Monday 16 October 2023

 ഏട്ടൻ 


അമ്മതന്നങ്കതടത്തിൽകിടന്നതാ

അമ്മിണിപ്പൊൻകിടാവേങ്ങിടുന്നു

"എന്തെന്റെയമ്മയെനിക്കായിനൽകിയി-

ല്ലിന്നേവരേയ്ക്കുമെൻ കുഞ്ഞേട്ടനെ

രാധയ്ക്കുമുണ്ടെന്റെ തോഴിയായുള്ളൊരാ

ഗീതയ്ക്കുമുണ്ടു രണ്ടാങ്ങളമാർ

ഓടിവന്നെന്നെയൊന്നൂഞ്ഞാലിലാട്ടുവാ-

നാരുമില്ലെന്നവൾ മാഴ്കിടുന്നു"

കുഞ്ഞിൻമൃദുമേനി തൊട്ടുതലോടിയാ-

ണമ്മ മൊഴിഞ്ഞൂ ചിരിച്ചുകൊണ്ടേ

"എന്തിനെൻകണ്ണേ വിതുമ്പുന്നു മൂന്നുപേ-

രില്ലേ,നിനക്കത്രെ,യേട്ടത്തിമാർ

ഏട്ടനെപ്പോലെ കരുത്തരല്ലേ ,നിന്നെ-

യേറ്റമരുമയായ് കാൺവൊരല്ലേ

കേട്ടതായ്പ്പോലും നടിക്കാത്ത കണ്മണി

കേട്ടുവോ മുറ്റത്തെ പാദശബ്ദം

"ചിറ്റമ്മേ നന്നായ് വിശക്കുന്നു",നോക്കവേ

കുട്ടേട്ടനാണതാ വന്നുനില്പൂ

കുട്ടിയെ തന്നിൽനിന്നൻപോടെമാറ്റിയാ-

ക്കുട്ടന്നുചോറു വിളമ്പിയമ്മ

ഏട്ടത്തിമാരെല്ലാമേട്ടന്നുചുറ്റുമാ-

യാർത്തുല്ലസിച്ചുരസിച്ചിടുമ്പോൾ

കേട്ടതേയില്ലെന്നു ഭാവിച്ചു കണ്മണി

വീർത്തമുഖവുമായങ്ങിരിപ്പൂ

" എന്താണാപ്പെണ്ണിന്നു മോങ്ങാനിരിക്കുന്നു

തല്ലുകൊടുത്തുവോ നിങ്ങളാരാൻ?"

തെല്ലു,നേരംപോക്കായേട്ടനാരാഞ്ഞിടേ

മന്ദഹസിച്ചു പറഞ്ഞിതമ്മ

" എന്നോടവൾക്കുപരിഭവം,ഞാനെന്തേ-

യണ്ണനൊരാളെക്കൊടുത്തതില്ല"

എല്ലാരുമൊന്നായ് ചിരിക്കവേ പൊന്മണി-

യുല്ലാസമില്ലാതിരിപ്പുതന്നെ "ദാഹമുണ്ടാ,രാണെനിക്കാദ്യമോടിവ-

ന്നേകിടും വെള്ളം മടിച്ചിടാതെ

ആ മിടുക്കിക്കുഞാനേട്ടനായ് വന്നീടു-

മീവരും ജന്മത്തിലെന്നുസത്യം"

സോദരവാക്കതുകേട്ടനേരം കുഞ്ഞി-

ന്നാനനം പൂപോൽ വിടർന്നുവന്നു

ഓമനിക്കാൻതോന്നുമച്ചെറുകൈകളാ-

ലേകിയന്നേട്ടന്നു പാനപാത്രം. 

                    ********

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment