു തുളസിത്തറയുമുണ്ട് 

അരികുചേർന്നരുമയായ് ചെറുമുല്ല പിച്ചകം 
പനിനീർപ്പൂവല്ലികൾ ചേമന്തികൾ 
നിരയൊത്തുനിൽക്കുന്നു മിഴികൾക്കു പൂരമായ് 
നിറവോടെയഴകാർന്ന പൂവാടിയും 

അമൃതുപോൽ തെളിനീരു കോരിക്കുടിക്കുവാൻ 
തുടിയുണ്ട് മതിലുള്ള കിണറുമുണ്ട് 
തൊടിതൻ കിഴക്കാണു പൂവാലി മകളൊത്തു 
നറുപുല്ലു നുണയുന്ന ചെറുതൊഴുത്ത് 

പുരയിടത്തിൻ തെക്കുഭാഗത്തു നിൽക്കുന്നു 
പുളിമരം ചക്കരത്തേൻവരിക്ക 
അരികിലായ് വേനലിൽ മധുഫലം നൽകുന്ന 
ചെറുനാട്ടുമാവുണ്ടു തണൽവിരിപ്പു 

വഴിനടന്നെത്തവേ ചുടുദാഹമാറ്റിടാൻ 
മധുരക്കുളിർ തരും ചെന്തെങ്ങതാ 
പലതരം സുഖമൊത്തുചേരുന്ന വീടുഞാ-
നൊരു നാകമെന്നായറിഞ്ഞിടുന്നു 

                          *************  

ഒരുരാവിൽ മഴതൻടെ താരാട്ടുകേട്ടുഞാൻ 
കുളിരോടെ മൂടിപ്പുതച്ചുറങ്ങേ 
അരികത്തു വന്നമ്മ തൊട്ടുണർത്തിച്ചൊല്ലി 
" മലവെള്ളം പുഴകവിഞ്ഞൊഴുകിയെത്തി 
മതികെട്ടുറങ്ങാതെയകലേയ്ക്കു പോയിടാം "
ഇറയത്തു ചെന്നവാറൊന്നുഞെട്ടി
ഗതിയില്ലാതൊഴുകുന്ന ചെളിവെള്ളം നാലുപാ-
ടൊരു തോണിയിൽ ഞാൻ വലിഞ്ഞു കേറി 

പലനാളു പോകവേ മഴതോർന്നു പുരതൻടെ
നിലയെന്തു നോക്കുവാൻ ചെന്നുഞങ്ങൾ 
എവിടെയെൻ കുഞ്ഞുവീ,ടെവിടെയെൻ കളിമുറ്റ-
മെവിടെയെൻ മലർവാടി തുളസിത്തറ 
എവിടെയാണാ കുഞ്ഞു വെള്ളരിപ്പൂവുക-
ളെവിടെയക്കിണറെങ്ങുചെറുതൊഴുത്തും 
അയവിറക്കീടുന്ന പൂവാലി മകളൊത്തു 
പ്രളയപ്പരപ്പിലൂടൊഴുകിയെന്നോ 
 പുളിയും വരിക്കയും ചെന്തെങ്ങു തേന്മാവും 
കടപൊട്ടി പലപാടലച്ചുവീണോ 
പുരനിന്ന തറയെങ്ങു മുറികല്ലു,മോടിൻടെ 
പൊടികളും ചേർന്ന മൺകൂനയായോ 

കളകളം പാടുന്ന ചെറുപുഴയ്ക്കെന്താണു 
വഴിമാറിയൊഴുകേണ മെന്നുതോന്നി 
ഒരുനാളുമിടയാത്തസൗമ്യയാം യമുനയെ-
ന്തൊരു മദഗജമായ്‌ കലമ്പിയെത്തി 

                   ***************** 
  


No comments:

Post a Comment