Monday 13 November 2023

 അവധി


ഉമ്മറത്തുള്ളൊരു ചാരുകസേരമേ-

ലുണ്ണിതൻമുത്തശ്ശനാണിരിപ്പൂ

തിങ്ങുമുത്സാഹിയായ്  വിദ്യാലയത്തീന്നും

വന്നെത്തിബാലകൻ തോഷമോടെ

"എന്തേവിശേഷമിടവേളയായില്ല

നിങ്ങളെ വിട്ടതിന്നിത്രവേഗം"

മന്ദമായാരാഞ്ഞ,മാതാമഹൻതന്നോ-

ടിമ്പത്തിലോതിയക്കൊച്ചുകുട്ടൻ


" തമ്പിമാഷുണ്ടായിരുന്നുപോൽ,പണ്ടെന്റെ

പള്ളിക്കൂടത്തിൽ പഠിപ്പിക്കുവാൻ

ഇന്നുകാലത്താണുസ്വർഗ്ഗത്തിലേയ്ക്കുപോ-

യെന്നറഞ്ഞപ്പോളവധികിട്ടി"


കുഞ്ഞന്റെശബ്ദമിറയത്തുകേൾക്കവേ-

വന്നൂ ജനയിത്രി,യുള്ളിൽനിന്നും

"തെല്ലു,മഴുക്കായിട്ടില്ലനിൻകുപ്പായം

മെല്ലെയഴിച്ചുനീ മാറ്റുവേഗം"


അമ്മതൻശാസന കേൾക്കാത്തഭാവത്തിൽ

വെള്ളക്കുപ്പായത്തിലോടി കണ്ണൻ

ചന്തുവുംചേട്ടനും കാത്തുനിൽക്കുന്നുണ്ട-

ങ്ങമ്പലമുറ്റത്തു പന്തുതട്ടാൻ 


മങ്ങുംമുഖവുമായ് നിൽക്കുന്ന പുത്രിയെ

മന്ദസ്മിതത്തോടെ നോക്കിയച്ഛൻ

മെല്ലേയടുത്തേയ്ക്കുചേർത്തുനിർത്തീട്ടുടൻ

ചൊല്ലി,"നീയച്ഛന്നുവാക്കുനൽകൂ


ഞാനു,മടുത്തൂണായ്പോന്നൊരദ്ധ്യാപക-

നാണെന്നറിയുന്നതാണുനീയും

നാളെ,ഞാനീഭൂമിവിട്ടീടുമെന്നതും

നീയോർപ്പു,നിശ്ചയംസത്യമല്ലോ


ബാലികേ,നീയെൻചരമവൃത്താന്തത്തെ

നേരായനേരത്തേ നൽകിടാവൂ

സ്കൂളിന്റെ ബെല്ലടിച്ചീടവേ കുട്ടിക-

ളേവരുംനേർവരിചേർന്നുനിൽക്കേ

പ്രാർത്ഥനാ ഗീതം കഴിഞ്ഞു താന്താങ്ങൾതൻ

ക്ലാസ്സുമുറിയിലേയ്ക്കോടീടവേ

കൂട്ടമണികേൾക്കുന്നേരം കിടാങ്ങൾതൻ

നാട്യം ഞാൻ കാണ്മൂ മനസ്സിലിപ്പോൾ

പണ്ടുഞാൻ വിദ്യാലയത്തിലെത്തീടുമ്പോൾ

പുഞ്ചിരിനൽകിടും ശിഷ്യവൃന്ദം

ഇന്നുഞാൻ,മന്നിതു വിട്ടുപോകുമ്പോഴും

കുഞ്ഞുങ്ങളാർത്തുചിരിച്ചിടേണം

                     ****************

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment